ഓണ്‍ലൈന്‍ പഠനം നമ്മുടെ കുഞ്ഞുങ്ങളെ ഇറച്ചിക്കോഴികളാക്കാനോ ?
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
കഥയും പാട്ടും വരയും അഭിനയവും ഇഴുകി ചേര്‍ന്ന് കോഴിക്കോട് മുടവടത്തൂര്‍ വി വി എല്‍ പി സ്കൂളിലെ സായിശ്വേതയുടെ ക്ലാസ്സ് ഹിറ്റായി. ഫസ്റ്റ് ബെല്‍ ഹിറ്റില്‍ മാധ്യമങ്ങള്‍ മയങ്ങി. ഓണ്‍ലൈനില്‍ ആഘോഷങ്ങള്‍ പൂത്തിരിയായി കത്തിജ്ജ്വലിച്ചപ്പോള്‍ ഫസ്റ്റ് ബെല്‍ കേള്‍ക്കാതെയും അറിയാതെയും അനേകര്‍ അനാഥരായി അലഞ്ഞു. പത്രങ്ങള്‍ തന്നെ അത്തരക്കാരുടെ വാര്‍ത്ത അലങ്കരിച്ച് അവതരിപ്പിച്ചു. കാസര്‍കോട്ട് ദേലംപടി ഏവത്തൂര്‍ കോളനിയിലെ വിദ്യാര്‍ത്ഥികള്‍ ആരും തന്നെ ഫസ്റ്റ്ബെല്‍ അടിച്ചതു കേട്ടില്ല. ഇന്‍റര്‍നെറ്റും ടി വിയും ഇല്ലാത്ത ലോകത്ത് അവര്‍ അജ്ഞരായി കഴിഞ്ഞു. ഇത് സാക്ഷര കേരളത്തിന്‍റെ നേര്‍ചിത്രമാണ്. ഒപ്പം അതു പുതിയൊരു വിദ്യാഭ്യാസ സമ്പ്രദായത്തിന്‍റെ തുടക്കവും വ്യക്തമാക്കുന്നു.
പുതിയ വിദ്യാഭ്യാസ രീതി ഇന്ത്യയില്‍ കടുത്ത വിവേചനത്തിന് വഴിതെളിക്കുമെന്ന് വിദ്യാഭ്യാസ വിചക്ഷണന്മാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കമ്പ്യൂട്ടറിലും മൊബൈലിലും, ലാപ്ടോപ്പിലും കേന്ദ്രീകരിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം താഴ്ന്ന ഇടത്തരക്കാര്‍ ഉള്‍പ്പെടെയുള്ള ദരിദ്രജനതയെ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് നാടു കടത്തും. ലോക്ഡൗണ്‍ ഇന്ത്യയിലെ 321 ദശലക്ഷം കുട്ടികളെയാണ് ക്ലാസ്സ് മുറിക്ക് പുറത്താക്കിയതെന്ന് യുനസ്കോ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടവരോട് പത്ത് ആഴ്ചകള്‍ക്കുശേഷം മോദി സര്‍ക്കാര്‍ പറഞ്ഞത് ഓണ്‍ലൈനില്‍ പഠനം തുടരാനാണ്. വിദ്യാഭ്യാസരംഗത്ത് കടുത്ത വിവേചനം നിലനില്‍ക്കുന്ന ഇന്ത്യയില്‍, താഴ്ന്ന ഇന്‍റര്‍നെറ്റ് ഉപയോഗം രേഖപ്പെടുത്തുന്ന ഇന്ത്യയില്‍ ഈ 321 ദശലക്ഷത്തില്‍ എത്രപേര്‍ക്ക് തിരികെ പഠനത്തിലെത്താന്‍ കഴിയും. 2018 ല്‍ ASU (Annual Status of Education) നല്‍കുന്ന വിവരം അനുസരിച്ച് ഗ്രാമീണ വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം പരിതാപകരമാണ്. ഗ്രാമീണ വിദ്യാര്‍ത്ഥികളില്‍ 5-ാം ക്ലാസ്സില്‍ പഠിക്കുന്ന 50% പേര്‍ക്ക് മാത്രമാണ് രണ്ടാം ക്ലാസ്സ് ലെവലിലുള്ള പാഠപുസ്തകം വായിക്കാനറിയുന്നത്. 28% ത്തിനു മാത്രമാണ് ഡിവിഷന്‍ പ്രൊബ്ലം ചെയ്യാന്‍ അറിയുന്നത്. ഇവരിലേയ്ക്ക് ഓണ്‍ലൈന്‍ പഠനം കയറിച്ചെന്നാല്‍ കൊഴിഞ്ഞുപോക്ക് കൂടും.
ജാര്‍ഖണ്ഡില്‍ 11% കുടുംബങ്ങള്‍ക്ക് മാത്രമാണ് കമ്പ്യൂട്ടര്‍ സാക്ഷരതയുള്ള ഉള്ളത്. 89% കുടുംബങ്ങളും കമ്പ്യൂട്ടര്‍ സാക്ഷരതയില്ലാത്ത സംസ്ഥാനത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉണ്ടാക്കുന്ന പ്രത്യാഘാതം ഭയപ്പെടുത്തുന്നതാണ്.
കേരളത്തില്‍ രാഷ്ട്രീയ നേതൃത്വവും വിദ്യാഭ്യാസവിചക്ഷണന്മാരും മാധ്യമപ്രവര്‍ത്തകരും അവഗണിച്ച ഒരു വലിയ വിദ്യാര്‍ത്ഥി സമൂഹമുണ്ട്. അവരാണ് സമാന്തര വിദ്യാര്‍ത്ഥികള്‍. ഏതാണ്ട് ആയിരത്തോളം പാരലല്‍ കോളേജുകളും മുപ്പതിനായിരത്തിലധികം അദ്ധ്യാപകരും ഏഴരലക്ഷത്തോളം വിദ്യാര്‍ത്ഥികളും പഠിക്കുന്ന സമാന്തര മേഖല സമ്പൂര്‍ണ്ണമായി ദരിദ്രമേഖലയിലാണ്. ബി എ, ബി കോം, എം എ, എം കോം, പ്ലസ് ടു എന്നീ ലവലിലുള്ള ക്ലാസ്സുകളില്‍ അവിടെ കുട്ടികള്‍ പഠിക്കുന്നു. അതിനൊപ്പം കേരള സര്‍ക്കാര്‍ നടത്തുന്ന സ്കോള്‍ കേരളയിലും, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്കൂളിലും പഠിക്കുന്നവരാണ് ഈ വിദ്യാര്‍ത്ഥികള്‍. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇവരെ വിദ്യാഭ്യാസമേഖലയില്‍ നിന്ന് ഡ്രോപ്ഔട്ട് ചെയ്യും. ഇതിനെക്കുറിച്ച് നമ്മുടെ സമൂഹം നിശബ്ദരാണ്. അത്രമാത്രം സമാന്തര വിദ്യാര്‍ത്ഥികള്‍ കേരളത്തില്‍ പാര്‍ശ്വവത്കൃതരാണ്.
ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ സര്‍ക്കാരിന്‍റെ ലക്ഷ്യം മധ്യവര്‍ഗ്ഗത്തെ പ്രീണിപ്പിക്കുക എന്നതായി മാറി. പണം ഉള്ളവര്‍ പഠിക്കട്ടെ; പണമില്ലാത്തവര്‍ കാഴ്ചക്കാരാവട്ടെ എന്നതാണ് നിലപാട്. സിപിഎംന്‍റെ പോളിറ്റ് ബ്യൂറോ പറഞ്ഞത് ഡിജിറ്റല്‍ പഠനം അടിച്ചേല്‍പ്പിക്കരുതെന്നാണ്. സാമൂഹ്യവിവേചനം ഉണ്ടാകാതിരിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സാമഗ്രികള്‍ ലഭ്യമാകുന്നതുവരെ ഡിജിറ്റല്‍ പഠനം വേണ്ടെന്നാണ് സിപിഎം പിബി പറഞ്ഞത്. അത് നൂറുശതമാനം ശരിയുമാണ്.
ഇന്ത്യന്‍ പാര്‍ലമെന്‍റ് അംഗീകരിക്കാത്ത വിദ്യാഭ്യാസ നയം പാര്‍ലമെന്‍റിനെ ബൈപ്പാസ് ചെയ്തുകൊണ്ട് നടപ്പിലാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പി ബി വ്യക്തമാക്കി. ഡിജിറ്റല്‍ വിദ്യാഭ്യാസനയത്തെ എല്ലാ കാലത്തും എതിര്‍ത്ത സിപിഎം ആവേശത്തോടുകൂടിയാണ് കേരളത്തില്‍ ഇത് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു പഠന സഹായി മാത്രമാണ്. അതൊരിക്കലും വിദ്യാലയങ്ങള്‍ക്ക് പകരം വെക്കാവുന്നതല്ല. സ്ഥിതിസമത്വത്തെയും സാമൂഹ്യനീതിയെയും ഉള്‍ക്കൊള്ളാത്ത ഒരു സംവിധാനത്തെ സിപിഎംന് എങ്ങിനെ സ്വീകരിക്കാന്‍ കഴിയും? സാമൂഹ്യനീതി നിഷേധിക്കുന്നിടത്താണ് ഒരു മാര്‍ക്സിസ്റ്റ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നത്.
ഇന്നലെവരെ ലോകം കൊണ്ടു നടന്ന വിദ്യാഭ്യാസ സമ്പ്രദായത്തെ ജനകീയ ചര്‍ച്ചകള്‍ ഒന്നുമില്ലാതെ എഴുതി തള്ളുകയും പുതിയ സാങ്കേതിക രീതികളിലേയ്ക്ക് ഒരു സമൂഹത്തെ എറിഞ്ഞു കൊടുക്കുകയും ചെയ്യുന്ന ഭരണാധികാരികള്‍ പുതിയ അധീശശക്തികളുടെ സിംഹാസനാധിപതികളായി മാറുകയാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അമേരിക്കയില്‍ തൊഴില്‍രഹിതരുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കാരണം സാങ്കേതിക വിദ്യ മനുഷ്യ അദ്ധ്വാനത്തെ റീപ്ലെയിസ് ചെയ്യുന്നു. മനുഷ്യര്‍ വേണ്ട; യന്ത്രങ്ങള്‍ മതി. ഇത് അമേരിക്കയുടെ മാത്രം കാര്യമല്ല, ലോകരാജ്യ തൊഴിലാളികളുടെ മൊത്തം കാര്യമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ജോലികള്‍ക്കും ബിസിനസ്സ് ആവശ്യങ്ങള്‍ക്കു വേണ്ട വ്യക്തികളെയാണ് സ്കൂളുകള്‍ സൃഷ്ടിക്കേണ്ടതെന്നാണ് കോര്‍പ്പറേറ്റുകള്‍ ആവശ്യപ്പെടുന്നത്. ആഗോളമുതലാളിത്ത പ്രത്യയശാസ്ത്രം “ഡോഗ് ഈറ്റ്സ് ഡോഗ്” എന്നതാണ്. ഏതു പട്ടി അതിജീവിക്കും എന്നത് നിശ്ചയിക്കുന്നത് ഏറ്റവും പുതിയ സാങ്കേതിക വൈദഗ്ദ്ധ്യമാണ്. ഈ വൈദഗ്ദ്ധ്യ നിര്‍മ്മാണ കേന്ദ്രമാണ് പുതിയ സ്കൂളുകള്‍. ഈ കാഴ്ചപ്പാട് തലയില്‍ കയറിയ നേതൃത്വമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമാക്കാന്‍ ചരടുവലിക്കുന്നത്.
