രോഗത്തിന്‍റെ രാഷ്ട്രീയ സഞ്ചാരങ്ങള്‍
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
ജൂണ്‍ എട്ടിന് എം എന്‍ വിജയന്‍റെ നവതി ആഘോഷത്തോടനുബന്ധിച്ചു കൊടുങ്ങല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എം എന്‍ വിജയന്‍ ഫൗണ്ടേഷന്‍ സൂം പ്ലാറ്റ് ഫോം വഴി സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണത്തില്‍ പി എന്‍ ഗോപികൃഷ്ണനും സംസാരിച്ചിരുന്നു. ഇരു പ്രഭാഷണങ്ങളും സൂം പ്ലാറ്റ് ഫോം വഴിയാണ് ലോകത്തിന്‍റെ വിവിധ കോണുകളില്‍ എത്തിയത്.
മഹാദീനത്തിന്‍റെ കാലത്താണ് വിജയന്‍മാഷെ ഓര്‍ക്കുന്നത്. തനിക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും ശ്രദ്ധ തിരിച്ചു കൊണ്ടുള്ള ഒരു ഓര്‍മ്മയേയും വിജയന്‍മാഷ് പ്രോത്സാഹിപ്പിക്കാന്‍ ഇടയില്ല എന്നൊരു ന്യായം ഇത് പറയുമ്പോള്‍ കൂടെയുണ്ട്. ഇക്കൂട്ടത്തില്‍ വിജയന്‍മാഷെ കുറിച്ച് പറയാന്‍ ഏറ്റവും അര്‍ഹത കുറഞ്ഞ ആളാണ് ഞാന്‍ എന്ന ബോധ്യവും. മാഷ് ധര്‍മ്മടത്തു നിന്നും കൊടുങ്ങല്ലൂരില്‍ തിരിച്ചു വന്ന കാലത്താണ് ഞാന്‍ ആദ്യമായി മാഷെ കാണുന്നത്. തുടര്‍ച്ചയായി അല്ലെങ്കിലും ചില കൂടിക്കാഴ്ചകള്‍ അക്കാലത്ത് ഉണ്ടായി. എന്നോട് വിജയന്‍മാഷ് തുടര്‍ച്ചയായി പറയാന്‍ ശ്രമിച്ചിട്ടുള്ള കാര്യം ഓര്‍മ്മകളെ കുറിച്ചാണ്. മാഷ് മഹാരാജാസില്‍ പഠിക്കുന്ന കാലത്ത് വെളുപ്പിന് രണ്ട് മണിക്കൊക്കെ എണീറ്റ് കൊടുങ്ങല്ലൂരിലെ ലോകമലേശ്വരം മുതല്‍ കോട്ടപ്പുറം വരെ നടക്കും. ഫെറിയില്‍ അക്കരെ കടന്ന്, അങ്ങനെയാണാ പോക്ക്. അക്കാലത്ത് വഴിയില്‍ മരിച്ചു കിടക്കുന്ന മനുഷ്യരെ കണ്ട ഓര്‍മ്മ ഒന്നില്‍ കൂടുതല്‍ തവണ മാഷ് വിശദീകരിച്ചിട്ടുണ്ട്. മരണം വില കുറഞ്ഞതും സുലഭവുമായിരുന്നു അക്കാലത്ത് എന്ന് ബോധിപ്പിക്കാന്‍ നിരന്തരം മാഷ് ശ്രമിച്ചിട്ടുണ്ട്. കവിത എഴുതുന്ന ആളായതുകൊണ്ട്, ചരിത്രം ഇന്നലെയില്‍ മെനഞ്ഞ ഒരു കനത്ത ബിംബത്തെ എന്നിലേയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് നല്‍കി അയയ്ക്കുകയായിരുന്നോ മാഷ് എന്നറിയില്ല. അല്ലെങ്കില്‍ ഒരു ക്ഷേമരാഷ്ട്ര സങ്കല്പത്തിന്‍റെ ഏറ്റക്കുറച്ചിലുകളില്‍ വളര്‍ന്ന എന്നെപ്പോലെ ഒരാള്‍ക്ക് ജനനവും മരണവും നിസ്സാരമായിരുന്ന ഒരു കാലത്തിന്‍റെ വളം ആ സങ്കല്പത്തിന്‍റെ ചോട്ടില്‍ അലിഞ്ഞിട്ടുണ്ട് എന്ന് കാണിക്കാന്‍. ഇക്കാലത്ത് നിന്ന് പക്ഷേ അതിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോള്‍ മറ്റൊരു സാധ്യതയാണ് കൂടുതല്‍ തെളിയുന്നത്.
