മഹാമാരിക്കാലത്ത് പേമാരി വന്നാല്‍
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
കോവിഡ് 19 വൈറസ് വ്യാപനം വല്ലാതെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴാണ് രാജ്യം നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുകളയുന്നത്. രോഗപ്രതിരോധത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണ്ണമായും ജനങ്ങളുടെ ചുമലിലേക്ക് മാറ്റി കൈകഴുകി കൈയ്യൊഴിയുകയാണിവിടെ ഭരണകൂടങ്ങള്‍. സ്വാതന്ത്ര്യകാലഘട്ടത്തിനുശേഷം രാജ്യം കണ്ട ഏറ്റവും വലിയ പലായനത്തിന്‍റെ പേരില്‍ മാത്രമല്ല നൂറ്റാണ്ടിനുമുമ്പ് വന്ന സ്പാനിഷ് ഫ്ളൂവിന് സമാനമായി ഏറ്റവും രോഗബാധയുണ്ടായ രാജ്യം എന്ന പേരില്‍ കൂടി ഇന്ത്യയെ ചരിത്രം അടയാളപ്പെടുത്തുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.
ചില ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ പൂര്‍ണ്ണമായി അണ്‍ലോക്ക് ചെയ്യാതെ ചില നിയന്ത്രണങ്ങള്‍ തുടരുകയാണ്. പക്ഷേ ആദ്യഘട്ടങ്ങളിലെ രോഗനിയന്ത്രണത്തിനു വലിയ പ്രശംസ പിടിച്ചുപറ്റിയ കേരളം കേന്ദ്രസര്‍ക്കാരിന്‍റെ പാത പിന്തുടര്‍ന്ന് എല്ലാം അണ്‍ലോക്ക് ചെയ്യുകയാണ്. 2018-ലെ പ്രളയകാലത്തും ആദ്യഘട്ടങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ കേരളത്തിന് അഭിമാനകരമായിരുന്നു. തുടര്‍ന്ന് പരിസ്ഥിതി സൗഹൃദമായ നവകേരളം എന്ന പ്രഖ്യാപനവും പ്രളയമുണ്ടായതിനെക്കുറിച്ചും പ്രളയാനന്തരകേരളത്തെക്കുറിച്ചും പഠിച്ച ഐക്യരാഷ്ട്രസഭയില്‍നിന്നുള്ളവര്‍ കൂടി ഉള്‍പ്പെട്ട പഠനവും ചില പ്രതീക്ഷകള്‍ നല്‍കിയിരുന്നു. Post Disaster Needs Assessment (PDNA) എന്ന റിപ്പോര്‍ട്ടില്‍ നിരവധി നല്ല നിരീക്ഷണങ്ങളും നിര്‍ദ്ദേശങ്ങളുമുണ്ട്.
ഈ പ്രതീക്ഷകള്‍ പക്ഷേ ക്ഷണികമായിരുന്നു. PDNA യിലെ പല പരിസ്ഥിതിപക്ഷ നിര്‍ദ്ദേശങ്ങളും ‘റീബില്‍ഡ് കേരള’ പ്രൊജക്ടില്‍ ഇടംകണ്ടില്ല. അതിലുപരി പ്രകൃതിവിഭവങ്ങളെ കൂടുതല്‍ കൊള്ളയടിക്കുന്നതും ഹരിതഗൃഹവാതകങ്ങള്‍ കൂടുതല്‍ പുറന്തള്ളുന്നതും മലിനീകരണം വര്‍ദ്ധിപ്പിക്കുന്നതുമായ ‘വികസന’ രീതികള്‍ പൂര്‍വ്വാധികം ശക്തമായി തുടരുന്നതാണ് കാണാനായത്.
