മീന്‍വെട്ടിക്കൈയ്യന്‍
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
ഉച്ചവെയിലിന്‍റെ ശക്തി തെല്ലൊന്നടങ്ങിയപ്പോള്‍ മീന്‍വെട്ടിക്കൈയ്യന്‍ തന്‍റെ നീളന്‍ ഊന്നുവടി മെല്ലെ മെല്ലെ ഇടിച്ചൂന്നിക്കൊണ്ട് പാടവരമ്പും പിന്നിട്ട്, കൃഷ്ണകിരീടച്ചെടികള്‍ പൂത്തുനില്‍ക്കുന്ന ആനവാരിക്കുഴിക്കരയിലൂടെ ഈരാറ്റുപുഴയിലേക്കു നടന്നു. സന്ധ്യയായാലുടന്‍ മീന്‍പിടിയ്ക്കുന്ന പിള്ളേര്‍ സഞ്ചിനിറയെ മണ്ണിരകളുമായി പുഴക്കടവിലെത്തും. പിള്ളേരുടെ മീന്‍പിടുത്തവും ആസ്വദിച്ചങ്ങനെ ഇരിക്കാന്‍ തുടങ്ങിയിട്ട് എത്രയോ കാലമാകുന്നു!
കോളാമ്പിപ്പൂവുകള്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആറ്റുപരുത്തിക്കാടിനടുത്തു നിന്ന് മീന്‍വെട്ടിക്കൈയ്യന്‍ കുളിക്കടവിലേയ്ക്കു നോക്കി. കടവില്‍ കുളിക്കച്ച കെട്ടിയ ചില പെണ്ണുങ്ങള്‍ മൂക്കുപൊത്തി മുങ്ങാംകുഴിയിടുന്നു. കുളി കഴിഞ്ഞ ചിലര്‍ തീരത്ത് മുതുകു മുന്നോട്ടു കുനിച്ചുനിന്ന്, മണ്ണോളം മുട്ടിയ മുടി തുവര്‍ത്തുന്നു. പരപ്പന്‍ പാറമേലിരുന്ന് തമ്മില്‍ കളിപറഞ്ഞു ചിരിച്ച് ചില തരുണികള്‍ തുണിയലക്കുന്നു. ആറ്റിനുള്ളിലെ കരിമ്പാറയില്‍ വെയിലേറ്റ് ആറ്റു ചിപ്പികള്‍ തിളങ്ങുന്നു. അങ്ങുദൂരെ ആറ്റിലേയ്ക്കു ചാഞ്ഞുനിന്നൊരു പ്ലാശ്ശുമരത്തിന്‍റെ ചില്ലയില്‍നിന്നും ചില വികൃതിചെക്കന്മാര്‍ ആറ്റിലേയ്ക്കു ചാടി തിമിര്‍ക്കുന്നു. പുഴക്കടവിലെ കണ്ടല്‍ക്കാടുകള്‍ക്കുള്ളില്‍ നിന്നും കിളികള്‍ ചിലയ്ക്കുന്നു. കണ്ടലുകളുടെ പച്ചവിതാനങ്ങളെയാകെയിളക്കി വന്നൊരു കാറ്റ് മീന്‍വെട്ടിക്കൈയ്യന്‍റെ നരച്ചമുടികളെ ഉലച്ചപ്പോള്‍ കാഴ്ചകളില്‍ നിന്നും കണ്ണെടുത്തുകൊണ്ടയാള്‍ വേച്ചുവേച്ച് പുന്നമരച്ചോട്ടിലേയ്ക്കു നടന്നു.
പുന്നമരത്തിനടുത്തുള്ള പാറക്കടവിലാണ് പിള്ളേര്‍ എന്നും മീന്‍പിടിക്കാനെത്തുക. കൈപ്പത്തികൊണ്ട് വെയില്‍ മറച്ച് മീന്‍വെട്ടിക്കൈയ്യന്‍ പുഴക്കടവിലെ ചട്ടുകപ്പാറയിലേക്കു നോക്കി. ഏയ്ٹ സമയമായിട്ടില്ല. പിള്ളേരെത്താന്‍ ഇനിയും നാഴികകള്‍ ബാക്കിയുണ്ട്. സമയമാകുമ്പോള്‍ പുന്നമരത്തിന്‍റെ നിഴല്‍ ചട്ടുകപ്പാറയ്ക്കു മുകളില്‍ പതിക്കും. പൂമരുതിന്‍റെ കൊമ്പിലിരുന്ന് ചുള്ളിക്കാലന്‍ കുരുവി ചിലച്ചു. കുരുവി ശബ്ദം കേട്ട് മട്ടി മരത്തിന്‍റെ കൊമ്പിലിരുന്നൊരു മലയണ്ണാന്‍ പെട്ടെന്നു തിരിഞ്ഞ് മീന്‍വെട്ടിക്കൈയ്യനെ തുറിച്ചുനോക്കിയിട്ട് വാലുപൊക്കി ചിലയ്ക്കാന്‍ തുടങ്ങി. ചിലയ്ക്കുന്ന മലയണ്ണാനെ നോക്കിയൊന്നു പുഞ്ചിരിച്ചിട്ട് ഊന്നുവടി പുന്നമരത്തില്‍ ചാരിവച്ച് മീന്‍വെട്ടിക്കൈയ്യന്‍ പുന്നമരച്ചോട്ടില്‍ ഇരുപ്പുറപ്പിച്ചു. ആളനക്കം മനസ്സിലാക്കിയിട്ടെന്നവണ്ണം തോടിനുള്ളില്‍ നിന്നും തലപുറത്തേയ്ക്കു നീട്ടിയ ഒരാമ തലയുയര്‍ത്തിയൊന്നു നോക്കിയിട്ട്, ജലത്തിലേക്കിഴഞ്ഞിറങ്ങി കിഴവനെ നോക്കി നീന്തിക്കളിക്കാന്‍ തുടങ്ങി.
