രാമ ക്ഷേത്രം തറക്കല്ലിടൽ നാളെ ഉയരുന്നത് രാഷ്ട്രീയ ക്ഷേത്രം എന്ന് വിമർശനം

ലഖ്നൗ: കൊറോണ രോഗത്തിന്റെ തീവ്ര വ്യാപനവും ബാബ്റി മസ്ജിദ് ധ്വംസനം നൽകുന്ന നീറുന്ന ഓർമകളും കാരണം ഘനീഭവിച്ച ഒരു അന്തരീക്ഷത്തിലാണ് നാളെ അയോധ്യയിൽ പുതിയ രാമ ക്ഷേത്രത്തിനു തറക്കല്ല് വീഴുന്നത്. 

ബിജെപിയുടെ അധികാര പ്രവേശത്തിന് ശേഷം നടക്കുന്ന ഏറ്റവും ഗംഭീര ചടങ്ങ് എന്ന നിലയിൽ ആസൂത്രണം ചെയ്യപ്പെട്ട പരിപാടികൾ ഭരണത്തിന്റെ ഏറ്റവും മോശമായ ഒരു അന്തരീക്ഷത്തിലാണ് നടക്കുന്നത്. അയോധ്യയിലെ തറക്കല്ലിടൽ വേദിയിൽ ആകെ അഞ്ചു പേർക്ക് മാത്രമാണ് ഇരിപ്പിടം എന്ന് ക്ഷേത്ര നിർമാണ ട്രസ്റ്റ് ഭാരവാഹികൾ ഇന്നലെ വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡി, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ട്രസ്റ്റ് അധ്യക്ഷൻ മഹന്ത് നൃത്യഗോ പാൽ ദാസ്, ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത്, യുപി ഗവർണർ ആനന്ദി ബെൻ  പട്ടേൽ  എന്നിവരാണ് വേദിയിൽ ഇരിക്കുക. 

പരിപാടിയുടെ നടത്തിപ്പും സമയവും സംബന്ധിചു സംഘപരിവാര വൃത്തങ്ങ ളിൽ പോലും വിമർശനം ഉയരുന്നുണ്ട്. അശുഭ സന്ദർഭമാണ് ചടങ്ങിന് തിരഞ്ഞെടുത്തത് എന്ന് ദ്വാരകയിൽ ശങ്കരാചാര്യരുടെ അഭിപ്രായവും പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമയം മാത്രമാണ് പരിഗണിച്ചത് എന്ന് വിവിധ തലങ്ങളിൽ വിമർശനമുണ്ട്. 

അതേസമയം അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പ്രമുഖ് നേതാക്കളെയും പരിപാടിയിൽ നിന്നു ഒഴിവാക്കിയതായി വിമർശനമുണ്ട്. പ്രമുഖ നേതാവ് എൽ കേ അഡ്വാനി ക്കു ക്ഷണം കിട്ടിയില്ല എന്ന് കഴിഞ്ഞ ദിവസം ഹിന്ദു പത്രം റിപ്പോർട്ട് ചെയ്തിരുന്നു. മറ്റൊരു പ്രമുഖ നേതാവ് ഉമാഭാരതി ക്ഷണം കിട്ടിയെങ്കിലും പ്രധാനമന്ത്രി സ്ഥലം വിട്ടശേഷം മാത്രമേ പരിപാടിക്ക് എത്തുകയുള്ളൂ എന്ന് വ്യക്തമാക്കി. കൊറോണ വ്യാപനം തടയാനാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് അവർ അറിയിച്ചതെങ്കിലു പാർട്ടിയിൽ പുതു നേതൃത്വം മുൻ തലമുറയെ പൂർണമായും അവഗണിക്കുന്ന വിഷയത്തിലുള്ള പ്രതിഷേധവും പലരും അതിൽ കാണുന്നുണ്ട്.    

Leave a Reply