സാറാ ഗിൽബെർട്: ഓക്സ്ഫോർഡ് വാക്സിന്റെ പിന്നിലെ ഗവേഷക
ലണ്ടൻ: കൊറോണാ വൈറസിനെതിരെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു അതിന്റെ ആദ്യഘട്ടങ്ങൾ പിന്നിട്ടു മനുഷ്യരിൽ നടത്തുന്ന ക്ലിനിക്കൽ പരിശോധനാ ഘട്ടത്തിലാണ്. വിവിധ രാജ്യങ്ങളിലായി 22 കൊറോണാ വാക്‌സിനുകൾ ഇപ്പോൾ നിർമാണതിന്റെ വിവിധ ഘട്ടങ്ങളിലുണ്ട്. വേറെ ഏതാണ്ട് നൂറോളം മ രുന്നുകൾ പല ലബോറട്ടറികളിലുമായി വികസിപ്പിച്ചു വരുന്നുമുണ്ട്.
എന്നാൽ ഇവയിൽ ഏറ്റവും ആദ്യം കമ്പോളത്തിൽ ലഭ്യമാകാനിടയുള്ള വാക്‌സിൻ ഓക്സ്ഫോർഡ് സർവകലാശാലയിലെ ജെന്നർ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകസംഘം വികസിപ്പിക്കുന്ന മരുന്നാണെന്നു പല പ്രധാന ശാസ്ത്ര പ്രസിദ്ധീകരണങ്ങളും ചൂണ്ടിക്കാണിക്കുന്നു. ജനുവരിയിൽ കോവിഡ് 19ന്റെ ജനിതക ഘടന ചൈനയിലെ ശാസ്ത്രജ്ഞന്മാർ പുറത്തു വിട്ട ഉടനെ തന്നെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ഗവേഷകർ പുതിയ വാക്‌സിസിനു വേണ്ടിയുള്ള പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞിരുന്നു. അതിനു അവരെ സഹായിച്ചത് ഡിസീസ് എക്സ് എന്ന പേരിൽ ശാസ്ത്രരംഗത്തു അറിയപ്പെടുന്ന അതിമാരകമായ ഒരു രോഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളാണ്. പൂർണമായും അജ്ഞാതമായ കാരണങ്ങളാൽ പൊട്ടിപ്പുറപ്പെടുന്ന രോഗം ദശലക്ഷങ്ങളെ ഒറ്റയടിക്ക് ഇല്ലായ്മ ചെയ്യും എന്നു ഗവേഷകർ ഭയക്കുന്നു. ഓക്സ്ഫോർഡിൽ വാക്‌സിനോളജി വിഭാഗത്തിന്റെ പ്രഫസർ സാറാ ഗിൽബെർട്ടും 300 ശാസ്ത്രജ്ഞർ അടങ്ങുന്ന അവരുടെ ഗവേഷകസംഘവും അതിനായി വർഷങ്ങളായി തയ്യാറെടുക്കുകയായിരുന്നു. അതിനാൽ രോഗകാരണമായ വൈറസിന്റെ ജനിതകഘടന വ്യക്തമായതോടെ അവർക്കു മരുന്നു വികസന പ്രവർത്തനത്തിന് ഇറങ്ങാൻ സാധിച്ചു.
ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസ് പത്രം കഴിഞ്ഞ ദിവസം പ്രൊഫസർ സാറാ ഗിൽബെർട്ടുമായി അഭിമുഖം നടത്തി അവരുടെ പ്രവർത്തങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തി. വൈറസ് വഴി പടരുന്ന നിപ്പ, ലാസ്സ, റിഫ്ട് വാലി പനി തുടങ്ങിയവ സംബന്ധിച്ച പഠനങ്ങൾ ജെന്നർ ഇൻസ്റ്റിട്യൂട്ടിൽ നടന്നിരുന്നു. പ്രഫ .ഗിൽബെർട്ടിന്റെ സംഘം നേരത്തെ മിഡിൽ ഈസ്റ്റ് ശ്വാസകോശ രോഗം എന്നപേരിൽ അറിയപ്പെട്ട കൊറോണാ വൈറസ് വഴി പടരുന്ന രോഗത്തെ സംബന്ധിച്ചും പഠനങ്ങൾ നടത്തി. അതാണ് സമാനമായ വൈറസ് പടർത്തുന്ന പുതിയ രോഗത്തെ നേരിടുന്നതിനുള്ള വാക്‌സിൻ ഗവേഷണത്തിൽ അവരെ മുന്നലെത്തിച്ചത്.