മീന്‍വെട്ടിക്കൈയ്യന്‍റെ അപ്പന്‍ കുഞ്ഞുരാഘവന്‍ മകനിട്ട പേര് കുഞ്ഞുമുട്ടാളു എന്നായിരുന്നു. കുഞ്ഞുമുട്ടാളുവിന്‍റെ ഒരു കൈ ജനിച്ചപ്പോള്‍ തന്നെ തെല്ലൊന്നു വളഞ്ഞ് വിരലുകള്‍ നീണ്ടുകൂര്‍ത്ത് കാണപ്പെട്ടിരുന്നു. മീന്‍പിടിച്ചു ജീവിക്കാന്‍ ദൈവം നല്‍കിയ വരദാനമായിരുന്നത്രേയത്! പില്ക്കാലത്ത് മീന്‍പിടിച്ചു ജീവിക്കാന്‍ തുടങ്ങിയതിനുശേഷം അന്നാട്ടുകാര്‍ നല്‍കിയ പേരായിരുന്നു മീന്‍വെട്ടിക്കൈയ്യന്‍ എന്നത്.
അക്കാലത്ത് അന്നാട്ടിലെ പേരുകേട്ടൊരു മീന്‍പിടുത്തക്കാരനായിരുന്നു മീന്‍വെട്ടിക്കൈയ്യന്‍. മീന്‍വെട്ടിക്കൈയ്യന്‍ പുഴയിലേക്കൊന്നിറങ്ങിയാല്‍ മതി മീനുകള്‍ ജീവനും കൊണ്ടുപായും. തന്‍റെ പൊന്‍മാന്‍ കണ്ണുകള്‍ കൊണ്ട് മുഴുത്തൊരെണ്ണത്തിനെ കണ്ണുവച്ചിട്ട് മീനിനു പുറകെ ആഴത്തിലേക്കയാള്‍ അസ്ത്രം കണക്കേ കുതിക്കും. തന്‍റെ ചാട്ടുളികൈകൊണ്ട് മീനിന്‍റെ ചെകിളപ്പൂവിനു താഴെ ഒരു വെട്ടുവെട്ടിയാല്‍ മതി ഏതൊരു മീനും ചത്തു മലക്കും.
മുളംകാട്ടില്‍ ചുഴികുത്തിയൊരു കാറ്റില്‍പ്പെട്ട് ലാത്തിമുളകള്‍ തമ്മിലുരസി പാട്ടുപാടാന്‍ തുടങ്ങി. പച്ചിലകളിലെ പുഴുക്കളെ കൊത്തിതിന്നുകൊണ്ട് രണ്ട് കാട്ടുകോഴികള്‍ മുളങ്കാട്ടിനരുകിലൂടെ തിടുക്കത്തില്‍ നടന്നുപോയി. പുന്നമരത്തിന്‍റെ കൊമ്പിലിരുന്നൊരു നീര്‍കാക്ക അതിശീഘ്രം താണുവന്ന് പുഴയില്‍ മുങ്ങി നിവര്‍ന്ന് ചുണ്ടില്‍ പിടയ്ക്കുന്നൊരു മീനുമായി പറന്നുയര്‍ന്നു. കൈതക്കാടിനപ്പുറത്തുനിന്നുമുയര്‍ന്ന കൂക്കുവിളികളും കലപിലശബ്ദങ്ങളും കേട്ട് പുഴയിലേക്കു നോക്കി ധ്യാനിച്ചു നില്‍ക്കുകയായിരുന്ന ഒരു കൊറ്റി മെല്ലെ തലതിരിച്ച് കൈതക്കാടിനരുകിലേയ്ക്കു നോക്കി. ശബ്ദംകേട്ട് ചിന്തയില്‍ നിന്നുണര്‍ന്ന് മീന്‍വെട്ടിക്കൈയ്യന്‍ ചട്ടുകപ്പാറയിലേക്കു നോക്കി. പുന്നമരത്തിന്‍റെ നിഴല്‍ ചട്ടുകപ്പാറയില്‍ പതിച്ചിരിക്കുന്നു. കൈയ്യില്‍ ചൂണ്ടകളും ചെറുസഞ്ചികളുമായി കൂത്താടി കുട്ടന്‍റെ മകന്‍ വക്കനും മണുക്ക് പാക്കരന്‍റെ മകന്‍ രാവുണ്ണിയും തക്കിളിവിജയന്‍റെ മകന്‍ കോമളനും പിന്നെന്നും കാണാറുള്ള നാലഞ്ച് വരത്തന്‍ പിള്ളേരും പുന്നമരച്ചോട്ടിലെത്തി. പിള്ളേരുടെ കണ്ണുകള്‍ പുഴക്കടവില്‍ കുളിച്ചുകയറിയ പെണ്ണുങ്ങടെ മേനിയിലായിരുന്നു. അവര്‍ ചീത്ത തമാശകളുറക്കെ പറഞ്ഞ് പൊട്ടിച്ചിരിച്ചു.
