ഓര്‍മയിലെ കെടാവെളിച്ചത്തിനു മുന്നില്‍ ഒരിക്കല്‍ക്കൂടി

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഒരിക്കല്‍ക്കൂടി വിജയന്‍ മാഷെ കുറിച്ച് സംസാരിക്കുകയാണ്. കൊടുങ്ങല്ലൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന څഎം എന്‍ വിജയന്‍ ഫൗണ്ടേഷന്‍’ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഇന്ന് ആരംഭിക്കുകയാണ്. വിഷയം:

എം എന്‍ വിജയന്‍ മാഷുടെ ഓര്‍മയെ മുന്‍നിര്‍ത്തി നടത്തുന്ന  പരിപാടിക്ക് തിരഞ്ഞെടുക്കാനാവുന്ന ഏറ്റവും ഉചിതമായ വിഷയം തന്നെയാണ് څഫാസിസ്റ്റുകാലത്തെ ഇടതുപക്ഷ ഭാവനയും സമരോത്സുക ജീവിതവും’എന്നത്.ഈ പരിപാടിയില്‍ സമകാല കേരളത്തിന്‍റെ സാംസ്കാരിക ജീവിതത്തെ തങ്ങളുടെ സര്‍ഗാത്മകതയുടെ ധീരമായ വിനിയോഗത്തിലൂടെ നവീകരിച്ചുകൊണ്ടേയിരിക്കുന്ന പലരും പങ്കെടുക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.വിഷയത്തിലേക്ക് പ്രവേശിച്ചുള്ള ഒരു പ്രഭാഷണം തന്നെയാവും ശ്രോതാക്കള്‍ എന്നില്‍ നിന്ന് പ്രതീക്ഷിക്കുന്നത് എന്നറിയാം.എങ്കിലും ആമുഖമെന്ന നിലയില്‍ ഫാസിസത്തിനെതിരായ ആശയ സമരത്തിന് എം എന്‍ വിജയന്‍ നല്‍കിയ സംഭാവനകളുടെ പ്രത്യേക പ്രസക്തിയെ കുറിച്ചുള്ള ചില നിരീക്ഷണങ്ങള്‍ മാത്രം ചുരുങ്ങിയ സമയത്തിനുള്ളില്‍ അവതരിപ്പിക്കുന്നതാവും എനിക്ക് ചെയ്യാനാവുന്ന കൂടുതല്‍ നല്ല കാര്യം എന്ന തോന്നലാണ് ഉള്ളത്.

മാർട്ടിൻ ഹൈടെഗ്ഗർ

വിജയന്‍ മാഷ് എന്ന വ്യക്തിയെ അദ്ദേഹം ജീവിതത്തിന്‍റെ ഏതെങ്കിലുമൊരു വിഷമ സന്ധിയില്‍ അല്ലെങ്കില്‍ പല വിഷമ സന്ധികളില്‍ നല്‍കിയ മാനസിക പിന്തുണയുടെ പേരില്‍ അളവറ്റ സ്നേഹാദരങ്ങളോടെ ഓര്‍മിക്കുന്ന അനേകമാളുകള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്.കാലം അവരെ ഓരോരുത്തരെയായി ഇല്ലാതാക്കിത്തീര്‍ക്കും എന്ന് നമുക്കറിയാം.

ഇനിയും ഏതാനും ദശകങ്ങള്‍ കൂടി കഴിഞ്ഞാല്‍ വ്യക്തി എന്ന നിലയില്‍ വിജയന്‍മാഷെ ഓര്‍ക്കുന്നവരുടെ എണ്ണം വളരെവളരെ ചുരുങ്ങും.അപ്പോഴും എം എന്‍ വിജയന്‍ മലയാളിയുടെ ധൈഷണിക ജീവിതത്തിലെ മറക്കാനാവാത്ത സാന്നിധ്യമായി തുടരും.

