മുസ്‌ലിംകൾ പുതിയ അജണ്ട തേടണം, ബാബ്റി വിവാദം ഉപേക്ഷിക്കണം എന്ന് പ്രമുഖ പണ്ഡിതൻ

 കോഴിക്കോട് : ബാബരി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി വേദനയോടെ ആണെങ്കിലും മുസ്ലിം സമുദായം സ്വീകരിക്കുകയും അവിടെ സർകാർ അനുവദിച്ച സ്ഥലത്തു പുതിയ പള്ളിയുടെ നിർമ്മാണം ആരംഭിക്കുകയും ചെയ്ത സ്ഥ്തിയിൽ ഇനി സമുദായം വികസനത്തിൽ ഊന്നിയ പുതിയൊരു അജണ്ട അംഗീകരിക്കണമെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരളാ നദ്‌വത്തുൽ മുജാഹിദീൻ നേതാവുമായ ഡോ. ഹുസ്സൈൻ മടവൂർ അഭിപ്രായപ്പെട്ടു. 

അയോധ്യയിൽ രാമക്ഷേത്രം നിർമ്മാണത്തിന് ഭൂമി പൂജ നടത്തിയ ദിവസം തന്നെയാണു മുസ്ലിം സമുദായം ബാബരി പള്ളിയുടെ പേരിലുള്ള വിവാദങ്ങൾ ഉപേക്ഷിക്കണം എന്നു പ്രമുഖ സമുദായ പണ്ഡിതൻ ആവശ്യപ്പെടുന്നത്. രാമക്ഷേത്രം ദേശീയ ഐക്യത്തിന്റെ വേദിയാക്കി മാറ്റണം എന്ന പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന സമുദായത്തിലും ലീഗിലും വിവാദമായ അവസരത്തിലാണ് അത്തരം ചർച്ച സമുദായത്തിന് ദോഷം ചെയ്യും എന്ന നിലപാട് അദ്ദേഹം പരസ്യമായി പറയുന്നത്. 

വിഷയത്തിൽ കോൺഗ്രസ്സ് എടുത്ത നിലപാടുകളുടെ പേരിൽ ആ പാർട്ടിയുമായി അകലുന്നത് ഗുരുതരമായ തെറ്റ് ആയിരിക്കും എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. നേരത്തെ ബാബ്റി തകർച്ച തടയുന്നതിൽ കോൺഗ്രസ്സ് സർകാർ പരാജയപ്പെട്ട സമയത്ത് സുലൈമാൻ സേട്ട് അടക്കമുള്ള നേതാക്കൾ കോൺഗ്രസ്സ് ബന്ധം വിടണം എന്ന നിലപാട് എടുത്തു. പക്ഷേ സുന്നി, മുജാഹിദ് സമുദായ നേതൃത്വങ്ങൾ അത് പാടില്ല എന്നാണ് പറഞ്ഞത്. അത് ശരിയായിരുന്നു എന്ന് കാലം തെളിയിച്ചു. 

ബാബരി പള്ളിയുടെ കാര്യത്തിൽ അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ  ബോർഡിന്റെ നിലപാട് അദ്ദേഹം ലേഖനത്തിൽ തള്ളുന്നു. ഒരിടത്ത് ഒരു പള്ളി പണിതു കഴിഞ്ഞാൽ എക്കാലവും അത് പള്ളിയായി നിലകൊള്ളും എന്നാണ് ബോർഡ് പറഞ്ഞത്. പക്ഷേ ഇത് ശരിയല്ലെന്ന് സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിൽ വികസന ആവശ്യത്തിന് പള്ളികൾ മാററി പണിത ഉദാഹരണങ്ങൾ ചുണ്ടിക്കാട്ടി അദ്ദേഹം പറയുന്നു. മക്കയിലെയോ മദീനയിലെയോ പോലെ മുസ്‌ലിംകൾക്ക് പ്രധാനമായ ഒന്നല്ല ബാബ്റി പള്ളി. ബാബർ ഒരു രാജാവ് മാത്രമായിരുന്നു. അതിനപ്പുറം അദ്ദേഹത്തിന് ഒരു സവിശേഷതയും ഇസ്ലാമിക ചരിത്രത്തിൽ ഇല്ല. അതിനാൽ രാജ്യത്തെ സാധാരണ മുസ്ലിംകളുടെ ദയനീയസ്ഥിതി മാറ്റാനുള്ള ശ്രമങ്ങളിൽ ആണ്‌ ഇനി സമുദായം ശ്രദ്ധിക്കേണ്ടത് എന്ന് ഉത്തരേന്ത്യയിലെ തന്റെ അനുഭവങ്ങൾ മുൻനിർത്തി അദ്ദേഹം ഇന്ന് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.   

Leave a Reply