“പെണ്ണുങ്ങടെ കുളികാണാന്‍ ദേണ്ടടാ കെളവന്‍ ഇന്നും പാത്തിരിക്കണ്” രാവുണ്ണി വിളിച്ചുപറഞ്ഞു. അതുകേട്ട് കിഴവനെ നോക്കി പിള്ളേര്‍ ആര്‍ത്തു ചിരിച്ചു. വല്ലായ്മയോടെ കിഴവന്‍ പിള്ളേരുടെ മുഖത്തേയ്ക്കു നോക്കി. അയാളുടെ കണ്ണുകളില്‍ സങ്കടം വന്നുനിറഞ്ഞു. രാവുണ്ണിയുടെ അപ്പന്‍ മണുക്ക് പാക്കരന്‍ തന്നെ എന്നും മാനിച്ചിട്ടേയുള്ളൂ. പക്ഷെ, പുതുപരമ്പര അതിങ്ങനെയാണ്. അവര്‍ക്കാരേയും ബഹുമാനിക്കാനറിയില്ല. അവര്‍ക്കറിയുന്നത് ആരേയും അപമാനിക്കാന്‍ മാത്രമാണ്. ഇത്തിരിചെക്കന്മാരുടെ അറിവില്ലായ്മയെ ഇല്ലാതാക്കാന്‍ അയാളുടെ മീന്‍ പിടിത്തത്തിന്‍റെ വീരകഥകള്‍ എത്രയോവട്ടം പിള്ളേരോടയാള്‍ വിവരിച്ചിരിക്കുന്നു. എന്നാല്‍ പിള്ളേര്‍ക്കതെല്ലാം കിഴവന്‍റെ രസമുള്ള വെടിപറച്ചിലാണ്. ഇപ്പോള്‍ എന്തെങ്കിലും പിള്ളേരോട് പറയാന്‍ തുടങ്ങിയാല്‍ മതി പിള്ളേര്‍ കിഴവനെ കളിയാക്കികൂവിപ്പാടും.
തോട്ടക്കൈയ്യന്‍ കൈലിപിടിച്ചാ..
കൈലി വളര്‍ന്നൊരു പുലിയാകും
ഞൊണ്ടിക്കൈയ്യന്‍ ഞണ്ടു പിടിച്ചാ-
ഞണ്ടു വളര്‍ന്നൊരു നരിയാകും.
ഹൊയ്യേ… ഹൊയ്യേ… ഹൊയ്യരേ ….
ഹൊയ്യേ… ഹൊയ്യേ… ഹൊയ്യരേ ….
ഇന്നത്തെ ചില പ്രഗല്ഭരുടെ മക്കളെപ്പോലെ പിതാവിന്‍റെ തൊഴിലിലേക്ക് പിടിച്ചുയര്‍ത്തപ്പെട്ടവനായിരുന്നില്ല കുഞ്ഞുമുട്ടാളു. കുഞ്ഞു രാഘവന്‍റെ തൊഴില്‍ കാട്ടില്‍ ഈറ്റവെട്ടലായിരുന്നു. കുട്ടിക്കാലത്തുതന്നെ കുഞ്ഞു മുട്ടാളുവിന് മീന്‍പിടുത്തത്തിലാണ് താല്പര്യമെന്നു മനസ്സിലാക്കിയ അയാള്‍ മകനെ നിരന്തരം പ്രോത്സാഹിപ്പിച്ചുപോന്നു. അങ്ങനെ അപ്പന്‍റെ പ്രോത്സാഹനമൊന്നുകൊണ്ടു തന്നെയാണ് മീന്‍വെട്ടികൈയ്യന്‍ മീനുപിടുത്ത കലയില്‍ ഇത്രകണ്ടഗ്രകണ്യനായിത്തീര്‍ന്നത്.
എന്നാല്‍ ഏതൊരു തുടക്കക്കാരനും പറ്റാവുന്നതുപോലെ പണ്ട് മീന്‍പിടിച്ചു തുടങ്ങിയപ്പോള്‍ കുഞ്ഞുമുട്ടാളുവിനും പറ്റീരുന്നു വമ്പനൊരബദ്ധം! ഒരു നരിമീന്‍ പിടിക്കുക എന്നതായിരുന്നു അക്കാലത്ത് കുഞ്ഞുമുട്ടാളുവിന്‍റെ സ്വപ്നം. മുട്ടാളുവിന്‍റെ ആഗ്രഹത്തെക്കുറിച്ചറിഞ്ഞപ്പോള്‍ അന്നാട്ടിലെ മീന്‍പിടുത്തക്കാരെല്ലാം മുട്ടാളുവിനെ കളിയാക്കി. കാരണം, തരംകിട്ടിയാല്‍ മനുഷ്യനെവരെ തിന്നുന്ന നരിമീനിനെ പിടിക്കുക അത്ര എളുപ്പമായിരുന്നില്ല. നരിമീന്‍ പിടിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ക്ക് ജീവന്‍ തിരിച്ചു കിട്ടിയതുതന്നെ ദൈവകാരുണ്യമൊന്നുകൊണ്ടുമാത്രമായിരുന്നു. അപ്പോഴാണ് ഇത്തിരിപ്പോന്നൊരു ചെക്കന്‍റെ ആഗ്രഹം. എന്നാലാകട്ടെ അവരുടെ കളിയാക്കലിലൊന്നും കുഞ്ഞുമുട്ടാളുവിന്‍റെ ഉള്ളിലെ തീ കെട്ടുപോയില്ല. അപ്പോഴും നരിമീന്‍ പിടിക്കുക എന്നതുതന്നെയായിരുന്നു അവന്‍റെ സ്വപ്നം. ഒരു നരിമീനിനു വേണ്ടി പുഴക്കരയാകെ അലഞ്ഞു നടന്ന് പൊത്തായ പൊത്തുകളിലെല്ലാം കൈയ്യിട്ട് ഞണ്ടുകടി വാങ്ങി, പിടിച്ചുതാഴ്ത്താന്‍ പ്രേതങ്ങള്‍ പതിയിരിക്കുന്ന നീലിച്ചുഴിയും മുറിച്ചു നീന്തി അക്കരെ കോളാമ്പിത്തോട്ടിലെത്തി; അവിടമാകെപ്പരതിത്തളര്‍ന്ന് അളുങ്കു മരത്തിനു ചുവട്ടില്‍ വിശ്രമിക്കുമ്പോഴാണ് തൊട്ടടുത്ത തേമ്പാവിന്‍റെ ചുവട്ടിലെ പൊത്തില്‍ നിന്നും ഒരു ശബ്ദം പുറത്തു വന്നത്. അവന്‍ അവിടേക്ക് കാതുകൂര്‍പ്പിച്ചു. നരിമീന്‍കുഞ്ഞുങ്ങള്‍ പുഴക്കരയിലെ പൊത്തുകളിലും ഒളിച്ചിരിക്കാറുണ്ടെന്ന് അവന്‍ കേട്ടിട്ടുണ്ടായിരുന്നു.