2019-ല്‍ കവളപ്പാറയിലും പുത്തുമലയിലും മണ്ണിനടിയില്‍പ്പെട്ടു പോയവര്‍ക്കായുള്ള തിരച്ചില്‍ പോലും പൂര്‍ത്തിയാകുന്നതിനുമുമ്പ് തന്നെ ഇവിടെ കരിങ്കല്‍ക്വാറികള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. പുതിയ നിരവധി ക്വാറികള്‍ കഴിഞ്ഞ രണ്ടുവര്‍ഷങ്ങള്‍ക്കിടെ ഇവിടെ തുടങ്ങി. നിയമങ്ങളില്‍ ഇളവുവരുത്തുന്നു.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിന് വിഘാതമാകുന്ന, ഒഴിവാക്കപ്പെടുകയോ വെള്ളം ചേര്‍ക്കപ്പെടുകയോ ചെയ്യേണ്ട ഘടകങ്ങളാണ് പരിസ്ഥിതിനിയമങ്ങള്‍ എന്നാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുപോലെ ചിന്തിക്കുന്നത്.
2020-ലെ മഴക്കാലം തുടങ്ങിക്കഴിഞ്ഞു. കാലവര്‍ഷത്തിനുമുന്‍പുള്ള വേനല്‍മഴയില്‍ത്തന്നെ തിരുവനന്തപുരത്തിന് വെള്ളപ്പൊക്കം കാണേണ്ടിവന്നു. മുന്നറിയിപ്പില്ലാതെ രാത്രിയില്‍ അരുവിക്കര അണക്കെട്ട് തുറന്നതിനും സാക്ഷിയാകേണ്ടിവന്നു.
കഴിഞ്ഞ രണ്ടുവര്‍ഷങ്ങളില്‍ ദുരന്തങ്ങളേറ്റുവാങ്ങേണ്ടിവന്നവര്‍ വലിയ ഭീതിയിലാണ്. അവരെല്ലാം സ്വയം പ്രതിരോധത്തിന്‍റെ വഴികള്‍ തേടുകയാണ്. ജനങ്ങള്‍ ദുരന്തസാധ്യത കണക്കിലെടുത്ത് സ്വയം ഒരുങ്ങുന്നത് തീര്‍ച്ചയായും സ്വാഗതാര്‍ഹമാണ്. പക്ഷേ അതില്‍ ഭരണകൂടങ്ങളോടുള്ള അവിശ്വാസം കൂടിയുണ്ട്.
പേമാരിയും ഒപ്പം മലയടരുകളും പെയ്തിറങ്ങിയ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇനിയൊരു മഴക്കാലത്തും ദുരന്തങ്ങള്‍ ഉണ്ടാകില്ലെന്ന് നമുക്ക് ഉറപ്പിക്കാനാകില്ല. എന്നാല്‍ ഇത് ഭരണകൂടം പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നുവെന്നും ദുരന്തസാധ്യതകള്‍ കണക്കിലെടുത്തുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്നുണ്ടെന്നും വിശ്വസിക്കാനുള്ള തെളിവുകള്‍ നമ്മുടെ മുന്നിലില്ല. ചില കാര്യങ്ങളിലെങ്കിലും മറിച്ച് ചിന്തിക്കാന്‍ കാരണങ്ങള്‍ ഉണ്ട് താനും.
രണ്ട് ദുരന്തങ്ങള്‍ക്ക് ശേഷവും അവയിലേക്ക് നയിച്ച അടിസ്ഥാനപ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളാനും അതിനനുസൃതമായ തിരുത്തലുകള്‍ വരുത്തുവാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.
