Old Delhi Janashakthionline

ഓര്‍മ്മകളിലെ പഴയ ഡല്‍ഹി മടങ്ങി വരുമോ….?

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

1996 മെയ് അവസാനം കേരള എക്സ്പ്രസ്സില്‍ ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പുറത്ത് ജോഷി ജോസഫ് ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് എത്തി സ്വീകരിക്കാന്‍ കാത്തു നിന്നിരുന്നു. അന്ന് മൊബൈല്‍ ഫോണുകള്‍ അപൂര്‍വ്വമായിരുന്ന കാലം. സ്കൂളില്‍ സഹപാഠിയായിരുന്ന  ജോഷിക്ക് കത്തയച്ചാണ് വരുന്ന വിവരവും തീവണ്ടി ബോഗി നമ്പറും അറിയിച്ചത്. കൃത്യമായി എത്തിയ ജോഷി ആദ്യമായി ഡല്‍ഹിയിലെത്തിയ എന്നെയും കൂട്ടി സ്റ്റേഷന് പുറത്തേയ്ക്ക് നടന്ന് നീങ്ങിയത് ഓര്‍ക്കുന്നു. എന്തൊരു തിരക്കായിരുന്നു. ജനങ്ങള്‍ ഒഴുകുന്നു, അതിനിടയിലൂടെ തിക്കി തിരക്കി പുറത്തിറങ്ങി.

2020 മെയ് മാസം ഇതേ സ്റ്റേഷനില്‍ കേരളത്തിലേയ്ക്കുള്ള പ്രത്യേക തീവണ്ടിയില്‍ സുഹൃത്തിനെ യാത്രയാക്കിയപ്പോള്‍ കണ്ട കാഴ്ച്ച മറ്റൊന്ന്. പരിസരം  ശൂന്യം.  ന്യൂഡല്‍ഹി സ്റ്റേഷനില്‍ സാമൂഹ്യ അകലം പാലിച്ച് യാത്രക്കാര്‍ മാത്രം വരി നില്‍ക്കുന്നു. തിക്കും തിരക്കും ഇല്ല.

 എന്നാല്‍ 2020 ജൂണ്‍ മാസം. ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പഴയ പോലെ ജനങ്ങള്‍ ഒഴുകി നടക്കുന്നു. ഒരു സാമൂഹ്യ അകലവും പാലിക്കുന്നില്ല. മിക്കവരും മുഖം മറച്ചിട്ടുണ്ട് എന്ന് പറയാം. ഡല്‍ഹി പഴയ ഡല്‍ഹി പോലെ ആയി വരുന്നു. ജനങ്ങള്‍ ഡല്‍ഹിയില്‍ കൊറോണയ്ക്ക് ഒപ്പം തന്നെയാണ്. രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ മഹാരാഷ്ട്ര കഴിഞ്ഞാല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയാണ് മുന്‍ നിരയില്‍.  

മാര്‍ച്ച് 2 നാണ് ഡല്‍ഹിയില്‍ ആദ്യമായി കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂണ്‍ രണ്ടാം വാരം അവസാനിക്കാറായപ്പോള്‍ ഡല്‍ഹിയിലെ കണക്ക് 33000 കടന്നിരിക്കുന്നു. ദിവസവും 1500 പുതിയ രോഗികള്‍ ഉണ്ടാകുന്നു എന്നത് ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്.