കൊറോണ എന്ന മഹാമാരി കാലത്തെ രണ്ടായി വിഭജിച്ചു. കൊറോണയ്ക്ക് മുമ്പും പിമ്പും. കൊറോണാനന്തര കാലം പുതിയ കോര്‍പ്പറേറ്റ് പ്രത്യയശാസ്ത്രകാലമായിരിക്കും. അതില്‍ വിദ്യാഭ്യാസം പ്രധാന ഉപകരണമായി മാറും. മാര്‍ക്സിയന്‍ ചിന്തകനായ അല്‍ത്തൂസറുടെ നിഗമനം ഏറെ പ്രസക്തമായി വരും. വിദ്യാഭ്യാസത്തെ വരേണ്യവര്‍ഗം കൂടുതല്‍ ശക്തമായി അവരുടെ ആധിപത്യസ്ഥാപനത്തിനായി പ്രയോഗിക്കും. പ്രത്യയശാസ്ത്ര ഉപകരണമായി അതു മാറുമ്പോള്‍ ഭരണവര്‍ഗ്ഗത്തിന് ആവശ്യമുള്ള തൊഴില്‍സേനയെ നിര്‍മ്മിക്കാന്‍ അതു പ്രയോഗിക്കപ്പെടും. സമ്പന്നര്‍ക്ക് ഉന്നത വിദ്യാഭ്യാസവും അതുവഴി ഉയര്‍ന്ന തൊഴിലുകളും വിദ്യാഭ്യാസം തന്നെ നിഷേധിക്കപ്പെടുന്ന ദരിദ്രര്‍ കായിക തൊഴിലാളികള്‍ മാത്രമായി മാറും. നഗരകേന്ദ്രങ്ങളേയും സമ്പന്നരുടെ പ്രത്യേക പാര്‍പ്പിട മേഖലകളേയും നിലനിര്‍ത്താന്‍ ഈ കായിക തൊഴിലാളികള്‍ കൂട്ടത്തോടെ നിയോഗിക്കപ്പെടും. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്ക് ചേക്കേറിയ ഇവര്‍ അതിഥി തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കപ്പെടും. ക്രമേണ ഇവര്‍ അഭയാര്‍ത്ഥികളായി മാറും. കൊറോണ കാലത്ത് ദല്‍ഹിയിലും, ഉത്തര്‍പ്രദേശിലും മഹാരാഷ്ട്രയിലും കേരളത്തിലും ഗുജറാത്തിലുമൊക്കെ ഈ അതിഥി തൊഴിലാളികളുടെ പലായനം നാം കണ്ടു. പലായന കാലത്ത് അത്യാഹിതങ്ങളിലും അപകടങ്ങളിലും പെട്ട് 251 പേരാണ് മരിച്ചത്. മോദിയുടെ ഇന്ത്യ റെയില്‍വേ ട്രാക്കില്‍ ചിതറിത്തെറിച്ച മാംസപിണ്ടങ്ങളായി. ഇനിയും അതിഥി തൊഴിലാളികള്‍ കൂടുതല്‍ കൂടുതല്‍ നിര്‍മ്മിക്കപ്പെടും. പലായനത്തിന്‍റെയും അഭയാര്‍ത്ഥിത്വത്തിന്‍റെയും സമൃദ്ധിയില്‍ അവര്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടും.
ഏറെ കാലമായി നിരന്തരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത കുട്ടികളുടെ സൗജന്യ വിദ്യാഭ്യാസമെന്ന മൗലികാവകാശം പോലും പ്രായോഗിക തലത്തില്‍ നിഷേധിക്കപ്പെടും. നിയമത്തില്‍ സൂക്ള്‍ വിദ്യാഭ്യാസം മൗലിക അവകാശമായിരിക്കും. പക്ഷെ പ്രയോഗത്തില്‍ അത് കിട്ടാക്കനിയായി മാറും. അസമത്വം നിലനില്‍ക്കുന്ന സമൂഹത്തില്‍ ഉപകരണങ്ങളുടെ സഹായത്താല്‍ നിര്‍വ്വഹിക്കപ്പെടുന്ന പഠനം അസാധാരണമായ വിവേചനമായിരിക്കും സൃഷ്ടിക്കുന്നത്. ഇന്‍സ്ട്രുമെന്‍റല്‍ എഡ്യുക്കേഷന്‍ എന്നത് സമ്പന്നരുടെ വിദ്യാഭ്യാസമാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് തന്നെ കേരളത്തില്‍ ഏകദേശം രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ ഇന്‍റര്‍നെറ്റിന്‍റെയും കമ്പ്യൂട്ടറിന്‍റെയും പരിധിക്ക് പുറത്താണ്. ഓണ്‍ലൈന്‍ പഠനം ഇവരിലേയ്ക്ക് എത്താന്‍ മാര്‍ഗ്ഗമില്ല.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഒരു സ്ഥിരം സംവിധാനമായി മാറിയാല്‍ ഈ രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ ഔദ്യോഗിക വിദ്യാഭ്യാസം രജിസ്റ്ററില്‍ നിന്ന് പുറത്ത് (ഡ്രോപ്പ് ഔട്ട്) ആകും. ഇതിനോട് സര്‍ക്കാര്‍ പുറം തിരിഞ്ഞാല്‍ അതിന്‍റെ അര്‍ത്ഥം സര്‍ക്കാരിന്‍റെ നയം പണമുള്ളവര്‍ പഠിച്ചാല്‍ മതി എന്നതാവും. ഇടതുപക്ഷ സര്‍ക്കാര്‍ എന്ന മേനി പറച്ചില്‍ അവിടെ അവസാനിക്കും.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ പക്ഷപാതിത്വം ചൂണ്ടിക്കാട്ടിയാല്‍ ഉടനെ പറയും പണ്ട് കമ്പ്യൂട്ടര്‍ തല്ലിപ്പൊളിച്ചവരുടെ പ്രേതങ്ങള്‍ കടന്നുവരുന്നെന്ന്. അല്ലെങ്കില്‍ ലുഡ്ഡിസത്തിന്‍റെ പ്രേതങ്ങള്‍ ശവക്കുഴിയില്‍ നിന്ന് ഉയര്‍പ്പ് നേടി എത്തുകയാണെന്നു പറയും. ഇതില്‍ പ്രസക്തമായ ഒന്നുമില്ല.
പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കേണ്ടതല്ലേ എന്ന് ചോദിക്കുന്നവരാണല്ലോ കൂടുതല്‍. അതിനുത്തരം ഉപയോഗിക്കണമെന്നു തന്നെയാണ്. തീര്‍ച്ചയായും നാം പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണം. പക്ഷെ അത് മനുഷ്യരെ കൂടുതല്‍ വികസിപ്പിക്കുന്നതും അവരുടെ സര്‍ഗ്ഗവാസനകളെ വളര്‍ത്തുന്നതുമായിരിക്കണം. ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍ വരുത്തുന്ന മാറ്റമെന്താണ്? കുട്ടികളുടെ ലോകം സ്വന്തം ഗൃഹഭിത്തികളിലേയ്ക്ക് ചുരുങ്ങുകയാണ്. അവര്‍ പഠിക്കാന്‍ ഇരിക്കുന്ന മുറിയുടെ നാല്‍ചുവരുകള്‍ക്കുള്ളില്‍ അദ്ധ്യാപകരുടെയോ, ഫെസിലിറ്റേറ്റര്‍മാരുടെയോ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്തിരിക്കുന്ന പുതിയ വിദ്യാര്‍ത്ഥിയുടെ ചുറ്റുപാട് പരിതാപകരമാണ്. ഓണ്‍ലൈന്‍ വഴി വിദ്യാര്‍ത്ഥി സമൂഹത്തെ സര്‍ക്കാര്‍ ജയിലിലാക്കുകയാണ്. ബാലകൗമാരങ്ങളുടെ നൈസര്‍ഗികത ഞെരിച്ചമര്‍ത്തപ്പെടുന്നു. ഓണ്‍ലൈന്‍ പഠനമുറികളില്‍ പുതിയ തരം ഇറച്ചിക്കോഴികള്‍ വളര്‍ന്ന് പാകപ്പെടുകയാണ്. ഇറച്ചിക്കോഴികളെ വ്യാപാരികള്‍ വളര്‍ത്തുന്നത് മുന്തിയതോതില്‍ ഇറച്ചി സമ്പാദിക്കാനാണ്. കമ്പിക്കൂടുകള്‍ക്കുള്ളില്‍ ഹൈടെക് ആവാസവ്യവസ്ഥയില്‍ കോഴികള്‍ക്ക് ഭക്ഷണവും വെള്ളവും കറങ്ങുന്ന പാത്രത്തില്‍ മുന്നിലെത്തും. കൊക്ക് നീട്ടി അതെല്ലാം ഭക്ഷിച്ച് ഇറച്ചിയായി മാറലാണ് അതിന്‍റെ ധര്‍മ്മം.
