പ്രവാസികളെ ഇപ്പോള്‍ പിണറായിയും കൈവിട്ടു
പുസ്തകം 14 | ലക്കം 84 | 2020 ജൂൺ 16-30 | 1195 മിഥുനം 02-16
കൊറോണ കൊണ്ട് ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ഗള്‍ഫിലുള്ള പ്രവാസികള്‍ ആണെന്ന് പറഞ്ഞാല്‍ തെറ്റാവില്ല. 25 ലക്ഷത്തോളം മലയാളികള്‍ ഗള്‍ഫില്‍ ഉണ്ടെന്നാണ് കണക്ക്. യുഎഇയിലും സൗദി അറേബ്യയിലും ഖത്തറിലും കുവൈത്തിലും ഒമാനിലും എല്ലാം കൂടി എത്ര ഇന്ത്യക്കാര്‍ ഉണ്ട് എന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ കയ്യില്‍ കണക്കുകള്‍ ലഭ്യമല്ല. നിയമപ്രകാരം ജോലി ചെയ്യുന്നവരും നിയമവിരുദ്ധമായി അവിടെ പണിയെടുത്ത് കഴിയുന്നവരും ലക്ഷങ്ങളാണ്. ഗള്‍ഫ് മേഖലയില്‍ പെട്രോള്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് തന്നെ ഇന്ത്യയും കേരളവും ആയി അറബികള്‍ക്ക് പ്രത്യേക ബന്ധമുണ്ട്. സുഗന്ധവ്യഞ്ജനങ്ങള്‍ വാങ്ങുന്നതിനായി തോണിയിലും കപ്പലിലും പൗരാണിക കാലം മുതലേ അറബികള്‍ നമ്മുടെ തീരങ്ങളില്‍ എത്തിയിരുന്നു. കോഴിക്കോട്ട് അവര്‍ വരിക മാത്രമല്ല ഇവിടെ ജീവിത പങ്കാളികളെ കണ്ടെത്തിയ കഥകളും ചരിത്രത്തിലുണ്ട്.
1970 കളിലാണ് ഗള്‍ഫില്‍ പെട്രോള്‍ കണ്ടുപിടിക്കപ്പെടുന്നത്. അറബിപ്പൊന്നും തേടി ധാരാളം മലയാളികളും ഇന്ത്യക്കാരും അന്നുതന്നെ മണലാരണ്യങ്ങളില്‍ എത്തി. ഡ്രൈവര്‍മാരും വീട്ടുജോലിക്കാരുമായാണ് പലരും ആദ്യകാലങ്ങളില്‍ എത്തിയത്. പിന്നീട് അറേബ്യന്‍ പൗരത്വം നേടിയവരുമുണ്ട്. മദീന യൂണിവേഴ്സിറ്റിയിലെ അബ്ദുസമദ് കാത്തിബ് മുതല്‍ ദമാമിലെ വ്യവസായ പ്രമുഖനായ എം എ മലബാരി വരെ ഈ ഗണത്തില്‍ പെടുന്നു.
മലയാളികളോട് അറബികള്‍ പ്രത്യേക സ്നേഹവും മമതയും പുലര്‍ത്തിയിട്ടുണ്ട്. എം എ യൂസഫലി മുതല്‍ സാദാ മലയാളികള്‍ വരെ ഇതിന്‍റെ ഗുണഭോക്താക്കളാണ്. ആദ്യകാലങ്ങളില്‍ മലയാളികള്‍ ബര്‍മ്മയിലേക്കും ശ്രീലങ്കയിലേക്കും മലേഷ്യയിലേക്കുമാണ് ജോലി തേടി പുറപ്പെട്ടിരുന്നത്. മലയാളികളുടെ കൂട്ടക്കുടിയേറ്റം ഗള്‍ഫിലെപ്പോലെ മറ്റെങ്ങും ഉണ്ടായിട്ടില്ല. ഏറ്റവും കൂടുതല്‍ മലയാളികളുള്ളത് സൗദി അറേബ്യയിലാണ്. പിന്നെ ദുബായിലും ഖത്തറിലും കുവൈത്തിലും.
കേരളത്തെയും ഇന്ത്യയെയും എല്ലാകാലത്തും താങ്ങി നിര്‍ത്തിയത് ഗള്‍ഫിലെ പ്രവാസികളാണ്. അവര്‍ അയച്ച പണമാണ് നാടിൻ്റെ വികസനത്തിന്‍റെ നട്ടെല്ല്. നമ്മുടെ അടുപ്പില്‍ തീ പുകഞ്ഞതിനു നന്ദി പറയേണ്ടത് ഗള്‍ഫുകാരോടാണ്.
