Narendra Modhi and Donald Trumb Janashakthionline

കൂപ്പു കുത്തുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗവും കൊറോണക്കാലത്തെ ഉത്തേജക പാക്കേജും

പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16

സമാനതകളില്ലാത്ത ഒരു പ്രതിസന്ധിയിലൂടെയാണ് മനുഷ്യരാശി കടന്നു പോകുന്നത്. പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിനെ ഗ്രസിച്ച “ബ്ലാക്ക് ഡെത്തിനു” ശേഷം ഒരു പക്ഷെ മാനവരാശി  ഏറ്റവും കൂടുതല്‍ മരണത്തിനിരയാകുന്നത്  കൊവിഡ്19  എന്ന പകര്‍ച്ചവ്യാധി മൂലമായിരിക്കാം. കഴിഞ്ഞ ആറു നൂറ്റാണ്ടിനിടെ വൈദ്യശാസ്ത്രം കൈവരിച്ച നേട്ടങ്ങള്‍ കൊണ്ടൊന്നും  കൊവിഡ് 19നെ നേരിടാന്‍ കഴിയാതെ വികസ്വര രാജ്യങ്ങള്‍  മാത്രമല്ല വികസിത രാജ്യങ്ങളും  പകച്ചു നില്‍ക്കുന്നു. രാജ്യങ്ങളുടെ  അതിരുകള്‍ കൊട്ടിയടച്ചും പണിശാലകള്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചും  കൊവിഡ് 19 നെ നിയന്ത്രിക്കാന്‍ ശ്രമം നടന്നു  വരുന്നു. ഇതൊരു ഭാഗത്ത് നടക്കുമ്പോള്‍   തന്നെ രാജ്യം വിട്ടു തൊഴില്‍ തേടിയിരുന്ന കോടിക്കണക്കിനാളുകള്‍ തൊഴിലും വരുമാനവുമില്ലാതെ അലയുന്നു. ഇന്ത്യയില്‍  ലക്ഷക്കണക്കായ അന്യദേശ തൊഴിലാളികള്‍ ജന്മ ദേശത്തെത്താന്‍  വേണ്ടി റോഡിലും റെയില്‍വേ ട്രാക്കിലുമായി അലയുന്നു. ഇതിനിടയില്‍  പല രാജ്യങ്ങളും ജോലിയും, കൂലിയുമില്ലാതെ ജീവിതം ഗതിമുട്ടിയ അവരുടെ പൗരന്മാര്‍ക്കായി പ്രത്യേക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. കുറ്റം പറയരുതല്ലോ ഇന്ത്യയും പ്രഖ്യാപിച്ചു ഉത്തേജക പാക്കേജ്. കൊറോണക്ക് മുന്‍പ് തന്നെ തകര്‍ന്നു തരിപ്പണമായിരുന്ന ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ പ്രതിസന്ധി  മുറിച്ചു കടക്കാന്‍ ഈ ഉത്തേജക പാക്കേജ് പര്യാപ്തമാണോ എന്നു  പരിശോധിക്കാം.

തൊഴിലാളികൾ തീവണ്ടി കയറി മരിച്ചിടത്തു നിന്നും തുടർ യാത്ര

പശ്ചാത്തലം

കൊവിഡ് 19  ലോക സാഹചര്യം ആകെ മാറ്റിമറിച്ചിരിക്കുകയാണ്.ലോക സാമ്പത്തിക രംഗം താറുമാറായിരിക്കുന്നു. 2019  20ലെ കേന്ദ്ര ബഡ്ജറ്റ് അവതരിപ്പിച്ച സമയത്തെ സാമ്പത്തിക സാഹചര്യമല്ല ഇപ്പോള്‍ ഇന്ത്യയില്‍. നോട്ടു നിരോധനം  മൂലമുണ്ടായ  സാമ്പത്തിക പ്രതിസന്ധിയും അതിനെ നേരിടാനെന്ന പേരില്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍  വിറ്റു തുലക്കാനുള്ള അജണ്ടയെ കേന്ദ്രീകരിച്ചുമായിരുന്നു ബഡ്ജറ്റ് ചര്‍ച്ച.  എന്നാല്‍ കൊവിഡ്19  അതിലൊക്കെ സങ്കീര്‍ണമായ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്ത് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ പ്രതിസന്ധി ഇന്ത്യയുടേത് മാത്രമല്ലെന്നതാണ് മറ്റൊരു സവിശേഷത. കൊവിഡ്19   ചൈനയില്‍ നിന്നാണ് ആദ്യമായി, 2019 ഡിസംബറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗികളുടെ എണ്ണത്തിലും, മരണനിരക്കിലും ദിനം പ്രതി വര്‍ദ്ധനയുണ്ടാകുന്നു. സാഹചര്യങ്ങളുടെ ഗൗരവം കണക്കിലെടുത്ത്, ലോകാരോഗ്യ സംഘടന, 2020 ജനുവരി 30ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു (ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്, 2020).