പശ്ചിമഘട്ടസംരക്ഷണവും അവിടെ പരിസ്ഥിതിപുന:സ്ഥാപനവും അടിയന്തിരമായി നടപ്പാക്കിയില്ലെങ്കില്‍ വരാനിരിക്കുന്ന ദുരന്തങ്ങള്‍ നമുക്ക് തീരെ താങ്ങാന്‍ കഴിയാത്തതായിരിക്കും. എന്നാല്‍ ഈ ദിശയില്‍ ചിന്തിക്കുവാന്‍ പോലും സര്‍ക്കാര്‍ തയ്യാറല്ല. കാലാവസ്ഥാപ്രതിസന്ധിയുടെ കൂടി ഭാഗമായിരുന്നു 2018-ലും 2019-ലും പെയ്ത അതിശക്തമായ മഴയും 2016-ലെ വരള്‍ച്ചയും. കാര്‍ഷിക, ജല, ആരോഗ്യമേഖലകളിലെല്ലാം മാറുന്ന കാലാവസ്ഥ മൂലമുള്ള തിരിച്ചടികള്‍ നേരിടുന്നുണ്ട്. എന്നിട്ടും ഈ വിഷയത്തില്‍ ഫലപ്രദമായ ഒരു നടപടിയും ആലോചിക്കുന്നുപോലുമില്ല. ഇടനാട്ടിലും മണ്ണിനെയും വെള്ളത്തെയും മറന്നുള്ള വികസനം തുടരുന്നു. മഹാമാരിയുടെ കാലത്തുപോലും എന്നോ മരിച്ചുകഴിഞ്ഞ അതിരപ്പിള്ളി പദ്ധതിക്ക് വീണ്ടും ജീവന്‍ കൊടുക്കാനുള്ള വൃഥാശ്രമം നടത്താന്‍ വൈദ്യുതിബോര്‍ഡിന് NOC കൊടുക്കുന്നു. അതിവേഗറെയില്‍പാതയുടെ പുതിയ അലൈന്‍മെന്‍റ് അംഗീകരിക്കുന്നു. കാലം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ ഒരു തിരുത്തലിനും തയ്യാറല്ലെന്ന് അടിവരയിടുകയാണ് സര്‍ക്കാര്‍.
അടിസ്ഥാനവിഷയങ്ങള്‍ അവിടെ നില്‍ക്കട്ടെ. അടിയന്തിരമായി ഈ മഴക്കാലത്ത് ജനങ്ങള്‍ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളും അത് എങ്ങനെ സാധ്യമാക്കാം എന്നതുമാത്രം സൂചിപ്പിക്കട്ടെ.
വീട്ടില്‍ വെള്ളം കയറാനിടയുണ്ടെങ്കില്‍ അത് സംബന്ധിച്ച് അധികൃതരില്‍നിന്ന് നേരത്തെ നേരിട്ടറിയുവാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. വിവരസാങ്കേതികവിപ്ലവകാലത്ത് ഇത് ഒട്ടും അസാധ്യമല്ല. പക്ഷേ രണ്ട് വര്‍ഷത്തിനുശേഷവും ഓരോ പുഴത്തടത്തിലെയും ഓരോ പഞ്ചായത്തിലും ഏതൊക്കെ സാഹചര്യങ്ങളില്‍ എത്ര ഉയരത്തില്‍ വെള്ളപ്പൊക്കം ഉണ്ടാകാം എന്ന് പറയുവാനുള്ള പ്രാപ്തി നമ്മള്‍ നേടിയിട്ടില്ല. നിശ്ചിത ഉയരത്തില്‍ വെള്ളം കയറിയാല്‍ അത് ഏതെല്ലാം വീടുകളെ ബാധിക്കും എന്ന പട്ടികയും നമുക്കില്ല. സാങ്കേതികത്തികവോടെ ഈ മഴക്കാലത്ത് ഉപയോഗിക്കാവുന്ന വിധത്തില്‍ ഫ്ളഡ് മോഡലുകള്‍ തയ്യാറാക്കാന്‍ ഇനി കഴിഞ്ഞെന്ന് വരില്ല. എങ്കിലും കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഉള്ള സൂചനകളെങ്കിലും ഇപ്പോഴും സാധ്യമാണ്.
