എന്‍ ഐ എ ക്ക് ഇരട്ടത്താപ്പോ? സ്വര്‍ണ്ണ ക്കള്ളക്കടത്തായാല്‍ അറസ്റ്റ് വൈകും; മാവോയിസ്റ്റ് ബന്ധത്തിന് അറസ്റ്റ് ഉടന്‍

മുംബൈ: മഹാരാഷ്ട്രയിലെ ഭീമ കൊറഗാവ് കേസുമായി ബന്ധപ്പെട്ടു ഇന്നലെ എൻഐഎ അറസ്റ്റ് ചെയ്ത മലയാളി അധ്യാപകൻ ഹാനി ബാബുവിനെ ഇന്ന് എൻഐഎ കോടതിയിൽ ഹാജരാക്കി. ഡൽഹി സർവകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ ഹാനിബാബുവിനെ ഏതാനും ദിവസം മുമ്പാണ് ഡൽഹി നോയിഡയിലെ വസതിയിൽ നിന്ന് എൻഐഎ കസ്റ്റഡിയിൽ എടുത്തതെന്ന് ബന്ധുക്കൾ പറഞ്ഞു. ഏതാനും ദിവസം മുംബൈയിൽ എൻഐഎ ചോദ്യം ചെയ്യലിന് വിധേയമാക്കിയ ശേഷമാണ് ഇന്നലെ അദ്ദേഹത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

2017ൽ എൽഗർ പരിഷത്തിന്‍റെ പേരിൽ മഹാരാഷ്ട്രയിൽ നടന്ന സമ്മേളനത്തിൽ സിപിഐ മാവോയിസ്റ്റ് പ്രവർത്തകരുടെ ഇടപെടലുകൾ ഉണ്ടായെന്നും അതിനെ തുടർന്ന് പ്രദേശത്തു സംഘർഷങ്ങൾ ഉണ്ടായെന്നും കാണിച്ചു പുണെ പോലീസ് ചാർജ് ചെയ്ത കേസിലാണ് നേരത്തെ രാജ്യത്തെ മനുഷ്യാവകാശ പ്രവർത്തകരും ബുദ്ധിജീവികളും അടക്കം നിരവധി പ്രമുഖർ അറസ്റ്റിലായത്. അക്കൂട്ടത്തിൽ തെലുഗുകവി വരവര റാവു, ദളിത് ചിന്തകൻ ആനന്ദ് തെൽതുംബ്‌ടെ,  മാധ്യമപ്രവർത്തകൻ ഗൗതം നവ്‌ലാഖ തുടങ്ങിയവരും ഉൾപ്പെടുന്നു. യുഎപിഎ  അനുസരിച്ചാണ് എല്ലാവർക്കെതിരെയും കേസ് ചാർജ് ചെയ്തിരിക്കുന്നത്. അറിയപ്പെടുന്ന ചിന്തകരും ബുദ്ധിജീവികളും ഉൾപ്പെടെ നിരവധി പേരെ മാസങ്ങളായി തടങ്കലിൽ പാർപ്പിക്കുന്ന എൻഐഎ അധികൃതർ കള്ളക്കടത്തും ദേശവിരുദ്ധ പ്രവർത്തനങ്ങളും സംശയിക്കുന്ന കേരളത്തിലെ പ്രമാദമായ കേസിൽ ഉയർന്ന ഉദ്യോഗസ്ഥനെ ഇന്നലെ ചോദ്യം ചെയ്തു വിട്ടയച്ചു. എമ്പതുകാരനായ കവി വരവര റാവുവിനെ പോലും മാസങ്ങളായി തടവിൽ ഗുരുതരമായ ആരോഗ്യ ഭീഷണിയിൽ കഴിയാൻ നിർബന്ധിക്കുന്ന എൻഐഎ കേരളത്തിലെ പ്രമുഖ ഉദ്യോഗസ്ഥനോടു കാണിക്കുന്ന അനുഭാവപൂർണമായ സമീപനം എൻഐഎയുടെ പ്രവർത്തനങ്ങളിലെ രാഷ്ട്രീയ പക്ഷപാതമാണ് കാണിക്കുന്നതെന്ന് പല നിരീക്ഷകരും അഭിപ്രായപ്പെടുന്നു

Leave a Reply