ഇന്ത്യയിലെ ആദ്യത്തെ കൊവിഡ്19 കേസ് കേരളത്തില്‍ നിന്നാണ്, (ജനുവരി 30ന് )  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.  ആദ്യ കേസ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടപ്പോള്‍ മുതല്‍ മുന്‍കരുതല്‍   എടുത്തതുകൊണ്ട് രോഗ നിയന്ത്രണത്തിന് കേരളം മാതൃക തന്നെ സൃഷ്ടിച്ചു. എന്നാല്‍  രോഗത്തിന്‍റെ  ഗൗരവം മനസിലാക്കി സമയത്ത് വേണ്ടുന്ന പ്രതിരോധ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതില്‍ കേന്ദ്രം വേണ്ട ശ്രദ്ധ ചെലുത്തിയില്ല. ഫെബ്രുവരി 24ന് അമേരിക്കന്‍ പ്രസിഡന്‍റിനെ  സ്വീകരിച്ചാനയിച്ച് ഗുജറാത്തില്‍  എത്തിച്ച് രണ്ടു ലക്ഷത്തോളം ജനത്തെ അണിനിരത്തി സ്വീകരണം ഒരുക്കുമ്പോള്‍ ഇന്ത്യയില്‍ രോഗവ്യാപനം ആരംഭിച്ചു കഴിഞ്ഞിരുന്നു. മാത്രമല്ല, സര്‍ക്കാര്‍ നടത്തിയ പല അശാസ്ത്രീയ  നടപടികളും രോഗം വ്യാപനത്തിന് കാരണവുമായെന്ന് കരുതേണ്ടി വരും.  ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാര്‍ച്ച്  22ന് പതിനാലു മണിക്കൂര്‍ നീണ്ട  കര്‍ഫ്യൂ   ഒരു മുന്നറിയിപ്പുമില്ലാതെ പ്രഖ്യാപിച്ചതോടെ തുടങ്ങി കേന്ദ്രസര്‍ക്കാരിന്‍റെ കൊവിഡ്19  പ്രതിരോധ  പ്രവര്‍ത്തനം. അന്ന് വൈകുന്നേരം, ആരോഗ്യപ്രവര്‍ത്തകരെ ആദരിക്കാന്‍ എല്ലാവരും ബാല്‍ക്കണിയില്‍ നിന്ന് പാത്രം കൊട്ടി ശബ്ദം ഉണ്ടാക്കണമെന്ന ആഹ്വാനം വടക്കേ ഇന്ത്യയില്‍ പലേടത്തും ആള്‍ക്കൂട്ടമുണ്ടാകാന്‍ കാരണമായി. ഇതൊക്കെ രോഗവ്യാപനത്തിന്‍റെ വേഗത കൂട്ടിയൊ എന്നതും  സംശയമാണ്.

ധനമന്ത്രി നിർമല സീതാരാമൻ്റെ പാക്കേജ് രാഷ്ട്രീയം

രോഗപ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ എടുത്ത ഓരോ തീരുമാനങ്ങളും   ജനത്തെ പ്രതിസന്ധിയിലാക്കുന്നതായിരുന്നു. പതിനാലു മണിക്കൂര്‍ നീണ്ട ജനതാ കര്‍ഫ്യൂവിനു ശേഷം  മൂന്നാഴ്ചത്തെ ലോക്ക് ഡൗണ്‍ മാര്‍ച്ച് 25  മുതല്‍ ഏപ്രില്‍ 14  വരെ  പ്രഖ്യാപിച്ചത് യാതൊരു മുന്നറിയിപ്പുമില്ലാതെയായിരുന്നു. മുന്നറിയിപ്പില്ലാതെ  നടത്തിയ ലോക്ക് ഡൗണ്‍ കൊവിഡ്19  ദുരന്തത്തെക്കാള്‍ വലിയ ദുരന്തമായി മാറി.   പത്ത് കോടിയോളം വരുന്ന അന്യ ദേശത്തൊഴിലാളികള്‍

രാജ്യത്തിന്‍റെ  പലഭാഗത്തായി കുടുങ്ങിപ്പോയി. തൊഴില്‍ ചെയ്യാന്‍ കഴിയാതെയും  വരുമാനമില്ലാതെയും  ഇവര്‍  ഇന്ത്യയുടെ പല ഭാഗത്തായി മൂന്നാഴ്ച കഴിയേണ്ടി വന്നു. രാജ്യ തലസ്ഥാനത്തു നിന്നു  പോലും കുടുംബവുമായി നാട്ടില്‍ ചെന്നു പറ്റാന്‍ കൂട്ട പലായനം ചെയ്യുന്ന കാഴ്ച സാധാരണമായിരുന്നു. ഈ സ്ഥിതിവിശേഷം മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാര്‍ പരാജപ്പെട്ടു.

മഹാഭാരത യുദ്ധം പതിനെട്ട് ദിവസംകൊണ്ടു വിജയിച്ചതു  പോലെ കൊറോണക്കെതിരായി  130 കോടി ജനം നയിക്കുന്ന ഈ യുദ്ധം 21 ദിവസം കൊണ്ടു വിജയിക്കുമെന്നു  പറഞ്ഞ ഇന്ത്യന്‍ പ്രധാനമന്ത്രി  നാലു ഘട്ടങ്ങളിലായി 68  ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. 21  ദിവസം കൊണ്ടെന്നല്ല 68  ദിവസം കൊണ്ടും കൊറോണക്കെതിരായ യുദ്ധം ജയിക്കാന്‍ കഴിഞ്ഞില്ല. മാത്രമല്ല, രോഗം അതിന്‍റെ താണ്ഡവം തുടരുകയും ചെയ്യുന്നു. കോവിഡ് 19 നെ നേരിടാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് ഇന്ത്യ മാത്രമല്ല, മിക്ക രാജ്യങ്ങളും ഇതേ വഴി തന്നെയാണ് സ്വീകരിച്ചത്. എന്നാല്‍ അവരൊക്കെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച രീതിയും അതുമൂലം ബുദ്ധിമുട്ടിയ ജനത്തെ സഹായിക്കാന്‍  എടുത്ത നടപടിയും വ്യത്യസ്തമായിരുന്നു.

ഒട്ടുമിക്ക  രാജ്യങ്ങളും ലോക്ക് ഡൗണ്‍ കാലത്ത് സാമ്പത്തികമായി തകര്‍ന്ന ജനത്തെ സഹായിക്കാന്‍ ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. ആളുകളുടെ  കയ്യില്‍ പരമാവധി പണം എത്തിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരം പാക്കേജുകള്‍  പ്രഖ്യാപിച്ചത്. മറ്റു രാജ്യങ്ങളെപ്പോലെ ഇന്ത്യയും ഉത്തേജക പാക്കേജുകള്‍  പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയുടെ പാക്കേജുകള്‍  കൊവിഡ്19   സാമ്പത്തിക പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ പര്യാപ്തമായിരുന്നോ എന്നതില്‍ സംശയമുണ്ട്.