ഡല്‍ഹിയില്‍ സാമൂഹ്യ വ്യാപനം ഉണ്ടായിരിക്കുന്നു എന്ന് ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ പരസ്യമായി പറഞ്ഞു. പക്ഷെ, കേന്ദ്ര സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ല. ജൂലൈ അവസാനത്തോടെ ഡല്‍ഹിയില്‍ അഞ്ചര ലക്ഷം കോവിഡ് രോഗികള്‍ ഉണ്ടാകുമെന്ന്  ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് മുന്നില്‍ കണ്ട് ഡല്‍ഹിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ കൊവിഡ് ആശുപത്രികളാക്കുന്ന നടപടി ആരംഭിച്ചിട്ടുണ്ട്.ലോക് ഡൗണിന്‍റെ ആദ്യ നാളുകളില്‍ റോഡുകള്‍ വിജനമായിരുന്നു. ഇപ്പോള്‍ റോഡുകള്‍ നിറയെ വാഹനങ്ങള്‍  ഓടുന്നു. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ (ഡിറ്റിസി) ബസുകള്‍ ഓടുന്നു. മെട്രോ ഓടുന്നില്ല. ട്രാഫിക്ക് കുരുക്ക് പഴയ പോലെ ഡല്‍ഹിയിലുണ്ട്. എന്നാല്‍ ആരും പഴയ പോലെ ഗൃഹ സന്ദര്‍ശനം നടത്തുന്നില്ല. സൗഹൃദ കൂട്ടായ്മ ഇല്ല. പൊതു പരിപാടികളില്ല. പക്ഷെ ജനങ്ങള്‍ റോഡിലുണ്ട്. ഡല്‍ഹിയിലെ ഓഫീസുകള്‍ തുറന്നിരിക്കുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറത്തിയാണ് സ്വകാര്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. നിവര്‍ത്തികേടുകൊണ്ട് ജോലിക്ക് പോകുന്നവരാണ് ഭൂരിപക്ഷവും. ജീവിക്കാന്‍ പണം വേണം. പണം വേണമെങ്കില്‍ തൊഴില്‍ വേണം. മരണം മുന്നില്‍ കണ്ടാന്ന് എല്ലാവരും നിരത്തുകളില്‍ ഇറങ്ങുന്നത്.

ദില്ലിയിൽ ബസ്സ് സ്റ്റോപ്പിൽ തെർമൽ പരിശോധന

ഡല്‍ഹി നിരത്തുകളില്‍ ഇപ്പോള്‍ കൂടുതല്‍ സൈക്കിള്‍ സവാരിക്കാരുണ്ട് . ഇത്  ഇപ്പോള്‍ പതിവ് കാഴ്ച്ചയാണ്. ജോലി സ്ഥലത്തേയ്ക്ക് സുരക്ഷിത യാത്രയാണ് എല്ലാവരും ആഗ്രഹിക്കുന്നത് എന്നാണ് ഇത് കാണിക്കുന്നത്. കുടുംബം പട്ടിണിയിലാകാതിരിക്കാന്‍ അവര്‍ കഴിവതും സുരക്ഷിതരായി സൈക്കിള്‍ ചവുട്ടി ജോലിക്ക് എത്തുന്നു. പക്ഷെ, ഇവരില്‍ പലരും കൊറോണ വൈറസ് വാഹകരാകുന്നു. ഒറ്റമുറി വീടുകളില്‍ കഴിയുന്ന കുടുംബം കൊറോണയുടെ പിടിയിലാകുന്നു. ശാരീരിക ബുദ്ധിമുട്ടുകളുള്ളവര്‍ തോല്‍ക്കുന്നു. അല്ലാത്തവര്‍ ജയിക്കുന്നു.

കൊറോണയോടൊപ്പം ജീവിക്കാം എന്ന മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഒരു മാസം മുന്‍പേ ജനങ്ങളോട് പറഞ്ഞിരുന്നു. അതിന് മാനസികമായി തയ്യാറാവണമെന്നും പറഞ്ഞിരുന്നു. പിന്നീട് കേജരിവാളിന്‍റെ നടപടി  കേന്ദ്ര സര്‍ക്കാരും പിന്തുടരുകയാണുണ്ടായത്. ജനങ്ങള്‍ പക്ഷെ കൊറോണയുടെ വ്യാപ്തിയും, വിപത്തും മനസിലാക്കിയോ എന്നറിയില്ല.

ഡല്‍ഹിയില്‍ കോവിഡ് പോസിറ്റീവ് ആയ രോഗികളെ പ്രവേശിപ്പിക്കാന്‍ ആശുപത്രികള്‍ തയ്യാറാകുന്നില്ല. കിടയ്ക്ക ഒഴിവില്ല എന്നാണ് മറുപടി. ആശുപത്രികളില്‍ സാമൂഹു അകലം

പാലിക്കണം എന്നത് നടപ്പിലാക്കുന്നില്ല. കൊവിഡ് ലക്ഷണമുള്ളവര്‍ വീടുകളില്‍ തന്നെ ക്വാറന്‍റയിന്‍ ചെയ്യാനാണ് സര്‍ക്കാര്‍ ഉപദേശിക്കുന്നത്. ഒന്നാലോചിച്ചാല്‍ അത് തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം. ആശുപത്രികള്‍ എല്ലാം കൊറോണ വൈറസ് കൊണ്ട് നിറഞ്ഞിരിക്കുന്നു. കൊവിഡ് പോസിറ്റീവ് ആയവര്‍ പോലും അത് മറച്ച് വെച്ച് സമൂഹത്തില്‍ ഇറങ്ങി നടക്കുന്നു ഡല്‍ഹിയില്‍ സമൂഹ്യ വ്യാപനം നടന്നു കഴിഞ്ഞു എന്നത് ഒരു സര്‍ക്കാരും തല്‍ക്കാലം അംഗീകരിക്കില്ല.