അതിനുള്ള കാരണങ്ങള്‍ ഒന്നൊന്നായി ചൂണ്ടിക്കാണിക്കാന്‍ വിഷമമൊന്നുമില്ല. പക്ഷേ,  ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍റെ സംഭാവനകളില്‍ ഏറ്റവും പ്രസക്തമായിത്തോന്നുന്നവയും നാം ഗൗരവപൂര്‍ണമായ ചര്‍ച്ചകളിലൂടെ മുന്നോട്ട് കൊണ്ടുപോകേണ്ടുന്നവയും ഏതൊക്കെയെന്ന് അന്വേഷിക്കാവുന്നതാവും കൂടുതല്‍ പ്രസക്തമെന്നു തോന്നുന്നു.സാഹിത്യനിരൂപണത്തില്‍ നിന്നല്ല എം എന്‍ വിജയന്‍റെ ധൈഷണിക ജീവിതം ആരംഭിക്കുന്നത്.രാഷ്ട്രീയവും പൊതുസമ്മതമായതില്‍ നിന്ന് വ്യത്യസ്തമായ മനോവ്യാപാരങ്ങളില്‍ എത്തിപ്പെടുന്നവരുടെ ആന്തരികലോകവുമൊക്കെയായിരുന്നു അദ്ദേഹത്തിന്‍റെ ആദ്യകാല വിഷയങ്ങള്‍.അവസാനഘട്ടമാവുമ്പോഴേക്കും മന:ശാസ്ത്രപരമായ അന്വേഷണങ്ങള്‍ കുറച്ചൊന്നു പിന്നോട്ട് പോവുകയും ഇന്ത്യന്‍ ഫാസിസവും നവസാമ്രാജ്യത്വവും അധിനിവേശ പ്രതിരോധവുമൊക്കെ മുന്‍നിരയിലേക്ക് വരികയും ചെയ്തു.

ബി ജെ പി ഒരു രാഷ്ട്രീയകക്ഷി എന്ന നിലയില്‍ ദേശീയതലത്തില്‍ മേല്‍ക്കൈ നേടുന്നതിന്‍റെ സൂചനകള്‍ പ്രകടമായിത്തുടങ്ങിയ ഘട്ടത്തിലാണ് ഫാസിസത്തിനെതിരെ വിജയന്‍മാഷ് തുടരെത്തുടരെ സംസാരിച്ചു തുടങ്ങിയത്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഫാസിസം പ്രയോഗിക്കപ്പെടുന്നതിന്‍റെ നാനാവശങ്ങളെ കുറിച്ച്, അതിന്‍റെ പ്രത്യക്ഷവും പരോക്ഷവുമായ തലങ്ങളെ കുറിച്ച് ഇത്രയും വിപുലവും ഗഹനവുമായ ഉള്ളടക്കത്തോടെ സംസാരിച്ച മറ്റൊരു ചിന്തകന്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല.

ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും താരതമ്യം സാധിക്കാവുന്ന ഉദാഹരണങ്ങള്‍ കണ്ടെത്തുക എളുപ്പമാവാന്‍ സാധ്യതയുമില്ല. വിജയന്‍ മാഷ് ഫാസിസത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങുമ്പോള്‍ തന്നെ നവസാമ്രാജ്യത്തിന്‍റെ താല്‍പര്യങ്ങള്‍ വിദ്യാഭ്യാസം ഉള്‍പ്പെടെയുള്ള സമസ്തമേഖലകളിലും പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു.രണ്ടിനും എതിരെ വേണ്ടത്ര ജാഗ്രത നമ്മുടെ സമൂഹത്തിലും ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തകരിലും കാണാനില്ലെന്ന വാസ്തവം വിജയന്‍മാഷെ അസ്വസ്ഥനും ആകുലനുമാക്കിയിരുന്നു. അത് രോഷമായി മാറുന്നതിന് കാലതാമസമുണ്ടാവുകയും ചെയ്തില്ല. څനമ്മള്‍ നേരിടുന്ന രണ്ട് പ്രധാന വിപത്തുകള്‍ ലോകമുതലാളിത്തത്തിന്‍റെതും ദേശീയ ഫാസിസത്തിന്‍റെതുമാണ്.’ څമൗനമാണ് ഫാസിസത്തിന്‍റെ മണ്ണ ്’എന്ന ശീര്‍ഷകത്തില്‍ പിന്നീട് പ്രസിദ്ധീകൃതമായ പ്രസംഗത്തില്‍ വിജയന്‍ മാഷ് പറഞ്ഞു. ഈ പ്രസംഗത്തില്‍ പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം മൗനമാണ് ഫാസിസത്തിന് വളരാനുള്ള വളക്കൂറുള്ള മണ്ണ് ഉണ്ടാക്കുന്നത് എന്നതാണ്.സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും കൂട്ടായ്മയിലൂടെ മാത്രമേ നമുക്ക് ഫാസിസത്തെ നേരിടാനാവൂ എന്ന് അദ്ദേഹം നമ്മെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നു. നാം വളരെ അഭിമാനപൂര്‍വം പറഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ആത്മീയതയുടെ മറുപുറം വ്യക്തമാക്കുന്ന പല നിരീക്ഷണങ്ങളും എം എന്‍ വിജയന്‍റെ പ്രഭാഷണങ്ങളില്‍കാണാം.

എൻ പ്രഭാകരൻ

ഒരു കാലത്ത് മനുഷ്യന്‍റെ ഭൗതികജീവിതത്തെ കൂടുതല്‍ മെച്ചപ്പെട്ടതാക്കിത്തീര്‍ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിച്ച വൈദിക കോഡുകളെ അവയുടെ ഭൗതികപ്രയോജനം നഷ്ടമായിക്കഴിഞ്ഞ, അല്ലെങ്കില്‍ അപ്രസക്തമായിത്തീര്‍ന്ന ഘട്ടത്തില്‍ ആണ് നാം ആത്മീയ സൂക്തങ്ങളാക്കി മാറ്റിയത് എന്ന് അദ്ദേഹം പറയുന്നു.സ്വന്തം വിരല്‍ കുടിക്കുന്ന കൃഷ്ണന്‍ ആണ് ഭാരതീയരില്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഏറ്റവും പ്രിയപ്പെട്ട സംസ്കാരിക രൂപം.സാംസ്കാരികമായ നാര്‍സിസത്തിന്‍റെ സൂചകമാണ് ഈ നിത്യശിശു എന്ന് എം എന്‍ വിജയന്‍ പറയുന്നു.പ്രവൃത്തിയല്ല നിവൃത്തിയാണ് മോക്ഷമാര്‍ഗം എന്ന

ദര്‍ശനം ഈ ആത്മരതിയുടെ ഉല്‍പന്നമാണ്. ഭാരതീയരെ കര്‍മോന്മുഖരാക്കുന്നതിന് ഗാന്ധിജി തന്‍റെതായ മാര്‍ഗങ്ങള്‍ കണ്ടെത്തി.അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് നമ്മുടെ തറികളില്‍ നമ്മുടെ പരുത്തി കൊണ്ട് വസ്ത്രമുണ്ടാക്കുക എന്നത്. ഇതേ കുറിച്ചുള്ള വിജയന്‍മാഷുടെ നിരീക്ഷണം ഇങ്ങനെയാണ്: څപക്ഷേ,പരുത്തി ഭാരതീയമല്ല,ഈജിപ്ഷ്യനാണ്.പരുത്തിയെ കുറിക്കുന്ന സംസ്കൃതവാക്കുകളെല്ലാം അറബിയില്‍ നിന്നുണ്ടായതാണ്.’

ഇങ്ങനെ നമ്മുടെ സംസ്കാരത്തെക്കുറിച്ചുള്ള,പാരമ്പര്യത്തെ കുറിച്ചുള്ള ,സ്വാശ്രയത്വത്തെ കുറിച്ചുള്ള മിഥ്യാഭിമാനങ്ങളെ വളരെ ലളിതമായ ചില വാസ്തവങ്ങള്‍ ചൂണ്ടിക്കാണിച്ച് തകര്‍ത്തെറിയുക എന്നത് എം എന്‍ വിജയന്‍ പലപ്പോഴും അവലംബിച്ചിട്ടുള്ള ഒരു രീതിയാണ്.

ഒരു സംസ്കാരവും സ്വയം പൂര്‍ണമല്ലെന്നും മനുഷ്യവംശത്തിലെ  ഏതെങ്കിലും ഒരു വിഭാഗം അതിന്‍റെ ഭൗതികവും സാംസ്കാരികവുമായ നേട്ടങ്ങളെല്ലാം മറ്റാരെയും ആശ്രയിക്കാതെ സ്വന്തമായി ഉണ്ടാക്കിയതാണെന്ന് കരുതുന്നത് ചരിത്രത്തെ കുറിച്ചുള്ള അജ്ഞത കൊണ്ടാണെന്നും വിജയന്‍മാഷ് ഇടക്കിടെ വ്യക്തമാക്കിയിരുന്നു.ഈ നിലപാട് അദ്ദേഹത്തിന് മുമ്പ് സ്വീകരിച്ചിട്ടുള്ള ആള്‍ കേസരി ബാലകൃഷ്ണപിള്ളയാണ്.

പുനത്തിൽ കുഞ്ഞബ്ദുള്ള

ചരിത്രത്തിലൂടെ സഞ്ചരിച്ചു സഞ്ചരിച്ച് നാം അതി വിദൂരഭൂതകാലത്തിലെത്തിയാല്‍ മനുഷ്യരെല്ലാം ഏകോദര സഹോദരന്മാരാണെന്നും ഒരു സംസ്കാരവും സ്വയംഭൂവല്ലെന്നും കൃത്യമായി ബോധ്യപ്പെടും. ഉപ്പുസത്യാഗ്രഹത്തിന്‍റെ പൊരുള്‍ വ്യക്തമാക്കുന്നതിനിടയില്‍ വിജയന്‍മാഷ് പറഞ്ഞു: ക്രിസ്തീയ കൃതികളില്‍ തല്‍പരനായിരുന്ന ഗാന്ധിജിയെ څനീ ഭൂമിയുടെ ഉപ്പാകുന്നു’ എന്ന ബൈബിള്‍ വചനം സ്വാധീനിച്ചിരിക്കാം. ഉപ്പ് തിരികെ എടുക്കുക എന്ന ക്രിസ്ത്യന്‍ തത്വമനുസരിച്ച് ഇന്ത്യയുടെ ആത്മാവ് തിരിച്ചെടുക്കാം എന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു.’ ഇങ്ങനെ നാം തികച്ചും സ്വതന്ത്രം,മൗലികം എന്നൊക്കെ കരുതിയ ആശയങ്ങള്‍ക്കു പിന്നില്‍പ്പോലും അന്യദേശങ്ങളിലും അന്യസംസ്കാരങ്ങളിലും രൂപം കൊണ്ട ദര്‍ശനങ്ങളുടെ സ്വാധീനമുണ്ട് എന്ന് സ്ഥാപിക്കുന്നതില്‍ വിജയന്‍മാഷ്ക്കുണ്ടായ സവിശേഷമായ താല്‍പര്യം തന്നെയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ഒരു നോവലുമായി ബന്ധപ്പെട്ട് സാഹിത്യമോഷണം എന്ന ആരോപണം ഉയര്‍ന്നു വന്നപ്പോള്‍ സാഹിത്യത്തില്‍ മൗലികത എന്ന ഒന്ന് ഇല്ല എന്ന് പറയുന്നിടത്തോളം അദ്ദേഹത്തെ കൊണ്ടുചെന്നെത്തിച്ചത്. മൗലികത എന്ന ആശയത്തെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ അദ്ദേഹം തള്ളിപ്പറഞ്ഞുവെങ്കിലും അന്യര്‍ക്ക് വിധേയപ്പെട്ടുകൊണ്ടല്ലാതെയും

