വോട്ടെടുപ്പ് മാറ്റി വെക്കണമെന്ന് ട്രംപ്; അട്ടിമറി നീക്കമെന്ന് പ്രതിപക്ഷം

ന്യൂയോർക്ക്: നവംബർ മൂന്നിന് നടക്കേണ്ട അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് നീട്ടിവെക്കണമെന്ന് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെ അഭിപായപ്പെട്ടതു അട്ടിമറി നീക്കത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷം.

കഴിഞ്ഞ  ദിവസം ട്വിറ്ററിൽ ട്രംപ് പറഞ്ഞത് ഇത്തവണ കൊറോണാ ഭീതി കാരണം തപാൽ വഴി വോട്ടു ചെയ്യാൻ അനുവദിക്കുന്നതിനാൽ നീതിപൂർവകമായ വോട്ടെടുപ്പ് നടക്കാനിടയില്ല എന്നാണ്. വിദേശികൾക്കും വോട്ടെടുപ്പിൽ സ്വാധീനം ചെലുത്താൻ കഴിയും. അതിനാൽ അന്തരീക്ഷം കലങ്ങിത്തെളിയും വരെ വോട്ടെടുപ്പു നീട്ടിവെച്ചാലോ എന്ന ചോദ്യത്തോടെയാണ് ട്രമ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്.

എന്നാൽ പ്രതിപക്ഷത്തെ  ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കൾ മാത്രമല്ല, ട്രംപിന്റെ റിപ്പബ്‌ളിക്കൻ പാർട്ടിയിലെയും പല നേതാക്കളും   അതിനോടു വിയോജിച്ചു. അമേരിക്കൻ നിയമപ്രകാരം പ്രസിഡന്റിന്റെ കാലാവധി നാലുവർഷമാണ്. ഓരോ തവണയും  നവമ്പർ മൂന്നിന് വോട്ടെടുപ്പ്; വിജയിയുടെ സ്ഥാനാരോഹണം  ജനുവരി 21നു എന്നതാണ് നിയമം. അതിൽ മാറ്റം വരുത്തണമെങ്കിൽ  അമേരിക്കൻ കോൺഗ്രസ്സിന്റെ ഇരുസഭകളും യോജിച്ച പ്രമേയം അംഗീകരിക്കണം.  ആഭ്യന്തര യുദ്ധം പോലുള്ള അസാധാരണ അവസ്ഥകളിൽ മാത്രമേ അതിനു പോലും ഭരണഘടന അനുമതി നൽകുന്നുള്ളൂ എന്നു നിയമപണ്ഡിതർ ചൂണ്ടിക്കാട്ടി.

 അധികാരത്തിൽ ഇരിക്കുന്നവർ സാധാരണജനങ്ങൾ വോട്ടവകാശം വിനിയോഗിക്കുന്നത് തടയാനുള്ള നീക്കങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്ന് മുൻ പ്രസിഡൻറ് ബരാക് ഒബാമ പ്രതികരിച്ചു. ഇന്നലെ അറ്റ്ലാന്റയിൽ അമേരിക്കൻ പൗരവകാശപ്രസ്ഥാന നേതാവും 17 തവണ കോൺഗ്രസ്സ് അംഗവുമായിരുന്ന ജോൺ ലിവിസിന്റെ ശവസംസ്കാര പരിപാടിയിൽ പങ്കെടുത്തു അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ഒബാമ.  വംശീയ ന്യൂനപക്ഷങ്ങളെയും അധസ്ഥിതരെയും തകർക്കാനും അവമതിക്കാനുമുള്ള ബോധപൂർവമായ നീക്കങ്ങളാണ് നടക്കുന്നതെന്നും മാർട്ടിൻ ലൂതർ കിങ്ങിന്റെ മുഖ്യ അനുയായിയായ ലിവിസിന്റെ അനുസ്മരണ ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിനെ കുറിച്ചു ട്രംപ്  സംസാരിക്കുന്നതു  അമേരിക്കയിൽ നിലനിൽക്കുന്ന ഗുരുതരമായ ആരോഗ്യ-സാമ്പത്തിക പ്രതിസന്ധിയിൽ നിന്നു ശ്രദ്ധ തിരിക്കാനാണെന്നു ബിബിസിയുടെ അമേരിക്കാ എഡിറ്റർ ജോൺ സോപ്പൽ അഭിപ്രായപ്പെട്ടു. പ്രസിഡന്റിനു യാതൊരു അധികാരവുമില്ലാത്ത വിഷയം ട്രംപ് ചർച്ചക്കെടുക്കുന്നതു പരാജയം മുൻകൂട്ടി അംഗീകരിക്കുന്നതിന് തുല്യമാണെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ്  നീതിപൂർവകമായി നടക്കുകയില്ല എന്നു ട്രംപ് പറഞ്ഞത്  അമേരിക്കൻ സമ്പദ്ഘടന കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയ അവസരത്തിലാണെന്നു പല നിരീക്ഷകരും ചൂണ്ടിക്കാട്ടി. ലോക്ക്ഡൗണിനു ശേഷമുള്ള ജിഡിപിയിലെ തകർച്ച 33 ശതമാനത്തോളം വരുമെന്ന് ഇന്നലെ പുറത്തുവന്ന കണക്കുകൾ വ്യക്തമാക്കുന്നു.  ഏതാനും ആഴ്ചകളായി തൊഴിലില്ലായ്മാ നിരക്കിൽ കണ്ട ആശ്വാസകരമായ മാറ്റങ്ങളും ഈയാഴ്ചയോടെ അപ്രത്യക്ഷമായി. സമീപകാലത്തെ ഏറ്റവും വലിയ തൊഴിലില്ലായ്മാ  നിരക്കിലേക്കു അമേരിക്ക തിരിച്ചുപോകുകയാണ് എന്നു മാധ്യമങ്ങൾ പറയുന്നു. അതേസമയം കൊറോണാ രോഗപ്രതിരോധത്തിൽ ഭരണകൂടം പൂർണമായും പരാജയമായി. ലോകത്തു ഏറ്റവും കൂടുതൽ കൊറോണാ മരണം നടന്ന അമേരിക്കയിൽ ഏതാനും ദിവസം മുമ്പ് അതു ഒന്നരലക്ഷം പിന്നിട്ടതായി മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. നവംബറിൽ തിരഞ്ഞെടുപ്പ് സമയത്തു ഇത് 230,000 കവിയുമെന്നു അധികൃതരുടെ കണക്കുകൾ ഉദ്ധരിച്ചു സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു.  ഇങ്ങനെയുള്ള ഗുരുതരമായ പ്രതിസന്ധിയിൽ വിജയത്തിന് ഒരു സാധ്യതയും കാണാത്ത അവസ്ഥയിൽ ചർച്ച വഴിതിരിച്ചു വിടാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് പല നിരീക്ഷകരും പറയുന്നു. 

Leave a Reply