കഴിവുകെട്ട എന്റെ അമ്മാവൻ രാജ്യത്തെ തകർച്ചയുടെ വക്കിലെത്തിച്ചു: മേരി ട്രംപ്

പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സഹോദരപുത്രി മേരി ട്രംപ് (55) ഈയിടെ പുറത്തിറക്കിയ പുസ്തകം ഇപ്പോൾ ചൂടപ്പം പോലെ വിറ്റഴിയുകയാണ്.  എത്രകിട്ടിയിട്ടും മതി വരാത്തയാൾ: എങ്ങനെ എന്റെ കുടുംബം ലോകത്തെ ഏറ്റവും  അപകടകാരിയായ മനുഷ്യനെ സൃഷ്ടിച്ചു എന്ന പുസ്തകം ട്രംപ് കുടുംബത്തിന്റെ അകത്തളങ്ങളിലെ കുത്തഴിഞ്ഞ അന്തരീക്ഷം എങ്ങനെയാണു ഡൊണാൾഡ് ട്രംപിന്റെ ജീവിതത്തെ പരുവപ്പെടുത്തിയതെന്നു  ചിത്രീകരിക്കുന്നു. ജർമൻ വരിക ദേർ സ്പീഗൽ ഈയാഴ്ച മേരി  ട്രംപുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് ചില ഭാഗങ്ങൾ:

സ്പീഗൽ: അമ്മാമനെ ഏറ്റവും അപകടകാരിയായ  മനുഷ്യൻ എന്നാണ് പുസ്തകത്തിൽ വിവരിക്കുന്നത്. എന്തുകൊണ്ടാണത്?

മേരി: അദ്ദേഹത്തിന്റെ ഭീതികളും അദ്ദേഹം ഇരിക്കുന്ന പദവിയുടെ സ്വഭാവവും നോക്കിയാൽ അപകടകരമായ ഒരു അവസ്ഥ കാണാവുന്നതാണ്. ഒരുപക്ഷെ ഇത്തരം മനസികാവസ്ഥയുള്ള ആരും ഇത്രയേറെ പ്രധാന പദവിയിൽ ഇരിക്കുമ്പോൾ അപകടകാരി തന്നെയാവും. എന്റെ അമ്മാവനെ  സംബന്ധിച്ചിടത്തോളം അത്തരമൊരു പദവിയിൽ ഇരിക്കാനുള്ള ബുദ്ധിപരമായ കഴിവുകളോ വികാരങ്ങളെ നിയന്ത്രിക്കാനുള്ള ശേഷിയോ അദ്ദേഹത്തിനില്ല.  

ചോ: താങ്കളുടെ മുത്തച്ഛന്റെ അച്ഛൻ, ഫ്രഡറിക്ക് ട്രംപ്, ജർമനിയിലെ റൈൻലാൻഡിലാണ് ജനിച്ചത്. 1918ലെ സ്പാനിഷ് പനിയുടെ  ഇരയായാണ് അദ്ദേഹം ന്യൂയോർക്കിൽ അന്തരിച്ചത്. അദ്ദേഹത്തിന്റെ  മരണമോ കുടുംബത്തിന്റെ ജർമൻ ബന്ധങ്ങളോ എപ്പോഴെങ്കിലും ചർച്ച ചെയ്യപ്പെടുകയുണ്ടായോ?  

ഉ:  മുത്തച്ഛൻ അദ്ദേഹത്തിന്റെ പിതാവിനെപ്പറ്റി എന്തെങ്കിലും പറയുന്നതായി ഞാൻ കേട്ടിട്ടില്ല. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചു  അദ്ദേഹം വ്യാകുലപ്പെട്ടതായും അറിയില്ല. അതിനു  സാധ്യതയുമില്ല. ഞങ്ങളുടെ കുടുംബത്തിൽ അമേരിക്കയിൽ ജനിച്ച  ആദ്യ തലമുറക്കാരനായിരുന്നു മുത്തച്ഛൻ. പൂർവികരുടെ  നാടിനെക്കുറിച്ചു അദ്ദേഹം ചിന്തിച്ചില്ല.  ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ജർമൻ പാരമ്പര്യത്തെക്കുറിച്ചു എന്തെങ്കിലും പറയുന്നതായി കേട്ടിട്ടില്ല. ജൂതൻമാരുമായി ധാരാളം ബിസിനസ്സ് ഇടപാടുകൾ ഉള്ളതുകൊണ്ടായിരിക്കണം അദ്ദേഹം അക്കാര്യം മിണ്ടാതിരുന്നത്. പക്ഷേ അതിൽ അങ്ങനെ മറച്ചുവെക്കാനുള്ള എന്തെങ്കിലും ഉള്ളതായി ആരും പറയുകയില്ല.  ജർമൻകാരൊക്കെ നാസികളാണെന്നു പറയാനാവില്ലല്ലോ.