അതിലേക്ക് വരുന്നതിനു മുന്‍പ് മറ്റു രാജ്യങ്ങള്‍ പ്രഖ്യാപിച്ച പാക്കേജുകള്‍  ചുരുക്കത്തില്‍ പരിശോധിക്കാം.

മറ്റു രാജ്യങ്ങളുടെ ഉത്തേജക പാക്കേജുകള്‍ 

ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം 1930 കളില്‍ ലോകം നേരിട്ട സാമ്പത്തിക മാന്ദ്യത്തെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ വളര്‍ച്ചാനിരക്ക്   താഴേക്ക് പോകുന്നതായാണ്  കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ അടിയന്തര സാഹചര്യം മുറിച്ചു കടക്കാന്‍  പല   രാജ്യങ്ങളും ആകര്‍ഷകമായ ഉത്തേജക പാക്കജുകള്‍ പ്രഖ്യാപിച്ചു.

ഏതാനും രാജ്യങ്ങള്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് പട്ടിക 1ല്‍   കൊടുത്തിരിക്കുന്നത്  കാണാം.

നമ്പർരാജ്യംതുക (ബില്യൺഡോളർ )%    ജിഡിപി
1ജപ്പാൻ5,154.4821.1
2സ്വീഡൻ575 12
3ജർമ്മനി3,863.34 10.7
4അമേരിക്ക21,439.45 13.0
4ഫ്രാൻസ്2,707.079.3
5സ്പെയിൻ1,397.877.3
6ഇറ്റലി1,988.64 5.7
7യുണൈറ്റഡ് കിംഗ്ഡം2,743.595
8ചൈന14,140.163.8
9സ്പെയിൻ1,397.877.3
10ഇന്ത്യ249.520.85
പട്ടിക 1

ജപ്പാന്‍ അവരുടെ 2019ലെ ജിഡിപിയുടെ 21.1 ശതമാനത്തിനു സമാനമായ 5,154.48 ബില്യണ്‍ ഡോളറിന്‍റെ  ഉത്തേജക പാക്കേജാണ്  പ്രഖ്യാപിച്ചത്. സ്വീഡന്‍ ജിഡിപിയുടെ  12 ശതമാനമായ  575 ബില്യണ്‍ ഡോളറിന്‍റെയും,  ജര്‍മ്മനി   ജിഡിപിയുടെ 10.7 ശതമാനം വരുന്ന 3,863.34 ബില്യണ്‍  ഡോളറിന്‍റെയും  ഫ്രാന്‍സ് ജിഡിപിയുടെ  9.3 ശതമാനം വരുന്ന 3,863.34 ബില്യണ്‍ ഡോളറിന്‍റെയും സ്പെയിന്‍  ജിഡിപിയുടെ   7.3 ശതമാനം വരുന്ന 1,397.87 ബില്യണ്‍ ഡോളറിന്‍റെയും ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍  ഇറ്റലി  ജിഡിപിയുടെ 5.7 ശതമാനം വരുന്ന 1,988.64 ബില്യണ്‍ ഡോളറും, യു കെ   ജിഡിപിയുടെ  5 ശതമാനം വരുന്ന 2,743.59 ബില്യണ്‍ ഡോളറും, ചൈന ജിഡിപിയുടെ   3.8 ശതമാനം വരുന്ന 14,140.16  ബില്യണ്‍ ഡോളറും, ഇന്ത്യ ജിഡിപിയുടെ   0.85 ശതമാനം വരുന്ന 249.52 ബില്യണ്‍ ഡോളറും ഉത്തേജക പാക്കേജ്  പ്രഖ്യാപിച്ചു.  അമേരിക്ക ജിഡിപിയുടെ   13 ശതമാനം വരുന്ന 2149.45 ബില്യണ്‍ ഡോളറാണ്   ഉത്തേജക പാക്കേജായി പ്രഖ്യാപിച്ചത്. ഇതാണ്  പ്രഖ്യാപിച്ചതില്‍ വച്ച് ഏറ്റവും  മെച്ചപ്പെട്ട ഉത്തേജക പാക്കേജ്.

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഉത്തേജക പാക്കേജാണ് പ്രഖ്യാപിച്ചത്.  കൊവിഡ് 19 ന്‍റെ സാമ്പത്തിക പ്രത്യാഘാതം   നേരിട്ടു  ബാധിക്കുന്ന ഏതാണ്ട് എല്ലാ  നികുതിദായകര്‍ക്കും സാമ്പത്തിക സഹായം കിട്ടും വിധമായിരുന്നു അമേരിക്കയുടെ പാക്കേജ്.  വാര്‍ഷിക വരുമാനം  75,000 ഡോളറില്‍ താഴെ വരുന്ന നികുതി അടച്ച വ്യക്തികള്‍ക്ക്  1,200  ഡോളറിന്‍റെ (90000  രൂപ)  ചെക്ക്   നേരിട്ട് കിട്ടുന്ന വിധമായിരുന്നു പാക്കേജ്. വാര്‍ഷിക കുടുംബ വരുമാനം 150000 ഡോളറില്‍ താഴെയാണെങ്കില്‍  അവര്‍ക്ക് 2,400 ഡോളര്‍  ലഭിക്കുമായിരുന്നു. കിട്ടുന്ന തുക ക്രമേണ കുറഞ്ഞു വരികയും വ്യക്തികളുടെ വരുമാനം 99,000 ഡോളറിനും  കുടുംബ വരുമാനം  198,000 ഡോളറിനും  മുകളിലുമാണെങ്കില്‍ ആനുകൂല്യം കിട്ടുന്നതുമല്ല.

