കേരളത്തിൽ മദ്യവില്പന രംഗത്ത് എന്താണ് സംഭവിക്കുന്നത്?
കഴിഞ്ഞ ദിവസം കേരള സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിക്കുന്നതിനിടയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മദ്യവില്പന രംഗത്തെ അട്ടിമറിയെക്കുറിച്ചും ചില സൂചനകൾ നൽകി. കേരളത്തിൽ ഏറ്റവും കൂടുതൽ ലാഭവിഹിതവും സർക്കാരിന് വരുമാനവും നൽകിവന്ന സംസ്ഥാന ബീവറേജസ് കോർപറേഷൻ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
മദ്യത്തിന്റെ കാര്യമല്ലേ, അതു പൂട്ടിയാലെന്ത് എന്ന മട്ടിൽ തള്ളിക്കളയാവുന്നതല്ല ബീവറേജസ് കോർപറേഷൻ നേരിടുന്ന പ്രതിസന്ധി. നേരത്തെ കോർപറേഷന്റെ വില്പനശാലകൾക്കു മുന്നിൽ നീണ്ട ക്യൂ ആയിരിന്നു പകലന്തിയോളം. ഇപ്പോൾ മിക്ക നഗരങ്ങളിലും അത്തരം വില്പനശാലകളിൽ കാര്യമായ ആവശ്യക്കാരില്ല. കോവിഡിന്റെ കാലത്തു ജനം മദ്യവർജനം ആരംഭിച്ചതല്ല അതിനു കാരണം. വില്പന സർക്കാർവക കോർപറേഷനിൽ നിന്ന് സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു. കേരളത്തിൽ കോവിഡ് കാലത്തു സംഭവിച്ച ഡസൻ കണക്കിനു സാമ്പത്തിക തിരിമറികളിൽ ഒന്നായി മദ്യവില്പനയിലെ അട്ടിമറിയും അവശേഷിക്കും. ഔദ്യോഗിക പിൻബലത്തോടെയും പോലീസ് ഗൺമാൻ അകമ്പടി സേവിച്ചും നടത്തിയ സ്വർണക്കടത്തു മുതൽ നാട്ടിലെ ഭൂമിയേറ്റെടുക്കൽ പ്രവർത്തനത്തിനു വിദേശ കൺസൾട്ടൻസികളെ നിയമിക്കൽ വരെയുള്ള വിവിധ തട്ടിപ്പുകൾക്കിടയിൽ അതാരും കാണുകയോ അറിയുകയോ ചെയ്യുന്നില്ല എന്നതു സത്യമാണ്. പക്ഷേ കേരളത്തിൽ ഭാവിയിൽ ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾ ഉയർന്നുവരാൻ ഇടയാക്കുന്ന മാറ്റങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
ജൂലൈ മാസത്തിലെ മദ്യവില്പനയുടെ കണക്കുകൾ നോക്കുക. ജൂലൈ 3 മുതൽ 25 വരെയുള്ള മൂന്നാഴ്ചക്കാലത്തു മൊത്തം 920 കോടി രൂപയുടെ വിദേശ മദ്യമാണ് വിവിധ ഗോഡൗണുകളിൽ നിന്നായി ചില്ലറ വിൽപ്പനക്കായി നൽകിയത്. അതിൽ 600 കോടി രൂപയുടെ വിൽപ്പനയും നടന്നത് സ്വകാര്യ വില്പനശാലകളിൽ നിന്നാണ്. കോർപറേഷന് കിട്ടിയ വില്പന വിഹിതം അതിന്റെ നേർപകുതി 320 കോടി രൂപ മാത്രം.
മാർച്ച് 24 മുതൽ കൊറോണാ ലോക്ക്ഡൗൺ നടപ്പിലാക്കിയതിനെ തുടർന്ന് നിർത്തിവെച്ച മദ്യവില്പന മെയ് അവസാനം വീണ്ടും ആരംഭിച്ചതു മുതലാണ് ബീവറേജസ് കോർപറേഷനിലെ അട്ടിമറി ആരംഭിക്കുന്നത്. ബാറുകളിൽ ഇരുന്നു കുടിക്കുന്നതിന് അനുമതിയില്ലാത്തതിനാൽ ചില്ലറ വില്പനയ്ക്ക് സ്വകാര്യ ബാറുകൾക്കും വൈൻ -ബിയർ പാർലറുകൾക്കും സർക്കാർ അനുമതി നൽകിയിരുന്നു. വില്പനകേന്ദ്രങ്ങളിൽ തിരക്ക് ഒഴിവാക്കാനും സ്വകാര്യ മേഖലയിലെ തൊഴിൽ നഷ്ടം പരിഹരിക്കാനുമാണ് വില്പനയുടെ ശ്രുംഖല സർക്കാർ വിപുലീകരിച്ചത്. അതിന്റെ ഭാഗമായി മെയ് അവസാനം വില്പന വീണ്ടും ആരംഭിച്ചപ്പോൾ മൊത്തം 1168 വില്പനകേന്ദങ്ങൾ രംഗത്തുവന്നു. അതിൽ 811 സ്വകാര്യ വില്പനശാലകളും ബാക്കി പൊതുമേഖലയിലെ സ്ഥാപനങ്ങളുമായിരുന്നു. അതിനാൽ കൂടുതൽ വില്പന സ്വകാര്യമേഖലയിൽ ലഭിച്ചതിൽ അത്ഭുതമില്ല.
