മർഡോക് മാധ്യമ സാമ്രാജ്യത്തിൽ നിന്ന് ജെയിംസ് മർഡോക് രാജിവെച്ചു
ന്യൂയോർക്ക്: മർഡോക് മാധ്യമ കമ്പനികളുടെ ഡയറക്റ്റർ ബോർഡിൽ നിന്നു റൂപർട്ട് മർഡോക്കിന്റെ രണ്ടാമത്തെ മകനും പ്രധാന ഉടമകളിൽ ഒരാളുമായ ജെയിംസ് മർഡോക്ക് രാജി വെച്ചു. മർഡോക്ക് മാധ്യമ സ്ഥാപനങ്ങളുടെ എഡിറ്റോറിയൽ നയങ്ങൾ സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങളെത്തുടർന്നാണ് രാജിയെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. രാജി സംബന്ധിച്ച വിവരങ്ങൾ ഇന്നലെയാണ് കമ്പനി വെളിപ്പെടുത്തിയത്.
റൂപർട്ട് മർഡോക് സ്ഥാപിച്ച മധ്യമസാമ്രാജ്യത്തെ നയിച്ചത് 89 കാരനായ പിതാവ് റൂപർട്ട് മർഡോക്കും മൂത്തമകൻ ലച് ലൻ മർഡോക്കും ഇളയ സഹോദരൻ ജെയിംസും ചേർന്ന മൂന്നംഗ സംഘമാണ്. എന്നാൽ ഏതാനും വർഷങ്ങളായി ലച് ലനും ജെയിംസും തമ്മിൽ ഭിന്നതകൾ നിലനിന്നിരുന്നു. കുടുംബത്തിലെ ആഭ്യന്തര പ്രശ്നങ്ങളാണ് റൂപർട്ട് മർഡോക്ക് സ്ഥാപിച്ച ന്യൂസ് കോർപ് കമ്പനിയുടെ ബോർഡിൽ നിന്നു രാജിവെക്കാൻ 47കാരനായ ജെയിംസിനെ പ്രേരിപ്പിച്ചതെന്നു റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം അമേരിക്കയിൽ മർഡോക്കിന്റെ ഏറ്റവും പ്രധാന മാധ്യമ സ്ഥാപനമായ ഫോക്സ് ന്യൂസ് ചാനലിന്റെ തീവ്ര വലതുപക്ഷ രാഷ്ട്രീയ നിലപാടുകളും ഭിന്നതയ്ക്കു കാരണമായതായി ന്യൂയോർക്ക്ടൈംസ് സൂചിപ്പിക്കുന്നുണ്ട് .പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ ഏറ്റവും വലിയ അനുകൂലികളാണ് ഫോക്സ് ന്യൂസ്. കോവിഡ് പ്രതിസന്ധിയിൽ അടക്കം ട്രംപ് ഭരണകൂടത്തിന്റെ വലതുപക്ഷ നയങ്ങളെ ചാനൽ പിന്തുണക്കുകയായിരുന്നു.
ജെയിംസ് മർഡോക്കും ഭാര്യ കാതലിൻ മർഡോക്കും ഫോക്സ് ന്യൂസ് എടുത്തുവന്ന തീവ്ര വലതുപക്ഷ നയങ്ങളെ വിമർശിക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പഠനങ്ങളെ തിരസ്കരിക്കുന്ന ചാനൽ നയങ്ങളെ അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ഡെമോക്രറ്റിക് പാർട്ടിയുടെ പ്രസിഡണ്ട് സ്ഥാനാർഥി ജോ ബൈഡന്റെ ഫണ്ടിലേക്ക് സമീപകാലത്തു ജെയിംസ് മർഡോക്ക് പത്തുലക്ഷം ഡോളർ സംഭാവന നൽകുകയുണ്ടായി. മർഡോക്കിന്റെ കുടുംബത്തിന്റെ ആസ്ഥാനമായ ഓസ്‌ട്രേലിയയിൽ ഈയിടെ കാട്ടുതീ പടർന്നു പിടിച്ച സന്ദർഭത്തിൽ അതിന്റെ പിന്നിലെ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രശ്നങ്ങളെ അവഗണിച്ച മർഡോക്ക് മാ ധ്യമങ്ങളുടെ നയത്തെയും ജെയിംസ് രൂക്ഷമായി എതിർത്തിരുന്നു. ജെയിംസ് പുറത്തുപോകുന്നതോടെ വിവിധ രാജ്യങ്ങളിൽ വ്യാപിച്ചു കിടക്കുന്ന മർഡോക്ക് സാമാജ്യതിന്റെ നേതൃത്വം പൂർണമായും ലച് ലൻ മർഡോക്കിൽ കേന്ദ്രീകരിക്കും എന്നു നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.