പ്രതിസന്ധി നേരിടാൻ ഐഎംഎഫ് വായ്പ വാങ്ങണമെന്നു മൻമോഹൻ സിങ്

ന്യൂദൽഹി: ഇന്ത്യ അഭിമുഖീകരിക്കുന്ന  ഗുരുതരമായ സാമ്പത്തിക, സാമുഹിക പ്രതിസന്ധി തരണം ചെയ്യാൻ ഐഎം എഫ്‌, ലോകബാങ്ക് തുടങ്ങിയ  ആഗോള ധനകാര്യ സ്ഥാപനങ്ങളിൽ  നിന്നു  വായ്പ സ്വീകരിക്കണമെന്ന്    മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ  സിങ്.

പ്രമുഖ  ഇംഗ്ലീഷ് പത്രമായ ദി ഹിന്ദു എഡിറ്റോറിയൽ പേജിൽ കോൺഗ്രസ്സ്  ദേശീയസമിതിയിലെ  പ്രവീൻ  ചക്രവർത്തിയുമായി ചേർന്ന് എഴുതിയ ലേഖനത്തിലാണ് അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധനായ ഡോ. മൻമോഹൻസിങ് ഈ നിലപാട്  മുന്നോട്ടു വച്ചത്.

രാജ്യത്തിൻറെ സ്ഥിതി ഇപ്പോൾ  വളരെ  വിഷമകരമാണ്. തൊഴിലില്ലായ്‌മയും പട്ടിണിയും  ജനങ്ങളെ തുറിച്ചു നോക്കുന്നു.  സമ്പദ് ഘടനയിൽ വിശ്വാസം തിരിച്ചു പിടിക്കുകയാണ് പ്രധാന വെല്ലുവിളി. ജൂൺ  മാസത്തിൽ 62 ദശലക്ഷം  ആളുകൾ ദേശീയ തൊഴിലുറപ്പു പദ്ധതിയിൽ ജോലി തേടിയെത്തി. ഗ്രാമങ്ങളിലെ ഗുരുതരമായ അവസ്ഥയാണ് അതു സൂചിപ്പിക്കുന്നത്. ദരിദ്ര വിഭാഗങ്ങൾക്കു നേരിട്ട് ഒരു തുക എത്തിച്ചു കൊടുക്കുകയാണ് ഇന്ന് വിപണിയിൽ ചോദനം ഉറപ്പാക്കാൻ ആവശ്യമായ അടിയന്തിര നടപടി. അങ്ങനെ മാത്രമേ ഉത്പാദനം വീണ്ടും തിരിച്ചുപിടിക്കാൻ സാധിക്കുകയുള്ളൂ. ജനങ്ങൾക്ക് നേരിട്ട് പണം നൽകിയാൽ അത്  തൊഴിൽ തേടുന്നതിൽ നിന്ന്  അവരെ  പിൻതിരിപ്പിക്കും  എന്ന വാദത്തിനു അടിസ്ഥാനമില്ല. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ തൊഴിൽ വരുമാനത്തിന്റെ തുല്യമായ തുക സഹായമായി നൽകി. പക്ഷേ തൊഴിൽ  വിപണിയെ അതു  ബാധിക്കുകയുണ്ടയില്ല.

ബാങ്കുകൾ ആവശ്യക്കാർക്ക് വായ്പ നൽകാനുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ സർക്കാർ തയ്യാറാകണം. അതിനു അവയുടെ മൂലധന ശേഷി കൂട്ടണം.  ചെറുകിട, ഇടത്തരം കമ്പനികൾ വീണ്ടും പ്രവർത്തനശേഷി കൈവരിക്കാൻ ഇത് ആവശ്യമാണ്.

മൂന്നാമത്, കോർപറേറ്റ് മേഖലയ്ക്ക് നികുതി കുറക്കുകയല്ല വേണ്ടത്. മറിച്ച് വിപണിയിൽ ഉപഭോക്താക്കൾ വരുന്നു എന്ന് ഉറപ്പ് വരുത്തുകയും ആവശ്യമായ മൂലധന സംഭരണത്തിന് സൗകര്യം ഒരുക്കുകയും ആണ്. ഇതു നടപ്പാക്കാൻ ആവശ്യമായ ധനശേഷി ഇന്ന് സർക്കാരിന് ഇല്ല. കാരണം നികുതി വരുമാനം കാര്യമായി കുറഞ്ഞു. ചെലവുകൾ കൂടി. ധനക്കമ്മി ഉയരുന്നു.

ഇന്നത്തെ സാഹചര്യത്തിൽ ധനകമ്മി സംബന്ധിച്ച് വിഷമിക്കുന്നത് അർത്ഥശൂന്യമാണ്. സർക്കാരിന്റെ ചുമതല വിപണി ഊർജിതമാക്കി മാറ്റുകയാണ്. വേണ്ടിവന്നാൽ കമ്മിപ്പണം അടിക്കണം. അത് അവസാനക്കൈ ആയിട്ടു മാത്രമേ ചെയ്യാൻ പാടുള്ളൂ. പക്ഷേ ഇന്ത്യയുടെ വായ്പാ തിരിച്ചടവ് റെക്കോർഡ് നോക്കിയാൽ ഐഎംഎഫ്, ലോകബാങ്ക് വായ്പകൾ കുറഞ്ഞ പലിശക്ക് നമുക്ക് ലഭ്യമാകും. അതിനാൽ അടിയന്തിരമായി സർക്കാർ അതിനാണ് മുൻകൈ എടുക്കേണ്ടത് എന്ന് ഡോ. മൻമോഹൻസിങ് പറയുന്നു. 

Leave a Reply