അഭൂതപൂര്‍വമായ സര്‍ഗാത്മക സൗന്ദര്യം നല്‍കിയും ആശയങ്ങള്‍ അവതരിപ്പിക്കാനുള്ള ശേഷിയെയാണ് മൗലികത എന്ന പദംകൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ എം എന്‍ വിജയന്‍ തീര്‍ച്ചയായും അസാധാരണമായ മൗലികതയുള്ള ഒരു സ്വതന്ത്ര ചിന്തകന്‍ തന്നെയായിരുന്നു.

ആധുനികോത്തര കാലത്ത് നമ്മുടെ ബുദ്ധിജീവികളും സാഹിത്യനിരൂപകരും ആവര്‍ത്തിച്ച് ചര്‍ച്ച ചെയ്യുകയും ഉദ്ധരിക്കുകയും ചെയ്യുന്ന വൈദേശിക ബുദ്ധിജീവികളില്‍ പലരുടെയും ചിന്തകളുടെ ആഴക്കുറവും അനാവശ്യമായി അവര്‍ സൃഷ്ടിച്ചെടുക്കുന്ന സങ്കീര്‍ണതയും മറ്റും അടുത്തറിയുമ്പോഴാണ് എം എന്‍ വിജയന്‍ എന്ന കേരളീയ ചിന്തകന്‍റെ ധൈഷണികത എത്രമേല്‍ മൗലികവും സര്‍ഗാത്മകവും സത്യസന്ധവുമായിരുന്നു എന്ന് കൂടുതല്‍ കൃത്യമായി മനസ്സിലാവുക.

ഒറ്റ ഒരുദാഹരണം കൊണ്ട് ഇക്കാര്യം ഞാന്‍ വ്യക്തമാക്കാം.