ചാടിയെണീറ്റ് ആര്‍ത്തിയോടെ വലതുകൈപൊത്തിലേക്കിറക്കിയതും പൊത്തിനുള്ളില്‍ നിന്നും ഒരു ശീല്‍ക്കാരംപുറത്തു വന്നതും ഒരുമിച്ചായിരുന്നു. മാളത്തില്‍ മുട്ടയ്ക്കടയിരുന്നൊരു വിഷപാമ്പായിരുന്നു അത്. പാമ്പിന്‍റെ തലയില്‍ അവന്‍ മുറുകെതന്നെ പിടിച്ചു. തെല്ലൊന്നു കൈ അയച്ചാല്‍ തന്‍റെ കൈയ്യിന്മേല്‍ അതാഞ്ഞുകൊത്തുമെന്ന് അവനറിയാമായിരുന്നു. കുഞ്ഞുമുട്ടാളു ഭയന്നുവിറച്ചില്ല, ദൈവങ്ങളായ ദൈവങ്ങളോടൊന്നും പ്രാര്‍ത്ഥിച്ചതുമില്ല. പകരം അല്പനേരം കണ്ണടച്ചുനിന്ന് കുഞ്ഞുരാഘവനെ മനസ്സില്‍ ധ്യാനിച്ചു. പിന്നെ ഞൊടിയിടയില്‍ കൈ പുറത്തേക്കുവലിച്ചെടുത്ത് തേമ്പാവിലേക്കതിനെ വലിച്ചെറിഞ്ഞു. മരത്തിലടിച്ചു തല തകര്‍ന്ന പാമ്പ് നിലത്തുകിടന്നുപിടച്ചു. അത് തന്‍റെ നീലക്കണ്ണുകള്‍ വിടര്‍ത്തി കുഞ്ഞുമുട്ടാളുവിനെ ഒന്നു നോക്കി. പിന്നെ അവസാനമായി ഒന്നുപിടച്ച് നിശബ്ദം കണ്ണടച്ചു
കുഞ്ഞുമുട്ടാളുവിന്‍റെ വീരകഥ നാട്ടില്‍ പാട്ടാകാന്‍ അധികസമയം വേണ്ടിവന്നില്ല. കേട്ടവര്‍ കേട്ടവര്‍ ചെക്കന്‍റെ ധൈര്യത്തെക്കുറിച്ചു പറഞ്ഞ് മൂക്കത്ത് വിരല്‍വച്ചുപോയി. അങ്ങനെയാണ് പള്ളിക്കൂടത്തില്‍ പോകാതെ മൂക്കൊലിപ്പിച്ചു നടന്നിരുന്ന കുഞ്ഞുമുട്ടാളുവിനുനേരെ ഗര്‍വ്വുകാട്ടീരുന്ന പെണ്‍കുട്ടിക്ക് അവനോടിഷ്ടം വന്നത്. പുസ്തകസഞ്ചിയുമായി പള്ളിക്കൂടത്തില്‍ പോകുമ്പോള്‍ പുഴക്കരയില്‍ വച്ച് കുഞ്ഞു മീനുകളെ ചുട്ടുതിന്നുന്ന മുട്ടാളുവിനെ അന്നുമുതല്‍ അവള്‍ തെല്ലൊരു ആരാധനയോടെ നോക്കാന്‍ തുടങ്ങി.
മീന്‍വെട്ടിക്കൈയ്യന്‍റെ പുകല്‍പെറ്റ മീന്‍പിടുത്തങ്ങളില്‍ ഖ്യാതിനേടിയ മറ്റൊരു സംഭവവുമുണ്ടായിരുന്നു. അയാളുടെ മീന്‍പിടുത്തകഥകള്‍ നാടാകെ കൊടിമ്പിരിക്കൊണ്ടിരിക്കുന്ന കാലം. തെക്കുനിന്നും വന്ന് ആ ദേശത്തില്‍ കുടിപ്പാര്‍ത്തൊരു ശരവണപാണ്ടി ചില ദിവസങ്ങളില്‍ തന്‍റെ താറാക്കൂട്ടങ്ങളുമായി പുഴക്കരയിലെത്തി അവറ്റകളെ പുഴയിലേക്കു പായിക്കും. ക്വാക്ക്ٹക്വാക്ക് എന്നു ശബ്ദമുണ്ടാക്കി പുഴവെള്ളത്തില്‍ മുങ്ങിപ്പൊങ്ങി നീന്തിപോകുന്ന താറാക്കൂട്ടങ്ങള്‍ക്കു പുറകെ ശരവണപാണ്ടിയും ജലത്തിന് മേല്‍ തലപൊന്തിച്ചുവച്ച് താഴേക്കു തുഴഞ്ഞു നീങ്ങും. വൈകുന്നേരം മടങ്ങിയെത്തിയാല്‍ താറാക്കൂട്ടങ്ങളെ ഒരു ചെറു മരച്ചുവട്ടില്‍ മയങ്ങാന്‍ വിട്ടിട്ട് അയാള്‍ അതിനടുത്തായി ഉറങ്ങാന്‍ കിടക്കും. പണ്ടൊക്കെ മീന്‍വെട്ടി ക്കൈയ്യനോട് ഏറെ ലോഹ്യത്തിലായിരുന്നു പാണ്ടി. എന്നാല്‍ പാണ്ടി ക്രമേണ മീന്‍വെട്ടിക്കൈയ്യനോട് മിണ്ടാതെയായി. ഒരിക്കല്‍ നീറുന്ന വിറകു കഷ്ണത്തില്‍ നിന്നും വെന്ത ആറ്റുകൊഞ്ചുകളെ ഈര്‍ക്കിലില്‍കുത്തി പുറത്തെടുക്കുകയായിരുന്ന മീന്‍വെട്ടിക്കൈയ്യനു മുന്നിലെത്തി പാണ്ടി പൊട്ടിത്തെറിച്ചു.
