പ്രിയങ്കയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ സമിതി

കോഴിക്കോട്: അയോധ്യയിൽ വിശ്വഹിന്ദു പരിഷത്തും ആര്‍ എസ് എസ് പ്രസ്ഥാനങ്ങളും ചേർന്നു തുടക്കമിട്ട രാമക്ഷേത്ര നിർമാണത്തെ ദേശീയ ഐക്യത്തിന്റെ സന്ദർഭം എന്ന് പുകഴ്ത്തിയ എ ഐ സി സി  ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ദേശീയ സമിതി. 

ഇന്ന് രാവിലെ പാണക്കാട്ടു ചേർന്ന ലീഗ് ദേശീയസമിതി യോഗം പ്രയങ്കയുടെ പ്രസ്താവന അനവസരത്തിൽ ഉള്ളതും ഒരുനിലയ്ക്കും യോജിക്കാൻ സാധ്യം അല്ലാത്തതും ആണെന്നു പ്രമേയത്തിൽ വ്യക്തമാക്കി. അതേസമയം അയോധ്യയിലെ ക്ഷേത്ര നിർമ്മാണം സം‌ബന്ധിച്ചു ഇൗ അവസരത്തിൽ അഭിപ്രായം പറയുന്നില്ല എന്നും ലീഗ് വ്യക്തമാക്കി. 

അയോധ്യയിൽ ക്ഷേത്രത്തിനു ഭൂമിപുജ നടക്കുന്ന അതേ അവസരത്തിലാണ് മലപ്പുറത്തു ലീഗിന്റെ യോഗം നടന്നത്. വിഷയത്തിൽ കൂടുതൽ അഭിപ്രായം പറയാൻ വിസമ്മതിച്ച ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കേ കുഞ്ഞാലിക്കുട്ടി സമുദായ ധ്രുവീകരണം ഉണ്ടാക്കാൻ ലീഗ് ആഗ്രഹിക്കുന്നില്ല എന്നും വ്യക്തമാക്കി. 

രാമ ക്ഷേത്ര നിർമാണവുമായി  ബന്ധപ്പെട്ട് ഉത്തരേന്ത്യയിലെ ചില കോൺഗ്രസ്സ് നേതാക്കളുടെ പ്രസ്താവനകൾ ലീഗിലും മുസ്ലിം സമുദായത്തിലും അസ്വസ്ഥത പടർത്തിയ പശ്ചാത്തലത്തിൽ ചേർന്ന ലീഗ് യോഗത്തിലാണ് പ്രമേയം അംഗീകരിച്ചത്. വിഷയത്തിൽ കോൺഗ്രസ്സിനെ ശക്തമായി എതിർക്കുന്ന നിലപാട് സ്വീകരിക്കണം എന്ന അഭിപ്രായം ലീഗിലെ ചില നേതാക്കൾക്ക് ഉണ്ടെന്ന കാര്യം വ്യക്തമാണ്. മുസ്ലിം സമുദായത്തിൽ സ്വാധീനമുള്ള ജമാഅത്തേ ഇസ്ലാമി, എസ്ഡിപിഐ, സുന്നി സമസ്തയിലെ ഒരു വിഭാഗം പണ്ഡിതർ തുടങ്ങിയവർ ഇൗ വിഷയത്തിൽ പാർടിയെ സമ്മർദ്ദത്തിൽ ആക്കാൻ ശ്രമം നടത്തിയിരുന്നു. സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം സുപ്രഭാതം പത്രത്തിലൂടെ കോൺഗ്രസ്സിനെ ശക്തമായി വിമർശിക്കുന്ന നിലപാട് പുറത്തു വിട്ടിരുന്നു. 

അതിനാൽ നിലപാട് വ്യക്തമാക്കാൻ ലീഗിന് അടിയന്തിരമായി യോഗം ചേരേണ്ടി വരികയായിരുന്നു. നേരത്തെയും ബാബ്റി മസ്ജിദ് വിഷയം ലീഗിൽ ഗുരുതരമായ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. സുലൈമാൻ സേട്ടിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ഐ എൻ എൽ രൂപീകരിച്ചത് അതിന്റെ ഭാഗമായിരുന്നു. അതേസമയം കേരളത്തിൽ കോൺഗ്രസ്സ് നേതൃത്വത്തിലുള്ള മുന്നണിയിൽ തർക്കങ്ങൾ ഉയരുന്നത് ലീഗിനു പ്രയാസങ്ങൾ ഉണ്ടാക്കും. അതിനാൽ തൽകാലം അണികളെ ശാന്തരാക്കി നിർത്തുക എന്നതാണ് ലീഗ് പ്രധാനമായും ഉദ്ദേശിക്കുന്നത്.     

Leave a Reply