ചോ: താങ്കളുടെ പിതാവ്, ഫ്രെഡ് ജൂനിയർ, കുടുംബ ബിസിനസ്സ് ഏറ്റെടുക്കുമെന്ന് പലരും വിചാരിച്ചതായിരുന്നു. പക്ഷേ അനുജൻ  ഡൊണാൾഡിനെയാണ് പിതാവ് ആ സ്ഥാനത്തു നിയോഗിച്ചത്. മുത്തച്ഛൻ എങ്ങനെയുള്ള ആളായിരുന്നു?  

ഉ: എന്റെ മുത്തച്ഛനും അദ്ദേഹത്തിന്റെ മക്കളും തമ്മിൽ  വൈകാരികമായ ഒരു അടുപ്പവും ഉണ്ടായിരുന്നില്ല. സത്യത്തിൽ അങ്ങനെയുള്ള മാനുഷിക വികാരങ്ങളൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. തന്റെ താൽപര്യങ്ങൾക്കു അനുസരിച്ചു ആളുകളെ  ഉപയോഗിക്കുന്നതിൽ മാത്രമായിരുന്നു അദ്ദേഹത്തിനു താല്പര്യം. അല്ലാത്തവരെ അദ്ദേഹം തള്ളിക്കളഞ്ഞു. എന്റെ പിതാവിനു അതാണ് സംഭവിച്ചത്. ഞങ്ങളുടെ കുടുംബത്തിൽ ഒരാൾക്കേ വിജയിക്കാനാവൂ. അതിനാൽ സഹോദരങ്ങൾ തമ്മിലും മത്സരിക്കണം. മുത്തച്ഛന്റെ പ്രീതി നേടുന്നതിൽ  എന്റെ അച്ഛൻ വിജയിക്കുകയില്ലെന്നു അധികം വൈകാതെ വ്യക്തമായിരുന്നു. അതിനാൽ വിജയം കയ്യിലൊതുക്കാൻ ഡൊണാൾഡ് വേണ്ടതെല്ലാം ചെയ്തു. അതിനുവേണ്ടി ആരെ വേണമെങ്കിലും ചവിട്ടി വീഴ്ത്താൻ അദ്ദേഹത്തിന്  മടിയും ഉണ്ടായിരുന്നില്ല .

ചോ: കുടുംബ ബിസിനസ്സിന്റെ  ഭാഗമാകാതെ  താങ്കളുടെ പിതാവ് പൈലറ്റായി .എന്തായിരുന്നു  അതിനോടു മുത്തച്ഛന്റെ പ്രതികരണം?

ഉ :അച്ഛനെ ദൈനംദിനം ചവിട്ടി അരക്കുകയായിരുന്നു വീട്ടിൽ.  ജെറ്റ്‌ വിമാനങ്ങൾ വന്ന കാലത്തു പൈലറ്റായി പരിശീലനം നേടിയ ആളാണ് അദ്ദേഹം. എന്നാൽ മുത്തച്ഛൻ പറഞ്ഞത് അത് ഒരു ബസ്  ഡ്രൈവറുടെ പണി പോലെയാണെന്നാണ്. മുത്തച്ഛൻ ആഗ്രഹിച്ച മട്ടിലുള്ള മകനാകാൻ എന്റെ പിതാവിന് കഴിയുമായിരുന്നില്ല.  മുത്തച്ഛന് അദ്ദേഹത്തിന്റെ ഇഷ്ടം നടക്കണം. അതിനുവേണ്ടി എന്തുചെയ്യാനും അദ്ദേഹം മടിക്കില്ല.. ഞാൻ മുതിർന്നപ്പോൾ  ഒരു മനശാസ്ത്ര ജ്ഞയായി പരിശീലനം നേടി.അപ്പോഴാണ്  അതു ഒരു സോഷ്യോപതിന്റെ മാനസികനിലയാണെന്നു എനിക്കു  മനസ്സിലായത്. തീർത്തും ഒരു ഡോക്ടറുടെ ക്ലിനിക്കൽ വിവരണം ആയിട്ടാണ് ഞാനിതു പറയുന്നത്. 