ഇവിടുത്തെ എല്ലാ പുരോഗതിയും അറബിപ്പണവും ഗള്‍ഫ് മലയാളികളും കൊണ്ടുവന്നതാണ്. പക്ഷേ, പ്രവാസികളോട് എന്നും നമ്മുടെ സര്‍ക്കാരുകളും മലയാളി സമൂഹവും നന്ദികേടാണ് കാണിച്ചിട്ടുള്ളത്.
ജീവിതത്തിന്‍റെ സിംഹഭാഗവും ഗള്‍ഫില്‍ അധ്വാനിച്ചവര്‍ക്കു വേണ്ടി നാട്ടില്‍ പുനരധിവാസ പദ്ധതികളൊന്നും ഇല്ല എന്നതാണ് സത്യം. വലിയവായില്‍ സംസാരിക്കും എന്നല്ലാതെ ഭരണകൂടമോ രാഷ്ട്രീയപാര്‍ട്ടികളോ അവര്‍ക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ല. ഗള്‍ഫുകാരെ പണം കായ്ക്കുന്ന മരങ്ങള്‍ എന്നതിനപ്പുറം നാം പരിഗണിച്ചില്ല. അവരെ ചൂഷണം ചെയ്യാന്‍ വേണ്ടി മാത്രമാണ് എന്നും ശ്രമിച്ചിട്ടുള്ളത്.
കൊറോണ കാലത്തും അതിനൊരു മാറ്റം ഉണ്ടായില്ല എന്നതാണ് സത്യം. മഹാവ്യാധി പടരുന്ന അവസരത്തിലും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രവാസികളുടെ ജീവന്‍ വെച്ച് കളി തുടരുകയാണ്. കൊറോണ പൊട്ടിപ്പുറപ്പെട്ട കാലം മുതല്‍ യാഥാര്‍ഥ്യബോധത്തോടെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചില്ല എന്നു പറയാതെ വയ്യ.
ജനങ്ങളെ കൊവിഡ് പിടികൂടാന്‍ തുടങ്ങിയപ്പോള്‍ തന്നെ വിദേശരാജ്യങ്ങളോട് തങ്ങളുടെ പൗരന്മാരെ തിരികെക്കൊണ്ടുപോകാന്‍ ഗള്‍ഫ് സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിരുന്നു. രോഗവ്യാപന സാധ്യത മുന്‍കൂട്ടി കണ്ടായിരുന്നു ഈ നടപടി. കുവൈത്ത് പോലുള്ള രാജ്യങ്ങള്‍ സ്വന്തം ചെലവില്‍ വിദേശികളെ അവരവരുടെ രാജ്യങ്ങളില്‍ എത്തിക്കാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇന്ത്യയെക്കാള്‍ ദാരിദ്ര്യം ഉള്ള രാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവരെല്ലാം സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരികെ കൊണ്ടുപോയി. താരതമ്യേന കൊവിഡ് ഭീഷണി കുറവായിരുന്ന കാലത്തുതന്നെ അവര്‍ സ്വന്തം നാട്ടുകാരെ തിരികെ എത്തിച്ചു. എന്നാല്‍, ഇന്ത്യ ഇതിനോട് പുറംതിരിഞ്ഞു നില്‍ക്കുകയായിരുന്നു. കുവൈത്ത് സ്വന്തം ചെലവില്‍ ഇന്ത്യക്കാരെ തിരിച്ചയക്കാം എന്ന് വാഗ്ദാനം നല്‍കി. പക്ഷേ മോദി സര്‍ക്കാര്‍ അതു നിരസിച്ചു. തുടക്കത്തില്‍ വലിയ അലംഭാവമാണ് കേന്ദ്രകേരള സര്‍ക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായത്. ഇപ്പോള്‍ കാര്യങ്ങള്‍ പിടിവിട്ട നിലയിലാണ്.