“ഇന്തമാതിരി തിരുട്ടുവേല പണ്ണിക്കൂടാതയ്യാ”
“എന്നാ, ഉനക്കെന്നാച്ച് തമ്പീ?” മീന്‍വെട്ടിക്കൈയ്യന് കാര്യം പിടികിട്ടിയില്ല.
“എന്നാച്ചെന്നു തെരിയാതാ.. നീയും നാങ്കമട്ടുംതാനെ ഇന്ത നദിക്കരേല് രാത്രി തൂങ്കത്?”
“ആമാ അതുക്കെന്നാച്ച്”
ആറ്റുകൊഞ്ചുകള്‍ ചവച്ചരച്ചുകൊണ്ട് മീന്‍വെട്ടിക്കൈയ്യന്‍ പാണ്ടിയുടെ മുഖത്തേക്കുനോക്കി. മീന്‍വെട്ടിക്കൈയ്യന്‍ നിര്‍ബന്ധിച്ചപ്പോഴാണ് പാണ്ടി കാര്യം പറഞ്ഞത്. പുഴക്കരയില്‍ തങ്ങുമ്പോഴൊക്കെ അയാളുടെ ഓരോ താറാവിനെ ഓരോ രാത്രിയിലും കാണാതെ പോകുന്നുണ്ടത്രേ. അയാള്‍ക്കു സംശയം തന്നെയാണ്. പോക്കില്ലാത്തവനാണെങ്കിലും താന്‍ ഇതേവരെ ആരുടേയും മുതല്‍ കട്ടുതിന്നിട്ടില്ല. ഈറ്റ മുള്ളുകള്‍ തറച്ച് കാലുകള്‍ പഴുത്ത് വ്രണപ്പെട്ടപ്പോള്‍ നടക്കാനാകാതെയായ കുഞ്ഞു രാഘവന്‍ ഓലപ്പുരയില്‍ക്കിടന്നു വിശന്നു മരിയ്ക്കും മുമ്പ് മകനു നല്‍കിയ ഏക ഉപദേശമായിരുന്നൂവത്. പാണ്ടിയുടെ അവിശ്വാസത്തില്‍ വേദന തോന്നിയ മീന്‍വെട്ടിക്കൈയ്യന്‍ തെല്ലൊരു ആലോചനയ്ക്കുശേഷം പാണ്ടിയോടു ചോദിച്ചു.
“ഇങ്കേവന്ത പിറക്കുമട്ടുമേ തമ്പീ ഉന്നുടെ വാത്ത ഒവ്വരുനാളും എഴന്ത്പോവത്?”
“ആമണ്ണാ” ശരവണപാണ്ടി തലയാട്ടി.
“നീ ഒണ്‍ട്ര് വേലൈപണ്ണപ്പാ, പുറപ്പെട്ട് ഒരാസാക്ക്സാമ്പല്‍ കൊണ്ടുവാ”
മീന്‍വെട്ടിക്കൈയ്യന്‍ പറഞ്ഞതുപോലെ പാണ്ടി അന്നുരാത്രി ഒരു ചാക്കുനിറയെ ചാരംകൊണ്ടുവന്നു. മീന്‍വെട്ടിക്കൈയ്യന്‍ അത് താറാക്കൂട്ടങ്ങള്‍ക്കു ചുറ്റും കട്ടിയില്‍ വിതറിയിട്ട് ഒന്നും മനസ്സിലാകാതെ നിന്ന പാണ്ടിയോടു പറഞ്ഞു.
“ശരി, പൊയി തൂങ്ങപ്പാ”
പാണ്ടിയും മീന്‍വെട്ടിക്കൈയ്യനും അന്നുരാത്രി സുഖമായുറങ്ങി. പിറ്റേന്നുരാവിലെ താറാക്കൂട്ടങ്ങള്‍ക്കടുത്തെത്തിയ ശരവണപാണ്ടിയുടെ വായ് പിളര്‍ന്നുപോയി.
“കടവുളേ എന്നായിത് !”
അപ്പോള്‍ പാണ്ടിയുടെ മുഖത്തേക്കുനോക്കി ഒരു ചെറുപുഞ്ചിരിയോടെ മീന്‍വെട്ടിക്കൈയ്യന്‍ പറഞ്ഞു
“ഇതുതാന്‍ തമ്പീ നരിമീന്‍”
“കോളിയേ തിന്നണ നരിമീനിറുക്കാ?”
പാണ്ടി അത്ഭുതത്തോടെ ചോദിച്ചു. അതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ട് മീന്‍വെട്ടിക്കൈയ്യന്‍ പറഞ്ഞു
“കോളിയെമട്ടും കെടയാത് നരിമീനുക്ക് ഉന്നെയും സാപ്പിട മുടിയും”
ശരവണ പാണ്ടി ഭയന്നുവിറച്ചുപോയി. അന്നയാള്‍ മീന്‍വെട്ടിക്കൈയ്യന്‍റെ കഴിവിനെ വാനോളം പാടിപ്പുകഴ്ത്തി. ചാരത്തില്‍ വീണാല്‍ നരിമീനുകള്‍ക്ക് രക്ഷപ്പെടാനാകില്ലെന്ന് പാവം പാണ്ടിക്കറിയില്ലല്ലോ. എന്തായാലും ശരവണപാണ്ടി പിന്നൊരിക്കലും അതുവഴി വന്നില്ല. മീന്‍വെട്ടിക്കൈയ്യനും കൂട്ടുകാരും രുചികരമായ നരിമീനിറച്ചി അന്ന് ആവോളം അകത്താക്കി.