ചോ:താങ്കളുടെ പിതാവ് പിന്നീട് തികഞ്ഞ  മദ്യപനായി. കുടുംബം എങ്ങനെയാണു അതിനോടു പ്രതികരിച്ചത്?

ഉ : മദ്യപാനാസക്തി ഒരു മാനസിക വൈകല്യമാണ്. എന്നാൽ അതൊരു ധാർമിക പ്രശ്നമായി കണ്ടു കുറ്റപ്പെടുത്തിയാൽ  ആർക്കും അതിൽനിന്നു രക്ഷ നേടാനാവില്ല. എന്റെ പിതാവിന് അങ്ങനെ കുടുംബത്തിൽ നിന്നു പിന്തുണ കിട്ടിയില്ല. ഡൊണാൾഡ് അദ്ദേഹത്തേക്കാൾ ഏഴര വയസ്സ് ഇളയതായിരുന്നു. അതിനാൽ മുത്തച്ഛനെ പ്രീണിപ്പിക്കാൻ എന്തു ചെയ്യണം, എങ്ങനെ പെരുമാറണം എന്നു അദ്ദേഹം കണ്ടറിഞ്ഞു. 

ചോ:അദ്ദേഹം മുത്തച്ഛനെ അനുകരിച്ചു എന്നാണോ?

ഉ: ഡൊണാൾഡും മുത്തച്ഛനും തമ്മിൽ വലിയ താരതമ്യത്തിന് സാധ്യതയില്ല. മുത്തച്ഛൻ വളരെയേറെ കഴിവുകളുള്ള വ്യക്തിയായിരുന്നു. ബിസിനസ്സിലും അദ്ദേഹം വലിയ വിജയമായിരുന്നു. എന്നാൽ ഡൊണാൾഡ് ഇതു രണ്ടുമല്ല. അദ്ദേഹത്തിന് കാര്യശേഷിയില്ല; ബിസിനസ് നടത്താനുമറിയില്ല. എന്നാൽ മാധ്യമങ്ങളെ കയ്യിലെടുക്കാനുള്ള കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.  വിജയം നേടാൻ എന്തുചെയ്യാനും അദ്ദേഹത്തിന് മടിയും ഉണ്ടായിരുന്നില്ല. അതിനായി കൂട്ടുകെട്ടുകൾ ഉണ്ടാക്കാനും തട്ടിപ്പുനടത്താനും പറ്റിക്കാനും കക്കാനും ചതിക്കാനും ഒന്നും ഒരു മടിയുമില്ല.

ചോ: അത്തരം വഴികളിൽ പോകുന്നതിൽ നിന്ന് തടയുന്ന സ്വാധീനമൊന്നും കുടുംബത്തിൽ ഉണ്ടായിരുന്നില്ലേ? ഉദാഹരണത്തിന്  മുത്തശ്ശി …?

ഉ: അതാണ് ഇതിലെ സങ്കടകരമായ ഒരു വശം. അങ്ങനെ നേർവഴിക്കു നടത്താൻ ആരും ഉണ്ടായിരുന്നില്ല. ചെറുപ്പകാലത്തു ഡൊണാൾഡിനെ നോക്കാൻ മുത്തശ്ശിക്ക്  കഴിഞ്ഞില്ല. അവരുടെ കുറ്റമല്ല. അദ്ദേഹത്തിന്റെ ചെറുപ്പകാലത്തു രോഗങ്ങൾ   കാരണം  അവർ കുടുംബത്തിൽ നിന്നും മക്കളിൽ നിന്നും അകലെയാണ് കഴിഞ്ഞത്. അതു ഒറ്റപ്പെടലിന്റെ ഒരു  ഭീകരതയും സുരക്ഷാബോധത്തിന്റെ അഭാവവും ഡൊണാൾഡിൽ സൃഷ്ടിച്ചിരുന്നു. മാനുഷിക ബന്ധങ്ങൾ അദ്ദേഹത്തിനു അന്യമായിപ്പോയി.  സ്വഭാവ വളർച്ചയെ സംബന്ധിച്ചു അതു ഗുരുതരമായ പ്രശ്നമായിരുന്നു. മുത്തച്ഛൻ എന്റെ അച്ഛനെ എന്തും ചെയ്യാൻ മടിയില്ലാത്ത ആളാക്കാനാണ് ശ്രമിച്ചത്. പക്ഷേ  ഡൊണാൾഡ് അതിനും അപ്പുറം പോയി. ഒരിക്കലും തെറ്റുപറ്റിയതായി സമ്മതിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. 