ഗള്‍ഫില്‍ ആശുപത്രിയും ചികിത്സാ സൗകര്യങ്ങളും ഉയര്‍ന്ന നിലവാരത്തില്‍ തന്നെയാണുള്ളത്. എന്നാല്‍ നമ്മുടെ നാട്ടിലേത് പോലെ സര്‍ക്കാര്‍ വക മെഡിക്കല്‍ കോളേജുകളോ താലൂക്ക് ആശുപത്രികളോ ഇല്ല. ആരോഗ്യകാര്യങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തുന്നതിനാല്‍ ജനങ്ങളില്‍ അധികമാര്‍ക്കും രോഗം വരാറുമില്ല. ചൂടും തണുപ്പും വളരെ കൂടിയ നിലയിലായതിനാല്‍ മാരക വൈറസുകള്‍ക്ക് അറേബ്യന്‍ സാഹചര്യത്തില്‍ നിലനില്‍ക്കാനാവില്ല. അതിനാല്‍ ആശുപത്രികളുടെ എണ്ണവും വണ്ണവും കുറവാണ്. കിടത്തി ചികിത്സിക്കാന്‍ സൗകര്യങ്ങളും കുറവാണെന്നുതന്നെ പറയാം. കൊറോണ വന്നതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശികളും അവിടെ കുടങ്ങിയ വിദേശികളും ഒറ്റയടിക്ക് രോഗികള്‍ ആയിരിക്കുകയാണ്. എല്ലാ സൗകര്യങ്ങളുടെയും അപ്പുറത്താണ് ഈ അവസ്ഥ. ആശുപത്രികളും അപ്പാര്‍ട്ടുമെന്‍റുകളും എല്ലാം രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇത്തരം ഒരു അവസ്ഥയെ നേരിട്ട് പരിചയമില്ല. അതിനാലാണ് നമ്മുടെ നാട്ടില്‍ നിന്നുവരെ ഡോക്ടര്‍മാരെയും നഴ്സുമാരെയും അവര്‍ കൊണ്ടുപോയിരിക്കുന്നത്.
ഇന്ത്യക്കാരെ തുടക്കത്തിലേ തിരികെ കൊണ്ടുവന്നിരുന്നു എങ്കില്‍ ഇന്നത്തെ ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ല. നമ്മുടെ സര്‍ക്കാരുകള്‍ കാര്യങ്ങള്‍ വെച്ചുതാമസിപ്പിച്ചു സ്ഥിതി വഷളാക്കി എന്ന് പറയുന്നതാവും ശരി.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഗള്‍ഫില്‍ സാമ്പത്തികത്തകര്‍ച്ചയും മാന്ദ്യവും ഉണ്ട്. പെട്രോള്‍ വില ഇടിഞ്ഞതിനു പുറമേ ആഗോളമാന്ദ്യവും അവരെ ബാധിച്ചിരിക്കുന്നു. സ്വദേശിവത്കരണവും വലിയതോതില്‍ നടന്നു വരുന്നു. പല ജോലികളിലും അറബി പൗരന്‍മാര്‍ മാത്രമേ പാടുള്ളൂ എന്ന നിയമവും ഉണ്ട്. അതിനാല്‍ പ്രവാസികളായ മലയാളികളുടെ കാര്യം കുറേക്കാലമായി കഷ്ടത്തിലാണ്. ഓരോ വര്‍ഷവും പൊതുമാപ്പിലും അല്ലാതെയും ലക്ഷങ്ങളാണ് തിരികെ വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 5 ലക്ഷം മലയാളികള്‍ തിരികെ വന്നു എന്നാണ് സിഡിഎസ് സര്‍വേകളില്‍ പറയുന്നത് .
കനത്തതോതില്‍ രോഗികള്‍ വര്‍ധിച്ചതോടെ ഗള്‍ഫ് ഭരണാധികാരികളും ഒന്നും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊറോണ വ്യാപകമായതോടെ മൂന്നു മാസമായി സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ആണ് ഗള്‍ഫ് രാജ്യങ്ങളില്‍. മൂന്നുമാസമായി ആര്‍ക്കും ജോലിയോ ശമ്പളമോ ഇല്ല. നമ്മുടെ നാട്ടിലെപ്പോലെ ഭക്ഷണം എത്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയുണ്ട്.
എല്ലാ പ്രതിസന്ധികളേയും ധീരമായി നേരിടുന്ന മലയാളികള്‍ കൊറോണക്ക് മുന്നില്‍ ഗള്‍ഫില്‍ മരവിച്ചു പകച്ചു നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്.