“എല്ലാം തട്ടിയെടുത്തുപോ നീ എന്‍റെ ചൂണ്ടയില്‍ തന്നെകൊരുക്കും.”
ചൂണ്ടയിടാന്‍ വരിശ്ശില്ലാത്ത ചെറുചെക്കന്‍റെ ശബ്ദം മീന്‍വെട്ടിക്കൈയ്യനെ ഓര്‍മ്മയില്‍ നിന്നുണര്‍ത്തി. മീനുള്ള ചരുവുനോക്കി ചൂണ്ടയിടാനറിയാത്തവന്‍
“ഹീ…ഹീ…ഹീ…” മീന്‍വെട്ടിക്കൈയ്യന്‍ ചിരിച്ചുപോയി.
“നീ പോടാ കെയട്ടുകെളവാ”
ചെക്കന്‍ മീന്‍വെട്ടികൈക്കനുനേരെ ഗോഷ്ടികാണിച്ചു തെറി പറഞ്ഞു. അപ്പോള്‍ വൃദ്ധന്‍ മരച്ചുവട്ടില്‍ ഒന്നിളകിയിരുന്നു.
ജലത്തിനു മുകളില്‍ തലയുയര്‍ത്തിവച്ചൊരു നീര്‍ക്കോലി കൈതക്കാടിലേക്കു നീന്തിപ്പോയി. ആറ്റുവക്കില്‍ ചാഞ്ഞുനിന്നിരുന്ന കൊന്ന തെങ്ങില്‍ നിന്നും ഒരു ഓല ആറ്റിലേക്ക് അടര്‍ന്നുവീണ് നീലിച്ചുഴിയില്‍പെട്ട് രണ്ടുവട്ടം കറങ്ങിയശേഷം അത് താഴേക്ക് ഒഴുകാന്‍ തുടങ്ങി.
പിള്ളേര്‍ മീന്‍പിടിക്കാന്‍ പുഴക്കരയാകെ പരതി നടന്നു വിയര്‍ക്കുമ്പോള്‍ ആറ്റുപൊത്തുകളില്‍ ഒടതലകള്‍ ഒളിച്ചിരുന്നു. ചെമ്പല്ലികളും വരാലുകളും ചേറിന്‍മേല്‍ വിഹരിച്ചു. പെരുമ്പിനാലികളും കടിമീനുകളും ഒഴുക്കില്‍ നൃത്തം ചെയ്തുകൊണ്ടിരുന്നു. മണല്‍ പൂന്തികളും ഒഴവകളും മണലിളക്കി നടന്നു. അരാലുകളും കല്ലങ്കാരികളും വാഗകളും കല്ലിടകളില്‍ കളിച്ചുരസിച്ചു. കാരണം, തങ്ങളുടെ താവളങ്ങള്‍ മീന്‍വെട്ടിക്കൈയ്യനോളം അറിഞ്ഞവര്‍ മറ്റാരുമില്ലെന്ന് അവറ്റകള്‍ക്കറിയാമായിരുന്നു. മീന്‍പിടുക്കുന്ന പിള്ളേര്‍ക്ക് കിട്ടിയതാവട്ടെ വെറും ചൊട്ടാവാളകുഞ്ഞുങ്ങളും കരിയിട കുഞ്ഞുങ്ങളും മാത്രായിരുന്നു.
ഞണ്ടുകളുടെ ഒരു ഈര്‍ക്കില്‍ മാലയുമായി വക്കന്‍ പുന്നമരത്തിനടുത്തെത്തി. മൂവര്‍ ചേര്‍ന്ന് കുറച്ചു വിറകുകളും വാഴയിലകളും കൊണ്ടുവന്നു. വക്കന്‍ ഈര്‍ക്കിലില്‍ നിന്നും ഞണ്ടുകളെ ഓരോന്നായി ഉതിര്‍ത്തിയെടുത്തു. മറ്റുള്ളവര്‍ ഞണ്ടുകളെ ഇടിച്ചുകൊന്ന് തോടുപൊളിച്ച് വാഴയിലയില്‍ കൂട്ടിവച്ചു. സഞ്ചിയില്‍ നിന്നും മുളകിന്‍റേയും മല്ലിയുടേയും മഞ്ഞളിന്‍റേയും പൊതികള്‍ പുറത്തെടുത്ത് അവര്‍ അതുകൂട്ടി കുഴമ്പുണ്ടാക്കി ഞണ്ടിറച്ചികളില്‍ പുരട്ടി. വിറകുകളില്‍ തീ ആളിപ്പടര്‍ന്നു. വാഴയിലയില്‍ പൊതിഞ്ഞ ഞണ്ടിറച്ചി അവര്‍ സൂക്ഷ്മതയോടെ കനലുകള്‍ക്കിടയില്‍ വച്ചു. തമാശകളും പൊട്ടിച്ചിരികളും അന്തരീക്ഷത്തില്‍ മുഴങ്ങി. വെന്ത ഞണ്ടിറച്ചികളുടേയും കരിഞ്ഞ ഇലയുടേയും ഗന്ധം അവിടമാകെ നിറഞ്ഞു. കോമളന്‍ തന്‍റെ സഞ്ചിയില്‍ നിന്നും ചാരായകുപ്പി പുറത്തെടുത്തു. അതു കാണ്‍കെ മീന്‍വെട്ടിക്കൈയ്യന്‍റെ വായില്‍ വെള്ളമൂറി. അയാള്‍ കൊതിയോടെ പിള്ളേരുടെ മുഖത്തേക്കു നോക്കി. എന്നാല്‍ അവര്‍ കിഴവനെ ശ്രദ്ധിക്കാതെ തമാശകള്‍ ഉറക്കെപ്പറഞ്ഞ് ആര്‍ത്തുചിരിച്ച് മദ്യം നുകര്‍ന്നു. പിള്ളേര്‍ ഞണ്ടിറച്ചി ചവയ്ക്കുന്ന ശബ്ദം കേട്ട് മീന്‍വെട്ടിക്കൈയ്യന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ ഉമിനീര്‍ ഒലിച്ചിറങ്ങി.