എക്കാലവും സാമൂഹ്യബോധത്തിന്‍റേയും സാമൂഹ്യ വിചാരത്തിന്‍റേയും അടിത്തറ രോഗം, ദുരിതം, മരണം എന്ന ത്രിത്വമാണ്. ഈ ത്രിത്വത്തെ അഭിസംബോധന ചെയ്യാതെ സാമൂഹ്യജീവി എന്ന പദത്തിന് അര്‍ത്ഥം ലഭിയ്ക്കില്ല.
ഇന്ത്യയില്‍, അറിവുള്ളിടത്തോളം, ഈ ത്രിത്വത്തെ സമഗ്രമായി അഭിസംബോധന ചെയ്തതും രാഷ്ട്രീയ വല്ക്കരിച്ചതും ബുദ്ധനാണ്. പില്‍ക്കാലത്തും രോഗവും ദുരിതവും മരണവും ഒന്നിച്ചോ അല്ലാതെയോ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. അവയോട് ഒന്നിച്ചോ വെവ്വേറെയോ ഉള്ള പ്രതികരണങ്ങളും ഉണ്ടായി. അക്കാദമിക വ്യവഹാരങ്ങള്‍ പ്രതിഷ്ഠിച്ച ചരിത്രത്തിനപ്പുറം പരിശോധിച്ചാല്‍ ഇത് വ്യക്തമായി കാണാന്‍ കഴിയും.
ഈ കൊവിഡ് കാലത്ത് ചിന്ത ചലിക്കേണ്ടിയിരിക്കുന്ന ഒരു ദിശ ഇതാണെന്ന് തോന്നുന്നു. കൊവിഡിന്‍റെ ഉച്ചതയ്ക്കുള്ളില്‍ നട്ടം തിരിയുമ്പോഴും നാം കൊവിഡാനന്തര ലോകത്തെക്കുറിച്ചാണ് പറഞ്ഞു കൊണ്ടിരിയ്ക്കുന്നത്.ഇത് കഴിഞ്ഞ കാലം മനുഷ്യ ചിന്തയില്‍ ഏല്പിച്ചിട്ടുള്ള ഒരു പരിമിതിയാണെന്നും പറയാം. സമകാലത്തില്‍ നിന്ന് തെന്നിമാറിയല്ലാതെ ചിന്തയും ഭാവനയും ഇരിക്കില്ല എന്ന പരിമിതി. ഒന്നുകില്‍ ഭൂതത്തിലേയ്ക്ക് അല്ലെങ്കില്‍ ഭാവിയിലേയ്ക്ക് എന്ന മട്ടില്‍. മാര്‍ക്സിസ്റ്റുകളും മുതലാളിത്ത ചിന്തകളും ഫാസിസ്റ്റുകളും പോസ്റ്റ് സോവിയറ്റ് വ്യവഹാരങ്ങളും എല്ലാം ചെയ്തു കൊണ്ടിരിയ്ക്കുന്നതിന്‍റെ അബോധം ഇതാണ്. കൊവിഡ് കാലം മനുഷ്യ ചരിത്രത്തിലെ ഒരു വ്യതിയാനം മാത്രമാണ് . ആ പാത വളഞ്ഞുതിരിഞ്ഞ് അവസാനം പുറപ്പെട്ട ഇടത്ത് തന്നെ തിരിച്ചെത്തിയ്ക്കും. അവിടെ നിന്ന് നമുക്ക് വീണ്ടും പഴയ വ്യവഹാരങ്ങള്‍ ആരംഭിക്കാം. കൊവിഡിന് മരുന്ന് കണ്ട് പിടിക്കുന്നതോടെ ആശുപത്രികളെ കേന്ദ്രീകരിച്ച് ഒരു ആഗോള മാര്‍ക്കറ്റിന്‍റെ പുതിയ ദിശ പടുത്തുയര്‍ത്താമെന്ന് നവമുതലാളിത്തം. ആഗോള മാന്ദ്യത്തിന്‍റെ തളര്‍ച്ചയില്‍ നിന്ന് ഇടതുപക്ഷ ചിന്തയ്ക്ക് പുതിയ ചിറകുകള്‍ ലഭിയ്ക്കുമെന്ന് മാര്‍ക്സിസ്റ്റുകള്‍ .ലോക്ക് ഡൗണ്‍ കാലത്ത് കൈവന്ന സ്റ്റേറ്റിന്‍റെ അപ്രമാദിത്വത്തെ ശാശ്വത വല്ക്കരിക്കാന്‍ ,പ്രത്യേകിച്ചും സാങ്കേതിക വിദ്യയുടെ നിരുപാധിക പിന്തുണയോടെ,കൊവിഡാനന്തര കാലത്ത് സാധിക്കുമെന്ന് ഫാസിസ്റ്റുകള്‍. കൊവിഡ് കാലത്ത് സാമ്പ്രദായിക രീതികള്‍ക്ക് പരിക്കേറ്റതിനാല്‍, അവലംബിക്കേണ്ടി വരുന്ന പ്രതീതിലോകത്തെ കേന്ദ്രീകരിച്ചുള്ള സമ്പ്രദായങ്ങളുടെ
കൊവിഡാനന്തര ലോകത്തെ പ്രയോഗ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് സോവിയറ്റാനന്തര മൂല്യചിന്തകര്‍. ലോകം മാറുമെന്ന് എല്ലാവരും പറയുന്നുണ്ടെങ്കിലും അവര്‍ പഴയ കലണ്ടര്‍കളില്‍ നിന്നാണ് ഇത് പറയുന്നത്.