പ്രവാസി മലയാളികള്‍ ആകെ അസ്വസ്ഥരാണ്. അവര്‍ക്കു തന്നെ ഗള്‍ഫില്‍ കടുത്ത ജീവിതപ്രതിസന്ധി; അവരുടെ പണം കൊണ്ട് നാട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് പട്ടിണി. നാട്ടില്‍ ബന്ധുക്കളെയും ഉറ്റവരെയും ഉടയവരെയും കണ്ട് കഴിയാമെന്ന ആശ്വാസത്തിനും വകയില്ല. സ്വന്തംനാട് എന്നും ഗള്‍ഫ് മലയാളിയുടെ ദൗര്‍ബല്യമാണ്. നാട്ടിലെത്താനുള്ള വാതിലുകള്‍ മലയാളികളുടെ മുന്നില്‍ അടഞ്ഞിരിക്കുന്നു. എത്രവര്‍ഷം ഗള്‍ഫില്‍ നിന്നാലും കേരളക്കാര്‍ അറബിനാടിന്‍റെ ഭാഗം ആകാറില്ല. അവര്‍ക്ക് സ്വന്തം നാടും വീടുമാണ് എന്നും വലുത്. കൊറോണയുടെ കാലത്തും സ്വന്തം നാട്ടിലും വീട്ടിലും എത്താന്‍ അവര്‍ ആഗ്രഹിക്കുന്നു. മരണം ആണെങ്കിലും ജീവിതം ആണെങ്കിലും സ്വന്തക്കാരുടെ ഒപ്പം എന്നതാണ് അവരുടെ മന:സ്ഥിതി. അതിനുള്ള വാതിലുകള്‍ അടഞ്ഞതോടെ മലയാളി വാക്കുകള്‍ക്ക് അതീതമായ പ്രതിസന്ധിയിലും മാനസിക സമ്മര്‍ദ്ദത്തിലും ആയിരിക്കുന്നു.
മുമ്പൊരിക്കലും മലയാളിക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടായിട്ടില്ല. അവര്‍ വല്ലാതെ പേടിച്ചു പോയിരിക്കുന്നു. ഇന്നത്തെ നിസ്സഹായമായ അവസ്ഥ അവരില്‍ പലരെയും വിഷാദ രോഗികള്‍ ആക്കുമോ എന്ന് ഭയപ്പെടേണ്ട സ്ഥിതിയാണ്.
സര്‍ക്കാരുകളുടെ തലതിരിഞ്ഞ നയമാണ് അവരെ ഈ കൊടും പ്രതിസന്ധിയില്‍ എത്തിച്ചത്. അതിനു ഉത്തരവാദികള്‍ നരേന്ദ്ര മോദിയും നടപടിയെടുക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കാന്‍ ചെറുവിരല്‍ അനക്കാതിരുന്ന പിണറായി വിജയനും തന്നെയാണ്.
ഇപ്പോള്‍ ഗള്‍ഫില്‍ 250 ഓളം മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു എന്നാണ് ഒടുവിലത്തെ കണക്ക്. അനൗദ്യോഗിക കണക്കുകള്‍ അറിയില്ല. എത്രപേര്‍ക്ക് രോഗം വന്നു എന്നതും ഏകദേശ കണക്കുകള്‍ ആണ്. ആശുപത്രികള്‍ നിറഞ്ഞതോടെ താമസസ്ഥലത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. പതിനഞ്ചും ഇരുപതും വരെ ആളുകള്‍ ഒന്നിച്ചാണ് സാധാരണ താമസിക്കുന്നത്. അതില്‍ ഒരാള്‍ക്ക് രോഗം വന്നാല്‍ മറ്റുള്ളവര്‍ അവിടെനിന്ന് മാറണം. തുടക്കത്തില്‍ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് കൊറൊണ രോഗികള്‍ക്ക് ഗള്‍ഫ് ഭരണകൂടങ്ങള്‍ നല്‍കിയത്. ആഡംബര ഹോട്ടലുകളും അപ്പാര്‍ട്ട്മെന്‍റ് വില്ലകളും സ്കൂള്‍ കോളേജു കെട്ടിടങ്ങളും ചികിത്സക്കായി നീക്കിവെച്ചു. മലയാളികളടക്കമുള്ള രോഗികളെ അവിടെ എല്ലാ സംവിധാനങ്ങളുമൊരുക്കി പാര്‍പ്പിച്ചു ചികിത്സ മുറപോലെ നടത്തി. വിദേശത്തു നിന്നുവരെ വിദഗ്ധ ഡോക്ടര്‍മാരെയും നഴ്സുമാരെയും പാരാമെഡിക്കല്‍ സ്റ്റാഫുകളെയും കൊണ്ടുവന്നു. രോഗവ്യാപനം ഒരു പരിധിവരെ തടയാനും അവര്‍ക്ക് സാധിച്ചു. എന്നാല്‍ പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു. എല്ലാ സംവിധാനങ്ങളും തകിടം മറിഞ്ഞു. ചികിത്സ