ചോ:മുത്തച്ഛന് ഡൊണാൾഡിനെപ്പറ്റി കൂടുതൽ കൃത്യമായ ധാരണയൊന്നും ലഭിക്കുകയുണ്ടായില്ലേ?

ഉ:  അറ്റ്ലാന്റിക് സിറ്റിയിലെ ചൂതുകളി കേന്ദ്രങ്ങളുടെ വിഷയം വന്നപ്പോഴാണ് ഡൊണാൾഡ് ഒരു വൻ പരാജയമാണ് എന്നദ്ദേഹത്തിനു ബോധ്യമായത്. ചൂതുകളി ബിസിനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നൊന്നും നോക്കാതെയാണ് ഡൊണാൾഡ് പ്രവർത്തിച്ചത്. ഒരു ചൂതുകളി കേന്ദത്തിനു പകരം അദ്ദേഹം മൂന്നെണ്ണം  തുടങ്ങി. അവ പരസ്പരം മത്സരിച്ചു മൂന്നും കുഴപ്പത്തിലായി. അദ്ദേഹത്തെ രക്ഷിക്കാൻ മുത്തച്ഛൻ മൂന്നര ദശലക്ഷം ഡോളറാണ് അന്നു അങ്ങോട്ട് എത്തിച്ചത്. പക്ഷേ അതുകൊണ്ടൊന്നും കാര്യങ്ങൾ നേരെയായില്ല . 

ചോ:എന്നിട്ടും  താങ്കളുടെ പിതാവിനെ മുത്തച്ഛൻ തിരിഞ്ഞുനോക്കിയില്ല.. എങ്ങനെയാണു അതു അവസാനി ച്ചത് ?

ഉ: എന്റെ അച്ഛനെക്കുറിച്ചു ഓർക്കുന്നതു  പോലും  മുത്തച്ഛന് ഇഷ്ടമായിരുന്നില്ല. അച്ഛൻ പൈലറ്റ് ജോലിയിൽ നിന്നു പുറത്തായപ്പോൾ  മുത്തച്ഛൻ അദ്ദേഹത്തെ ട്രംപ് മാനേജ്മെന്റ് എന്ന സ്ഥാപനത്തിൽ  റിപ്പയർ പണികൾക്കായാണ് നിയോഗിച്ചത്. ഒരു ട്രക്കിൽ  പണിക്കാർ ക്കൊപ്പം കറങ്ങണം. അതിൽ  കുഴപ്പമുണ്ടായിട്ടല്ല. പക്ഷേ  അതു അദ്ദേഹത്തെ അപമാനിക്കാനായി ബോധപൂർവം ചെയ്തതായിരുന്നു. കൊടും  ക്രൂരതയായിരുന്നു അത്.  പക്ഷേ അതു മാത്രമല്ല ചെയ്തത്. എന്റെ അച്ഛന് 39 വയസ്സുള്ളപ്പോൾ അദ്ദേഹത്തിനു ഹൃദ്രോഗം വന്നു .ശസ്ത്രക്രിയ വേണ്ടിവന്നു . കുടുംബത്തിനു നിരവധി പ്രധാന ആശുപതികളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പക്ഷേ അതിലൊന്നും എന്റെ അച്ഛന് ചികിത്സ കിട്ടിയില്ല. അദ്ദേഹത്തിന് അവസാനം അഭയം കിട്ടിയതു ക്വീൻസിലെ ഒരു ചെറിയ ആശുപത്രിയിലാണ്. അദ്ദേഹം അവിടെക്കിടന്നു മരിച്ചു. കുടുംബത്തിൽ നിന്നു മരണ സമയത്തും ഒരാൾപോലും തിരിഞ്ഞു നോക്കിയില്ല .