താനെത്രയോ പാറഞണ്ടുകളേയും, പൊക്കാളി ഞണ്ടുകളേയും കൂവ ഞണ്ടുകളേയും കൂരി ഞണ്ടുകളേയും പിടിച്ച് കനലില്‍ ചുട്ടെടുത്ത് ഉറുഞ്ചി നാണുവിന്‍റെ വാറ്റുചാരായത്തിനോടൊപ്പം പുഴക്കരയിലെത്തീയിരുന്ന അപരിചിതര്‍ക്കുപോലും പങ്കുവച്ചിരിക്കുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. വായില്‍ വാറ്റുചാരായത്തിന്‍റെ രുചിനുരച്ചു.
മീന്‍വെട്ടിക്കൈയ്യനരുകിലൂടെ ഒരു കീരി ശരവേഗത്തില്‍ മുള്‍പ്പടര്‍പ്പുകള്‍ക്കുള്ളിലേക്കു പാഞ്ഞുപോയി. പെട്ടെന്ന് വീശിയടിച്ചൊരു കാറ്റില്‍പ്പെട്ട് പൂവ് നിറഞ്ഞകാരമരത്തിന്‍റെ ചില്ലുകളുലഞ്ഞു. അവിടമാകെ കാരപ്പൂവിന്‍റെ വാറ്റുചാരായഗന്ധം നിറഞ്ഞു. ശ്വാസനാളങ്ങളെ കീഴ്പ്പെടുത്തിയ ആ ഗന്ധത്തിന്‍റെ ലഹരിയില്‍ അയാളുടെ കണ്ണുകള്‍ മെല്ലെ അടയാന്‍തുടങ്ങി. ആ ഇരുളില്‍ പണ്ട് ചോരത്തിളപ്പില്‍ ഉറുഞ്ചിനാണുവിന്‍റെ വാതുകെട്ടലേറ്റെടുത്തത് അയാളുടെ ഉള്‍ക്കാഴ്ചയില്‍ തെളിഞ്ഞു.
പുഴക്കരയിലെ കുന്നിന്‍ചരുവിലാണ് ഉറുഞ്ചിനാണുവിന്‍റെ വാറ്റുകേന്ദ്രം. അയാളുടെ വാറ്റുകേന്ദ്രത്തില്‍ മീന്‍വെട്ടിക്കൈയ്യനൊഴിച്ച് മറ്റാര്‍ക്കും പ്രവേശനമുണ്ടായിരുന്നില്ല. ചില ദിവസങ്ങളിലൊക്കെ മീന്‍വെട്ടിക്കൈയ്യന്‍ ഉറുഞ്ചിനാണുവിന്‍റെ വാറ്റുകേന്ദ്രത്തിലേയ്ക്കു പോകും. അയാളുടെ വാറ്റുചാരായത്തിന്‍റെ രുചി മീന്‍വെട്ടികൈയ്യന്‍റെ മീന്‍പിടുത്ത കഥകള്‍ പോലെ കേളികേട്ടതാണ്. രുചിയുടെ രഹസ്യം മീന്‍വെട്ടിക്കൈയ്യനൊഴിച്ച് അന്നാട്ടില്‍ മറ്റാര്‍ക്കുമറിയില്ലതാനും. കരിപ്പെട്ടിയും പുഴവെള്ളവും കറുവാത്തോലും താതിരിപ്പൂവും ഇട്ട് മണ്ണില്‍ പൂഴ്ത്തിവയ്ക്കുന്ന വാറ്റുചട്ടിയില്‍ ഉറുഞ്ചിനാണു ദിവസവും കാട്ടില്‍ നിന്നും ശേഖരിക്കുന്ന പ്രത്യേക പഴങ്ങളും പൂക്കളും ചേര്‍ത്തിളക്കിവയ്ക്കും. അത് പത്ത് ദിവസങ്ങള്‍ തുടരും. അങ്ങനെയുണ്ടാക്കുന്ന മിശ്രിതത്തെ ഉറുഞ്ചിനാണു സ്നാനവെള്ളമെന്നാണ് വിളിക്കുക. വ്യത്യസ്ഥപഴവര്‍ക്ഷങ്ങള്‍ ചേര്‍ന്നുണ്ടാകുന്ന ആ സ്നാനവെള്ളമാണ് ഉറുഞ്ചിനാണുവിന്‍റെ ചാരായത്തിന്‍റെ രുചിവൈഭവത്തിന്‍റെ അടിസ്ഥാനം. മാത്രമല്ല, മണ്‍കലങ്ങള്‍ അടുക്കിവച്ച് അതിനടിയില്‍ കൊളുത്തുന്ന തീയ്ക്കുമുണ്ട് ചില അളവുകളൊക്കെ. അതൊക്കെ ത്തന്നെയും മീന്‍വെട്ടിക്കൈയ്യനും മനഃപ്പാഠമായിരുന്നു. എന്നിട്ടും ഒരിക്കല്‍പോലും ഉറുഞ്ചിനാണുവിന്‍റെ തൊഴില്‍ വൈദഗ്ദ്ധ്യത്തെ അയാള്‍ ചോദ്യം ചെയ്യുകയോ ചാരായമൊന്നു വാറ്റിനോക്കുവാനോ മെനക്കെട്ടില്ല. എന്നാല്‍ സ്നാനവെള്ളത്തില്‍ സ്ഫുടംചെയ്തെടുത്ത ചാരായത്തിന്‍റെ ലഹരിയില്‍ ഉറുഞ്ചിനാണു ഒരിക്കല്‍ മീന്‍വെട്ടിക്കൈയ്യനുമുന്നില്‍ ഒരു ചട്ടിവാറ്റുചാരായം വച്ച് ഒരു പന്തയം വച്ചു. നീലിച്ചുഴിയ്ക്കു മുകളില്‍ വന്ന് വാറ്റുചാരായക്കലങ്ങളെ നോക്കി നുരകുത്തിയ ഒരു വമ്പന്‍ നരിമീനിനെ പിടിക്കാനൊക്കുമോ എന്നതായിരുന്നു പന്തയ വിഷയം.
