രാജസ്ഥാനിൽ സഭ വിളിക്കാനുള്ള ആവശ്യം മൂന്നാം തവണയും തള്ളി

ജയ്പൂർ: രാഷ്ട്രീയ പ്രതിസന്ധി നിലനിൽക്കുന്ന രാജസ്ഥാനിൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുളള മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ മൂന്നാം തവണയും തള്ളി. 

ഇന്നലെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്‌ നൽകിയ കത്തിന് ഇന്ന് ഗവർണർ കൽരാജ് മിശ്ര നൽകിയ മറുപടിയിലാണ് ചില കാര്യങ്ങളിൽ വ്യക്തത വരുത്താനായി കുറിപ്പ് തിരിച്ചു സർക്കാരിന് തന്നെ അയക്കുകയാണ് എന്ന് അറിയിച്ചത്. സഭയിൽ വിശ്വാസ പ്രമേയം അവതരിപ്പിക്കാൻ സർകാർ ഉദ്ദേശിക്കുന്നുണ്ടോ എന്നാണ് ഗവർണർ ഉന്നയിച്ച പ്രധാന ചോദ്യം. അങ്ങനെ ഉദ്ദേശിക്കുന്നു എങ്കിൽ സഭ അടിയന്തിരമായി വിളിച്ചു ചേർക്കാം. സാധാരണ നടപടിക്രമമാണ് എങ്കിൽ 21 ദിവസത്തെ നോട്ടീസ് വേണം എന്നാണ് ഗവർണർ ചൂണ്ടിക്കാട്ടിയത്. 

സഭാ സമ്മേളനവുമായി ബന്ധപ്പെട്ട് ഇത് മൂന്നാമത്തെ തവണയാണ് സര്ക്കാർ ഗവർണറെ സമീപിക്കുന്നത്. 200 അംഗ നിയമസഭയിൽ കോൺഗ്രസ്സ് പാർട്ടിയിലെ സച്ചിൻ പൈലറ്റ് 18 അനുയായികളുമായി വിമതരായി മാറിയതാണ് പ്രതിസന്ധിക്ക് കാരണം. സഭയിൽ തനിക്ക് ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നൽ കൂടുതൽ അംഗങ്ങളെ ഭരണപക്ഷത്ത് നിന്ന് അടർത്തി എടുക്കാനാണ് പ്രതിപക്ഷത്തെ ബിജെപി ശ്രമിക്കുന്നത്. അതിനു കൂടുതൽ സമയം നൽകാനാണ് ഗവർണർ സഭ സമ്മേളിക്കുന്നത് നീട്ടാൻ ശ്രമിക്കുന്നതെന്ന് കോൺഗ്രസ്സ് ആരോപിക്കുന്നു. 

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി സഭാ സമ്മേളനം സംബന്ധിച്ച് നൽകിയ കത്ത് ഗവർണർ തള്ളിയത് ചില അംഗങ്ങൾക്ക് എതിരെയുള്ള സ്പീക്കറുടെ അച്ചടക്കനടപടി സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നില്കുന്നു എന്ന് ചുണ്ടിക്കട്ടിയാണ്. തുടർന്ന് സ്പീക്കർ സി പി ജോഷി സുപ്രീം കോടതിയിൽ നൽകിയ കേസ് പിൻവലിച്ചു. തുടർന്നാണ് മുഖ്യമന്ത്രി വീണ്ടും കത്ത് നൽകിയത്.

Leave a Reply