ചോ: അദ്ദേഹത്തിന്റെ അനുജൻ ഡൊണാൾഡും പോയി .നോക്കിയില്ല…?

ഉ:  ആ സമയത്തു  അദ്ദേഹവും സഹോദരി എലിസബത്തും സിനിമയ്ക്കു പോയിരിക്കുകയായിരുന്നു.  

ചോ: മുത്തച്ഛൻ  മരിച്ചശേഷം കുടുംബ സ്വത്ത് വിഭജിക്കുമ്പോൾ താങ്കളുടെ അച്ഛന്റെ ഓഹരിയിൽ നിന്ന് കിട്ടേണ്ട പങ്കിൽ പറ്റിച്ചതായി ന്യൂയോർക്ക് ടൈംസ് ഒരു റിപ്പോർട്ടിൽ  പറയുന്നു.  എന്താണ് സംഭവിച്ചത്?

ഉ: എന്തോ കുഴപ്പമുണ്ടെന്നു എനിക്കു തോന്നിയിരുന്നു. എന്റെ അച്ഛന്റെ  മരണശേഷം കുടുംബത്തിലെ ചില ബന്ധുക്കളുടെ സംരക്ഷണത്തിലാണ് ഞാൻ വളർന്നത്. മുത്തച്ഛന്റെ ആകെ സ്വത്ത് 30ദശലക്ഷം ഡോളർ എന്നാണ് പറഞ്ഞു പരത്തിയത്. എന്നാൽ ടൈംസ്  കണ്ടെത്തിയത് അത് 970 ദശലക്ഷം ഡോളറായിരുന്നു എന്നാണ്. എനിക്ക് 16 വയസ്സുള്ളപ്പോഴാണ് അച്ഛൻ മരിച്ചത്.  ഞാൻ ഏകമകൾ. എന്നിട്ടും എന്റെ കുടുംബം എന്നെ പറ്റിച്ചു എന്നു തിരിച്ചറിയുന്നത്‌ വേദനാജനകമായിരുന്നു . 

ചോ:തട്ടിപ്പു പുറത്തായശേഷം അതു തിരുത്താനുള്ള നീക്കം വല്ലതുമുണ്ടായോ ?

ഉ :എൻെറ അമ്മാവൻ ഡൊണാൾഡിന്റെ ജീവിതത്തിൽ ഒരിക്കലും തെറ്റുപറ്റിയതായി അദ്ദേഹം സമ്മതിക്കുകയില്ല. അതിനാൽ തിരുത്തലിന്റെ പ്രശ്നവുമില്ല. ഒരു തെറ്റിനു പിന്നാലെ അതിനേക്കാൾ ഭീകരമായ മറ്റൊരു തെറ്റ്…  അതോടെ പഴയതു ആരും ഓർക്കാതാവുന്നു . ഒരിക്കലും ഒന്നിനും ഉത്തരവാദിത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറില്ല . അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതലേ അങ്ങനെയാണ്. ഇപ്പോൾ വീണ്ടും തിരഞ്ഞെടുപ്പിന്റെ വക്കിൽ ഇതു ജനങ്ങളോടു തുറന്നു പറയാനാണ് ഞാൻ ഈ  പുസ്തകം എഴുതിയത്. അദ്ദേഹം വീണ്ടും തിരിച്ചുവന്നാൽ അതു അമേരിക്കയിൽ ജനാധിപത്യത്തിന്റെ അന്ത്യമായിരിക്കും. അദ്ദേഹവും സംഘവും നമ്മുടെ സമൂഹത്തെ അത്രയും ഗുരുതരമായ അവസ്ഥയിൽ എത്തിച്ചിരിക്കുന്നു . മുൾമുനയിലാണ് ഇന്നു നമ്മുടെ രാജ്യം. അതു  ഭയാനകമായ ഒരു അവസ്ഥയാണ്. ഇപ്പറയുന്നതു അത്യുക്തിയാണെന്നു പോലും ചിന്തിക്കാനാവാത്ത സ്ഥിതിയിലാണ് രാജ്യമിന്ന്. 

Leave a Reply