ജെ ഗീതയുടെ മലയാളം ചിത്രം ന്യൂയോർക്ക് ഫിലിംഫെസ്റ്റിവലിൽ
തിരുവനന്തപുരം: മലയാളി സംവിധായിക ഡോ.ജെ ഗീതയുടെ ചിത്രം റൺ കല്യാണി ഈയാഴ്ച ആരംഭിച്ച ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഉൽഘാടന ചിത്രമായി പ്രദർശിപ്പിച്ചു. ജൂലൈ 24 മുതൽ ആഗസ്റ്റ് 2 വരെയുള്ള ഫെസ്റ്റിവലിൽ ആദ്യമായാണ് ഒരു മലയാള സിനിമ ഉൽഘാടന ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്നത്. നൂറു മിനിട്ടു ദൈർഘ്യമുള്ള റൺ കല്യാണി കഴിഞ്ഞ വർഷമാണ് പൂർത്തിയായത്.
തിരുവനന്തപുരത്തെ ഒരു അഗ്രഹാരത്തിൽ ജീവിക്കുന്ന കല്യാണി എന്ന യുവതിയുടെ ദൈനംദിന ജീവിതത്തിലൂടെയാണ് തന്റെ സിനിമ വികസിക്കുന്നതെന്നു ഗീത ജനശക്തിയോടു പറഞ്ഞു. സാധാരണ മനുഷ്യരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങളിൽ നിന്നു പുതിയൊരു മാറ്റത്തിലേക്കുള്ള സൂചനകൾ സൂക്ഷ്മമായി ചിത്രീകരിക്കാനാണ് റൺ കല്യാണിയിൽ ശ്രമം നടത്തിയത്. കല്യാണിയും രോഗിയായ അമ്മായിയും കഴിയുന്ന വീടാണ് അഗ്രഹാരത്തിലേത്; അവൾ പാചകക്കാരിയായി ജോലി ചെയ്യുന്ന നഗരത്തിലെ ഒരു അപ്പാർട്മെന്റും അതിനു മുന്നിലെ ഒരു വീടുമാണ് ചിത്രത്തിലെ അന്തരീക്ഷം. ഫ്ലാറ്റിൽ ജീവിക്കുന്ന ഏകാകിയായ വ്യക്തിയും അപ്പുറത്തെ വീട്ടിലെ സ്ത്രീയും തമ്മിലുള്ള ഹൃദയബന്ധങ്ങളിൽ നളചരിതത്തിലെ ഹംസത്തിന്റെ നിയോഗമാണ് കല്യാണി നിർവഹിക്കുന്നത്. എന്നാൽ കല്യാണിയുടെ ജീവിതത്തിലും അതു മാറ്റങ്ങൾ കൊണ്ടുവരുന്നു.
പൂർണമായും തിരുവനന്തപുരത്തു ചിത്രീകരിച്ച റൺ കല്യാണിയുടെ കാമറ നിർവഹണം മധു നീലകണ്ഠനാണ്. എഡിറ്റിംഗ് ബി അജിത്കുമാർ. സംഗീതം നിർവഹിച്ചത് ശ്രീവത്സൻ ജെ മേനോൻ. പ്രൊഡ്യൂസർ ഇയാൻ മക്‌ഡൊണാൾഡ് ഗീതയുടെ ഭർത്താവാണ്. നേരത്തെ രണ്ടുപേരും ചേർന്നു എടുത്ത അൽഗൊരിതംസ് എന്ന ഡോക്യുമെന്ററി വിവിധ ഫെസ്റ്റിവലുകളിൽ സമ്മാനം നേടിയിരുന്നു.
നേരത്തെ ഇന്ത്യൻ എക്സ്പ്രസ്സിലും കൈരളി ടെലിവിഷനിലും പത്രപ്രവർത്തകയായി പ്രവർത്തിച്ച ഡോ. ഗീത ഏതാനും വർഷങ്ങളായി ഇംഗ്ലണ്ടിൽ അധ്യാപനരംഗത്തും പ്രവർത്തിക്കുന്നു. ന്യൂ കാസിൽ സർവകശാലയിലെ കൾച്ചറൽ ലാബിൽ ഫിലിം സംബന്ധമായ വിഷയങ്ങളിൽ ഗീത ക്‌ളാസ്സുകൾ എടുക്കുന്നുണ്ട്.