ലോകം മാറിക്കഴിഞ്ഞു എന്നറിയാതെ. രോഗം എന്ന ആശയത്തെ, ദുരിതം എന്ന ആശയത്തെ, മരണം എന്ന ആശയത്തെ ബൗദ്ധിക തലത്തിലും പ്രായോഗിക തലത്തിലും ഒറ്റയടിയ്ക്ക്, ഒന്നിച്ച് നേരിടേണ്ട അവസ്ഥ ഇത് വരെ ഇവിടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരുടെ നല്ല കാലത്തൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ നാം ശ്രദ്ധിച്ച് തുടങ്ങേണ്ടിയിരിക്കുന്നു.
അനാഥ ശവങ്ങളെക്കുറിച്ചുള്ള വിജയന്‍മാഷുടെ ഓര്‍മ്മപ്പെടുത്തല്‍ പകര്‍ച്ച വ്യാധികളും ലോക ചരിത്രവും തമ്മിലുള്ള അതിസങ്കീര്‍ണ്ണമായ ബന്ധങ്ങളിലേയ്ക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. നമ്മുടെ ‘അറു പാപമറവിچയില്‍ അത് അടക്കം ചെയ്തിരുന്നു. വ്യക്തിപരമായ ചില കാര്യങ്ങള്‍ ആ മറവിയെക്കുറിച്ച് ഞാന്‍ പങ്കുവെയ്ക്കട്ടെ. വിശ്വപ്രസിദ്ധ ചലച്ചിത്രകാരനായിരുന്ന ലൂയി ബുനുവലിന്‍റെ ആത്മകഥയില്‍ സ്പാനിഷ് ഫ്ളൂവിനെ കുറിച്ചുള്ള വിവരണം ഉണ്ട്. “അവസാന ശ്വാസം വരെ” എന്ന് പേരിട്ടിട്ടുള്ള ആ ആത്മകഥ പലവട്ടം വായിച്ചിട്ടും ആ ഭാഗം എന്‍റെ ഉള്ളില്‍ പതിഞ്ഞിട്ടുണ്ടായിരുന്നില്ല. അതുപോലെ നവോത്ഥാന നായകനായ ഡോ. പല്പുവിന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യായങ്ങളില്‍ ഒന്ന് ബംഗ്ലൂര്‍ നഗരത്തിലെ പ്ലേഗ് ബാധയെ ചെറുക്കാന്‍ നേതൃത്വം വഹിച്ചതാണ്. എന്നാല്‍ നമ്മുടെ വായനകളില്‍ പല്പുവിന്‍റെ ആ ജീവിത ദൗത്യം അത്ര കണ്ട് പ്രാധാന്യം അര്‍ഹിച്ചിരുന്നില്ല.
സാഹിത്യ കൃതികളില്‍ രോഗം ഒരു രൂപകം എന്ന നിലയ്ക്കല്ലാതെ മനുഷ്യാവസ്ഥ എന്ന നിലയിലോ രാഷ്ട്രീയാവസ്ഥ എന്ന നിലയിലോ വലിയ തോതില്‍ ഇക്കഴിഞ്ഞ ദശകങ്ങളില്‍ പതിഞ്ഞിരുന്നില്ല. അതിനാണിപ്പോള്‍ മാറ്റം സംഭവിച്ചത്.