സാക്ഷരത ഉളളവര്‍ സ്വയം ചികിത്സ നടത്തി രക്ഷപ്പെടും. പക്ഷെ ഡല്‍ഹിയില്‍ തൊഴില്‍ മേഖലയില്‍ എന്നല്ല ഉന്നത ബിസ്സിനസ് നടത്തുന്നവരില്‍ പലരും ആരോഗ്യ സാക്ഷരത ഇല്ലാത്തവരാണ്. അവര്‍ കൊറോണയുടെ കാലത്ത് പ്രാഥമിക മുന്നറിയിപ്പുകള്‍ പോലും അവഗണിച്ച്  കൊറോണയ്ക്ക് അടിമപ്പെടുന്ന കാഴ്ച്ച ദയനീയമാണ്.

അറിവില്ലായ്മ പലരുടേയും ജീവനെടുക്കാന്‍ കാരണമായി.

കൊറോണ പിടിപെട്ടവരെ ഒറ്റപ്പെടുത്തുന്ന ക്രൂരനടപടികള്‍ ഡല്‍ഹിയില്‍ എത്രയോ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഇത് മരണ നിരക്ക് കൂടാന്‍ ഒരു കാരണമായിട്ടുണ്ട്. ഡല്‍ഹിയില്‍ കേരളത്തിലെ പോലെയല്ല താമസം. അടുത്തടുത്ത വീടുകളാണ്. സാമൂഹ്യ അകലം സൂക്ഷിക്കാന്‍ പലപ്പോഴും സാധിക്കില്ല. ഡല്‍ഹിയില്‍ ഒട്ടേറെ ചേരികള്‍ ഉണ്ട്. അവിടെ രോഗം പടരുന്നു. മരണപ്പെടുന്നവരെ സംസ്ക്കരിക്കുന്നതിന് ജനങ്ങള്‍ ഭയക്കുന്നു. ജനങ്ങളില്‍ ഭയം ഉള്ളില്‍ ഉണ്ടെന്നതാണ് സത്യം .

ഡല്‍ഹിയിലെ വീടുകളില്‍ പട്ടിണി കടന്നു കൂടിയിരിക്കുന്നു. കൊറോണ വൈറസിന്‍റെ വ്യാപനത്തിന് ഇത് മറ്റൊരു കാരണമാണ്. പണമില്ലാത്തതാണ് അങ്ങിനെ പട്ടിണി കൂടുവാന്‍ കാരണം. കൊറോണ മരണം കൂടാതെ ഡല്‍ഹിയില്‍ പട്ടിണി മരണവും നടക്കുന്നു എന്നത് തിരിച്ചറിയണം. ഡല്‍ഹി സര്‍ക്കാരും സന്നദ്ധ സംഘടനകളും സൗജന്യ ഭക്ഷണ വിതരണം നടത്തുന്നുണ്ട് എന്നത് സത്യം തന്നെയാണ്. പക്ഷെ എല്ലായിടത്തും ഇത് എത്തുന്നില്ല എന്നിടത്താണ് പരാജയം

ദില്ലിയിൽ മരിച്ച കൊവിഡ് രോഗിയെ കുഴിമാടത്തിൽ അടക്കം ചെയ്യുന്നു

ഡല്‍ഹിയില്‍ ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ഥിരീകരണത്തിന് നില്‍ക്കാതെ ആയിരത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ സ്വയം ക്വാറന്‍റയിനില്‍  ആന്‍റിബയോട്ടിക്കും, മറ്റുമായി വീട്ടില്‍ കഴിയുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ മാനേജ്മെന്‍റ് ഒരുക്കുന്നില്ല. ജീവനില്‍ കൊതിയുള്ള പലരും അതൊക്കെ സ്വയം വാങ്ങുകയാണ്. ഭയം കൊണ്ട് ജോലി ഉപേക്ഷിച്ച് ജന്മനാട്ടിലേക്ക് മടങ്ങിയ പറ്റിയ ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികമാണ്. ഇതില്‍ ഭൂരിപക്ഷവും മലയാളികളാണ്.

