മഹാമാരി വന്നപ്പോൾ വാർത്തകളുടെ വിശ്വാസ്യത പ്രധാനമായെന്നു പഠനം

കോവിഡ് രോഗബാധ കേരളത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉയർത്താൻ തുടങ്ങിയതോടെ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും നടത്തിയ വാർത്താ സമ്മേളനങ്ങൾക്ക് പ്രേക്ഷകരുടെ എണ്ണം കുതിച്ചുയർന്നു.  മുഖ്യമന്ത്രിയുടെ പൊതുജനപ്രീതി വർധിച്ചു വരുന്നതിന്റെ തെളിവായിട്ടാണ് ഇതു ഭരണകക്ഷിയിലെ പല പ്രമുഖരും വ്യാഖ്യാനിച്ചത്. പ്രതിപക്ഷത്തും ഇതു വലിയ അങ്കലാപ്പ് ഉയർത്തി.

എന്നാൽ  ഗുരുതരമായ  സാമൂഹിക, സാമ്പത്തിക, ആരോഗ്യ ഭീഷണികൾ സമൂഹത്തിൽ ഉയർന്നുവരുമ്പോൾ കൃത്യമായ വിവരങ്ങൾ തേടി ഔദ്യോഗിക വൃത്തങ്ങളെയും മുഖ്യധാരാ മാധ്യമങ്ങളെയും ആശ്രയിക്കുന്ന പ്രവണത സ്വാഭാവികമാണെന്ന് ദി ഇക്കണോമിസ്റ്റ് വാരികയുടെ ഒരു പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നു. സാമ്പത്തിക രംഗത്ത് നിലവിലുള്ള കറൻസികളിൽ വിശ്വാസം നഷ്ടപ്പെടുമ്പോൾ നിക്ഷേപകർ സ്വർണത്തിനു പിന്നാലെ പായുന്നതിനു തുല്യമായ ഒരു പ്രവണതയാണിത്. വിശ്വാസ്യതയുള്ള വിവരങ്ങൾ വായനക്കാർക്കും നിക്ഷേപകർക്കും ദൈനംദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ  അത്യന്താപേക്ഷിതമായ സന്ദർഭമാണ് പ്രതിസന്ധികളുടെ കാലഘട്ടം. അതിനാൽ  കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നു ഉറപ്പുള്ള വാർത്താസ്രോതസ്സുകളെ ആശ്രയിക്കുന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. ദിനപ്രതിയുള്ള രോഗബാധ സംബന്ധിച്ച വിവരങ്ങളും ലോക്ക്ഡൗൺ അടക്കമുള്ള മറ്റു വിവരങ്ങളും ഔദ്യോഗിക മാധ്യമസമ്മേളനങ്ങളിലാണ് പ്രഖ്യാപിക്കുന്നത് എന്നതിനാൽ അവയുടെ പ്രേക്ഷകരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. പ്രതിസന്ധിഘട്ടം കടക്കുന്നതോടെ അവയുടെ ആകർഷകത്വം ഇടിയുകയും ചെയ്യും.

ആഗോള മാധ്യമരംഗത്തും ഈ പ്രവണത കാണുന്നുണ്ടെന്നു ഇക്കണോമിസ്റ്റ് ഈയാഴ്ച പുറത്തിറക്കിയ പഠനത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. കോവിഡ് ബാധ വ്യാപകമായതോടെ പാശ്ചാത്യരാജ്യങ്ങളിൽ വാർത്തകളുടെ വിശ്വാസ്യതയ്ക്കു  പ്രസിദ്ധമായ മുഖ്യധാരാ മാധ്യമങ്ങളുടെ ഉപയോഗം കുത്തനെ ഉയർന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നു. മിഷിഗൺ സർവകലാശാലയിലെ  പോൾ റെസ്‌നിക്, ജെയിംസ് പാർക്ക് എന്നിവർ വികസിപ്പിച്ചെടുത്ത ഒരു വിശകലന തന്ത്രം ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഓരോ ദിവസവും മുഖ്യധാരാ  മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും വാർത്തകൾക്ക് വേണ്ടി ആശ്രയിക്കുന്ന ഉപഭോക്താക്കളുടെ എണ്ണം കണക്കിലെടുത്താണ് ഈ മാറ്റങ്ങൾ ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റർ എന്നിവയിൽ ഈ രണ്ടു തരം വാർത്താസ്രോതസ്സുകളെയും ആശ്രയിക്കുന്നവരെയാണ് പഠനത്തിന് വിധേയമാക്കിയത്. 

പഠനത്തിൽ കണ്ടത് ഫെബ്രുവരി മുതൽ മുഖ്യധാരാ ഇംഗ്ലീഷ് മാധ്യമങ്ങളെ ആശ്രയിക്കുന്ന പ്രവണത ഉയരുന്നതാണ്. അതേസമയം സാമൂഹിക  മാധ്യമങ്ങളുടെയും ടാബ്ലോയിഡ് മാധ്യമങ്ങളുടെയും ഉപയോഗത്തിൽ ഇടിവ് സംഭവിക്കുന്നതും വ്യക്തമായി. ഫെബ്രുവരിയിലാണ് കോവിഡ് രോഗബാധ മിക്ക യൂറോപ്യൻ രാജ്യങ്ങളിലും പ്രത്യക്ഷപ്പെടാൻ  തുടങ്ങിയത്. മാർച്ചിൽ വ്യാപകമായി അടച്ചിടൽ ആരംഭിച്ചതോടെ മുഖ്യധാരാ മാധ്യമങ്ങളുടെ മേധാവിത്വം വളരെ പ്രകടമായി. പിന്നീടുള്ള മാസങ്ങളിലും ഈ പ്രവണത തന്നെയാണ് കാണപ്പെട്ടത്.

എന്നാൽ ഇതു  സ്ഥിരമായി നിലനിൽക്കുന്ന  പ്രതിഭാസമാണോ എന്ന കാര്യം സംശയമാണെന്നു ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. പ്രതിസന്ധി തരണം ചെയ്ത പല രാജ്യങ്ങളിലും വീണ്ടും സോഷ്യൽ മീഡിയയെ മാത്രം ആശ്രയിക്കുന്ന പ്രവണത വർധിക്കുന്നതായി കാണുന്നുമുണ്ട്. എന്നാൽ രോഗം ഒരു രണ്ടാം  വരവിനു കോപ്പുകൂട്ടുന്നതോടെ അതേ വായനക്കാർ വീണ്ടും മുഖ്യധാരയിലേക്ക് തിരിച്ചു വരാനാണ് സാധ്യത. 

Leave a Reply