ശബരിമലയില്‍ ഭൂമി എടുക്കും മുമ്പേ കണ്‍സള്‍ട്ടന്‍സിയെ എടുത്തു: ചെന്നിത്തല
ശബരിമലയിലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ സ്ഥലത്തിന്റെ കാര്യത്തില്‍ വ്യക്തത വരുന്നതിന് മുമ്പ് തന്നെ ലൂയിസ് ബര്‍ഗര്‍ എന്ന അമേരിക്കന്‍ കമ്പനിയെ കണ്‍സള്‍ട്ടന്റായി നിയോഗിച്ചത് അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 4.6 കോടിരൂപ യാണ് കണ്‍സള്‍ട്ടന്‍സിക്കുള്ള ചിലവ്. വിമാനത്താവളത്തിനുള്ള സ്ഥലം എവിടെയെന്ന് തിരുമാനിക്കാതെ എങ്ങിനെയാണ് ഒരു കണ്‍സള്‍ട്ടന്‍സി നല്‍കുന്നത്?
നിര്‍ദിഷ്ട ഭൂമിയിലേക്ക് കണ്‍സള്‍ട്ടന്‍സിക്ക് കടക്കാന്‍പോലും കഴിഞ്ഞില്ല. അവരുടെ ഫീസിബിലിറ്റി റിപ്പോര്‍ട്ട് സമഗ്രമല്ല. അത് കൊണ്ട് തന്നെ അവരെ എല്‍പ്പിച്ച ജോലികളായ പാരിസ്ഥിതാഘാത പഠനം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തത്വത്തില്‍ അംഗീകാരം വാങ്ങല്‍ അംഗീകാരം, കേന്ദ്ര സര്‍ക്കാരിന്റെ മറ്റു വകുപ്പുകളുടെ അംഗീകാരം വാങ്ങല്‍ തുടങ്ങിയവയൊന്നും നടന്നിട്ടില്ല.
ലൂയിസ് ബര്‍ഗര്‍ എന്ന ഈ കമ്പനി ധാരാളം അഴിമതികേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള കമ്പനിയാണ്. അഴിമതിയ്ക്ക് ലോകബാങ്ക് ഒരു വര്‍ഷത്തേയ്ക്ക് ഡീബാര്‍ ചെയ്തിട്ടുള്ള കമ്പനിയാണ്. അമേരിക്കല്‍ കോടതിയില്‍ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസിന് കേസ് എടുത്തിട്ടുള്ള കമ്പനിയാണ്. ഇന്ത്യ, ഇന്ത്യോനേഷ്യ, വിയറ്റ്‌നാം, കുവൈറ്റ് തുടങ്ങിയ സ്ഥലങ്ങളില്‍ അഴിമതിയുമായി ബന്ധപ്പെട്ട് 17 മില്യണ്‍ തുക പിഴ അടയ്‌ക്കേണ്ടിവന്ന കമ്പനിയാണ്. ഇന്ത്യയില്‍ തന്നെ ഗോവ, ആസം എന്നീ സംസ്ഥാനങ്ങളില്‍ ഇപ്പോഴും സി.ബി.ഐ. എന്‍ക്വയറി നേരിടുന്ന കമ്പനിയാണ്.
ഒരു കണ്‍സള്‍ട്ടന്‍സിയെ വയ്ക്കുമ്പോള്‍ ഗവണ്‍മെന്റ് ഇതെല്ലാം പരിശോധിക്കണ്ടേ? രമേശ് ചോദിച്ചു.
ഒരു ലക്കും ലഗാനുമില്ലാതെ ലോകത്തുള്ള കണ്‍സള്‍ട്ടന്‍സികളെ വയ്ക്കുകയും അവരോട് പറഞ്ഞ് അനധികൃതമായ കരാര്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്യുന്ന അഴിമതി കേരളത്തില്‍ ആരംഭിച്ചത് ഈ ഗവണ്‍മന്റാണ്.