അമേരിക്കന്‍ ചരിത്രവും ഉറക്ക രോഗവും തമ്മിലുള്ള സങ്കീര്‍ണ്ണ ബന്ധത്തെപ്പറ്റി ‘Awakenings’ എന്ന തന്‍റെ പുസ്തകത്തില്‍ വിഖ്യാത ന്യൂറോളജിസ്റ്റായിരുന്ന ഒളിവര്‍ സാക്സ് പരാമര്‍ശിക്കുന്നുണ്ട്. ആളുകള്‍ നാളുകള്‍ നീണ്ടു നില്‍ക്കുന്ന ഉറക്കത്തിലേയ്ക്ക് വീഴുന്ന രോഗമാണ് ഉറക്കരോഗം. ഇത് ഒരു മനോരോഗം അല്ല. മറിച്ച് ന്യൂറോളജിക്കലായുള്ള ക്രമം തെറ്റല്‍ ആണ്. മൂന്നോ നാലോ കൊല്ലം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ സാക്സ് പറയുന്നത് എപ്പോഴൊക്കെ അമേരിക്കന്‍ ചരിത്രം അതിന്‍റെ സംഘര്‍ഷങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ഈ ‘ഞരമ്പുരോഗം’ ബാധിച്ച വ്യക്തികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചിരുന്നു എന്നാണ്. ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് രോഗവും രാഷ്ട്രീയവും തമ്മിലുള്ള എന്തെങ്കിലും അതിഭൗതിക ബന്ധത്തെ പറ്റിയല്ല. മറിച്ച് പൊതു രാഷ്ട്രീയ സ്ഥിതിയും വ്യക്തികളും തമ്മിലുള്ള അതിസങ്കീര്‍ണ്ണമായ ഒന്നിനെ കുറിച്ചാണ്.
ഇന്ത്യയില്‍ 1897 ല്‍ പൊട്ടിപ്പുറപ്പെട്ട ബ്യൂബോണിക്കും ന്യുമോണിക്കും ആയ പ്ലേഗുകള്‍ ഇന്ത്യയിലെ ഹിന്ദുത്വ ഫാസിസത്തിന് എങ്ങനെ വിത്തിട്ടു എന്ന് ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സുവിദിതമാണ്. മുംബൈയിലും പുനെയിലും അന്നത്തെ ലോക്ക് ഡൗണിന് നേതൃത്വം കൊടുത്ത ബ്രിട്ടീഷ് ഇന്ത്യന്‍ സൈനികോദ്യോഗസ്ഥനായിരുന്ന റാന്‍ഡ് എന്ന സായിപ്പിനെതിരെ മറാത്താ പ്രദേശത്തെ ചിത്പാവന്‍ ബ്രാഹ്മണസമൂഹത്തില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഉണ്ടായി. തങ്ങളുടെ വീടുകളില്‍ പകര്‍ച്ചവ്യാധിയ്ക്കെതിരെ കുത്തിവെയ്പ്പിനായി റാന്‍ഡിന്‍റെ നേതൃത്വത്തില്‍ ആളുകള്‍ എത്തുന്നതും തങ്ങളുടെ വീടുകളിലെ സ്ത്രീകളെയടക്കം അതിന് പ്രേരിപ്പിക്കുന്നതും സവര്‍ണ്ണ ജാതി ശുദ്ധിയെ മലീമസപ്പെടുത്തുന്നതായി അവര്‍ ആരോപിച്ചു. ഇന്ത്യയില്‍ രാജ്യഭരണം കയ്യാളിയിരുന്ന അപൂര്‍വ്വം ബ്രാഹ്മണ സമുദായങ്ങളില്‍ ഒന്നായിരുന്നു ചിത്പാവന്‍ ബ്രാഹ്മണ സമുദായം. പേഷ്വാ സാമ്രാജ്യം ഭരിച്ചിരുന്നത് അവരായിരുന്നു.ശനിവാര്‍വാഡ യുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍ അവരെ പരാജയപ്പെടുത്തിക്കൊണ്ടാണ് മറാത്താ പ്രദേശത്തെ കൈയ്യടക്കിയത്. അന്നു മുതല്‍ ചിത്പാവന്‍ ബ്രാഹ്മണസമൂഹം ബ്രിട്ടീഷുകാര്‍ക്കെതിരായിരുന്നു. ലോക് ഡൗണ്‍ പോലെ, സര്‍വ്വതലസ്പര്‍ശിയായ ഒരു പ്രവര്‍ത്തനത്തേയും അതുകൊണ്ട് അവര്‍ തങ്ങളുടെ ജാതിശുദ്ധിക്കെതിരായ പ്രവൃത്തി ആയാണ് വീക്ഷിച്ചത്. തുടര്‍ന്ന് റാന്‍ഡിനേയും സഹായി അയേഴ്സ്റ്റിനേയും ചിത്പാവന്‍ ബ്രാഹ്മണരായിരുന്ന ചപേക്കര്‍ സഹോദരന്‍മാര്‍ കൊല്ലുകയുണ്ടായി.ഇതിന്‍റെ പേരില്‍ അവരെ ബ്രിട്ടീഷ് ഗവണ്മെന്‍റ് തൂക്കിലേറ്റുകയും ചെയ്തു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്‍റെ ചരിത്രത്തിന്‍റെ തുടക്കങ്ങളില്‍ ഒന്നായാണ് ഇത് വായിക്കപ്പെടുന്നതെങ്കില്‍ പോലും, ഈ സംഭവത്തിലെ ഏറ്റവും ശക്തമായ അടിയൊഴുക്ക് ജാതിശുദ്ധിയെക്കുറിച്ചുള്ള, വര്‍ണ്ണാശ്രമങ്ങളെ കുറിച്ചുള്ള ബ്രാഹ്മണിക ബോധം ആയിരുന്നു.
