ജാഗ്രത കുറവുമില്ല, അന്വേഷണവുമില്ല, ചര്‍ച്ചയുമില്ല: എസ് ആർ പി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പ സെക്രട്ടറി എം ശിവശങ്കറെ 25 മണിക്കൂര്‍ ചോദ്യം ചെയ്തതിനുശേഷം എന്‍ ഐ എ വിട്ടയച്ചതിനോടൊപ്പം തന്നെ സി പി എം പൊളിറ്റ് ബ്യൂറോ മുതിര്‍ന്ന അംഗം എസ് രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവന ഡല്‍ ഹി എ കെ ജി സെന്ററില്‍ നിന്നു വന്നു: കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പൊളിറ്റ് ബ്യൂറോ കേന്ദ്ര കമ്മറ്റി യോഗങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചര്‍ച്ചയായില്ല. ഓഫീസിന് ജാഗ്രതക്കുറവ് ഉണ്ടായെന്ന് വിലയിരുത്തിയിട്ടില്ല. പാര്‍ട്ടി ഒരു അന്വേഷണത്തിനും തീരുമാനിച്ചിട്ടില്ല. ഒരു ഉദ്യോഗസ്ഥന്‍റെ പിഴവാണ് ഉണ്ടായതെന്ന് പിണറായി വിജയന്‍ വിശദീകരിച്ചിട്ടില്ല. അങ്ങനെ പാര്‍ട്ടി വൃത്തങ്ങള്‍ ആരോടും പറഞ്ഞിട്ടുമില്ല!
സി പി എമ്മിന്‍റെ ആദ്യത്തെയും അവസാനത്തേയും വാക്ക് കുറേക്കാലമായി എസ് രാമചന്ദ്രന്‍പിള്ള എന്ന പി ബി യിലെ ഏറ്റവും മുതിര്‍ന്ന അംഗത്തിന്റേതായതുകൊണ്ട് അദ്ദേഹത്തിന്‍റെ പ്രസ്താവന പാര്‍ട്ടിക്കാര്‍ മാത്രമല്ല ജനങ്ങളാകെ വിശ്വസിക്കേണ്ടതുണ്ട്. അങ്ങനെ വിശ്വസിക്കാന്‍ ബാധ്യസ്തമാണെങ്കിലും എന്‍ ഐ എ ചെയ്യുന്നതുപോലെ അല്ലെങ്കിലും ചില കാര്യങ്ങള്‍ എസ് ആര്‍ പിയോട് ആവര്‍ത്തിച്ചു ചോദിച്ചുറപ്പിക്കേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ ടി വകുപ്പില്‍ നിന്ന് ഇപ്പോള്‍ വിവാദമായ സ്വര്‍ണ്ണക്കടത്തു കേസി ല്‍ പ്രതിയായ സ്വപ്ന സുരേഷിനെ ജോലിയില്‍ നിന്നു നീക്കി. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഓഫീസിന്റെ സര്‍വ്വാധികാരിയുമായ എം ശിവശങ്കറിനെ തല്‍ സ്ഥാനത്തു നിന്നു നീക്കി. ആ വാര്‍ത്ത പുറത്തു വന്നപ്പോള്‍ ആദ്യം പ്രതികരിച്ച എസ് ആര്‍ പി പറഞ്ഞു: “ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും.”
തുടര്‍ന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അതേറ്റു പറഞ്ഞു. പ്രിന്‍സിപ്പ സെക്രട്ടറിയെ നീക്കിയതുകൊണ്ട് കാര്യമായില്ലെന്നും സസ്‌പെന്റ് ചെയ്ത് അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്തു കേസിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുള്ളതുകൊണ്ട് കേന്ദ്രം സി ബി ഐ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ടു. ഉടനെ സി പി എം കേന്ദ്ര നേതൃത്വത്തില്‍ നിന്ന് അതിന് മാറ്റൊലിയുണ്ടായി: ഏത് ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിനും സി പി എം എതിരല്ല. ഇന്റര്‍പോളിനെക്കൊണ്ടായാലും. കുറ്റവാളികള്‍ ആരായാലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കേന്ദ്ര നേതൃത്വം ഉറപ്പു നല്‍ കി. തിരുവനന്തപുരത്തെ എ കെ ജി സെന്ററില്‍ നിന്ന് കോടിയേരി ബാലകൃഷ്ണനും അത് റിലേ ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ സംസ്ഥാന സര്‍ക്കാറിനും പൊലീസിനും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ലെന്ന് മാധ്യമ പ്രവര്‍ത്തകരുടെ നിരന്തര ചോദ്യങ്ങള്‍ക്ക് അസഹിഷ്ണുത പ്രകടിപ്പിച്ച് പ്രതികരിച്ചുകൊണ്ടിരുന്നു. സ്വപ്നയുടെ നിയമനത്തെപ്പറ്റി തനിക്കറിയില്ലെന്നും. പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐ ടി വകുപ്പു സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയ ശിവശങ്കറിനെതിരെ നിയമനടപടി സ്വീകരിക്കാത്തതിനെക്കുറിച്ച് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുയര്‍ന്നപ്പോള്‍ ശിവശങ്കര്‍. നിയമ വിരുദ്ധമായൊന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. അതിനുശേഷമാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ കൂടിയായ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ സസ്‌പെന്റു ചെയ്തത്. അപ്പോഴും കേന്ദ്ര നേതൃത്വവും സി പി എം വക്താക്കളും ആവര്‍ത്തിച്ചുകൊണ്ടിരുന്നത് കുറ്റവാളികളെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും കേന്ദ്രം അന്വേഷണ ഏജന്‍സിയെ നിയോഗിക്കണമെന്നുമാണ്. കേന്ദ്ര അന്വേഷണ ഏജന്‍സിയായ കസ്റ്റംസ് സ്വര്‍ണ്ണക്കടത്തു കേസില്‍ അന്വേഷണം തുടരുമ്പോഴായിരുന്നു സി പി എം നേതൃത്വത്തിന്റെ ഈ ആവശ്യം.