ഇന്ത്യന്‍ ഉത്തേജക  പാക്കേജുകള്‍ 

ഇന്ത്യ പല  ഘട്ടങ്ങളായാണ് ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചതെങ്കിലും ഇതില്‍ രണ്ടെണ്ണമാണ് പ്രധാനമായും എടുത്തു പറയേണ്ടത്,  ഒന്നാം പാക്കേജ്  ‘പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജന’ എന്ന പേരില്‍ 2020 മാര്‍ച്ച് 26ന് പ്രഖ്യാപിച്ചു.  മറ്റൊരു പാക്കേജ് ‘ആദ്മ  നിര്‍ഭര്‍ ഭാരത്’ (Self Reliant India Movement) എന്ന പേരില്‍ മെയ് 12 നും  പ്രഖ്യാപിച്ചു.  ഒന്നാം  ധനകാര്യ പാക്കേജ്  1.7 ലക്ഷം കോടി (23 ബില്യണ്‍ ഡോളര്‍) രൂപ യുടേതായിരുന്നെങ്കിലും   ജനങ്ങളിലേക്ക്   എത്തുന്ന തുക കേവലം  61,380 കോടി മാത്രമായിരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വനിതകള്‍ക്കായി ഈ പാക്കേജില്‍

നീക്കിവച്ചിരിക്കുന്ന തുക 10,000 കോടി രൂപയും, വിധവകള്‍, പ്രായമായവര്‍, വികലാംഗര്‍ എന്നിവര്‍ക്ക് 3,000 കോടി രൂപയും, കര്‍ഷകര്‍ക്ക്  17,380 കോടി രൂപയും, കെട്ടിട നിര്‍മാണത്തൊഴിലാളികള്‍ക്ക്, ക്ഷേമനിധിയില്‍ നിന്ന് 31,000 കോടി രൂപയുമായിരുന്നു. ഇടത്തരക്കാരെ ഈ പ്രതിസന്ധി ഘട്ടത്തില്‍  നിന്നും സംരക്ഷിക്കുന്നതിന് സൗജന്യ റേഷന്‍ നല്‍കുന്നത്  പോലുള്ള നടപടികളും   മാര്‍ച്ച് 26ലെ  പാക്കേജില്‍ ഉണ്ടായിരുന്നു.

മൂന്ന് മാസത്തേക്ക് 5 കിലോ അരി/ ഗോതമ്പ്,     ഒരു കിലോ പയറ് എന്നിവ നല്‍കുമെന്ന് ഈ പാക്കേജില്‍ പറഞ്ഞിരുന്നു. വനിതാ ജന്‍ ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 500 രൂപ  നല്കുമെന്നതായിരുന്നു ഒരു  വാഗ്ദാനം. ഗ്രാമീണ പൊതു തൊഴില്‍ പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ദിവസ വേതനം 180 രൂപയില്‍ നിന്ന് 202 രൂപയായി ഉയര്‍ത്തുമെന്നതായിരുന്നു  മറ്റൊരു വാഗ്ദാനം. സംഘടിത മേഖലയില്‍ പത്തില്‍ കൂടുതലും നൂറില്‍ കുറവും ജീവനക്കാരുള്ള കമ്പനികളില്‍ ജോലിചയ്യുന്നവരും പ്രതിമാസം 15,000 രൂപയില്‍ താഴെ വരുമാനം ലഭിക്കുന്ന ജീവനക്കാരുടെ   24 ശതമാനം പ്രൊവിഡന്‍റ് ഫണ്ട് സംഭാവന (12 % വീതം ജീവനക്കാരും തൊഴിലുടമകളും) അടുത്ത മൂന്ന് മാസത്തേക്ക് നല്‍കാന്‍  പാക്കേജ് നിര്‍ദ്ദേശിച്ചിരുന്നു. നിലവിലുള്ള പ്രധാനമന്ത്രി കിസാന്‍ യോജന പ്രകാരം ഏപ്രില്‍ ആദ്യ വാരത്തില്‍ 2,000 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്നും പാക്കേജ് പറഞ്ഞിരുന്നു. മൂന്ന് മാസത്തേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്കും വിധവകള്‍ക്കും   പ്രതിമാസം 1000 രൂപ ധനസഹായം പാക്കേജ് വാഗ്ദാനം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ പരിപാലന കേന്ദ്രങ്ങളിലും കോവിഡ്19  പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി 50 ലക്ഷം രൂപയുടെ   പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. ഇതായിരുന്നു ഒന്നാം പാക്കേജിലെ  പ്രധാന നിര്‍ദേശങ്ങള്‍.

മറ്റു രാജ്യങ്ങളുടെ ഉത്തേജക പാക്കേജുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയുടെ പാക്കേജ് തുച്ഛമായിരുന്നു. ജി ഡി പി യുടെ 0.85 %.  അമേരിക്ക ജിഡിപിയുടെ  10.71 ശതമാനവും ബ്രിട്ടണ്‍ 15.27  ശതമാനവും,  ജര്‍മ്മനി  20.95 ശതമാനവും ഉത്തേജക പാക്കേജായി  പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യ ജിഡിപി യുടെ 0.85  ശതമാനത്തിന്‍റ സാമ്പത്തിക  പാക്കേജ് പ്രഖ്യാപിച്ചത് വ്യാപകമായ വിമര്‍ശനത്തിന് കാരണമായപ്പോഴാണ് ‘ആത് നിര്‍ഭാര്‍ ഭാരത്’ എന്ന പേരില്‍ മറ്റൊരു പായ്ക്കേജ് 2020 മെയ് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതും ധനമന്ത്രി  മെയ് 13 മുതല്‍ അഞ്ച് ഘട്ടങ്ങളായി അവതരിപ്പിച്ചതും. 