പില്‍ക്കാലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മറ്റൊരു ചിത്പാവന്‍ ബ്രാഹ്മണനെ, ഹിന്ദുത്വ എന്ന ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിന് തുടക്കം കുറിച്ച വിനായക് ദാമോദര്‍ സവര്‍ക്കറെ ഈ സംഭവത്തിന്‍റെ ഓര്‍മ്മ തീ പിടിപ്പിക്കുകയും ചപേക്കര്‍ സഹോദരന്മാരെക്കുറിച്ച് ശ്രദ്ധ പിടിച്ചുപറ്റിയ ഒരു കവിത അദ്ദേഹം രചിക്കുകയും ചെയ്തു. പിന്നീട് പ്ലേഗ് ബാധിച്ച തന്‍റെ പിതാവിനെ, ബ്രിട്ടീഷ് അധികൃതരില്‍ നിന്നും വസതിയില്‍ ഒളിച്ചു പാര്‍പ്പിക്കുകയാണ് സവര്‍ക്കര്‍ ചെയ്തത്. പിതാവിന്‍റെ മരണത്തെ തുടര്‍ന്ന് ഇക്കാര്യം ബ്രിട്ടീഷ് അധികൃതര്‍ അറിയുകയും പ്ലേഗ് ബാധിച്ച സവര്‍ക്കറുടെ സഹോദരനെ ആശുപത്രി യിലാക്കുകയും ചെയ്തു. അവിടേയും ജാതിശുദ്ധി ഉയര്‍ത്തിപ്പിടിച്ച് ബ്രിട്ടീഷ് ആരോഗ്യ പ്രവര്‍ത്തകരെക്കൊണ്ട് സഹോദരനെ ശുശ്രൂഷിക്കാന്‍ സവര്‍ക്കറും കുടുംബവും അനുവദിച്ചില്ല.
ചരിത്രം നോക്കിയാല്‍ ഹിന്ദുത്വ ഫാസിസത്തിന് അടിത്തറയിട്ട സവര്‍ക്കര്‍, ഡോ. ഹെഡ്ഗേവാര്‍,നാഥുറാം ഗോഡ്സേ, ഗോള്‍വാള്‍ക്കര്‍ തുടങ്ങിയവര്‍ എല്ലാം വരുന്നത് ചിത്പാ വന്‍ ബ്രാഹ്മണ കുലത്തില്‍ നിന്നാണ് എന്ന് കാണാം. അവര്‍ രാജ്യം ഭരിച്ചിരുന്ന കാലത്ത് ഉണ്ടായിരുന്ന മുഗളരോട് ഉണ്ടായിരുന്ന വിരോധവും ബ്രിട്ടീഷുകാരോട് ഉണ്ടായിരുന്ന വിരോധവും മുന്‍നിര്‍ത്തിയാണ് ഹിന്ദുത്വ രാഷ്ട്രീയം തുടങ്ങി വെക്കുന്നത്. പില്‍ക്കാലത്ത് സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് സന്ധി ചെയ്യുകയും മുഗള വിരോധത്തെ മുസ്ലീം വിരോധമായി മാറ്റിയെഴുതുകയും ചെയ്തു.
ഇങ്ങനെ രോഗവും ചരിത്രവും തമ്മിലുള്ള കണ്ടുമുട്ടലില്‍ പുതിയ നൈതികതകള്‍ രൂപം കൊണ്ടില്ലെങ്കില്‍ എന്താണ് സംഭവിയ്ക്കുക എന്നതിന് ചരിത്രം പല സാക്ഷ്യവും തരുന്നുണ്ട്. തീര്‍ച്ചയായും നാം ഇപ്പോള്‍ അനുഭവിക്കുന്നത് പുതിയ രോഗമാണ്. പുതിയ ദുരിതമാണ്. പുതിയ മരണം കൂടിയാണ്. അതിനെ ഭൂതകാലമായി ബന്ധിപ്പിക്കേണ്ടത് പുതിയ മാനവിക ബോധത്തെ മുന്‍നിര്‍ത്തിയാണ്. അല്ലാതെ ഇന്നലത്തെ കളി മൈതാനങ്ങളില്‍ അതേ പന്തും അതേ നിയമങ്ങളും അതേ കളിക്കാരും അതേ നിയന്ത്രാക്കളുമായി നാം എത്തിപ്പെടും എന്ന കണക്കില്‍ അല്ല. അതുകൊണ്ട് കൊവിഡ് കാലം ഇടതുപക്ഷ ആശയങ്ങളോട് ആവശ്യപ്പെടുന്ന ഒന്ന് അതിന്‍റെ മാനവികമായ പ്രഭവങ്ങളെ കുറേക്കൂടി ഉപയോഗിക്കാനാണ്. ഇടതുപക്ഷത എന്നത് സമ്പദ് ശാസ്ത്ര വിശകലനം അല്ല. കൊവിഡ് കാലത്തെ സമ്പദ് വിശകലനത്തില്‍ നിന്നു കൊണ്ട് മാത്രം നേരിടാന്‍ പറ്റില്ല. മാര്‍ക്കറ്റിന്‍റെ തകര്‍ച്ചയുടെ പ്രത്യക്ഷം മാത്രം കണ്ടാല്‍പ്പോരാ.