മുഖ്യമന്ത്രിയുടെ ഓഫീസുകൂടി ബന്ധപ്പെട്ടാണ് കള്ളക്കടത്ത് നടന്നതെന്നും സി ബി ഐ അന്വേഷണത്തിനുകൂടി ഉത്തരവിടണമെന്നും പ്രതിപക്ഷ നേതാവും പ്രതിപക്ഷ പാര്‍ട്ടികളും അപ്പോഴും ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കസ്റ്റംസ് ആകട്ടെ ശിവശങ്കറിനെ ഓ ഫീസില്‍ വിളിപ്പിച്ച് ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്യുകയുണ്ടായി. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയും അവിശ്വാസത്തിന്റെ മൂടല്‍ മഞ്ഞില്‍ മുങ്ങി നില്‍ക്കെ മുഖ്യമന്ത്രി രാജിവെക്കണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തു വരത്തക്ക വിധത്തിലുള്ള അന്വേഷണം വേണമെന്നും സ്വാഭാവികമായും ആവശ്യമുയര്‍ന്നു. സി ബി ഐ അന്വേഷണം മുതല്‍ സര്‍വ്വകക്ഷി അന്വേഷണം വരെയുള്ള ആവശ്യങ്ങള്‍:
ഈ ഘട്ടത്തിലാണ് അതുവരെ മടിച്ചു നിന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കടത്തു കേസിലെ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ കേന്ദ്ര ഏജന്‍സികളെ നിയോഗിക്കാന്‍ പ്രധാനമന്ത്രിക്കു കത്തെഴുതുന്നത്.

  • എല്ലാ കേന്ദ്ര ഏജന്‍സികളുടെയും ഏകോപിതവും ഫലപ്രദവുമായ അന്വേഷണം വേണം.
  • ഉറവിടം മുതല്‍ അവസാനം വരെ ഉപയോഗപ്പെടുത്തിയതിന്റെ എല്ലാ വശങ്ങളും ഉള്‍ക്കൊള്ളിക്കണം.
  • ഈ കുറ്റകൃത്യത്തിന്റെ എല്ലാ കണ്ണികളും തുറന്നു കാട്ടപ്പെടണം.
    രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ തകിടം മറിക്കുന്നതിന് അപ്പുറമുള്ള ഒന്നിലേറെ വ്യത്യസ്ത കോണുകള്‍ ഈ കുറ്റകൃത്യത്തിനുണ്ട്. എന്നാ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടി ഈ കണ്ണികളുമായി ബന്ധപ്പെടുകയും വ്യക്തിപരമായ ആത്മബന്ധവും ചങ്ങാത്തവും പുലര്‍ത്തുകയും മാത്രമല്ല ഈ നയതന്ത്ര കള്ളക്കടത്തില്‍ പ്രതിയായ സ്വപ്ന മുഖ്യമന്ത്രിയുടെ വകുപ്പിലും നയതന്ത്ര ഓഫീസിലും ഈ ക്രിമിന പ്രവര്‍ത്തനത്തിനിടയ്ക്ക് ഒരേ സമയം ഔദ്യോഗികമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയുടെ ഓഫീസിലും ചരിത്രത്തില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത ഇക്കാര്യം മുഖ്യമന്ത്രിയുടെ കത്തുപ്രകാരം കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ ഉള്‍പ്പെടുന്നതല്ല. അത് ഉള്‍പ്പെടുത്താത്ത വിധം തീവ്രവാദ തലമുള്ള മറ്റൊരു ദിശയിലേക്കു മാത്രമായി എന്‍ ഐ എ അന്വേഷണം മാറ്റുകയാണ് കേന്ദ്ര ഗവണ്‍മെന്റ് ചെയ്തത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രധാനമന്ത്രിക്കുള്ള കത്തും ആഭ്യന്തര മന്ത്രി, ദേശീയ സുരക്ഷിതത്വ ഉപദേശകന്‍ എന്നീ തലങ്ങളില്‍ നടന്ന ചര്‍ച്ചയും തീരുമാനങ്ങളും അന്വേഷണത്തെ മുഖ്യമന്ത്രിയില്‍ നിന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും കൃത്യമായി വേര്‍പെടുത്തി നിര്‍ത്തിയിട്ടുമുണ്ട്.