ജിഡിപിയുടെ 10 ശതമാനം വരുന്ന 20 ലക്ഷം കോടിയുടെ പാക്കേജാണ്  പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനം പോലെ  ജിഡിപിയുടെ 10 ശതമാനമാണോ പാക്കേജെന്ന്  പരിശോധിക്കാം. പാക്കേജിന്‍റെ പൊതു വിവരം പട്ടിക  2ല്‍ കൊടുത്തിരിക്കുന്നത് കാണാം.

നമ്പർതീയതിഇനവിവരംരൂപ കോടിയിൽ% GDP
1മെയ് 14  ന് മുൻപ്റിസർവ് ബാങ്ക് നടപടികൾ8016033.82
2മാർച്ച്  22നികുതി ഇളവ്   7800
3മാർച്ച്  26ഒന്നാം പാക്കേജ്1700000.81
 ആകെ9944034.74
4മെയ് 14ഭാഗം 1594550
5മെയ് 15ഭാഗം   2310000
6മെയ്  16ഭാഗം  3150000
7മെയ്  17ഭാഗം 4 and ഭാഗം 5481000
 ആകെ11026505.26
 ആകെ  മൊത്തം 209705310.00
Source: GOI (2020) Government Reforms and Enablers May 17

ഈ പാക്കേജില്‍ പറയുന്ന 9.94 ലക്ഷം കോടി രൂപയുടെ പദ്ധതികള്‍ (ജിഡിപിയുടെ 4.74%) മാര്‍ച്ച് 27ന് മുന്‍പ്  പ്രഖ്യാപിച്ചിരുന്നതാണെന്ന് പട്ടികയില്‍ നിന്നും  മനസിലാകും. ബാക്കി വരുന്ന  10.26 (11.02) കോടിയുടെ  (ജിഡിപിയുടെ 5.26%)  പദ്ധതി മാത്രമേ പുതിയതായി അവതരിപ്പിച്ചുള്ളൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മുന്‍പ് പ്രഖ്യാപിച്ചിരുന്ന പദ്ധതികള്‍ ചേര്‍ത്താണ് പുതിയ പാക്കേജ്  അവതരിപ്പിച്ചത്. ഈ പദ്ധതികള്‍ കൊറോണക്കാലത്തെ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ എത്രമാത്രം സഹായിക്കുമെന്നറിയണമെങ്കില്‍ കൂടുതല്‍ വിശകലനം നടത്തേണ്ടതുണ്ട്. വിവിധ പദ്ധതികളും അവയ് ക്ക്  വകയിരുത്തിയിക്കുന്ന തുകയുടെ   വിശദാംശംവും  പട്ടിക 3ല്‍ കൊടുത്തിരിക്കുന്നത് പരിശോധിക്കാം.

നമ്പർനീക്കിവച്ച തുകരൂപ കോടിയിൽ  ആകെ
ഭാഗം1594550
 1സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭം MSME300000
 2 പീഡിത  എംഎസ്എംഈക്ക് വായ്പക്ക് 20000 
 3ഫണ്ട് ഓഫ് ഫണ്ട് ഫോർ എംഎസ്എംഈ50000 
 4ഈ പി എഫ്  2800 
 5ഈ പി എഫ്  റേറ്റ് റീഡക്ഷൻ6,750 
 6പ്രത്യേക ദ്രവ്യത പദ്ധതി30000 
 7ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം45000 
 8ടിഡിഎസ് / ടിസിഎസിലെ കുറവ്50000 
 9പീഡിത വിതരണ കമ്പനികൾ90000 
 ഭാഗം2 310000
 10കുടിയേറ്റ തൊഴിലാളിക്ക് ഭക്ഷണം3500 
 11 മുദ്ര വായ്പ1,500 
 12വഴിയോര കച്ചവടക്കാർ5,000 
 13പ്രധാനമന്ത്രി ആവാസ യോജന,  ഭവന പദ്ധതിക്ക് സബ്സിഡി ( CLSS-MIG)70000 
 14കൃഷിക്കാർക്ക്  അധിക പ്രവർത്തനമൂലധനം  (NABARD)30000 
 15കിസാൻ ക്രെഡിറ്റ് കാർഡ് വഴി വായ്പ്പ 200000 
 ഭാഗം3 150000
 16എം എഫ്  ഇ10000 
 17പ്രധാനമന്ത്രിയുടെ മത്സ്യ  സംപാദ  യോജന20000 
 18ഓപ്പറേഷൻ  ഗ്രീൻസ്500 
 19കൃഷി അടിസ്ഥാന വികസന ഫണ്ട്100000 
 20മൃഗസംരക്ഷണ  അടിസ്ഥാന വികസനം15000 
 21ഔഷധ സസ്യ കൃഷി  4000 
 22തേനീച്ച വളർത്തൽ500 
 ഭാഗം 4, 5 48100
 23വയബിലിറ്റി ഗ്യാപ്ഫണ്ടിംഗ് :8100 
24മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിൽ (MGNREGS)40000
 25ആകെ1102650
Source: GOI, (2020) Government Reforms and Enablers, May 17

മെയ് 13  മുതല്‍ 17  വരെ അഞ്ചു  ഭാഗങ്ങളായി ധനമന്ത്രി അവതരിപ്പിച്ച   പാക്കേജിന്‍റെ ഒന്നാം ഭാഗത്ത് സൂക്ഷ്മ, ചെറുകിട, ഇടത്തരം (MSMEs) സംരംഭകര്‍ ഉള്‍പ്പെടെയുള്ള ബിസിനസ്സുകാര്‍ക്ക് ജാമ്യമോ,  പുതിയ  ഈടോ കൂടാതെ പുതിയ  വായ്പാ നല്‍കുമെന്ന് പറയുന്നു. ഇതിനായി മൂന്നു ലക്ഷം കോടി  രൂപ വകയിരുത്തിയിരിക്കുന്നതായാണ് പറഞ്ഞിരിക്കുന്നത്. നാലു വര്‍ഷത്തിനകം തിരിച്ചടക്കേണ്ട വായ്പക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയവും പ്രഖ്യാപിച്ചിരിക്കുന്നു. ബാങ്കുകള്‍ വായ്പ നല്‍കുന്ന ഈ പദ്ധതിക്ക്  സര്‍ക്കാരിന്  പ്രത്യേകിച്ച് പങ്കൊന്നുമില്ല.