ഉദാഹരണത്തിന് ഇക്കാലത്തെ കേന്ദ്ര പ്രമേയം എന്നത് ‘ജന്മനാട്ടിലേയ്ക്കുള്ള മടക്കം’ എന്നതാണ്. ലക്ഷക്കണക്കിന് പേര്‍ ലോകത്തിന്‍റെ പല ഭാഗത്തും ജനിച്ച നാട്ടിലേയ്ക്ക് മടങ്ങിക്കൊണ്ടിരിക്കുന്നു. പലായനങ്ങള്‍ നാം പലതും കണ്ടിരിക്കുന്നു. വാഗ്ദത്ത ദേശം തേടിയുള്ള പോക്ക് ലോക ചരിത്രത്തില്‍ അലിഞ്ഞു കിടപ്പുണ്ട്. പ്ലേഗിന്‍റെ കാലത്ത് ദേശം എന്ന വാക്കിനെ അര്‍ത്ഥരഹിതമാക്കിക്കൊണ്ട് ഓടിപ്പോയ മനുഷ്യരുടെ കഥയില്‍ നിന്നാണ് ബര്‍ഗ് മാന്‍ തന്‍റെ ‘സെവന്‍ത് സീല്‍چ എന്ന വിഖ്യാത ചിത്രം മെനഞ്ഞെടുത്തത്. പ്രവാസം നമുക്ക് യുഗങ്ങളായി പരിചയമുള്ള ആശയമാണ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കം മുതല്‍ അന്ന് നമ്മുടെ അനുഭവ സഞ്ചയത്തിലെ ഏറ്റവും പരിചിതമായ ഒന്നാണ്. രാഷ്ട്രീയ പ്രവാസങ്ങളും കുടിയേറ്റ ചരിത്രങ്ങളും തൊട്ടു നക്കാത്ത ഒരു രാജ്യവും ഭൂമുഖത്തുണ്ടായിരുന്നില്ല. കൊവി ഡിന്‍റെ നാളുകളില്‍,മേതില്‍ രാധാകൃഷ്ണന്‍റെ പ്രസിദ്ധ കഥയായ ‘സംഗീതം ഒരു സമയ കലയാണ്چ എന്നതിലെ ഒരു വാചകം കടമെടുത്താല്‍ ‘മരണം ജനങ്ങള്‍ക്ക് മേല്‍ അവിഹിത വേഴ്ച നടത്തുന്ന നാളുക ളില്‍چ,ജന്മദേശം പൂകാന്‍ വെമ്പുന്ന പലരേയും നാം കണ്ടു. അതൊട്ടും കാല്പനികമായിരുന്നില്ല. യാതനാപൂര്‍ണ്ണമായ ആ യാത്രയ്ക്ക് പല വിതാനങ്ങള്‍ ഉണ്ടായിരുന്നു. കാല്‍പ്പാദങ്ങള്‍ ഉരഞ്ഞു പൊട്ടി ,ചൂടും പൊടിയും സഹിച്ച് കാല്‍നടയായി പുറപ്പെട്ടവര്‍ മുതല്‍ എംബസികളുടെ കാരുണ്യത്തിനായി കെഞ്ചിക്കരഞ്ഞ് വിമാനത്തില്‍ കയറിപ്പറ്റിയവര്‍ വരെ അതിലുണ്ട്. ജന്മദേശം അവര്‍ക്ക് പ്രത്യേകിച്ച് ഒരു വാഗ്ദാനവും നല്‍കിയിട്ടില്ല.ഒരു പക്ഷേ, അവരില്‍ പലരും,നാം ഇപ്പോള്‍ തന്നെ കാണും പോലെ, മരണത്തിന്‍റേയും ദുരിതത്തിന്‍റേയും ഒരു ജന്മദേശവ്യാഖ്യാനത്തിലേയ്ക്കാകും മടങ്ങിയെത്തുന്നത്. പക്ഷെ, തിരിച്ചു നീന്തുന്ന മീനുകളെപ്പോലെ ഒരു തൊഴില്‍പ്പട ജന്മദേശത്തേയ്ക്ക് തിരിച്ചു വരുന്നു. അതില്‍ ദിവസക്കൂലിയായി ഒരു നേരത്തെ ഭക്ഷണം ലഭിയ്ക്കുന്നവര്‍ മുതല്‍ ഡോളറുകള്‍ ശമ്പളം വാങ്ങുന്നവര്‍ വരെയുണ്ട്.പക്ഷെ, മടങ്ങി വരുന്ന തൊഴില്‍പ്പട എന്ന ആശയസംഹിതയില്‍ അവര്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരിയ്ക്കുന്നു.