ജര്‍മന്‍ തത്വജ്ഞാനിയായ മാര്‍ട്ടിന്‍ ഹെഡെഗ്ഗര്‍ (ങമൃശേി ഒലശറലഴഴലൃ) നാസിപാര്‍ട്ടി മെമ്പറായിരുന്നു.ഒരു ഘട്ടത്തിലും അദ്ദേഹം ഹിറ്റ്ലറെ തള്ളിപ്പറഞ്ഞില്ല.ജര്‍മനിയില്‍ നടന്ന അതിഭീമവും അത്യന്തം മനുഷ്യത്വരഹിതവുമായ വംശഹത്യയെക്കുറിച്ചും അതിന് ഹിറ്റ്ലര്‍ അവലംബിച്ച രീതികളെക്കുറിച്ചുമെല്ലാം അദ്ദേഹം മൗനം പാലിക്കുകയാണ് ചെയ്തത്. ശിഷ്യന്മാരും സുഹൃത്തുക്കളും പല കുറി പ്രേരിപ്പിച്ചിട്ടും ഹെഡെഗ്ഗര്‍ മൗനം വെടിഞ്ഞില്ല.അസ്തിത്വവാദികളും അല്ലാത്തവരുമായ ചിന്തകന്മാര്‍ ഹെഡെഗ്ഗര്‍ തന്‍റെ മൗനത്തിലൂടെ ഹിറ്റ്ലറുടെ കൊടും ക്രൂരതകള്‍ക്ക് നല്‍കിയ പിന്തുണയെ തള്ളിപ്പറഞ്ഞിട്ടുണ്ട്.പക്ഷേ, ആധുനികോത്തര ചിന്തകരില്‍ പ്രമുഖനായ ദെറീദയുടെ നിലപാട് വ്യത്യസ്തമായിരുന്നു. څഔഷ് വിറ്റ്സ് ഒരു സമ്പൂര്‍ണഭീകരത തന്നെയായിരുന്നു.ഞാനതിനെ അപ്പാടെ തള്ളിപ്പറയുന്നു’ എന്ന് ഹെഡെഗ്ഗര്‍  പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന് ചോദിച്ച ശേഷം څഅത്തരമൊരു പ്രസ്താവം നമ്മുടെ പ്രതീക്ഷകളെ തൃപ്തിപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ മൗനത്തെ കുറിച്ചുള്ള നമ്മുടെ ചര്‍ച്ചകളുടെ   അധ്യായം അവിടെ അവസാനിക്കുകയും ചെയ്യുമായിരുന്നു;പിന്നെ നമുക്ക് സംവാദം സാധിക്കാനും അമ്പരക്കാനും കാര്യമായി ഒന്നും അവശേഷിക്കില്ല.’  എന്ന്  സ്വയം ഉത്തരം പറഞ്ഞ ശേഷം ദെറീദ തുടരുന്നത് ഇങ്ങനെയാണ് : څഅങ്ങനെയായാല്‍ ആ മൗനത്തിന്‍റെയും ഹിറ്റ്ലര്‍ക്കെതിരെ സംസാരിക്കാനുള്ള ബാധ്യതയുടെ നിരാകരണം ഹെഡെഗ്ഗറുടെ ദര്‍ശനവുമായി പുലര്‍ത്തുന്ന ബന്ധത്തിന്‍റെയും നാനാവശങ്ങളെയും ധ്വനികളെയും കുറിച്ച്  ചിന്തിക്കാനുള്ള ബാധ്യതയില്‍ നിന്ന്  നാം പുറന്തള്ളപ്പെടുകയാണ് ചെയ്യുക.താന്‍ ചിന്തിക്കാതിരുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനുള്ള കല്‍പനയാണ് ഹെഡെഗ്ഗര്‍ തന്‍റെ മൗനത്തിലൂടെ നമുക്ക് തന്നിരിക്കുന്നത്.’ ചുരുക്കത്തില്‍, ദെറീദയുടെ നോട്ടത്തില്‍ ഹെഡെഗ്ഗര്‍  ഫാസിസത്തിനെതിരെ സംസാരിച്ചിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്നതിനേക്കാള്‍ അധികം ഫലം ഉണ്ടായിരിക്കുന്നത് അദ്ദേഹം സംസാരിക്കാതിരുന്നതിലൂടെയാണ്. അതാണ് കൂടുതല്‍ ഉല്‍പാദനക്ഷമം.ഇത്തരത്തിലുള്ള

വക്രയുക്തികള്‍ ഉന്നയിക്കുന്ന കുറേയേറെ ബുദ്ധിജീവികളെ സമകാലകേരളത്തിലും നമുക്ക് കാണാം.തത്വചിന്തയെന്നാല്‍ ഇങ്ങനെ വികടവാദങ്ങള്‍ ഉന്നയിച്ചുകൊണ്ടേയിരിക്കലാണ് എന്നാണ് അവര്‍ ധരിച്ചുവെച്ചിരിക്കുന്നത്.

ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തില്‍ ഒരാള്‍ ഭരണാധികാരിയുടെ ഹിംസയ്ക്കെതിരെ, ഹിംസയില്‍ ഊന്നുന്ന ദര്‍ശനത്തിനെതിരെ,ആ ദര്‍ശനത്തിന്‍റെ ഫലമായ വംശഹത്യക്കെതിരെ,കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയ്ക്കെതിരെ മിണ്ടാതിരുന്നത് മിണ്ടുന്നതിനേക്കാള്‍ എത്രയോ നന്നായി, അതു വഴി നമുക്ക് നീണ്ട നീണ്ട ചര്‍ച്ചകള്‍ക്കുള്ള വിഷയം കിട്ടി എന്നു പറയുന്നത് മുഴുവന്‍ മനുഷ്യരെയും പരിഹസിക്കുന്നതിന് തുല്യമാണ്. അതിബുദ്ധി നല്‍കിയ സാമര്‍ത്ഥ്യമാണ് ഈ പറച്ചിലിനു പിന്നിലുള്ളതെന്ന് പറയാന്‍ കഴിയുമായിരിക്കും.പക്ഷേ, അതി ബുദ്ധി അതിയായ ബുദ്ധിശൂന്യതയുടെ പര്യായമേ ആവുകയുള്ളൂ. ബൗദ്ധികമായ സത്യസന്ധതയില്ലായ്കയെ, അല്ലെങ്കില്‍ തികഞ്ഞ ബുദ്ധിശൂന്യതയെത്തന്നെ ഇങ്ങനെ നിരന്തരം ആഘോഷിച്ചുകൊണ്ടേയിരിക്കുന്ന ദെറീദയുടെ ഈ ശിഷ്യന്മാര്‍ക്ക് എം എന്‍ വിജയനെ ഒരിക്കലും മനസ്സിലാക്കാനാവില്ല. അതില്‍ നമുക്ക് തീര്‍ച്ചയായും ആഹ്ലാദിക്കാം.

ഒരു കാര്യം കൂടി പറഞ്ഞ് ഞാന്‍ അവസാനിപ്പിക്കാം.

പുരോഗതിക്ക് തടസ്സമാകുന്ന ജീര്‍ണ ചിന്തകള്‍ ജീര്‍ണവസ്ത്രങ്ങള്‍ പോലെ ഉപേക്ഷിക്കണമെന്ന നിലപാടുകാരനായിരുന്നു എം എന്‍ വിജയന്‍.ക്ലാസ്മുറിയിലും പ്രസംഗവേദിയിലും എഴുത്തിലുമെല്ലാം അദ്ദേഹം എല്ലായ്പ്പോഴും പതിവു വഴികളില്‍ നിന്ന് മാറിനടക്കുകയാണ് ചെയ്തത്.

ദേരീദ

ശീലമാണ്, ആവര്‍ത്തനമാണ് ജീര്‍ണത സൃഷ്ടിക്കുന്നത്. സ്വയം ജീര്‍ണിക്കാതിരിക്കുന്നതില്‍ നിരന്തരം ജാഗ്രത പുലര്‍ത്തിപ്പോന്നതുകൊണ്ടാണ് അദ്ദേഹം അധ്യാപനത്തെക്കുറിച്ചും പ്രസംഗഭാഷയെക്കുറിച്ചും ആശയാവതരണത്തിന്‍റെ ക്രമത്തെ കുറിച്ചുമുള്ള സാമാന്യധാരണകള്‍ക്കെതിരായ നിലപാട് സ്വീകരിച്ചത്.ഇങ്ങനെ ചെയ്തതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്‍റെ ക്ലാസുകളും സാഹിത്യനിരൂപണങ്ങളും പ്രഭാഷണങ്ങളുമെല്ലാം പൂര്‍വമാതൃകകളില്ലാത്ത അനന്യമായ അനുഭവങ്ങളായത്. അവയുടെ രൂപതലത്തിലുള്ള ഭംഗിയെ ഉദ്ദേശിച്ചു മാത്രമല്ല,ആശയങ്ങള്‍ സ്വന്തം നിലയ്ക്കും പരസ്പരബന്ധത്തിലും പുലര്‍ത്തുന്ന മികവിനെ കൂടി സൂചിപ്പിക്കുന്നതിനു വേണ്ടിക്കൂടിയാണ് ഞാന്‍ ഇത് പറഞ്ഞത്. എന്നാല്‍ ഇത്തരത്തിലുള്ള സ്വാതന്ത്ര്യത്തിന് ചിലപ്പോള്‍ സംഭവിക്കാവുന്ന ചില വീഴ്ചകളും വിജയന്‍മാഷുടെ ചിന്തകളുടെ ആവിഷ്കാരത്തില്‍ കാണാവുന്നതാണ്.അവയില്‍ മിക്കതും പ്രസംഗത്തിന് അദ്ദേഹം സ്വീകരിച്ച സവിശേഷമായ  രൂപം ആവശ്യമാക്കിത്തീര്‍ക്കുന്ന സംഗ്രഹണത്തിന്‍റെയും ആ സംഗ്രഹണം സാധ്യമാക്കുന്നതിനായി അദ്ദേഹം ഉപയോഗിക്കുന്ന ഐറണികളുടെയും അതായത് വിരുദ്ധോക്തികളുടെയും ഫലമായിട്ടാണെന്നു കാണാം. അങ്ങനെയല്ലാതുള്ള ഒറ്റപ്പെട്ട ചില ഉദാഹരണങ്ങളും ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയും. പക്ഷേ,അവയെ മാത്രം മുന്‍നിര്‍ത്തി വിജയന്‍മാഷുടെ ധൈഷണിക ജീവിതത്തെ ചെറുതാക്കി കാണിക്കാനുള്ള ശ്രമങ്ങള്‍ ഏറ്റവും മിതമായി പറഞ്ഞാല്‍ നിന്ദ്യമാണ്. അതോടൊപ്പം മറ്റൊരു കാര്യം കൂടി ഈ സന്ദര്‍ഭത്തില്‍ പ്രത്യേകമായി ഓര്‍മിപ്പിക്കേണ്ടതുണ്ട് എന്നു ഞാന്‍ കരുതുന്നു.

