ലോകത്തു മൂന്നിലൊന്നു കുട്ടികൾക്ക് ഈയ വിഷ ബാധയെന്നു യൂനിസെഫ്
ജനീവ: ലോകത്തെ മൂന്നിലൊന്നു കുട്ടികൾക്ക് ഈയം വിഷബാധ കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളതായി ഐകരാഷ്ട്രസംഘടനയുടെ ഭാഗമായ യൂനിസെഫും പ്യുർ എർത്ത് എന്ന സംഘടനയും ചേർന്നു നടത്തിയ പഠനത്തിൽ കണ്ടെത്തി.
യൂനിസെഫ് ഇന്നലെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നതു വിവിധ രാജ്യങ്ങളിലായി 80 കോടി കുട്ടികളുടെ രക്തത്തിൽ ഈയത്തിന്റെ അംശം അനുവദനീയമായ പരിധിക്കു അപ്പുറമാണെന്നാണ്. ഇതു ലോകത്തെ കുട്ടികളിൽ മൂന്നിലൊന്നു വരും. അപകടം നേരിടുന്നവരിൽ പകുതിയോളം കുട്ടികൾ ആഫ്രിക്കൻ രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും യൂനിസെഫ് പഠനം പറയുന്നു. ബാറ്ററികളുടെ പുനരുപയോഗവും ജലസ്രോതസ്സുകളിലും മറ്റും അവ ചെന്നു ചേരുന്നതുമാണ് അപകടകരമായ അളവിൽ ഈയ വിഷബാധ ഉയരാൻ കാരണം.
രക്തത്തിൽ ഒരു ഡെസിലിറ്ററിൽ അഞ്ചു മൈക്രോഗ്രാമിലധികം ഈയത്തിന്റെ അംശം കണ്ടാൽ അതു മാരകമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. ഈയാവസ്ഥയിലുള്ള കുട്ടികളിൽ അതു തുടക്കത്തിൽ ഒരു ലക്ഷണവും കാണിക്കുകയില്ല. അതിനാൽ കുട്ടികളുടെ വളർച്ചയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തുന്ന സാഹചര്യമാണ് കാണുന്നതെന്ന് യൂനിസെഫ് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഹെൻറിയെറ്റ ഫോർ പഠനം പുറത്തിറക്കിയ ശേഷം മാധ്യമങ്ങളോടു പറഞ്ഞു .
വളരുന്ന കുട്ടികളുടെ തലച്ചോറിനെ ഈയത്തിന്റെ ആധിക്യം ബാധിക്കുമെന്നാണ് യൂനിസെഫ് പഠനം ചൂണ്ടിക്കാണിക്കുന്നത്. അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾക്ക് ഈയ വിഷബാധ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കും. കാരണം ആ അവസരത്തിലാണ് അവരുടെ തലച്ചോർ വളർച്ച പ്രാപിക്കുന്നത്. നാഡീപരമായ പ്രശ്നങ്ങൾക്കു പുറമെ കാര്യങ്ങൾ ഗ്രഹിക്കാനുള്ള കഴിവിനെയും ശാരീരിക വളർച്ചയെയും ബാധിക്കുന്ന പ്രശ്നങ്ങൾ അതുമൂലം ഉണ്ടാകുമെന്നും യൂനിസെഫ് മുന്നറിയിപ്പു നൽകി.
ഈയം ആസിഡ് ഉപയോഗിച്ചുള്ള ബാറ്ററികളുടെ അമിതമായ ഉപയോഗവും പുനരുപയോഗവുമാണ് പ്രതിസന്ധിക്കു പ്രധാന കാരണമെന്നു റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ദരിദ്ര, വികസ്വര രാജ്യങ്ങളിലാണ് പ്രശ്‍നം ഏറ്റവും ഗുരുതരമായി കാണുന്നത്. ഇത്തരം രാജ്യങ്ങളിൽ ബാറ്ററികളുടെ പുനരുപയോഗം സംബന്ധിച്ച കർശനമായ വ്യവസ്ഥകളോ സംവിധാനങ്ങളോ നിലവിലില്ല. സമീപകാലങ്ങളിൽ വാഹനങ്ങളുടെ എണ്ണം ദരിദ്രരാജ്യങ്ങളിൽപ്പോലും ക്രമാതീതമായി വർധിച്ചതോടെ ബാറ്ററികൾ ഉയർത്തുന്ന ആരോഗ്യപ്രശ്നങ്ങളും വർധിക്കുകയാണ്. ബാറ്ററികൾ പൊതുസ്ഥലത്തു അടിച്ചു തുറന്നു ആസിഡ് മണ്ണിലൊഴിച്ചു ഈയം ഉരുക്കിയെടുക്കുന്ന പ്രവർത്തിയാണ് പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. ഈയം ഉരുക്കുമ്പോൾ അത് അന്തരീക്ഷത്തിൽ ഗുരുതരമായ മാലിന്യപ്രശ്‍നം ഉണ്ടാക്കുന്നുണ്ട്. തൊഴിലാളികൾക്ക് അതു പരിസ്ഥിതി പ്രശ്നവും ആരോഗ്യ പ്രശ്നവും ഉണ്ടാക്കുന്ന കാര്യം അറിയില്ല. സർക്കാരുകൾ അതിനു നിയന്ത്രണം കൊണ്ടുവരുന്നതിൽ ശ്രദ്ധ നൽകിയിട്ടുമില്ല. ഇതിനു പുറമെ ഈയം കലർന്ന ജലവിതരണപൈപ്പുകൾ, ഖനനം, പെയിന്റുകൾ തുടങ്ങിയവ വഴിയും ഈയം കുട്ടികളുടെ ശരീരത്തിൽ പ്രവേശിക്കുന്നതായി യൂനിസെഫ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.