ഈടില്ലാതെ വായ്പ കൊടുത്തോണം എന്ന് പറഞ്ഞാല്‍ ബാങ്കുകള്‍ കൊടുക്കാന്‍  തയ്യാറാകുമോ എന്നതാണ് പ്രധാന ചോദ്യം. ഈടില്ലാതെ ഏതെങ്കിലും ബാങ്ക്  വായ്പ നല്‍കിയാല്‍ അത് വസൂലാക്കാന്‍ ബാങ്കുകള്‍ക്ക് നന്നേ പാടുപെടേണ്ടി വരും. അതിനാല്‍ ഇത്തരം റിസ്ക് ഏറ്റെടുക്കാന്‍ സാധാരണ  ബാങ്ക് മാനേജര്‍മാര്‍ തയ്യാറാവില്ല.

ആര്‍ബിഐ വ്യക്തമായ നിര്‍ദേശം നല്‍കിയാല്‍ മാത്രമേ ബാങ്കുകള്‍ ഇതില്‍ തീരുമാനമെടുക്കാന്‍ തയ്യാറാവൂ. മുന്‍പ് വായ്പ എടുത്തിരുന്നവരാണെങ്കില്‍ അവരുടെ മുന്‍ ഈടിന്മേലായിരിക്കും വായ്പ നല്‍കുക.

അപ്പോള്‍ ഈടില്ലാതെയാണ്  വായ്പ എന്നത് വെറും വാചക  കസര്‍ത്ത്  മാത്രമാണ്. വായ്പ എടുക്കുന്ന ആളുകളുടെ എണ്ണം കുറവല്ലാത്ത രാജ്യത്ത് ഇതിന്‍റെ ബാധ്യതയും ജനം താങ്ങേണ്ടി വന്നാല്‍ അതിലും അത്ഭുതപ്പെടേണ്ടതില്ല.

ചുരുക്കത്തില്‍, ഈ നിര്‍ദ്ദേശം സൂക്ഷ്മ, ചെറുകിട, ഇടത്തരം

സംരംഭകര്‍ക്ക് എത്രമാത്രം ഗുണകരമാകുമെന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടിവരും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ സഹായിക്കാന്‍, ഓഹരി വര്‍ദ്ധനക്കായി (Equity Support) അനുബന്ധ കടങ്ങള്‍ അനുവദിക്കാന്‍  പാക്കേജില്‍ നിര്‍ദേശമുണ്ട്. അനുബന്ധ കടങ്ങള്‍ അനുവദിക്കാന്‍ പാക്കേജില്‍ 20,000 കോടിയാണ് പെടുത്തിയിരിക്കുന്നത്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകരെ  സഹായിക്കാനായി ഓഹരി വര്‍ദ്ധനക്ക് (Fund of fund) മറ്റൊരു 50,000 കോടിയും  പ്രഖ്യാപിച്ചിരിക്കുന്നു.

തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് തുക പ്രധാമന്ത്രി ഗരിബ് കല്യാണ്‍ പാക്കേജില്‍  (PMGKP) പെടുത്തി മൂന്ന്  മാസത്തേക്ക്  സര്‍ക്കാര്‍ നല്‍കുന്നതാണ് മറ്റൊരു നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശപ്രകാരം ജീവനക്കാരുടെയും തൊഴിലുടമയുടെയും 12 ശതമാനം  വീതമുള്ള ഇന്‍ഷുറന്‍സ് തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഈ നിര്‍ദ്ദേശം മൂന്നു മാസത്തേക്ക്   കൂടി നീട്ടാന്‍ തീരുമാനിച്ചു.  തൊഴിലുടമയുടെയും ജീവനക്കാരുടെയും  പിഎഫ് കോണ്‍ട്രിബൂഷന്‍  12  ല്‍ നിന്നും 10 ശതമാനമായി കുറക്കുന്നതായിരുന്നു മറ്റൊരു നിര്‍ദ്ദേശം. ഇതുവഴി ഈ വിഭാഗത്തിന് 6750 കോടിയുടെ ആനുകൂല്യം കിട്ടുമെന്നാണ് അവകാശപ്പെടുന്നത്. നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകള്‍ (NBFC)/ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ (HFC))/ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ (MFI) എന്നിവയ്ക്കായി പ്രത്യേക  സ്കീം പ്രഖ്യാപിച്ചു. ഈ പ്രത്യേക  പദ്ധതിയുടെ ലക്ഷ്യം 30000 കോടി രൂപയാണ്. എന്‍ബിഎഫ്സികള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്കീമിനായി  45000 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. നികുതിദായകരുടെ പക്കല്‍ കൂടുതല്‍ ഫണ്ട് നല്‍കുന്നതിനായി നിലവിലുള്ള നിരക്കിന്‍റെ 25% കുറവ് വരുത്തിയിരിക്കുന്നു.