59 കാരിയായ പ്രഫ .സാറാ ഗിൽബെർട് കുടുംബത്തെക്കുറിച്ചു ഒരു കാര്യവും വെളിപ്പെടുത്തിയില്ലെന്നു ഫിനാൻഷ്യൽ ടൈംസ് ലേഖകൻ എഴുതി. “അവർക്കു സ്വകാര്യത പ്രധാനമാണ്” എന്നാണ് അവരതിന് കാരണമായി പറഞ്ഞത്..എന്നാൽ തന്നെക്കുറിച്ചുള്ള വ്യക്‌തിഗതമായ ചില വിവരങ്ങൾ മടിച്ചാണെങ്കിലും അവർ വെളിപ്പെടുത്തുകയും ചെയ്തു.
സാറാ ഗിൽബെർട് ജനിച്ചത് ഇംഗ്ലണ്ടിലെ വടക്കൻ പ്രദേശത്തെ കെറ്ററിംഗ് എന്ന സ്ഥലത്താണ്. പിതാവ് ഒരു ചെരിപ്പുകമ്പനി മാനേജരും ‘അമ്മ പ്രൈമറിസ്കൂള്‍ അധ്യാപികയുമായിരുന്നു. ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽ ബയോളജി പഠിച്ച സാറ ഇംഗ്ലണ്ടിലെ ഹൾ സർവകലാശാലയിൽ നിന്നാണ് ബയോടെക്നോളജിയിൽ പിഎച്ച്ഡി എടുത്തത്. പല ഗവേഷണ സ്ഥാപനങ്ങളിലും ജോലി ചെയ്ത ശേഷം 1994ലാണ് അവർ ഓക്സ്ഫോർഡ് സർവകലാശാലയുടെ ജെന്നർ ഇൻസ്റ്റിട്യൂട്ടിൽ ചേർന്നത്. ഇപ്പോൾ അവിടെ വാക്‌സിനോളജി വകുപ്പിന്റെ അധ്യക്ഷയാണ്. അതിനിടയിൽ .വിവാഹിതയായി. 1994ൽ പ്രസവത്തിൽ മൂന്നു കുട്ടികൾ. അവരെ നോക്കാനായി ഭർത്താവ് വർഷങ്ങളോളം ജോലിയിൽ നിന്നു മാറി നിൽക്കേണ്ടിവന്നു. ഇപ്പോൾ മൂന്നുപേരും അമ്മയെ പിൻതുടർന്നു ബയോടെക്നോളജി പഠനത്തിലാണ്.
പുതിയ വാക്‌സിൻ ഈ വർഷം അവസാനത്തോടെ പൊതുസമൂഹത്തിൽ ലഭ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അവരുള്ളത്. അസ്ത്രസെനേക്കാ എന്ന മരുന്നുകമ്പനിയുമായി വാക്‌സിൻ നിർമാണത്തിനുള്ള കരാർ ഉണ്ടാക്കിക്കഴിഞ്ഞു. ബിൽ & മെലിൻഡാ ഗേറ്റ്സ് ഫൗണ്ടേഷനുമായി ചേർന്നു അതു പിന്നാക്കരാജ്യങ്ങളിൽ അടക്കം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കി. ഈ വർഷം അവസാനത്തോടെ 200 കോടി യൂണിറ്റ് ഉത്പാദിപ്പിച്ചു വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. അതിനായി മരുന്നു നിർമാണതിന് ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള സ്ഥാപനങ്ങളുമായും കരാറിൽ എത്തിയിട്ടുണ്ട്.