മറവി രോഗത്തിനു പുതിയ ചികിത്സ ലഭ്യമാകുമെന്ന് ഗവേഷകർ

ന്യൂയോർക്ക്: പ്രായമായവരെ ഏറ്റവും ഗുരുതരമായി  അലട്ടുന്ന അൽഷെയ്‌മേഴ്‌സ് വിഭാഗത്തിലുള്ള മറവി രോഗം അതു ആരംഭിക്കുന്നതിന് 20 വർഷം മുമ്പുതന്നെ കണ്ടെത്താൻ സഹായിക്കുന്ന രക്ത പരിശോധനാ സംവിധാനം ഗവേഷകർ വികസിപ്പിച്ചെടുത്തതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

 അന്താരാഷ്ട്ര അൽഷെയ്‌മേഴ്‌സ് അസ്സോസിയേഷന്റെ ഇന്നലെ നടന്ന സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഗവേഷണ വിവരങ്ങൾ വെളിപ്പെടുത്തിയത്. നേരത്തെ ഈ രോഗം  ബാധിക്കുന്നതു സംബന്ധിച്ച സൂചനകൾക്കായി ആശുപത്രികൾ ആശ്രയിച്ചിരുന്നത് തലച്ചോർ, സുഷുമ്നാനാഡി എന്നിവയിലെ സ്കാനിംഗ് അടക്കമുള്ള  പരിശോധനകളാണ്. ഈ പരിശോധനകൾ വേദനാജനകവും വളരെ  ചെലവു വരുന്നതുമാണ്. 

രക്തത്തിലെ ടൗ 217 എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനിന്റെ അളവുമായി ബന്ധപ്പെടുത്തിയാണ് ഭാവിയിൽ അൽഷെയ്‌മേഴ്‌സ് അടിസ്ഥാനപ്പെടുത്തിയ മറവി രോഗ സാധ്യതയുണ്ടോ എന്ന് ഗവേഷകർ കണ്ടെത്തുന്നത്. വിവിധ  ലബോറട്ടറികളിൽ നടത്തിയ പരിശോധനയിൽ രക്തത്തിലെ ഈ സവിശേഷ പ്രോട്ടീനിന്റെ അളവു വഴിയുള്ള രോഗ സാധ്യത 89 മുതൽ 98 ശതമാനം വരെ കേസുകളിൽ കൃത്യമായി കണ്ടെത്താൻ സാധിച്ചതായി ഗവേഷണത്തിൽ പങ്കെടുത്ത അമേരിക്കയിലെ ബന്നെർ അൽഷെയ്‌മേഴ്‌സ് ഇൻസ്റ്റിറ്റിറ്റ്യുട്ടിലെ ഡോ. എറിക് റെയ്മൻ മാധ്യമങ്ങളോടു പറഞ്ഞു. 

ഭാവിയിൽ വരാനിരിക്കുന്ന രോഗത്തെ സംബന്ധിച്ച മുന്നറിയിപ്പു കൊണ്ട് രോഗികൾക്ക് എന്തു പ്രയോജനം എന്ന ചോദ്യത്തിന് ഗവേഷകർ നൽകുന്ന മറുപടി, പുതിയ  ചികിത്സാരീതികൾ വികസിപ്പിക്കുന്നതിനു ഈ കണ്ടെത്തൽ സഹായകമാവുമെന്നാണ്.  മാത്രമല്ല, നിലവിൽ രോഗമില്ലെങ്കിലും ഭാവിയിലെ രോഗസാധ്യത തിരിച്ചറിഞ്ഞാൽ രോഗം പിടികൂടുന്നത്‌ വൈകിക്കാനുള്ള തരത്തിലുള്ള ചികിത്സകൾ നല്കാൻ ഡോക്ടർമാർക്ക് സാധ്യമാകും. രോഗത്തെ  ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത് ദീർഘിപ്പിക്കുന്നതിലൂടെ രോഗത്തിന്റെ ഭയാനകമായ കടന്നാക്രമണം പരമാവധി വൈകിപ്പിക്കാൻ കഴിയുമെന്നും അവർ ചൂണ്ടിക്കാട്ടി. അതിനു സഹായകമായ മരുന്നുകൾ ഇപ്പോൾത്തന്നെ ലഭ്യമാണെന്നും ഗവേഷകർ പറഞ്ഞു. 

Leave a Reply