ഓണ്‍ലൈന്‍ ക്ലാസ്സിന്‍റെ ഹൈടെക്ചുറ്റുപാടില്‍ വിദ്യാര്‍ത്ഥിയുടെ മുന്നില്‍ പുതിയ ആവാസവ്യവസ്ഥ സൃഷ്ടിക്കപ്പെടുകയാണ്. അടുത്തിരിക്കാന്‍ കൂട്ടുകാരില്ല. ഓടിക്കളിക്കാന്‍ കളിസ്ഥലമില്ല. കാറ്റ് കൊള്ളാന്‍ മാഞ്ചോട് ഇല്ല. ഒന്ന് തോണ്ടാന്‍ പോലും ആരുമില്ല. മുന്നില്‍ കാണുന്ന ടച്ച് സ്ക്രീനില്‍ നോക്കിയും ബ്ലൂടുത്തും, ഇയര്‍ഫോണും കേള്‍ക്കാന്‍ സഹായിച്ചും കുട്ടി പതുക്കെ വളരുകയാണ്. ഒരു ഇറച്ചിക്കോഴിയെ പോലെ തന്നെ.
സാങ്കേതിക വിദ്യയിലൂടെ അറിവ് ഭക്ഷിച്ച് അവര്‍ കോര്‍പ്പറേറ്റുകള്‍ക്ക് ആവശ്യമായ രീതിയില്‍ പാകപ്പെട്ടുകൊള്ളും. ഇവര്‍ മനുഷ്യരായി വളരേണ്ടതില്ല. ഇവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് 21-ാം നൂറ്റാണ്ടിലെ കോര്‍പ്പറേറ്റ് ലോകത്തിന്‍റെ വ്യവഹാര ക്രിയകളില്‍ ഇടപെടാനുള്ള ശേഷിയാണ്. അതവര്‍ക്കുണ്ടാവും. ചുരുക്കത്തില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ത്ഥിത്വത്തെ ഉച്ചാടനം ചെയ്യുകയും വിദ്യാര്‍ത്ഥിയെ വിവരശേഖര ഭണ്ഡാരമാക്കുകയും അവന്‍റെ/അവളുടെ നൈസര്‍ഗികതയുടെ വരിയുടക്കുകയും ഷണ്ഡത്വത്തിന്‍റെ പുതിയ ഭാവുകത്വമേറിയ വിവരജീവിയാക്കി മാറ്റുകയും ചെയ്യുന്നു.
ഇതുവരെ ലോകത്തിനൊരു അദ്ധ്യയന സമ്പ്രദായമുണ്ടായിരുന്നു. ഗുരുകുല വിദ്യാഭ്യാസകാലം മുതല്‍ ഗുരുവായിരുന്നു വിദ്യാഭ്യാസത്തിന്‍റെ കേന്ദ്രബിന്ദു. അതിനു കാരണം വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം മനുഷ്യനിര്‍മ്മാണമായിരുന്നു എന്നതാണ്. സംസ്കാര പ്രസരണം, സമൂഹവല്‍ക്കരണം, തൊഴില്‍സേനയെ സൃഷ്ടിക്കല്‍, യോഗ്യതയുടെ അടിസ്ഥാനത്തില്‍ വ്യക്തികളെ തരം തിരിക്കല്‍ ഇതൊക്കെ എമില്‍ ഡര്‍ഖിമിനെ പോലുള്ള ഫംങഷണലിസ്റ്റ് ചിന്തകര്‍ക്ക് പ്രധാനപ്പെട്ടവയായിരുന്നെങ്കിലും അതിന്‍റെ ആത്യന്തിക ലക്ഷ്യം മനുഷ്യനായിരുന്നു.
സമൂഹത്തിലെ നീതിമാനെ നിര്‍മ്മിക്കുക എന്ന അതിസങ്കീര്‍ണ്ണമായ ഒരു ധര്‍മ്മം വിദ്യാഭ്യാസത്തിനുണ്ട്. എല്ലാവരും നീതിമാന്‍മാര്‍ ആയില്ലെങ്കിലും ഒരു നീതിമാനെങ്കിലും സൃഷ്ടിക്കപ്പെടും. ഓരോ ദിവസവും ക്ലാസ്സമുറിയുടെ ചുവരുകളില്‍, ബ്ലാക്ക് ബോര്‍ഡില്‍, പഠനബഞ്ചില്‍, കളിമൈതാനത്ത്, മാഞ്ചോട്ടില്‍, പുല്‍ത്തകിടിയില്‍ അറിയുന്ന അറിവിനെ പ്രവൃത്തിയായും ചിന്തയായും പാകപ്പെടുത്തുന്ന അത്ഭുത ആല്‍കെമിയാണ് പഠനം.