ഇതാ ആദ്യമായി മീന്‍വെട്ടിക്കൈയ്യന്‍റെ മീന്‍പിടുത്ത വൈഭവമൊന്നുരച്ചു നോക്കാന്‍ മറ്റൊരാള്‍ ശ്രമിച്ചിരിക്കുന്നുٹ! മാനക്കേടില്‍ മീന്‍വെട്ടിക്കൈയ്യന്‍റെ ചുണ്ടുകള്‍ വക്രിക്കുകയും അവയ്ക്കുമേല്‍ നേരീയൊരു വിറയല്‍ പടരുകയും ചെയ്തു. മണ്‍ചട്ടിയില്‍ തിളച്ചുമറിയുന്ന സ്നാനവെള്ളമ്പോലെ മീന്‍വെട്ടിക്കൈയ്യന്‍റെ ചോരതിളച്ചു മറിയാന്‍ തുടങ്ങി. അയാള്‍ പുഴയുടെ ആഴത്തിലേക്കു നോക്കി. ഒരേയൊരു നിമിഷംٹ! ഒരു കുതിപ്പില്‍ പുഴയുടെ ആഴത്തിലേക്കയാള്‍ അസ്ത്രംകണക്കെ തുരന്നുപോയി. പെട്ടെന്ന് ഇടംവലം വെട്ടിത്തിരിഞ്ഞ് നരിമീന്‍ അയാളെ ഒന്നുവട്ടം ചുറ്റി കൂര്‍ത്ത പല്ലുകളുമായി അയാള്‍ക്കുനേരെ കുതിച്ചടുത്തു. അയാളാകട്ടെ പുഴയുടെ അടിയിലെ മുതലപ്പാറയില്‍ കാല്‍ ചവിട്ടി മുകളിലേക്കാഞ്ഞ് ഒന്നു കീഴ്മേല്‍ മിറഞ്ഞിട്ട് ഉന്നംതെറ്റിപ്പതറിപ്പോയ നരിമീനിന്‍റെ മൂക്കിനുമേല്‍ ആഞ്ഞുവെട്ടി. നരിമീനിന്‍റെ വായില്‍ നിന്നും രക്തം പുഴവെള്ളത്തില്‍ പാടകണക്കെപ്പരന്നു. ചെകിളപ്പൂവില്‍ വിരല്‍ കോര്‍ത്ത് പിടയ്ക്കുന്ന മീനുമായി അയാള്‍ മുകളിലേയ്ക്കു കുതിച്ചു. അന്ന് ഔഷധ ഗുണമുള്ള വാറ്റുചാരായത്തോടൊപ്പം രുചിയുള്ള നരിമീനിറച്ചിയും ഉറുഞ്ചിനാണു മറ്റുള്ളോര്‍ക്ക് പങ്കുവച്ചു.
എങ്ങുനിന്നോ ഒരു പാതിരാക്കോഴി കൂവി. പാതിരാക്കോഴിയുടെ ശബ്ദം കേട്ട മീന്‍വെട്ടിക്കൈയ്യന്‍ മെല്ലെകണ്ണുകള്‍ തുറന്നു. മുന്നില്‍ കനത്ത ഇരുട്ടുമാത്രം. അയാള്‍ പുഴയിലേക്കു നോക്കി. ഇപ്പോള്‍ പുഴയുടെ ആഴത്തിലെവിടെയെങ്കിലും നരിമീനുകള്‍ ഉണ്ടായിരിക്കുമോٹ? എങ്ങുനിന്നോ ഒരു തെരുവുനായ നീളത്തില്‍ ഓരിയിട്ടു. കരാഞ്ഞിലിന്‍റെ കൊമ്പുകളില്‍ തലകീഴായി തൂങ്ങിക്കിടന്നിരുന്ന കടവാവലുകള്‍ പെട്ടെന്ന് ചിറകടിച്ചു പറന്നുപോയി. പൊടുന്നനെ ജലപ്പരപ്പില്‍ രണ്ട് നരിമീന്‍ കണ്ണുകള്‍ തിളങ്ങി. അയാള്‍ക്ക് വിശ്വസിക്കാനായില്ല. അയാളുടെ പൊന്‍മാന്‍ കണ്ണുകള്‍ വിടര്‍ന്നു, മീന്‍വെട്ടികൈ തരിച്ചു. മരച്ചുവട്ടില്‍ നിന്നും വല്ലാത്തൊരാര്‍ത്തിയോടെ അയാള്‍ പിടഞ്ഞെണീറ്റ് പുഴയിലേക്കിറങ്ങി. നരിമീന്‍ ജലപ്പരപ്പില്‍ നുരകുത്തി. നീലിച്ചുഴി അതിവേഗത്തില്‍ കറങ്ങിക്കൊണ്ടിരുന്നു. അനന്തരം പല്ലുകളില്‍ കോര്‍ത്തെടുത്തൊരു വയസന്‍ ശരീരവുമായി നരിമീന്‍ പുഴയുടെ ആഴത്തിലേക്ക് കുതിച്ചു.