കൃഷ്ണപിള്ള സ്മാരകം തീയിട്ടതിനു പിന്നിലെ പ്രതികൾ ആരാണ് ?
ആലപ്പുഴ: കണ്ണർകാട്ടെ പി കൃഷ്ണപിള്ളയുടെ സ്മാരക മന്ദിരത്തിനു തീയിട്ടു സഖാവിന്റെ പ്രതിമയ്ക്ക് കേടുപാടുകൾ വരുത്തിയ കേസിൽ ക്രൈം ബ്രാഞ്ച് പ്രതികളായി കണ്ടെത്തിയ മുഴുവൻ പേരെയും കോടതി കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയച്ചതോടെ ആരാണ് ഈ ഹീനകൃത്യത്തി പിന്നിൽ എന്ന ചോദ്യം വീണ്ടും ഉയരുകയാണ്.
കൃഷ്ണപിള്ളയുടെ ജീവിതാന്ത്യം ഈ ചെറിയ കെട്ടിടത്തിലായിരുന്നു. അവിടെ ഒളിവിൽ കഴിയുന്ന അവസരത്തിൽ പാമ്പുകടിയേറ്റാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചത്. സമാരകമായി പാർട്ടി നിലനിർത്തിയ കെട്ടിടത്തിൽ തീ പടർന്നത് 2013 ഒക്ടോബർ 31നാണ്. ലോക്കൽ പോലീസിൽ നിന്നും ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത അന്വേഷണത്തിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങളാണ് തീയിടലിനു കാരണമെന്ന നിഗമനത്തിൽ എത്തുകയും സ്ഥലത്തെ ഏതാനും പ്രവർത്തകർക്കെതിരെ കേസെടുക്കുകയുമായിരുന്നു.
എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തെ കോടതി വിധിയിൽ ശക്തമായി വിമർശിക്കുന്നു. പ്രതികൾക്കെതിരായ കേസ് തെളിയിക്കാനുള്ള ഒരു തെളിവും ഹാജരാക്കാൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞില്ലെന്നും വിധിന്യായത്തിൽ പറയുന്നു . ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ പോലീസ് സമർപ്പിച്ച സാഹചര്യത്തെളിവുകൾ നിലനില്കുന്നതല്ലെന്നു കോടതി വ്യക്തമാക്കി.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ഓഫീസ് സ്റ്റാഫ് അംഗവും എസ്എഫ്ഐ മുൻ നേതാവുമായ ലതീഷ് ബി ചന്ദ്രനും മറ്റു നാലു പ്രാദേശിക സിപിഎം പ്രവർത്തകരുമാണ് കുറ്റക്കാരല്ലെന്നു കണ്ടു വിട്ടയക്കപ്പെട്ടത്. അഞ്ചു പേരെയും പാർട്ടിയിൽ നിന്നു സിപിഎം പുറത്താക്കിയിരുന്നു. എന്നാൽ പാർട്ടി അംഗങ്ങളാരും ഇങ്ങനെയൊരു ഹീനകൃത്യം ചെയ്യുമെന്ന് വിശസിക്കുന്നില്ല എന്നു വി എസ് തുടക്കത്തിൽ തന്നെ വ്യക്തമാക്കിയിരുന്നു. സിപിഎമ്മിലെ ആഭ്യന്തര ഭിന്നതകൾ മുതലെടുക്കാനുള്ള നീക്കമാണ് ക്രൈം ബ്രാഞ്ച് നടത്തുന്നതെന്ന ആരോപണവും ഉയർന്നിരുന്നു.
യുഡിഎഫ് സർക്കാരിന്റെ കാലത്തു ആഭ്യന്തരമന്ത്രിയും പോലീസും ചേർന്നൊരുക്കിയ ഗൂഢാലോചനയാണ് തങ്ങൾക്കു എതിരെയുള്ള കേസെന്നും പാർട്ടിയിലേക്ക് തിരിച്ചെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ലതീഷ് ചന്ദ്രൻ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ ചില തീവ്രവാദി സംഘങ്ങളാണെന്നു പറഞ്ഞ സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ കുറ്റവിമുക്തരായവർ തിരിച്ചുവരാൻ താല്പര്യം പ്രകടിപ്പിക്കുകയാണെങ്കിൽ അതു പാർട്ടി പരിഗണിക്കുമെന്നു വ്യക്തമാക്കി.