ഈ തൊഴില്‍പ്പടയുടെ അനുഭവം എന്ത് രാഷ്ട്രീയമാണ് ഉണ്ടാക്കുക എന്നാണ് നാം ഉറ്റുനോക്കേണ്ടത്. ഇക്കഴിഞ്ഞ കൊല്ലങ്ങള്‍ നമുക്ക് നല്കിയ പരാധീനത, രാഷ്ട്രീയം നിയന്ത്രിക്കപ്പെടുന്നത് നേതാക്കളാലും നിയമങ്ങളുമാണെന്ന അബോധം നമുക്ക് നല്‍കി എന്നതാണ്. അതിനാല്‍
രാഷ്ട്രീയം എന്ന് കേള്‍ക്കുമ്പോള്‍ നാം ഉറ്റുനോക്കുന്നത് ട്രംപിലേയ്ക്കും ബോറിസ് ജോണ്‍സണിലേയ്ക്കും നരേന്ദ്ര മോദിയിലേയ്ക്കും പിണറായി വിജയനിലേയ്ക്കും രമേശ് ചെന്നിത്തലയിലേയ്ക്കും ഒക്കെയാണ്. ജനങ്ങളിലേയ്ക്കല്ല.
മറിച്ച് കോവിഡ് കാലം ജനങ്ങളിലേയ്ക്ക് ഉറ്റുനോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. യാതനാകാണ്ഡങ്ങള്‍ അവരുടെ ‘ ഉള്‍പ്രദേശത്തെچ എങ്ങനെയാണ് രൂപവത്കരിക്കുക എന്നതിന് വലിയ പ്രാധാന്യമുണ്ട്. അവര്‍ വിട്ടു പോന്ന നഗരങ്ങളേയും എത്തിച്ചേര്‍ന്ന ഗ്രാമങ്ങളേയും അത് എങ്ങനെ മാറ്റിയെഴുതും എന്നതാണ് ഭാവിയെ നിര്‍ണ്ണയിക്കുക.
ഇരുപതാം നൂറ്റാണ്ടില്‍, മാര്‍ട്ടിനിക് എന്ന ഫ്രഞ്ചു കോളനിയില്‍ നിന്നും അയ്മേ സെസയര്‍ എന്ന കറുമ്പന്‍ പാരീസില്‍ പഠിക്കാന്‍ പോയി. എക്സിസ്റ്റന്‍ഷ്യലിസ്റ്റുകളുമായും സര്‍റിയലിസ്റ്റുകളുമായി കൂടിക്കഴിഞ്ഞു.
അന്ന് പാരീസില്‍ തമ്പടിച്ചിരുന്ന യൂറോപ്യന്‍ ബുദ്ധിജീവി സംഘങ്ങളില്‍ സജീവമായി സെസയര്‍ തങ്ങളെ സ്വാധീനച്ചതിനെപ്പറ്റി പല യൂറോപ്യന്‍ ബുദ്ധിജീവികളും സാക്ഷ്യം പറഞ്ഞിട്ടുണ്ട്. ഒരു ഒഴിവുകാലത്ത് സെസയര്‍ പാരീസ് വിട്ടു. മാര്‍ട്ടിനിക്കിലേയ്ക്കുള്ള കപ്പല്‍ത്തട്ടിലിരുന്ന് പാരീസിനെ നോക്കി. അതി വിചിത്രമായ ഒരു വിചാരം സെസയറെ പിടികൂടി. തനിയ്ക്കും യൂറോപ്പിനും തമ്മിലെന്ത്? ഈ വിചാരം ഉണ്ടാകുന്നത് ജന്മനാട്ടിലേയ്ക്ക് ഉള്ള മടക്കത്തിലാണ് എന്നത് പ്രധാനപ്പെട്ടതാണ്. സ്ഥലകാലങ്ങളിലൂടെയുള്ള ഒരു മടക്കം മാത്രമല്ല അതെന്ന് സെസയര്‍ക്ക് ബോധ്യപ്പെട്ടു. ആ കപ്പല്‍ത്തട്ടിലിരുന്ന് അയാള്‍ എഴുതിത്തുടങ്ങിയ കവിതയാണ് ‘ജന്മനാട്ടിലേയ്ക്കുള്ള മടക്കത്തിന്‍റെ നോട്ടുപുസ്തകംچ. പില്‍ക്കാലത്ത് കറുത്ത സാഹിത്യത്തിന് അടിത്തറയിട്ട നെഗ്രിറ്റ്യൂഡ് അഥവാ നീഗ്രോത്വം എന്ന ആശയം അവിടെ നിന്നാണ് പൊട്ടി മുളയ്ക്കുന്നത്. ഭൂഖണ്ഡങ്ങളെ പിടിച്ചു കുലുക്കിയ ഒന്നായിരുന്നു അത്. ഇന്ത്യയില്‍ ഉണ്ടായ ദളിത് സാഹിത്യ പ്രസ്ഥാനങ്ങളുടെ ഒരു വേര് അവിടെ നിന്നാണ്. ഈ കോവിഡ് കാലത്ത് നാം കണ്ട ഏറ്റവും വലിയ സമരോത്സുകത ഒരേ സമയം കൊവിഡിനേയും സ്റ്റേറ്റിനേയും ഇക്കാലത്തെ ഏറ്റവും ശക്തമായ രണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറികടന്നു കൊണ്ട് ജോര്‍ജ് ഫ്ലോയ്ഡിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിക്കാന്‍ കൂട്ടം കൂടിയതാണ്. ജന്മനാട് എന്ന ആശയത്തെ കാല്പനികതയില്‍ നിന്നും കൊടുംദേശീയതയില്‍ നിന്നും വ്യത്യസ്തമായി, ഒരു പക്ഷേ സെസയര്‍ കണ്ട പോലെ വായിക്കുകയായിരുന്നു ആ കറുത്തവര്‍.
നമുക്ക് പരിചിതമായ, ഉറച്ചു പോയ അര്‍ത്ഥങ്ങളുള്ള പരികല്പനകള്‍ വെച്ച് ഈ സാഹചര്യത്തെ നേരിടാനാകില്ല. ഇവിടെ നാം വീണ്ടും വിജയന്‍ മാഷെ ഓര്‍ക്കുന്നു.
നിയതമായ പരികല്പനകളില്‍ ഊന്നിയല്ല മാഷ് സംസാരിച്ചിരുന്നത്. നിരവധി സന്ദിഗ്ദ്ധതകള്‍ കൊരുത്തായിരുന്നു ആ ഭാഷയുടെ ഘടന പോലും.കവിത പുരട്ടാത്ത ഒരു പരികല്പനയും മാഷ് ഉപയോഗിച്ചിരുന്നില്ല. സൈദ്ധാന്തികതയും ഭാവനയും തമ്മിലുള്ള അപകടകരമായ ചേര്‍പ്പ് മാത്രമായിരുന്നില്ല അത്. മറിച്ച് മനുഷ്യരെ മുഴുവനായി പ്രതിനിധീകരിക്കുന്ന യാഥാര്‍ത്ഥ്യത്തെ ഭാഷയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമമായിരുന്നു അത്.
യൂറോപ്യന്‍ സൈദ്ധാന്തികതയുടെ മൂര്‍ത്തതയ്ക്കെതിരെ ലാറ്റിനമേരിക്കയിലേയും ഏഷ്യയിലേയും രാജ്യങ്ങളില്‍ ഉണ്ടായിട്ടുള്ള സന്ദിഗ്ദ്ധ സൈദ്ധാന്തികതയെ പ്രതിഷ്ഠിച്ചാല്‍ നമുക്ക് ഇത് എളുപ്പത്തില്‍ മനസ്സിലാകും. ആരോഗ്യം, സമ്പദ്ഘടന, രാഷ്ട്രീയം എന്നിങ്ങനെ ഇക്കാലത്ത് മുറിച്ച് മുറിച്ച് പരിശോധിക്കപ്പെടുന്നവയില്‍ നിന്ന് ചോര്‍ന്നു പോകുന്നത് മാനവികത ആണെന്ന് എളുപ്പം കണ്ടെത്താന്‍ കഴിയും എന്ന് വിജയന്‍ മാഷ് നമ്മെ പഠിപ്പിക്കുന്നു. സമകാലത്തില്‍ ഉറച്ച് നിന്ന് കൊണ്ട് ഭൂതത്തില്‍ നിന്ന് ഭാവിയിലേയ്ക്ക് പാലം പണിയുന്ന ഭാഷയുടെ ആ എഞ്ചിനീയറിംഗ് വൈദഗ്ദ്ധ്യത്തെ ഒന്നു കൂടി സ്മരിച്ച് നിര്‍ത്തട്ടെ.