മനുഷ്യനെക്കുറിച്ചുള്ള സമഗ്രമായ അറിവും വെളിച്ചവും അതില്‍ നിറയുന്ന പ്രവൃത്തിയുമായി പഠനം മുന്നേറുമ്പോള്‍ പുതിയ മനുഷ്യരുണ്ടാവുകയാണ്. അദ്ധ്യാപകര്‍ റോള്‍ മോഡലാണ്. അദ്ധ്യാപകന്‍റെ പ്രധാന ദൗത്യം ടീച്ചിംഗ് അല്ല മെന്‍ററിംഗ് ആണ്. വില്യം ആര്‍തര്‍വാഡ് പറഞ്ഞത് കുട്ടികളെ പ്രചോദിപ്പിച്ച് മനുഷ്യരാക്കുന്നവരാണ് ഗ്രെയ്റ്റ് ടീച്ചര്‍. അദ്ദേഹം ഇങ്ങനെ കുറിച്ചു: “The mediocre teacher tells. The Good teacher explains. The Superior teacher demonstrates. The Great Teacher inspires”. കുട്ടികളെ അവരവരുടെ കഴിവിനനുസരിച്ച് പ്രചോദിപ്പിച്ചും വികസിപ്പിച്ചും മനുഷ്യരാക്കുന്ന വിസ്മയകരമായ പ്രക്രിയയിലെ മാന്ത്രിക സ്പര്‍ശമാണ് ഗ്രെയ്റ്റ് ടീച്ചറുടേത്. അതെല്ലാം സമ്പൂര്‍ണ്ണമായി ഇല്ലാതാകുന്ന ഒരു പുതിയ പഠന ആവാസവ്യവസ്ഥ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലൂടെ നിലവില്‍ വരാന്‍ പോവുകയാണ്. പ്രതിബദ്ധരായ അദ്ധ്യാപകരുടേയും ഗ്രെയ്റ്റ് മാസ്റ്റേഴ്സിന്‍റെയും അഭാവം സൃഷ്ടിക്കുന്ന പ്രതിഭാ ശൂന്യമായ മരുഭൂമികളില്‍ അലയുന്ന പുതിയ പഠിതാവ് അനുഭവരഹിതനായി കൃത്രിമത്വത്തിന്‍റെ ഫ്രെയിമില്‍ കൂടുതല്‍ മനുഷ്യവിരുദ്ധനായി വളരും.
സാങ്കേതികമായി പറഞ്ഞാല്‍ മനുഷ്യത്വം പിഴിഞ്ഞു കളഞ്ഞ് വിവരങ്ങള്‍ മാത്രം കുത്തി നിറച്ച് സൃഷ്ടിക്കപ്പെടുന്ന ടെസ്റ്റ് ട്യൂബ് ശിശുവായിരിക്കും പുതിയ കുട്ടി. അവനില്‍ നിന്ന് സമൂഹം ഒന്നും പ്രതീക്ഷിക്കരുത്. അവന്‍ വളരുന്നത് കോര്‍പ്പറേറ്റ് ലോകത്തിന്‍റെ ആവശ്യ സാക്ഷാത്കാരമനുസരിച്ചാണ്.
ഇതുവരെ ലോകം വിദ്യാഭ്യാസം കൊണ്ട് വിവക്ഷിച്ചിരുന്ന ചില കാര്യങ്ങളുണ്ട്. അത് സംസ്കാരത്തിന്‍റെയും സാമൂഹ്യവത്കരണത്തിന്‍റെയും ബാലപാഠങ്ങളാണ്. നിങ്ങള്‍ പഠിച്ചതെല്ലാം മറന്നതിനുശേഷം നിങ്ങളില്‍ എന്ത് അവശേഷിക്കുന്നുവോ അതാണ് വിദ്യാഭ്യാസം കൊണ്ട് നാം നേടിയത്. വിവരങ്ങള്‍ മറന്നു കളയാനുള്ളതാണ്. പക്ഷേ ആ വിവരങ്ങള്‍ നമ്മളിലൂടെ സഞ്ചരിച്ച് പുറത്തു പോകുമ്പോള്‍ നമ്മളില്‍ നടക്കുന്ന പ്രക്രിയയാണ് നമ്മളെ നിര്‍മ്മിക്കുന്നത്. ഒരു മലയാളിയെ മറ്റ് ജനവിഭാഗങ്ങളില്‍ നിന്ന് വേറിട്ടതാക്കിയത് ഇതാണ്. മലയാളിത്വം എന്ന സ്വത്വനിര്‍മ്മിതി ഈ ഇടവേളയിലാണ് നിര്‍മ്മിക്കപ്പെട്ടിരുന്നത്. ആ സ്വത്വ നിര്‍മ്മിതി അന്യമാവുകയാണ്.
ഞാന്‍ പഠിച്ചിരുന്ന കാലത്ത് ഏറ്റവും കുടുതല്‍ വിളിച്ച ഒരു മുദ്രാവാക്യമാണ് വിദ്യാര്‍ത്ഥി ഐക്യം സിന്ദാബാദ്. ഞാന്‍ മാത്രമല്ല കേരളത്തിലെ ഒട്ടുമിക്ക വിദ്യാര്‍ത്ഥികളും അത് വിളിച്ചിട്ടുണ്ട്. അവശേഷിച്ചവരെല്ലാം അതു കേട്ടിട്ടുണ്ട്. വലിയൊരു വിദ്യാര്‍ത്ഥി സമൂഹത്തെക്കുറിച്ചുള്ള സങ്കല്‍പ്പം ഓരോ വിദ്യാര്‍ത്ഥിയുടെയും ജൈവാവസ്ഥയിലേയ്ക്ക് കോരിയിട്ട മുദ്രാവാക്യമാണ് അത്. കൂട്ടായ്മയും സഹജീവിബോധവും അത് നിര്‍മ്മിക്കുന്നു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം വിദ്യാര്‍ത്ഥിയെ ഏകാന്തതയുടെ ലോകത്ത് പൂട്ടിയിടുന്നു. കൂട്ടായ്മ വെര്‍ച്ച്വല്‍ തലത്തിലാകുന്നു. മനുഷ്യ സ്പര്‍ശം അപ്രാപ്യമാകുന്നു.
വിദ്യാഭ്യാസത്തിന്‍റെ ആത്മാവ് ഇന്‍ററാക്ഷനാണ്. പഠിക്കുന്നവരുടേയും പഠിപ്പിക്കുന്നവരുടേയും ശാരീരിക സാന്നിദ്ധ്യമാണ് അതിനെ ജീവനുള്ളതാക്കുന്നത്. അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം എന്നത് വിദ്യാഭ്യാസത്തിന്‍റെ അസാധാരണമായ ജൈവബന്ധമാണ്. അതിലൂടെയാണ് പുതിയ ലോകവും പുതിയകാശവും ഉണ്ടാവുന്നത്. കടമ്മനിട്ട രാമകൃഷ്ണന്‍റെ വരികള്‍ കടമെടുത്താല്‍ അദ്ധ്യാപകന്‍റെ വാക്കുകള്‍ കസ്തൂരി മണക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ കണ്ണുകള്‍ കര്‍പ്പൂര ദീപങ്ങളാകും. ഇത് അദ്ധ്യാപനത്തെ അനശ്വരമാക്കുന്ന അനുഭവമാണ്.