എം എന്‍ വിജയനെപ്പോലുള്ള ഒരു ചിന്തകന്‍ അര്‍ഹിക്കുന്നത് കേവലമായ സ്തുതിയല്ല. എത്രമേല്‍ സ്വാതന്ത്ര്യബോധമുള്ള ഒരു മനുഷ്യനിലും അയാളുടെ ചിന്താജീവിതം ആരംഭിച്ച കാലത്ത് അദ്ദേഹത്തെ സ്വാധീനിച്ച ആശയങ്ങളും അക്കാലത്ത് സ്വാനുഭവങ്ങളുടെയും താന്‍ വായിച്ചറിഞ്ഞ കാര്യങ്ങളുടെയുമെല്ലാം അടിസ്ഥാനത്തില്‍  സ്വരൂപിച്ച ലോകബോധവും സ്വാധീനിക്കാതിരിക്കില്ല. അവയ്ക്കുള്ള പരിമിതികള്‍ കണ്ടെത്തുന്നത് മിക്കവാറും അടുത്ത തലമുറയിലെ ആളുകളായിരിക്കാം.അവര്‍ക്ക് അവ ചൂണ്ടിക്കാണിക്കാം.

എം എന്‍ വിജയന്‍റെ ചിന്താലോകത്തില്‍ തങ്ങള്‍ക്ക് ബോധ്യപ്പെടാതുള്ള കാര്യങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം.അദ്ദേഹത്തെ തിരുത്താം. പൂരിപ്പിക്കാം.അദ്ദേഹം നിര്‍ത്തിയേടത്തു നിന്ന് മുന്നോട്ടു പോവാം. അങ്ങനെ ഉയര്‍ന്ന സംവാദശേഷിയോടെ തന്നെ സമീപിക്കാന്‍ കഴിയുന്ന വായനക്കാരെയും ചിന്തകരെയുമാണ് കേവലാരാധകന്മാരെയല്ല എം എന്‍ വിജയന്‍ അര്‍ഹിക്കുന്നത്. ഈ പ്രഭാഷണ പരമ്പരയിലോ തുടര്‍ന്നുള്ള ചര്‍ച്ചകളിലോ അങ്ങനെയുള്ള പലരും തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ തങ്ങളുടെ സാന്നിധ്യം അറിയിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്  ഈ പ്രഭാഷണ പരമ്പര  ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുകയാണ്.

Leave a Reply