സ്വകാര്യ ബസ്സുകളും രംഗം വിട്ടു; ജനങ്ങൾക്ക് ദുരിതജീവിതം
കോഴിക്കോട് : കോവിഡ് മഹാമാരിയുടെ പേരിൽ കടകമ്പോളങ്ങളും തൊഴിൽസ്ഥാപനങ്ങളും മാസങ്ങളായി അടച്ചിട്ടതോടെ ദുരിതത്തിലായ സാധാരണക്കാരുടെ പ്രയാസങ്ങൾ വർധിപ്പിച്ചുകൊണ്ട് സ്വകാര്യ ബസ്സുകളും ഇന്നലെ മുതൽ ഓട്ടം നിർത്തി. ബലി പെരുന്നാളിന്റെ ആലസ്യത്തിൽ പൊതുവിൽ നഗരത്തിൽ ഇന്നലെ തിരക്കൊഴിഞ്ഞ ദിവസമായിരുന്നു. ഇന്നു ഞായറാഴ്ച പൂർണ കർഫ്യൂ കാരണം തെരുവുകളിൽ അനക്കമില്ല.
എന്നാൽ സ്വകാര്യ ബസ്സുകൾ നിരത്തിലിറങ്ങുന്നതു അവസാനിപ്പിച്ചത് തിങ്കളാഴ്ച മുതൽ സാധാരണക്കാരുടെ ജീവിതത്തെ ഗുരുതരമായി ബാധിക്കും എന്നു തീർച്ചയാണ്. ദൈനംദിന ജോലികൾ ചെയ്തു നിത്യവരുമാനത്തിൽ കഴിഞ്ഞു കൂടുന്ന ഏറ്റവും സാധാരണക്കാരായ ആളുകൾ മാത്രമാണ് ഇപ്പോൾ നഗരങ്ങളിൽ ബസ്സുകളെ ആശ്രയിക്കുന്നത്. മധ്യവരുമാനക്കാർ അവയെ ഒഴിവാക്കിയിട്ടു കുറച്ചു കാലമായി. കൊറോണാ ബാധ വന്നതോടെ ബസുകളിൽ നാലിലൊന്നു യാത്രക്കാർ പോലും ഇല്ലാതെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഓടിക്കൊണ്ടിരുന്നത്.
കെഎസ്ആർടിസി സർവീസ് കുറവായ മലബാർ ജില്ലകളിൽ സ്വകാര്യ ബസ്സുകൾ ഏതാണ്ടു പൂർണമായും ഓട്ടം നിർത്തിയിരിക്കുകയാണ്. ആയിരത്തിലേറെ ബസുകൾ നിത്യേന ഓടിക്കൊണ്ടിരുന്ന കോഴിക്കോട്, മലപ്പുറം ജില്ലകളിൽ രണ്ടു ശതമാനം പോലും ഇന്നലെ നിരത്തിൽ ഇറങ്ങിയില്ല. വർധിപ്പിച്ച ബസ് ചാർജ് നിരക്കു നടപ്പിലായിട്ടും നിത്യച്ചെലവിനുള്ള വരുമാനം ലഭിക്കുന്നില്ലെന്ന് ബസ് ഓപെറേറ്റർസ് അസ്സോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടി. അതിനു പുറമെ ദുർവഹമായ റോഡ് നികുതി മുൻകൂറായി അടക്കണം. ഇന്നത്തെ നിലയിൽ അതു അസാധ്യമായതിനാലാണ് ബസുകൾ നിരത്തിലിറക്കുന്നില്ലെന്നു തീരുമാനിക്കാൻ കാരണമെന്നു ഭാരവാഹികൾ പറഞ്ഞു.
സ്വകാര്യ ബസ് ഗതാഗതം പൂർണമായും സ്തംഭിക്കുന്നതോടെ സാധാരണക്കാർക്കു കെഎസ്ആർടിസി മാത്രമാണ് ഒരേയൊരു ആശ്രയമായി ബാക്കിയുള്ളത്. പക്ഷേ ബസുകൾ വളരെ കുറവാണ്. മാത്രമല്ല നഗരങ്ങളിൽ സിറ്റി സർവീസ് ആയി പരിമിതമായ ബസുകൾ മാത്രമാണ് ഓടിക്കുന്നത്. സംസ്ഥാന വ്യാപകമായ ലോക്ക്‌ഡോൺ വീണ്ടും കൊണ്ടു വരാനുള്ള നീക്കം അതുണ്ടാക്കുന്ന സാമ്പത്തിക പ്രത്യാഘാതം കണക്കിലെടുത്തു സർക്കാർ കഴിഞ്ഞ ദിവസം വേണ്ടെന്നു വച്ചുവെങ്കിലും ബസ് ഗതാഗതം സ്തംഭിച്ചതു കാരണം അതുകൊണ്ടുള്ള പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താൻ പോലും സാധാരണക്കാർക്ക് സാധ്യമല്ലാത്ത അവസ്ഥയാണ് നാളെ മുതൽ വന്നുചേരുന്നത്.