എക്സപെര്‍ട്ടൈസിന്‍റെ അരങ്ങാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം. പ്രത്യേകിച്ച് വിക്ടേഴ്സ് ചാനലില്‍ എത്തുന്ന ഫോട്ടോ ഷൂട്ടുകള്‍. അത് അദ്ധ്യാപനത്തെ അഭിനയമായി മാറ്റുന്നു. ഒരു വിദഗ്ദ്ധനായ അദ്ധ്യാപകന്‍റെ അല്ലെങ്കില്‍ പെര്‍ഫോമറുടെ പ്രകടനം കണ്ട് ചാനല്‍ ക്ലാസില്‍ കുട്ടി അന്തം വിട്ടിരിക്കുന്നു. പിന്നെ അവന്‍ എപ്പോഴെങ്കിലും ക്ലാസ്സിലെത്തുകയാണെങ്കില്‍ തന്‍റെ വില്ലേജ് സ്കൂള്‍ മാസ്റ്ററോട് അവന് തോന്നുന്നത് പുച്ഛം മാത്രം. അവജ്ഞയാണ് അവന്‍റെ ഗുരുദക്ഷിണ. പാവം വില്ലേജ് സ്കൂള്‍ മാസ്റ്റര്‍ അപകര്‍ഷതയുടെ മേലങ്കിയണിഞ്ഞ് പടിയിറങ്ങുന്നു.
നമ്മുടെ കേരളത്തിന്‍റെ രാഷ്ട്രീയ സാമൂഹിക ഭൂമികയില്‍ തെളിഞ്ഞ നക്ഷത്രങ്ങള്‍ അവരൊന്നും ക്ലാസ്സ് മുറിക്കത്തിരുന്നു പഠിച്ചവരല്ല. ക്ലാസ്സ്മുറികളും കാമ്പസ്സുകളും അതിന്‍റെ പരിസരങ്ങളും സൃഷ്ടിച്ച ആവാസവ്യവസ്ഥകളാണ് അവരുടെ നിര്‍മ്മിതിക്ക് കാരണം. അവര്‍ പരീക്ഷ പാസ്സായിരുന്നത് കൂട്ടുകാരുടെ നോട്ടുകളും വിപണിയിലെ ഗൈഡുകളും ഉപയോഗിച്ചായിരുന്നു. കളരിയ്ക്ക് പുറത്തിരുന്നു പഠിച്ച അവര്‍ക്ക് ഒരുപാട് അനുഭവങ്ങള്‍ പകരാന്‍ കാമ്പസിന്‍റെ വിശാല ലോകമുണ്ടായിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പഠനം അവരുടെ സാമൂഹ്യലോകം അടച്ചുപൂട്ടുകയാണ്. ക്ലാസ്സില്‍ കയറാതെ നടന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എന്ന കടമ്പ കടക്കാന്‍ സഹായിച്ചിരുന്ന ഗൈഡിന്‍റെ സ്ഥാനമാണ് പുതിയ ഓണ്‍ലൈന്‍ പഠനത്തിനുണ്ടാവുക. ഒരു തരത്തിലും അത് വിദ്യാര്‍ത്ഥിയെ ജ്ഞാനത്തിന്‍റെ ലോകങ്ങളിലേയ്ക്ക് ആനയിക്കാന്‍ കെല്‍പ്പുള്ളതല്ല.
ഗുരുകുല കാലം മുതല്‍ വിദ്യാഭ്യാസം നടന്നിരുന്നത് വിശാലമായ സ്പെയിസിലായിരുന്നു. പൊതു ഇടങ്ങളില്‍ നടക്കേണ്ട ഒരു പ്രക്രിയ എന്നാണ് അത് വിലയിരുത്തപ്പെട്ടിരുന്നത്. വിശാലമായ വൃക്ഷത്തോപ്പുകള്‍ വിസൃതമായ മൈതാനങ്ങള്‍ വലിയ ക്ലാസ് മുറികള്‍. അതെല്ലാം മാറുകയാണ്.
സ്വകാര്യതയുടെ ക്യൂബിക്കുകളില്‍ വിദ്യാര്‍ത്ഥിയെ തളച്ചതാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ നേട്ടം. ഇത് പഠിതാക്കളില്‍ പലരെയും വ്യതിചലിതവികാരങ്ങളിലേയ്ക്ക് കൊണ്ടുപോയി. അതിന്‍റെ തെളിവ് സര്‍ക്കാരിന്‍റെ പ്രഥമ ട്രയല്‍ ക്ലാസ്സില്‍ തന്നെ പല കൗമാരപ്രായക്കാരെയും ജൂവനൈല്‍ ഹോമുകളിലെത്തിച്ചതാണ്.
നമ്മള്‍ ഇതുവരെ കൊണ്ടു നടന്ന പഠന സങ്കല്‍പ്പങ്ങളില്‍ ഇങ്ങനെയൊരു രേഖപ്പെടുത്തലുണ്ട്. ഒരാളുടെ ജ്ഞാനം വിവിധ മേഖലകളില്‍ നിന്നാണ് ആര്‍ജ്ജിക്കപ്പെടുന്നത്. ഒരാളുടെ ജ്ഞാനം കാല്‍ഭാഗം മാതാപിതാക്കളില്‍ നിന്നും കാല്‍ഭാഗം ഗുരുനാഥന്മാരില്‍ നിന്നും കാല്‍ഭാഗം സഹപാഠികളില്‍ നിന്നും കാല്‍ഭാഗം അനുഭവങ്ങളില്‍ നിന്നുമാണ്. ഈ മാനദണ്ഡങ്ങള്‍ ഒഴിവാക്കാന്‍ കാലമായിട്ടില്ല എന്നുവരികില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പാസ്സ്മാര്‍ക്ക് കിട്ടുമോ?