താളംതെറ്റി. രോഗം ഉള്ളവരും ഇല്ലാത്തവരും എല്ലാം ഒന്നിച്ചു കഴിയേണ്ട അവസ്ഥയും വന്നു. രോഗം വന്ന മലയാളികളുടെ എണ്ണത്തിന് തിട്ടമില്ല. നാട്ടില്‍ വലിയവീടും സൗകര്യങ്ങളും ഉള്ളവര്‍ക്കുപോലും പട്ടിണി കിടക്കേണ്ട അവസ്ഥയാണ്. അവരെ സഹായിക്കാന്‍ ആരുമില്ല. ഗള്‍ഫില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു എന്ന തിരിച്ചറിവ് മലയാളികളില്‍ ഭയങ്കരമായ ടെന്‍ഷന്‍ ഉണ്ടാക്കിയിരിക്കുന്നു. അസുഖത്തെ പറ്റിയുള്ള ആശങ്കയും കുടുംബത്തെക്കുറിച്ചുള്ള മാനസിക സംഘര്‍ഷവും മലയാളിയെ ഏത് അവസ്ഥയില്‍ എത്തിച്ചു എന്നു വിവരിക്കാന്‍ വാക്കുകള്‍ക്ക് കഴിയില്ലെന്ന് ജിദ്ദയിലെ മുന്‍ ചന്ദ്രിക ലേഖകന്‍ ഹസ്സന്‍ ചേളാരി പറയുന്നു.
ഗള്‍ഫിലെ പ്രശ്നങ്ങളെ ബിജെപി സര്‍ക്കാര്‍ വര്‍ഗീയ കണ്ണോടെയാണ് കണ്ടത് എന്ന ആക്ഷേപവും ശക്തമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ മുഴുവന്‍ മുസ്ലീങ്ങളാണ് എന്നാണവര്‍ കണക്കു കൂട്ടിയത്. എന്നാല്‍ എംബസികള്‍ വിവരശേഖരണം തുടങ്ങിയതോടെയാണ് ഇതില്‍ പകുതി മാത്രമാണ് മുസ്ലിങ്ങള്‍ എന്ന് അവര്‍ക്ക് മനസ്സിലായത്.
ഇപ്പോള്‍ പ്രവാസികാര്യത്തില്‍ കേന്ദ്രവും കേരളവും പരസ്പരം പഴിചാരി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. രണ്ടുകൂട്ടരുടെയും ഫാസിസ്റ്റ് മനസ്ഥിതിയും കാപട്യവും തുറന്നുകാട്ടിയ അവസരമാണിത്.
കെഎംസിസി അടക്കമുള്ള മലയാളി സംഘടനകള്‍ തുടക്കം മുതലേ ഇന്ത്യക്കാരെ മുഴുവന്‍ നാട്ടിലെത്തിക്കാന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചിരുന്നു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം, ഫ്രറ്റേണിറ്റി ഫോറം തുടങ്ങിയ സംഘടനകളും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ടും നിവേദനങ്ങള്‍ വഴിയും വരാനിരിക്കുന്ന ഗുരുതരാവസ്ഥ ബോധിപ്പിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അനങ്ങിയില്ല. എന്നുമാത്രമല്ല പ്രതികാരബുദ്ധിയോടെ പെരുമാറുകയും ചെയ്തു.
നാമമാത്രമാണെങ്കിലും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വിമാനസര്‍വീസുകള്‍ക്ക് അനുമതിപത്രം നല്‍കാതെ അവരുടെ യാത്ര തടസ്സപ്പെടുത്തി. ഗള്‍ഫ് മലയാളികളെ കൂടുതലായി കേരളത്തിലെത്തിക്കാന്‍ വിമാനസര്‍വീസുകള്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര സര്‍ക്കാരിന് അയച്ച കത്ത് ഇതിനുദാഹരണമാണ്.