നമ്മുടെ നാട്ടിലും കോവിഡ് 19ന്‍റെ വ്യാപനം വര്‍ദ്ധിക്കുകയാണ്. അത് ഇനിയും ഏറെ ഉയരും എന്നുറപ്പാണ്. ഈ സമയത്ത് വെള്ളപ്പൊക്കം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് വലിയ വെല്ലുവിളിയാണ്. അധികൃതര്‍ അടിയന്തിരമായി പ്രളയസാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളെ സംബന്ധിച്ചും അവിടുത്തെ ജനങ്ങളെ സംബന്ധിച്ചും ഉള്ള പട്ടിക തയ്യാറാക്കുകയും അതില്‍ എത്ര പേര്‍ക്ക് മാറിത്താമസിക്കേണ്ടിവന്നാല്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കേണ്ടിവരും എന്ന് കണ്ടെത്തുകയും ചെയ്യേണ്ടതാണ്. ഓരോ തദ്ദേശസ്വയംഭരണസ്ഥാപനവും ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നാല്‍ അതിനായി ഒരുക്കുന്ന സംവിധാനങ്ങളെ സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തണം.
2018-ലെ വെള്ളപ്പൊക്കം രൂക്ഷമാക്കുന്നതില്‍ അണക്കെട്ടുകളുടെ പങ്ക് സര്‍ക്കാര്‍ എത്ര നിഷേധിച്ചാലും ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. അന്നത്തെ അനുഭവത്തിന്‍റെ വെളിച്ചത്തില്‍ ഇടുക്കിയിലും ഇടമലയാറിലും കക്കിയിലുമെല്ലാം അണക്കെട്ട് നിറയാന്‍ അനുവദിക്കാതെ നിശ്ചിത ഉയരത്തില്‍ വെള്ളം എത്തിയാല്‍ നിയന്ത്രിതമായി തുറന്നുവിടാന്‍ തീരുമാനിച്ചിട്ടുണ്ട്. വൈദ്യുതിബോര്‍ഡ് നിര്‍ദ്ദേശിച്ചതിനേക്കാള്‍ ജലം നിര്‍ത്തിയാല്‍ മതി എന്ന് കേന്ദ്രജലക്കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. ഇത് തീര്‍ച്ചയായും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. നിര്‍ഭാഗ്യവശാല്‍ വലിയ നാല് അണക്കെട്ടുകളുടെ കാര്യത്തില്‍ മാത്രമാണ് ഈ ജാഗ്രത കാണുന്നത്. വലിയ തോതില്‍ പ്രളയജലം പുറത്തുവിടുന്ന നിരവധി ചെറിയ റിസര്‍വ്വോയറുകളുണ്ട് സംസ്ഥാനത്ത്. ഇവയില്‍ പരിമിതമായ തോതിലെങ്കിലും പ്രളയനിയന്ത്രണം സാധ്യമാകാവുന്ന സംഭരണശേഷി (Flood Cushion) നിലനിര്‍ത്താന്‍ അധികൃതര്‍ ഇപ്പോഴും ഒരുക്കമല്ല. സംസ്ഥാന ജലസേചനവകുപ്പിന്‍റെ കീഴിലുള്ള അണക്കെട്ടുകളിലെല്ലാം പൂര്‍ണ്ണസംഭരണശേഷിയുടെ ഒന്നോ രണ്ടോ അടി താഴെ വരെ ജലം സംഭരിച്ചുനിര്‍ത്താനാണ് തീരുമാനം. വൈദ്യുതിബോര്‍ഡിന്‍റെ ഇടത്തരം ചെറിയ പദ്ധതികളുടെ സ്ഥിതിയും സമാനമാണ്. ഇവയെല്ലാം ഈ വര്‍ഷവും വലിയ മഴ വന്നാല്‍ ആ സമയത്ത് വെള്ളം തുറന്നുവിടും എന്നുതന്നെ കരുതണം. അരുവിക്കരയില്‍ അണക്കെട്ട് തുറക്കേണ്ടിവരും എന്ന് ആറുമണിക്കൂര്‍ മുമ്പ് പോലും വിലയിരുത്താന്‍ അധികൃതര്‍ക്കായില്ല എന്നത് വലിയ വീഴ്ചയാണ്. 