ഒട്ടേറെ നാളത്തെ ക്രമികമായ പ്രക്രിയയിലൂടെ നേടിയെടുത്തതാണ് കോ-എഡ്യുക്കേഷന്‍ എന്നത്. ലിംഗവിവേചനമില്ലാതെ വിദ്യാര്‍ത്ഥികള്‍ സ്വതന്ത്രമായി, സ്വാഭാവികമായി ഇടപഴകുന്ന ആംബിയന്‍സ് മാനസിക ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. അത് അപ്പാടെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിഴുങ്ങും. പെണ്‍കുട്ടികളും, ആണ്‍കുട്ടികളും പരസ്പരം ഇടപഴകാന്‍ അറിയാത്തവരായി മാറും. ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടും പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളോടും ഇടപഴകാത്തതുകൊണ്ട് മനുഷ്യപറ്റ് എന്നത് സമൂഹത്തിന് അന്യമാകും. സമൂഹത്തില്‍ ഉയരുന്ന ഒരു പ്രതിസന്ധിയെയും അഭിമുഖീകരിക്കാന്‍ അവര്‍ക്ക് കെല്‍പ്പില്ലാതാകും. ചെറിയ ചെറിയ കാര്യങ്ങളെ അഭിസംബോധന ചെയ്യാന്‍ കഴിവില്ലാത്ത കുട്ടികളുടെ എണ്ണം പെരുകുകയും ആത്മഹത്യകളിലേയ്ക്ക് അവര്‍ ഓടിക്കയറുകയും ചെയ്യുന്നു. ഇത് സംഭവിക്കുന്നത് കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മാനസിക ആരോഗ്യം ശുഷ്കമായതുകൊണ്ടാണ്. ഇപ്പോള്‍ തന്നെ പല കുട്ടികളും ആത്മഹത്യ ചെയ്ത വാര്‍ത്തകള്‍കൊണ്ട് പത്രത്താളുകള്‍ നിറയുന്നുണ്ട്. ഇപ്പോള്‍ തന്നെ ദുര്‍ബലമായ ആരോഗ്യനിലയുള്ള കുട്ടികളെ ഓണ്‍ലൈന്‍ പഠനം കൂടുതല്‍ മാനസികമായി ദുര്‍ബലരാക്കും. കാരണം ഓണ്‍ലൈന്‍ പഠനം തന്നെ ഒരുതരം ഏകാന്തതാ അഭ്യാസമാണ്.
കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാളത്തില്‍ ഇറങ്ങിയ സിനിമയാണ് ‘ക്ലാസ്മേറ്റ്സ്’ ഇതൊരു ലാല്‍ ജോസ് ചിത്രം എന്നതിലുപരി കേരളത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ചില്ലിട്ട ചിത്രമായി മാറി. കാമ്പസുകള്‍ എങ്ങിനെയാണ് ജീവിതം കെട്ടിപ്പെടുക്കുന്നതെന്ന് അത് വ്യക്തമാക്കി. മാത്രമല്ല ഗൃഹാതുരത്വത്തിന്‍റെ ഹാങ്ഓവറുകള്‍ മനുഷ്യജീവിതത്തിന് എത്ര വിലപ്പെട്ടതാണ് എന്ന കാര്യം ആ സിനിമ ദൃശ്യവത്കരിച്ചു. കൂട്ടായ്മയുടെ നവജീവനുകളായി മാറിയ ആ അനുഭവങ്ങള്‍ നിങ്ങള്‍ ഓണ്‍ലൈനിലാവുന്നതോടുകൂടി അടഞ്ഞു പോകും. ക്ലാസ്സ്മേറ്റ്സില്ലാത്ത അല്‍മ മീറ്ററാണ് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍.
ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിഷയകേന്ദ്രീകൃതവും അതിനാല്‍ വിവരവിതരണസമൃദ്ധവും ആണ്. ഗ്രെയ്റ്റ് മാസ്റ്റേഴ്സ് ക്ലാസെടുക്കുമ്പോള്‍ അവരുടെ മനസ്സില്‍ നിന്നാണ് ജ്ഞാനം പരന്നൊഴുകുന്നത്. ഇ സി ജി സുദര്‍ശനെപോലുള്ള പ്രഗത്ഭരായ അദ്ധ്യാപകര്‍ നോട്ട്സ് വായിച്ച് പഠിപ്പിച്ചവരായിരുന്നില്ല. അവരുടെഹൃദയത്തില്‍ നിന്നൊഴുകി വരുന്ന അറിവ് അവര്‍ ക്ലാസ്സില്‍ പ്രസരിപ്പിക്കുമ്പോള്‍ അത് കുറിച്ചെടുക്കാന്‍ ശ്രേഷ്ഠരായ വിദ്യാര്‍ത്ഥികള്‍ തന്നെ ഉണ്ടാകും. അവരുടെ ക്ലാസ്സിനോട് ഏറെയൊന്നും താരതമ്യപ്പെടുത്താനാവില്ലെങ്കിലും നമ്മുടെ നല്ല അദ്ധ്യാപകര്‍ ലോകത്തിന്‍റെ ജാലകം കുട്ടികളുടെ മുന്നില്‍ തുറന്നുവെക്കാറുണ്ട്. അതാണ് വിദ്യാര്‍ത്ഥികളെ വിശാല ഹൃദയരാക്കി മാറ്റുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ വിവരവിനിമയം മാത്രമാണ് നടക്കുന്നത്. ഒരു പക്ഷെ ഈ ക്ലാസ്സുകളുടെ ഗുണമേന്മയായി അത് ചൂണ്ടിക്കാട്ടാം. അദ്ധ്യാപകര്‍ വടിയെടുക്കുകയോ, കോപിക്കുകയോ ചെയ്യലില്ല, അടിച്ച് പഠിപ്പിക്കുന്ന ക്രൂരത ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമാകുന്നതോടു കൂടി അവസാനിക്കും. പക്ഷെ ആശയവിനിമയം ഫോര്‍മലാകും. ക്ലാസ്സില്‍ നിന്ന് ഇറങ്ങിപോകുന്ന കുട്ടികളുടെ എണ്ണം വര്‍ദ്ധിക്കും. ഈ പഠനരീതിയില്‍ ആഹ്ലാദിക്കുന്ന ഒരു വിഭാഗമുണ്ടാകും. അത് പുസ്തക പുഴുക്കളാണ്. ആരുടെയും ശല്യമില്ലാതെ എല്ലാം പഠിക്കാം എന്നത് അവരുടെ ആഹ്ലാദമായിരിക്കും. ഓണ്‍ലൈന്‍ പഠനം പുസ്തകപ്പുഴുക്കളുടെ പൂക്കാലമായി രേഖപ്പെടുത്തപ്പെട്ടേക്കാം. അതോടൊപ്പം വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാന്‍ അശക്തരായ അദ്ധ്യാപകര്‍ക്ക് ആശ്വാസം പകരുന്നതുമാകാം സര്‍ക്കാരിന്‍റെ ചുമതല.