പക്ഷേ അതു മാത്രമല്ല സംഭവിച്ചത് എന്ന് വില്പനകേന്ദങ്ങളിൽ പോയി നോക്കുന്നവർക്കറിയാം. ബെവ് ക്യു എന്ന ഒരു ആപ്പ് വഴി മുൻകൂട്ടി ബുക്ക് ചെയ്തു വേണം മദ്യ വില്പനയെന്നാണ് സർക്കാർ ചട്ടം. പക്ഷേ ആപ്പിന്റെ തുടക്കം മുതൽ അതിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിയിരുന്നു. ഓരോ ബുക്കിങ്ങിനും ഉപഭോക്താവ് 50 പൈസ വീതം നല്കണമെങ്കിലും സേവനം അങ്ങേയറ്റം അപര്യാപ്തമായിരുന്നു. ഏതു മദ്യം വാങ്ങണമെന്നോ ഏതു വില്പനശാലയിൽ പോകണമെന്നോ ഉപഭോക്താവിന് നിശ്ചയിക്കാൻ സ്വാതന്ത്ര്യമില്ല. വില്പനശാല ഏതെന്നു ആപ്പ് നിർണയിക്കും. അതാകട്ടെ തൊട്ടടുത്ത് ബീവറേജസ് കേന്ദ്രം ഉണ്ടെങ്കിലും ദൂരെയുള്ള സ്വകാര്യ വില്പനശാലയിലേക്കാവുന്നതു പൊതുഅനുഭവവും. ഇതു തുടക്കം മുതലേ പരാതികളിലേക്കു നയിച്ചു.
ഇപ്പോൾ ആർക്കും പരാതികളില്ല. കാരണം മദ്യം വാങ്ങാൻ ആപ്പിന്റെ സേവനം ബീവറേജസ് വില്പനശാലകളിൽ മാത്രമേ ആവശ്യമുള്ളു. സ്വകാര്യകേന്ദങ്ങളിൽ ആപ്പുള്ളവർക്കു ഒരു കൌണ്ടർ, ഇല്ലാത്തവർക്കു വേറെ കൌണ്ടർ എന്ന സൗകര്യമുണ്ട്. അതിനാൽ ആരും ആപ്പിനായി സമയം മെനക്കെടുത്തുന്നില്ല. തിക്കും തിരക്കുമില്ലാതെ മദ്യവും ലഭ്യമാണ്.
ഇതിൽ രണ്ടു പ്രശ്നങ്ങളാണ് ഉയർന്നുവരുന്നത്. ഒന്ന്, ബീവറേജസ് കോർപരേഷന്റെ പ്രതിസന്ധിയാണ്. മറ്റു പല സംസ്ഥാനത്തും ചില്ലറ മദ്യ വിൽപന സ്വകാര്യ മേഖലയുടെ നിയന്ത്രണത്തിലാണ്. പ്രായോഗികമായി ഇപ്പോൾ കേരളത്തിലും അങ്ങനെത്തന്നെയായി. ഇനി കൊറോണക്കാലം കഴിഞ്ഞാലും സ്വകാര്യമേഖലയെ ഒഴിവാക്കാനാവുമെന്നു പ്രതീക്ഷിക്കാൻ വയ്യ.
രണ്ടാമത്തെ പ്രശ്‍നം, മദ്യത്തിന്റെ ഗുണം സംബന്ധിച്ച നിയന്ത്രണങ്ങൾ ഭാവിയിൽ നിലനിർത്താനാവുമോ എന്നതാണ്. മദ്യം സ്വകാര്യ കച്ചവടക്കാർ വിപണനം ചെയ്യുന്ന മാഹി അടക്കമുള്ള പ്രദേശങ്ങളിൽ ഗുണനിലവാര പരിശോധന വേണ്ടവിധം നടക്കുന്നില്ല എന്ന പരാതിയുണ്ട്. ഇവിടെയും അതുതന്നെയാവും സംഭവിക്കുക.
വേറൊരു പ്രശ്‍നം തൊഴിലിന്റേതാണ്. ബാറുകൾ പൂട്ടിയതോടെ ആയിരക്കണക്കിന് തൊഴിലാളികളാണ് തൊഴിൽ രഹിതരായത്. മദ്യം എടുത്തുകൊടുക്കുന്നവർ മാത്രമല്ല ഭക്ഷണം വിതരണം ചെയ്യുന്നവരും കടല വിൽക്കുന്നവരും മേശ തുടക്കുന്നവരും അതിൽ വരും. എല്ലാവർക്കും കൂലിയായും ടിപ്പായും കിട്ടിയ ചെറിയ തുകയായിരുന്നു ആശ്രയം. ഇപ്പോൾ അതെല്ലാം വറ്റി വരണ്ടു. ബാർ ഉടമകൾക്ക് വില്പനയ്ക്ക് സൗകര്യം കിട്ടിയതോടെ ചാകരയായി. വില്പന നടക്കുകയും ചെയ്യും, എന്നാൽ നേരത്തേയുള്ളതിന്റെ നാലിലൊന്നോ അതിൽ കുറവോ മതി തൊഴിലാളികൾ. അങ്ങനെ തൊഴിലാളി നേതാവായ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്റെ കാർമികത്വത്തിൽ കേരളത്തിൽ മദ്യരംഗത്തു ഒരു തൊഴിലാളി വിരുദ്ധ,പൊതുമേഖലാ വിരുദ്ധ അട്ടിമറിയാണ് ഇന്നു കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഒരു ഗുണമുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും തൊഴിലാളികളിൽ നിന്നും കാര്യമായൊന്നും കയ്യിട്ടുവാരാൻ കഴിയില്ല. മുതലാളിമാർ പക്ഷേ ഉദാരമതികളാണു താനും. തിരഞ്ഞെടുപ്പൊക്കെ വരുമ്പോൾ കയ്യിൽ വരുന്ന കാശാണല്ലോ പ്രധാനം.