പാക്കേജിന്‍റെ രണ്ടാം ഭാഗത്ത് പല പദ്ധതികള്‍ക്കായി 310000 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് രണ്ടു മാസത്തേക്ക് സൗജന്യ ഭക്ഷ്യധാന്യം നല്കുന്നതിന് 3500  കോടി, മുദ്ര  ശിശു വായ്പയുടെ  പലിശ സബ്സിഡിക്കായി  1500  കോടി (MUDRA Shishu Laons), വഴിയോര കച്ചവടക്കാര്‍ക്ക് വായ്പ നല്‍കാന്‍ 5000  കോടി, പ്രധാനമന്ത്രി ആവാസ യോജന (PMAY) പദ്ധതി പ്രകാരം   ഇടത്തരം വരുമാനക്കാര്‍ക്കായുള്ള (MIG) വായ്പ്പയുടെ അടിസ്ഥാനത്തില്‍  സബ്സിഡി  നല്‍കാനായി  (CLSS) 70,000  കോടി, കൃഷിക്കാര്‍ക്ക്  അധിക പ്രവര്‍ത്തനമൂലധനം  കണ്ടെത്തുന്നതിലേക്കായി നബാര്‍ഡ്  30000  കോടിയുടെ റീ ഫിനാന്‍സ് സപ്പോര്‍ട്ട് എന്നിവയും പാക്കേജില്‍ പറയുന്നു.  കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ്പ നല്‍കാന്‍ മറ്റൊരു രണ്ടു ലക്ഷം കോടിയും ഉള്‍പ്പെടുത്തിയിരിക്കുന്നു.  പാക്കേജിന്‍റെ മൂന്നാം ഭാഗത്ത് 150000  കോടിയുടെ പദ്ധതിയെക്കുറിച്ചാണ്  പറയുന്നത്. സൂക്ഷ്മ ഭക്ഷ്യ സംരംഭം ഔപചാരികമാക്കുന്നതിനായി    10000  കോടി ഉള്‍പ്പെടുത്തിയിരിക്കുന്നു.  പ്രധാനമന്ത്രിയുടെ പിഎംഎംഎസ് വൈ (PMMSY) പദ്ധതി വഴി സമുദ്ര ഉള്‍നാടന്‍  മല്‍സ്യ തൊഴിലാളികളെ സഹായിക്കുന്ന പദ്ധതിക്കായി 20000  കോടിയും ഈ പാക്കേജില്‍ പെടുത്തിയിരിക്കുന്നു. കൂടാതെ മൃഗസംരക്ഷണം ഔഷധ കൃഷി, തേനീച്ചവളര്‍ത്തല്‍ എന്നീ  സംരംഭങ്ങള്‍ക്കും സഹായം വാഗ്ദാനം ചെയ്തിരിക്കുന്നു. പാക്കേജിന്‍റെ നാലും അഞ്ചും ഭാഗങ്ങളില്‍   48100 രൂപയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ എടുത്തു പറയാനുള്ളത്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴില്‍ (MGNREGS)  പദ്ധതിക്കായി 40000  കോടിയുള്‍പ്പെടുത്തിയിരിക്കുന്നതാണ്.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും അഞ്ചു ദിവസം  ധനമന്ത്രി നടത്തിയ പ്രസംഗവും സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കാന്‍ കഴിയുന്ന പലതും ഈ പാക്കേജില്‍ ഉണ്ടാവുമെന്ന ധാരണ   ജനിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു നിര്‍ദ്ദേശവും ഈ   പായ്ക്കേജില്‍ കാണുന്നില്ല. ഇത്  സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനുള്ള ഒരു പാക്കേജല്ല, മറിച്ച് കേന്ദ്രബഡ്ജറ്റിന്‍റെ ഒരു വിശദീകരണം മാത്രമായിരുന്നു.  മുന്‍പ് അവതരിപ്പിച്ച 1.70   ലക്ഷം  കോടിയും, 15000 കോടിയും  മാത്രമേ ഉത്തേജക പാക്കേജായി കണക്കാക്കാന്‍ കഴിയൂ. മെയ് 12ന് പ്രധാനമന്ത്രി അവതരിപ്പിച്ചത് ഇന്ത്യയുടെ സ്വയം പര്യാപ്തതക്കുള്ള  ഒരു പ്രഖ്യാപനം മാത്രമാണ്.

പ്രതിസന്ധി സുവര്‍ണ്ണാവസരമാക്കുന്നവര്‍

ഇന്ത്യന്‍ സാമ്പത്തിക രംഗം കൊവിഡ്19 പകര്‍ച്ചവ്യാധി വ്യാപകമാകുന്നതിനു  മുന്‍പ് തന്നെ വന്‍ പ്രതിസന്ധിയെ നേരിടുകയായിരുന്നു. മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസ ജിഡിപി വളര്‍ച്ചാ നിരക്ക് 3.1  ശതമാനത്തില്‍ എത്തിയിരുന്നു. 201920 ലെ ജിഡിപി വളര്‍ച്ചനിരക്ക് കഴിഞ്ഞ പതിനൊന്നു കൊല്ലത്തെ ഏറ്റവും താഴ്ന്ന നിരക്കായ 4.2  ശതമാനമായിരുന്നു. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കൊറോണയുടെ   കണക്കില്‍ എഴുതാന്‍  കഴിയില്ലെന്ന് സാരം. ഒന്നാം ഘട്ട ലോക്ക് ഡൗണ്‍  ആരംഭിച്ചത് മാര്‍ച്ച് 25  മുതലായിരുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍,

കൊറോണ മൂലം 2019-20  സാമ്പത്തിക വര്‍ഷത്തെ  ആഭ്യന്തര ഉല്പാദനത്തില്‍ കേവലം ഒരാഴ്ചത്തെ കുറവെ വന്നിരുന്നുള്ളൂ. താറുമാറായിരുന്ന സാമ്പത്തിക രംഗം നേരെയാക്കാന്‍ വഴികാണാതെ പകച്ചുനിന്നു സര്‍ക്കാരിനു വീണുകിട്ടിയ സുവര്‍ണ്ണാവസരമായിരുന്നു കൊവിഡ് 19  പകര്‍ച്ചവ്യാധി.