ഗള്‍ഫിലെ സന്നദ്ധസംഘടനകള്‍ ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ക്ക് അനുമതി നല്‍കാതിരിക്കാനും പിണറായി ശ്രമം നടത്തി. ലാവലിന്‍ തലയില്‍ തൂങ്ങി നില്‍ക്കുന്നതുകൊണ്ടാവാം, കേന്ദ്രത്തിന്‍റെ മനസ്സറിഞ്ഞുള്ള നടപടികളാണ് അദ്ദേഹത്തിന്‍റെ, ഭാഗത്തുനിന്നും ഉണ്ടായത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ ആരെ കൊണ്ടുവരണം എന്ന കാര്യത്തിലും ഗള്‍ഫിലെ സാധാരണ മലയാളികള്‍ക്കെതിരെ കൃത്യമായ വിവേചന സമീപനമാണ് ഉണ്ടായതെന്നത് സത്യം. അര്‍ഹതയില്ലാത്ത പലരും വിമാനങ്ങളില്‍ കയറി വരുന്നു എന്ന പരാതി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. എംബസികള്‍ക്കാണ് ഇക്കാര്യത്തില്‍ അവസാന തീരുമാനമെടുക്കാനുള്ള അധികാരം. ഗള്‍ഫിലും നാട്ടിലും ബിജെപിക്കാരും ആര്‍എസ്എസുകാരും പറയുന്നവര്‍ക്കാണ് മുന്‍ഗണന എന്ന് വീണ്ടും വീണ്ടും തെളിഞ്ഞുവരുന്നൂ. വൃദ്ധരും കുട്ടികളും ഗര്‍ഭിണികളും ഉണ്ടായിരിക്കെ കോടികളുടെ തട്ടിപ്പ് നടത്തിയ കമ്പനിയുടെ ഫൈനാന്‍സ് മാനേജറും വേലക്കാരിയും കുടുംബവും അബുദാബി ഇന്ത്യന്‍ എംബസി ഇടപെടലിനെ തുടര്‍ന്ന് യുഎഇയില്‍ നിന്നുള്ള ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലെത്തി എന്നത് മറക്കാനാവില്ല. അര്‍ഹര്‍ക്കല്ല വിമാനത്തില്‍ ടിക്കറ്റ് ലഭിക്കുന്നത്.
പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങളെക്കുറിച്ച് കൊവിഡ് തുടങ്ങിയ കാലം മുതല്‍ പിണറായി സര്‍ക്കാര്‍ കല്ലുവെച്ച നുണകളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. സൈബര്‍ സഖാക്കള്‍ ആവട്ടെ കൊവിഡ് പ്രതിരോധത്തിലെ അമാനുഷരായി പിണറായി വിജയനേയും ശൈലജ ടീച്ചറെയും അവതരിപ്പിക്കുകയും ചെയ്തു. അരനൂറ്റാണ്ടുകാലം കൊണ്ട് ആരോഗ്യരംഗത്ത് കേരളം നേടിയ മികവില്‍ കൊവിഡിനെ ആദ്യഘട്ടത്തില്‍ സംസ്ഥാനം പ്രതിരോധിച്ചപ്പോള്‍ അതെല്ലാം സ്വന്തം നേട്ടമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രണ്ടര ലക്ഷം പ്രവാസികള്‍ക്ക് ക്വാറന്‍റൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി എന്ന് പാര്‍ട്ടി പത്രം കൊട്ടിഘോഷിച്ചു. ഇത് സത്യവിരുദ്ധമാണ് എന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നു.
ഗള്‍ഫില്‍ നിന്നും ഇതുവരെ 28000 പ്രവാസികളാണ് മടങ്ങിയെത്തിയത്. എല്ലാ സൗകര്യങ്ങളും അവസാനിച്ചു എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്.
വന്ദേമാതരം ഫ്ളൈറ്റുകള്‍ കുറവായതിനാലാണ് മലയാളി സംഘടനകള്‍ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളെ കുറിച്ച് ആലോചിക്കുന്നത്. തുടക്കത്തില്‍ തന്നെ കേരള ഗവണ്‍മെന്‍റ് അതിനു ഉടക്ക് വെക്കുകയായിരുന്നു. വന്ദേമാതരം ഫ്ളൈറ്റില്‍ തുടക്കത്തില്‍ 900 റിയാല്‍ ആയിരുന്നു ചാര്‍ജ്. അത് പിന്നീട് 1750 റിയാല്‍ ആക്കി ഉയര്‍ത്തി. പ്രതിഷേധം കനത്തതോടെ പഴയ ചാര്‍ജിലേക്ക് തന്നെ മാറ്റേണ്ടിവന്നു. പ്രവാസികളില്‍ നിന്നും വലിയ സംഖ്യയാണ് കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട്, എമിഗ്രേഷന്‍ ഫീസ്, യൂസേഴ്സ് ഫീസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങിയത്. ഗള്‍ഫില്‍ പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കും എന്നതാണ് കാരണം പറഞ്ഞത്.
ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന അഞ്ചു ലക്ഷത്തോളം മലയാളികളെ നാട്ടിലെത്തിക്കാന്‍ ഈ തുകയില്‍ നിന്നും ഒരു ചില്ലിക്കാശും മോദി സര്‍ക്കാര്‍ ചിലവാക്കുന്നില്ല.
കൊവിഡിന് മുമ്പ് തന്നെ സൗദി അറേബ്യയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. മലയാളികളാണ് സൗദിയില്‍ ഏറെയുള്ളത്. ആഭ്യന്തര സംഘര്‍ഷവും എണ്ണയുടെ വിലയിടിവും സൗദി മലയാളികളുടെ സ്ഥിതി അതീവ ദയനീയമാക്കി. മൂന്നു വര്‍ഷമായി വലിയ പ്രതിസന്ധികളാണ്. കൊവിഡ് കൂടി വന്നതോടെ സ്ഥിതിഗതികള്‍ ഗുരുതരമായി.
ഖത്തര്‍ മാത്രമാണ് ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡിനെ മാതൃകാപരമായി പ്രതിരോധിച്ച രാജ്യം. അവിടെ രോഗവ്യാപനം ഇല്ലെന്നു മാത്രമല്ല, ലോക് ഡൗണ്‍ പിന്‍വലിക്കുകയും ചെയ്തിരിക്കുന്നു.
മൂന്ന് വര്‍ഷം മുമ്പ് ഖത്തറിനെ ഒറ്റപ്പെടുത്താന്‍ സൗദിയും യുഎഇയും ബഹ്റൈനും ഈജിപ്തും യോജിച്ചു ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോഴും അത് തുടരുന്നു. ഇറാന്‍, ഒമാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങളുടെ സഹായത്തോടെ ഖത്തര്‍ ഉപരോധത്തെ മറികടന്നു.കൊവിഡ് പ്രതിരോധത്തിനും ഖത്തര്‍ മാതൃകയാവുകയാണ്. ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ വലിയ ദുരിതങ്ങള്‍ ഒന്നും സഹിക്കേണ്ടി വന്നിട്ടില്ല.
അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ചുരുങ്ങിയത് പത്തുലക്ഷം ഗള്‍ഫ് മലയാളികള്‍ എങ്കിലും തിരിച്ചുവരേണ്ടി വരും എന്നാണ് പ്രവാസിസംഘടനകള്‍ പറയുന്നത്. ഈ കൂട്ട തിരിച്ചുവരവ് കേരളത്തില്‍ വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നും തീര്‍ച്ച.
നഴ്സിംഗ്, പാരാമെഡിക്കല്‍ രംഗങ്ങളില്‍ മാത്രമായിരിക്കും ഗള്‍ഫില്‍ ഇനി മലയാളികള്‍ക്ക് ജോലി കിട്ടുക. ഗള്‍ഫിലെ ജീവിതച്ചിലവും നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.
ഇത്രയും കാലം കേരളത്തെ പോറ്റിയ ഗള്‍ഫുകാരെ കൊവിഡ് പരത്തുന്നവര്‍ എന്ന സംസ്ഥാനത്തെ ഒരു മന്ത്രി അധിക്ഷേപിക്കുകയുമുണ്ടായി. പിരിവ് നല്‍കാന്‍ മാത്രമാണ് പ്രവാസികള്‍ എന്നാണ് ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നത്.
ലോക കേരളസഭയെക്കാള്‍ അവര്‍ക്ക് വേണ്ടത് കോവിഡ് കാലത്തെ കരുതല്‍ ആയിരുന്നു. അതുണ്ടായില്ല എന്ന് മാത്രമല്ല അവരെ ദ്രോഹിക്കാനും പിണറായിയും ആളുകളും ശ്രമിച്ചു എന്നത് പ്രവാസി സംഘടനകളും നാട്ടുകാരും തിരിച്ചറിയുന്നു.