2018-ല്‍ പ്രളയം ഏറ്റവുമധികം ബാധിച്ച പമ്പ, പെരിയാര്‍, ചാലക്കുടിപ്പുഴത്തടങ്ങളില്‍ നിരവധി അണക്കെട്ടുകളാണ് ഉള്ളത്. ഇവയുടെ സംയോജിതമായ മാനേജ്മെന്‍റ് പ്രളയനിയന്ത്രണത്തില്‍ അനിവാര്യമാണ്. എന്നാല്‍ ആ ദിശയില്‍ ചിന്തിക്കാന്‍ പോലും അധികൃതര്‍ തയ്യാറാകുന്നില്ല. കനത്ത മഴ പെയ്യുകയും വെള്ളപ്പൊക്കസാധ്യത നിലനില്‍ക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ഇടുക്കിയില്‍നിന്നും ഇടമലയാറില്‍നിന്നും ഒരുതുള്ളി വെള്ളം പോലും ഒഴുകിയെത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. സമാനമായി ചാലക്കുടിപ്പുഴയില്‍ വെള്ളപ്പൊക്കസാധ്യതയുള്ള സമയങ്ങളില്‍ ഒരു തുള്ളി വെള്ളം പോലും മുകളിലെ അണക്കെട്ടുകളില്‍ നിന്ന് പെരിങ്ങല്‍ക്കുത്തിലേക്ക് ഒഴുകിയെത്താന്‍ പാടില്ല. തമിഴ്നാട് സര്‍ക്കാരിന്‍റെ കൈവശമുള്ള മുല്ലപ്പെരിയാര്‍ പെരിയാര്‍ നദിയുടെയും, പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകള്‍ ചാലക്കുടിപ്പുഴയുടെയും സംയോജിത മാനേജ്മെന്‍റ് പ്ലാനിന്‍റെ ഭാഗമാകും എന്നുറപ്പിക്കാന്‍ സംസ്ഥാനസര്‍ക്കാരിനാകണം.
ഓരോ പുഴത്തടത്തിലും വലിയ മഴയുള്ള സമയങ്ങളില്‍ വെള്ളപ്പൊക്കസാധ്യത വിലയിരുത്താനായി ജനകീയമായി തത്സമയനിരീക്ഷണസംവിധാനങ്ങള്‍ ഉണ്ടാകുന്നത് നന്നായിരിക്കും. അതിനായി മഴയെയും നീരൊഴുക്കിനെയും പുഴയിലെ ജലവിതാനത്തെയും സംബന്ധിച്ചെല്ലാം ഉള്ള വിവരങ്ങള്‍ തുടര്‍ച്ചയായി ലഭ്യമാകണം. അണക്കെട്ടുകള്‍ ഉള്ള പുഴകളില്‍ അവയുടെ വിശദാംശങ്ങളും ലഭ്യമാകണം.
മലയിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടാകാനിടയുള്ള ഇടങ്ങളില്‍ മുന്‍കരുതലുകളുടെയും മുന്നൊരുക്കങ്ങളുടെയും സാധ്യത വളരെ പരിമിതമാണ്. ദുരന്തം ക്ഷണനേരം കൊണ്ടാണ് സംഭവിക്കുന്നത് എന്നതിനാല്‍ ആ സമയത്ത് ജനങ്ങളെ ഒഴിപ്പിക്കാനാകില്ല. അതിനാല്‍ത്തന്നെ ഉരുള്‍പൊട്ടലും മലയിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മഴക്കാലത്ത് മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഏറ്റവും അഭികാമ്യം. പലയിടത്തും സ്ഥിരമായിത്തന്നെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരും. മഹാമാരിയുടെ കൂടി പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കത്തിന് ഇടയാക്കുന്ന കനത്ത മഴ ഈ വര്‍ഷം പെയ്യാതിരിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ഒപ്പം തന്നെ വെള്ളപ്പൊക്കം ഉണ്ടാവുകയാണെങ്കില്‍ വെള്ളം കയറുന്ന മുഴുവന്‍ വീടുകളില്‍ നിന്നും ജനങ്ങളെയും വളര്‍ത്തുമൃഗങ്ങളെയും നേരത്തെ തന്നെ മാറ്റിപ്പാര്‍പ്പിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്താനുമാകണം.