പകര്‍ച്ചവ്യാധിമൂലം തൊഴില്‍ നഷ്ടപ്പെട്ട് വരുമാനമില്ലാതെ നട്ടം തിരിഞ്ഞ ജനത്തിന്‍റെ കയ്യിലേക്ക് പണം എത്തിക്കുന്നതിന് വേണ്ട ക്രിയാത്മകമായ നടപടി  സര്‍ക്കാരില്‍  നിന്നുമുണ്ടായില്ല. എന്നാല്‍ ഈ അവസരം മുതലാക്കി എല്ലാ പൊതുമേഖല സ്ഥാപനങ്ങളും വില്‍ക്കാനുള്ള  തീരുമാനം സര്‍ക്കാര്‍ എടുക്കുകയും ചെയ്തു. ഇതൊരുഭാഗത്ത് നടക്കുമ്പോള്‍ മറുഭാഗത്ത് ജനത്തിനുമേല്‍ കൂടുതല്‍ ഭാരം  അടിച്ചേല്‍പ്പിക്കാന്‍ ഒരു മടിയും കാട്ടിയതുമില്ല. അതിന്‍റെ  ഉദാഹരണമായിരുന്നു പെട്രോള്‍, ഡീസല്‍ വിലയില്‍ വരുത്തിയ വര്‍ദ്ധന.

ക്രൂഡ് ഓയില്‍   ബാരലിന്  140    ഡോളറിനു മുകളില്‍ വിലയുണ്ടായിരുന്നപ്പോള്‍  ഒരു ലിറ്റര്‍ പെട്രോള്‍ 55  രൂപക്കും  ഡീസല്‍   48  രൂപക്കും ജനത്തിനു കിട്ടിയിരുന്നു.   കൊറോണക്കാലത്ത് ഒരു ബാരല്‍ ക്രൂഡ് ഓയില്‍  വില 32 ഡോളറായിരിക്കുന്നു.  ഈ സാഹചര്യത്തില്‍  പെട്രോളും ഡീസലും പതിനഞ്ച് രൂപക്ക് താഴെ  ജനത്തിനു നല്‍കാം. എന്നാല്‍ ഈ ഗുണം ജനത്തിനു കിട്ടാതിരിക്കാന്‍ പെട്രോള്‍ വിലയില്‍  ലിറ്ററിന് 10  രൂപയും  (excise  duty)  ഡീസല്‍ വിലയില്‍  ലിറ്ററിന് 13 രൂപയും  (excise  duty)  കൂട്ടിയിരുന്നു.

ഈ ദിവസങ്ങളിലും പെട്രോള്‍ /ഡീസല്‍ വില കൂട്ടിവരുന്നു.

കൊവിഡ് 19  പൊട്ടിപ്പുറപ്പെട്ടതിനു ശേഷമുള്ള ആഗോള സ്ഥിതിവിശേഷം വിലയിരുത്തിക്കൊണ്ട് ഈ പകര്‍ച്ചവ്യാധി ഇന്ത്യയില്‍ എത്ര തീവ്രമായിരുന്നെന്നും,  മുന്‍പേ  താറുമാറായിരുന്ന സാമ്പത്തിക രംഗത്തെ ഈ പകര്‍ച്ചവ്യാധി  നിശ്ചലമാക്കിയപ്പോള്‍ അതിനെ ചലനാത്മകമാക്കാന്‍ പ്രഖ്യാപിച്ച ഉത്തേജക പാക്കേജ് എത്രമാത്രം ഫലപ്രദമായിരുന്നുവെന്നുമാണ് ഈ ലേഖനം  പരിശോധിക്കുന്നത്. 

സഞ്ചാര നിയന്ത്രണവും പൂര്‍ണ്ണമായ  ലോക്ക് ഡൗണും മാത്രമാണ് ഇപ്പോള്‍ രോഗവ്യാപനം  തടയാന്‍ ഉപയോഗിക്കുന്ന ഏക മാര്‍ഗ്ഗം. ലോക്ക് ഡൗണ്‍ മൂലം തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിര്‍ബന്ധിതരാകുന്നു.

ഇതുമൂലം അവരുടെ വരുമാനം ഇല്ലാതാകുകയും ജീവിതം വഴി മുട്ടുകയും ചെയ്യുന്ന   സ്ഥിതി സംജാതമായി.ഈ സാഹചര്യം തരണം ചെയ്യാന്‍ ഹൃസ്വകാല ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കണമെന്ന്  ഐ എല്‍ ഒ നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന്,  പല രാജ്യങ്ങളും ജനങ്ങളില്‍ പണ ലഭ്യത ഉറപ്പാക്കും വിധം  ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിച്ചു. 

പാക്കേജില്‍ പറഞ്ഞിരിക്കുന്നതില്‍ 801603 കോടി രൂപയുടെ ആനുകൂല്യം  റിസര്‍വ് ബാങ്ക് മുന്‍പ് പ്രഖ്യാപിച്ചതായിരുന്നു. കുറച്ചുകൂടി വ്യക്തമായി  പറഞ്ഞാല്‍ 2020 മെയ് 13 ന് പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് 994403 കോടി രൂപയുടെ പദ്ധതികള്‍  പ്രഖ്യാപിച്ചിരുന്നു.  മെയ് 12 ന് പ്രഖ്യാപിച്ച പാക്കേജ്  കേവലം 1102650 കോടി രൂപക്ക് മാത്രമായിരുന്നു. ഇത് തന്നെ മുന്‍പു നടത്തി വന്നിരുന്ന പല പദ്ധതികളുടെയും പുനരാവിഷ്കാരമായിരുന്നു.  ചുരുക്കത്തില്‍  കൊവിഡ്19 മൂലം ഉയര്‍ന്നുവന്ന സാമ്പത്തിക പ്രതിസന്ധി  മറികടക്കാന്‍ പര്യാപ്തമായിരുന്നില്ല സര്‍ക്കാരിന്‍റെ ഉത്തേജക പാക്കേജുകള്‍.

(അമേരിക്കയിലെ മോണ്ട്ക്ലെയര്‍ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ ആയിരുന്ന ലേഖകന്‍ ഇപ്പോള്‍ ഇഗ്നോയില്‍ ഫാക്കല്‍റ്റി ആണ്)

Leave a Reply