സര്‍ക്കാരിന്‍റെ ചുമതല
കൊവിഡിനൊപ്പം ജീവിക്കുക എന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകരിച്ച കാര്യമാണ്. ലോകത്തിന് ഈ രീതിയിലേ ഇനി മുന്നോട്ടു പോകാനാവു. അതിനാവശ്യമായ കാര്യങ്ങളാണ് ഇന്ത്യയിലും കേരളത്തിലും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. മദ്യശാലകളും മാളുകളും തുറന്നു കഴിഞ്ഞു. അമ്പലങ്ങളും പള്ളികളും കുറേശ്ശെ തുറന്നു തുടങ്ങി. ഇനി തുറക്കാനുള്ളത് വിദ്യാലയങ്ങളാണ്. അത് ഉടനെ തന്നെ തുറക്കണം. സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകള്‍ നടത്തണം. ഒരു അദ്ധ്യയന വര്‍ഷം നഷ്ടപ്പെടുത്താതെ നോക്കേണ്ടത് സാമാന്യബോധമുള്ള ഏത് ഭരണാധികാരിയുടെയും ചുമതലയാണ്. അതിന് പലരും പല മാര്‍ഗങ്ങളാണ് സ്വീകരിക്കുന്നത്. ബാര്‍ കൗണ്‍സില്‍ മൂന്നാംവര്‍ഷ പരീക്ഷ മാത്രം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. എംജി സര്‍വ്വകലാശാല ഒന്നും രണ്ടും വര്‍ഷ ബിരുദ പരീക്ഷകള്‍ കോളേജില്‍ നടത്തി കോളേജ് തന്നെ മൂല്യനിര്‍ണ്ണയം നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. ഇതെല്ലാം സ്കൂള്‍ തലത്തില്‍ നില നില്‍ക്കുന്ന ഓള്‍ പ്രൊമോഷനെ കോളേജ് തലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുവരികയാണ് ചെയ്യുന്നത്. പക്ഷെ ഇവരൊന്നും ക്ലാസ്സുകള്‍ പുനഃരാരംഭിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. അദ്ധ്യയനവര്‍ഷം നഷ്ടപ്പെടാതിരിക്കാന്‍ മുട്ടുശാന്തികളാണ് അവര്‍ അന്വേഷിക്കുന്നത്. ഇതല്ല സമൂഹത്തിനാവശ്യം. സമൂഹത്തിനു വേണ്ടത് സാമൂഹ്യവത്കരണം, സാംസ്കാരിക നിര്‍മ്മിതി, ജനാധിപത്യ വ്യാപനം തുടങ്ങിയ സാധ്യതകളിലേയ്ക്ക് വിദ്യാഭ്യാസത്തെ കൊണ്ടുപോകുന്ന സംവിധാനമാണ്. കൊറോണ കാലത്തായാലും അതിനു മാറ്റം പാടില്ല.
കേരള സര്‍ക്കാര്‍ അടിയന്തിരമായി സ്കൂളുകള്‍ തുറക്കണം. ആരാധനാലയങ്ങള്‍ തുറക്കുന്നതിനും മുന്‍പ് തുറക്കേണ്ടത് അക്ഷര ക്ഷേത്രങ്ങളാണ്. ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാത്ത ആസ്ട്രേലിയയില്‍, എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടറും ലാപ്ടോപ്പും ഉള്ള അവിടെ ഓണ്‍ലൈന്‍ പഠനത്തിനു പകരം ഓഫ് ലൈന്‍ പഠനത്തിനാണ് പ്രാധാന്യം. ചൈന സ്കൂളുകള്‍ തുറന്നു. ബ്രിട്ടണ്‍ സ്കൂളുകള്‍ തുറക്കാന്‍ പോകുന്നു. സ്കൂള്‍ തുറന്നുകൊണ്ട് കേരളം ഇന്ത്യയ്ക്ക് മാതൃകയാകണം. കേരളത്തില്‍ എണ്‍പതുകളില്‍ പരീക്ഷിച്ച ഷിഫ്റ്റ് സമ്പ്രദായം കോവിഡ് കാലത്തും നടപ്പിലാക്കാവുന്നതാണ്. ഏതാണ്ട് പത്തുലക്ഷം കുട്ടികളാണ് ഇപ്പോള്‍ സ്കൂള്‍ തലത്തില്‍ ക്ലാസ്സ് മുറികളില്‍ ഉള്ളത്. ഇതിന് ചെറിയ മാറ്റം ഉണ്ടാകാം. ഒരു ദിവസത്തെ ക്ലാസ് രണ്ട് ഷിഫ്റ്റാക്കാം. അല്ലെങ്കില്‍ ഒരു ക്ലാസ് ഒന്നിടവിട്ട ദിവസങ്ങളിലാക്കാം. ഒരു ക്ലാസ്സിനെ രണ്ടായി വിഭജിക്കാം. ഈ നിലയില്‍ വര്‍ഗ്ഗീകരിച്ചാല്‍ ഒരു ഷിഫ്റ്റില്‍ ക്ലാസ്സിലെത്തുന്നത് രണ്ടരലക്ഷം വിദ്യാര്‍ത്ഥികള്‍ മാത്രമായിരിക്കും. 30 പേര്‍ ഉണ്ടായിരുന്ന ക്ലാസില്‍ 15 പേര്‍ മാത്രമായിരിക്കും ഉണ്ടാവുക. കൃത്യമായി സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സ് എടുക്കാം. ഓരോ പഞ്ചായത്തിലെയും സാംസ്കാരിക കേന്ദ്രങ്ങളും ടൗണ്‍ ഹാളുകളും ക്ലാസ്സ് മുറികള്‍ക്കായി കണ്ടെത്തിയാല്‍ 10 പേര്‍ വീതമുള്ള ക്ലാസ്സുകള്‍ ക്രമപ്പെടുത്തി അദ്ധ്യയനം ആരംഭിക്കാം. ഈ സാധ്യതകള്‍ ഒന്നും അന്വേഷിക്കാതെ ഫസ്റ്റ് ബെല്‍ മുഴക്കിയത് വിദ്യാഭ്യാസത്തിന്‍റെ ജനകീയ ഇടം ഭരണകൂടത്തിന്‍റെ തലയില്‍ നിന്ന് അകന്നു പോയതുകൊണ്ടാണ്. അതാണ് മാറേണ്ടത്.