ഡല്‍ഹിയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ മലയാളിയായ എച്ച് ആര്‍ മാനേജര്‍ പങ്കുവെച്ച അനുഭവം ഞെട്ടിക്കുന്നതാണ്. ഓരോ രോഗിയില്‍ നിന്നും ലക്ഷങ്ങളാണ് ബില്ലിടുന്നത്.  കൊവിഡിന്‍റെ പേരില്‍ കൂട്ടിന് ഒരാളെ പോലും ആശുപത്രിയില്‍ അനുവദിക്കില്ല.

ഭയപ്പെടുത്തുന്ന കണക്കുകളാണ് ഡല്‍ഹില്‍ നിന്ന് പുറത്ത് വരുന്നതെന്നാണ് പലരും പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രോഗികളുടെ എണ്ണവും. മരണ സംഖ്യയും പുറത്തറിയുന്നതിലും എത്രയോ കൂടുതലാണ്. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം ഡല്‍ഹിയില്‍ സംസ്ക്കരിച്ച ശരീരങ്ങള്‍ ഔദ്യോഗിക കണക്കില്‍ നിന്ന് വളരെ കൂടുതലാണെന്ന്  മാധ്യമങ്ങള്‍ തെളിവ് സഹിതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മൂന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍ നല്‍കിയ കണക്കും, ഡല്‍ഹി സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കും തമ്മില്‍ ഇരട്ടിയുടെ  വ്യത്യാസമുണ്ട്.

ഡല്‍ഹി ഒരു സാംസ്ക്കാരിക കേന്ദ്രമാണ്. കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പാര്‍ക്ക്, മണ്ഡി ഹൗസിലെ ഗ്യാലറികള്‍, ആഡിറ്റോറിയങ്ങള്‍, ഹാബിറ്റേറ്റ് സെന്‍ററും, ഇന്ത്യാ ഇന്‍റര്‍നാഷണല്‍ സെന്‍ററും എത്രയോ സാംസ്ക്കാരിക പരിപാടികള്‍ക്ക് വേദിയാണ ്. ഇവിടെല്ലാം ഒരു കാഴ്ച്ചക്കാരനായി എത്രയോ തവണ പോയിരിക്കുന്നു. നാടകം, ഡാന്‍സ്, പാട്ട് എന്ന് വേണ്ട രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കലാപരിപാടികള്‍ ഇവിടെ നടക്കും.ഇതു വഴി ജൂണ്‍ ആദ്യവാരം കാറോടിച്ച് പോയപ്പോള്‍  ഈ സാംസ്ക്കാരിക കേന്ദ്രങ്ങള്‍ ശൂന്യമാണ്. അതിന് മുന്നില്‍ നിറയെ കരിയിലകള്‍ കുമിഞ്ഞു കൂടികിടക്കുന്നു. ഗ്യാലറികളും, ആഡിറ്റോറിയവും അടഞ്ഞു കിടക്കുന്നു. സിനിമാശാലകള്‍ അടഞ്ഞു കിടക്കുന്നു. പ്രമുഖ മാര്‍ക്കറ്റുകള്‍ അടഞ്ഞു കിടക്കുന്നു. വഴിയോര കച്ചവടക്കാരില്ല. പക്ഷെ, പ്രാദേശിക മാര്‍ക്കറ്റുകള്‍ തുറന്നിരിക്കുന്നു. ജനങ്ങള്‍ അവിടെയാണ് ഇപ്പോള്‍ തിങ്ങി കൂടുന്നത്. ആവശ്യ സാധനങ്ങള്‍ക്ക് ഡല്‍ഹിയില്‍ ക്ഷാമമില്ല. വ്യത്യസ്ത വര്‍ണ്ണങ്ങളിലും രൂപങ്ങളിലുമുള്ള

മാസ്കും, വ്യത്യസ്ത മണങ്ങളുള്ള സാനിറ്റൈസറും മാര്‍ക്കറ്റില്‍ സുലഭമാണ്. വ്യാജന്‍മാര്‍ വ്യാപകമായി ഈ കോവിഡ് കാലത്തും വിലസുന്നു.