രസകരമായ മറ്റൊരു കാര്യം, റോഡ് പണിക്ക് പോലും കണ്‍സല്‍ട്ടന്‍സി നല്‍കിയിരിക്കുകയാണെന്ന് രമേശ് ആരോപിച്ചു. പിറവം നിയോജകമണ്ഡലത്തിലെ കുമരകം, നെടുമ്പാശ്ശേരി റോഡിന്റെ ഡി.പി.ആര്‍. തയ്യാറാക്കുന്നതിനുവേണ്ടി ലൂയിസ് ബര്‍ഗറിനെ കണ്‍സള്‍ട്ടന്‍സിയായി വച്ചിരിക്കുകയാണ്. ഒരു റോഡ് പണിയാന്‍ വേണ്ടി ലൂയിസ് ബര്‍ഗര്‍ എന്ന് അമേരിക്കന്‍ കമ്പനിയെ കണ്‍സള്‍ട്ടന്‍സിയായി ചുമതലപ്പെടുത്തേണ്ട ആവശ്യമെന്താണ്? ഇടുക്കി ജില്ലയിലെ നെയ്‌ശേരി റോഡിന്റെ ഡിപി.ആര്‍ തയ്യാറാക്കുന്നതിനും കണ്‍സള്‍ട്ടന്റായി ലൂയീസ് ബര്‍ഗറെ ചുമതലപ്പെടുത്തിയിരിക്കുന്നു. ചേലക്കര നിയോജക മണ്ഡലത്തിലെ റോഡിന്റെ കണ്‍സള്‍ട്ടന്‍സിയും ലൂയീസ് ബര്‍ഗര്‍ക്കാണ്. നിയമസഭയില്‍ തന്ന മറുപടികളാണിവ.
റോഡ് നിര്‍മ്മാണത്തിനു പോലും കേരളത്തിലെ പിഡബ്ല്യു.ഡി. എഞ്ചിനീയര്‍മാര്‍ക്കും അതോടൊപ്പം തന്നെ ഏജന്‍സികള്‍ക്കും കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് ഈ ഡിപ്പാര്‍ട്ടമെന്റുകള്‍. ഇതൊക്കെ പിരിച്ചുവിട്ടാല്‍ പോരേ?. സംസ്ഥാനത്ത് ഒരു റോഡ് നിര്‍മ്മിക്കാന്‍ പോലും കണ്‍സള്‍ട്ടന്‍സി വേണമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിക്കുകയാണെങ്കില്‍ നമ്മുടെ സംസ്ഥാനത്ത് എന്തിനാണ് വിവിധ ഡിപ്പാര്‍ട്ടമെന്റുകള്‍ പ്രവര്‍ത്തിക്കുന്നത്.
ആലിബാബയും നാല്‍പ്പത്തിയൊന്ന് കള്ളന്‍മാരും എന്ന് സ്ഥതിയിലാണ് ഇടതുമുന്നണി മന്ത്രിസഭ. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു മുഖ്യമന്ത്രിയുെട ഓഫീസും രാജ്യദ്രോഹ കുറ്റങ്ങള്‍ക്ക് നേതൃത്വം കൊടുത്തതായി കേട്ടിട്ടില്ല. അഴിമതിയുടെ നീണ്ട പട്ടിക തന്നെ പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തില്‍ നിരത്തി.
ഇവിടെ നടക്കുന്നത് കണ്‍സള്‍ട്ടന്‍സി രാജാണെന്ന് രമേശ് പറഞ്ഞു.
സി.ബി.ഐ അന്വേഷണം
തന്നെ വേണം
സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള അഴിമതികളുമായി മുഖ്യമന്ത്രിയുടെ ഓഫീസ് ബന്ധപ്പെടുമ്പോള്‍ അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രി രാജിവച്ച് സി.ബി.ഐ. അന്വേഷണത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നത്. ഞങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത് എന്‍ ഐ.എ അന്വേഷിക്കട്ടെ. അവരുടെ പരിധിയില്‍ വരാത്ത ഇത്തരം കാര്യങ്ങളില്‍ സി ബി ഐ അന്വേഷണം ആവശ്യമാണ്..
ഇടതുമുന്നണിയോഗം പോലും കൂടാന്‍ കഴിയുന്നില്ല. ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കു പോലും മുഖ്യമന്ത്രിയെയോ സര്‍ക്കാരിനേയോ പിന്തുണയ്ക്കാന്‍ കഴിയാത്ത അവസ്ഥയിലായതിനാലാണ് ഇടതു മുന്നണി ചേരാന്‍ കഴിയാതിരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റി പോലും ഓണ്‍ലൈനിലൂടെ നടത്തുന്നവര്‍ക്ക് എന്തുകൊണ്ടാണ്ട് ഇടതുമുന്നണി യോഗം കൂടാന്‍ കഴിയാത്തത്.
യുഡിഎഫിന്റെ
രണ്ട് പ്രക്ഷോഭങ്ങള്‍
സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തിപ്പെടുത്താനാണ് യു.ഡി.എഫ് തീരുമാനിച്ചിട്ടുള്ളത്. യു.ഡി.എഫിന്റെ ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും അടിയന്തയോഗം 30 ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ ചെയര്‍മാന്‍മാരും കണ്‍വീനര്‍മാരും കക്ഷിനേതാക്കളുമായിരിക്കും ആ യോഗത്തില്‍ പങ്കെടുക്കുകയെന്നു രമേശ് പറഞ്ഞു.