    എന്നിരിക്കെ എസ് രാമചന്ദ്രന്‍പിള്ള സി പി എം ജനറ സെക്രട്ടറിയുടെയും കേന്ദ്ര കമ്മിറ്റിയുടെ തന്നെയും ആധികാരികത്വം സ്വയം ഉള്‍ക്കൊണ്ട് നല്‍ കുന്ന ഈ വിശദീകരണം തീര്‍ച്ചയായും സി പി എം ചരിത്രത്തിലെ ആര്‍ക്കൈവ്‌സില്‍ സൂക്ഷിക്കേണ്ട അസാധാരണ രേഖ തന്നെ. അതു തുറന്നു കാട്ടുന്നത് ഈ കേസിന്റെ ഗതി ഏതു ദിശയിലേക്കാണെന്നു മാത്രമല്ല. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ സംഭവിച്ച ചരിത്രത്തിലെ ഈ ആദ്യ സംഭവം മുഖ്യമന്ത്രിയെ നയിക്കേണ്ട പാര്‍ട്ടിയുടെ ഉന്നത കമ്മറ്റികളില്‍ ചര്‍ച്ചയായില്ല. മുഖ്യമന്ത്രി വേണ്ട ജാഗ്രത പാലിച്ചില്ലെന്ന വിമര്‍ശനം പോലും ഉയര്‍ന്നില്ല. ഭാവിയില്‍ പോലും ഒരു പാര്‍ട്ടിയന്വേഷണത്തിന്റെ വിദൂര സാധ്യതപോലും ആവശ്യമില്ല എന്ന നിലയില്‍ പി ബി – കേന്ദ്ര കമ്മറ്റി അംഗങ്ങള്‍ സ്വന്തം മനഃസാക്ഷി കൊട്ടിയടച്ചു. വിമര്‍ശനവും സ്വയം വിമര്‍ശനവും പരണത്തുവെച്ചു. രാജ്യത്തെ സി പി എം അംഗങ്ങളും അനുഭാവികളും മാത്രമല്ല, ഇടതുപക്ഷവും അതില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന രാജ്യത്തെ ജനങ്ങളും ഈ തുറന്നു പറച്ചിലിനോട് ബഹുമാനപ്പെട്ട എസ് ആര്‍ പി യോട് എന്നെന്നും കൃതജ്ഞരായിരിക്കും. ചുരുങ്ങിയ പക്ഷം തങ്ങളെല്ലാം തികഞ്ഞ രാഷ്ട്രീയ ഷണ്ഢന്‍മാരായി മാറിയിരിക്കുന്നു എന്ന് സര്‍വ്വാത്മനാ ലോകത്തോടു വിളിച്ചു പറഞ്ഞതിന്.
    പിണറായി വിജയന്റെ കേരളാ ഗവണ്‍മെന്റിന്റെ ഈ കോവിഡ് കാലത്തെ മുദ്രാവാക്യം എസ് ആര്‍ പി യെ ഓര്‍പ്പിക്കുന്നു: ജീവന് തുല്യമായ ജാഗ്രത, ആ ജാഗ്രത മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പുലര്‍ത്തിയിട്ടില്ലെന്ന് സ്പ്രിംക്ലര്‍ വിവാദം തൊട്ട് സ്വര്‍ണ്ണക്കടത്തു കേസുവരെ നീളുന്ന ഈ ദേശവിരുദ്ധ കുറ്റകൃത ചങ്ങലയിലെ ഓരോ വെളിപ്പെടലിലും കേരളത്തില്‍ ജീവിക്കുന്ന മനുഷ്യരായ ഞങ്ങള്‍ നേരിട്ടറിയുകയാണ്. അപ്പോള്‍ ജാഗ്രത ഉണ്ടായില്ല എന്ന് എസ് ആര്‍ പിയുടെ കേന്ദ്ര കമ്മറ്റി അംഗീകരിച്ചാല്‍ പിണറായിയുടെ സര്‍ക്കാര്‍ മരിച്ചു എന്നാണ് അര്‍ത്ഥം. എന്നാല്‍ നാലുവര്‍ഷം മുമ്പ് സത്യപ്രതിജ്ഞ ചെയ്ത് കേരളത്തില്‍ അധികാരത്തില്‍ വന്ന ഇടതുപക്ഷ ഗവണ്‍മെന്റ് ഈ സ്വര്‍ണ്ണക്കടത്തു കേസുകൂടി വെളിപ്പെട്ടതോടെ മരിച്ചു കഴിഞ്ഞു എന്നാണ് സാക്ഷികളായ ജനങ്ങള്‍ മനസില്‍ കുറിച്ചിട്ടുള്ളത്. അത്രയുമെങ്കിലും എസ് ആര്‍ പിയും അദ്ദേഹത്തിന്റെ പി ബിയും കേന്ദ്ര കമ്മറ്റിയും തിരിച്ചറിയണം.

Leave a Reply