ആവശ്യം കണ്ടറിഞ്ഞ് ജീവിക്കാന്‍ ജനങ്ങള്‍ പഠിച്ചിരിക്കുന്നു. തൊഴിലില്ലായ്മ ഏറി വരുന്നു. ശമ്പളം വെട്ടി കുറച്ച് ഒട്ടേറെ സ്വകാര്യ സ്ഥാപനങ്ങള്‍. വര്‍ക്ക് അറ്റ് ഹോം എന്ന പ്രഖ്യാപനവും പകുതി ശമ്പളവുമായി മറ്റൊരു കൂട്ടര്‍. ഇതിനിടയില്‍ ദിവസ കൂലിക്കാരായ പാവങ്ങള്‍ നിവൃത്തി ഇല്ലാതെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് പലായനം ചെയ്യുന്നു.

ഒരു കാര്യം ജനങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്. കൊറോണ വൈറസ് അത്ര ഭീകരനല്ല. അതിനെ ക്ഷണിച്ചു വരുത്തിയാലേ ഉപദ്രവകാരിയാകൂ. അതിന് സാമൂഹ്യ അകലം പാലിക്കണം. മാസ്ക് ധരിക്കണം,  സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയായി കഴുകണം. സാനിറ്റൈസര്‍  ഉപയോഗിച്ച് അണുവിമുക്തമാക്കണം. ഇതൊരു ശീലമാക്കി കുറച്ച് നാള്‍ ആവശ്യങ്ങള്‍ക്ക് മാത്രം കരുതലോടെ പുറത്തിറങ്ങിയാല്‍ സ്വയം സുരക്ഷിതനാകാം.

ഡല്‍ഹിയിലെ തിരക്കേറിയ വൈകുന്നേരങ്ങള്‍, സാംസ്ക്കാരിക പരിപാടികള്‍, യോഗങ്ങള്‍, ചര്‍ച്ചകള്‍, വിവാഹ ആഘോഷങ്ങള്‍, ജന്‍മദിന ആഘോഷങ്ങള്‍, വാര്‍ഷികങ്ങള്‍, എല്ലാം ഓര്‍മ്മ ആവുകയാണോ…. പ്രഗതി മൈതാനിയിലെ ട്രേഡ് ഫെയര്‍ , ബുക്ക് ഫെയര്‍ , എന്നിവ ഓര്‍മ്മകള്‍ മാത്രമാകാമോ ….? രാജ്പഥിലൂടെ റിപ്പബ്ലിക്ക് പരേഡുണ്ടാകുമോ…. ? 

2020 ഫെബ്രുവരി 25ന് കണ്ണൂരില്‍ തെയ്യം കണ്ടതും മാര്‍ച്ച് 5ന് ഖുഷ് വന്ത് സിങ്  സ്മാരക ഹ്യൂമര്‍ ഫെസ്റ്റിവലില്‍ പങ്കാളിയായതും,, ഹാബിറ്റയ്റ്റ് സെന്‍ററിലെ ആര്‍ട്ട് ഗ്യാലറിയില്‍ പ്രശാന്ത് മട്ടന്നൂരിന്‍റ ചിത്രപ്രദര്‍ശനം കണ്ടതും, മാര്‍ച്ച് 8 ന് ഡല്‍ഹി ഇന്ദിരാഗാന്ധി സെന്‍റര്‍ ഫോര്‍ ആര്‍ട്ട്സില്‍ ഇന്ത്യ റഷ്യന്‍ സാംസ്കാരികോത്സവത്തില്‍  പങ്കെടുത്തതും  അവസാന പൊതു പരിപാടിയായി ഓര്‍മ്മകളില്‍ സൂക്ഷിക്കാം. ഡല്‍ഹി  സര്‍ക്കാര്‍ എല്ലാ പൊതു പരിപാടികള്‍ക്കും മാര്‍ച്ച് 10  മുതല്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരാധനാലയങ്ങളില്ലാതെ, ഫുഡ് കോര്‍ട്ടുകളില്ലാതെ, ലോകം തന്നെ മുന്നോട്ട് പോകുന്നു. കാണികളില്ലാതെ കായിക മത്സരങ്ങളും മറ്റും ലോകത്തിന്‍റെ പല ഭാഗത്തും നടക്കുന്നു. ഇന്‍റര്‍നെറ്റിന്‍റെ സഹായത്താല്‍ വെര്‍ച്ച്വല്‍ സംഗീത സഭകളും, പ്രാര്‍ത്ഥനകളും ഇപ്പോള്‍ വ്യാപകമാണ്.

Leave a Reply