ഹഗിയ സോഫിയ: ലീഗ് നിലപാടു തന്നെയോ കോൺഗ്രസ്സിനും എന്ന് കോടിയേരി

കോഴിക്കോട്: തുർക്കിയിലെ ഹഗിയ സോഫിയ ദേവാലയം ഇസ്ലാം മതവിശ്വാസികൾക്ക് പ്രാർത്ഥനക്കായി തുറന്നു കൊടുത്ത ഉർദുഗാൻ സർക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന ജമാഅത്തെ ഇസ്ലാമി, മുസ്ലീംലീഗ്‌ നിലപാട് തന്നെയാണോ കോൺഗ്രസ്സിനും എന്നു വ്യക്തമാക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .

ആറാം നൂറ്റാണ്ടിൽ പണിത ഓർത്തോഡോക്സ് ക്രൈസ്തവ ദേവാലയം 900 വർഷം കഴിഞ്ഞശേഷം  പതിനാറാം നൂറ്റാണ്ടിൽ ഉസ്മാനിയാ ഭരണകാലത്താണ് മുസ്ലിം പള്ളിയായി രൂപാന്തരം പ്രാപിച്ചത്. തുർക്കിയിൽ ഖിലാഫത്തിന്റെ അന്ത്യമായ ശേഷം മുസ്തഫാ കെമാൽ പാഷയുടെ ഭരണകൂടം മ്യൂസിയമായി മാറ്റിയ പള്ളി കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇസ്ലാംമത വിശ്വാസികൾക്ക് പ്രാർത്ഥനക്കായി ഉർദുഗാൻ സർക്കാർ തുറന്നു കൊടുത്തത്.

പള്ളിയെ പ്രാർത്ഥനക്കായി തുറന്നുകൊടുത്തതിനെ  സ്വാഗതം ചെയ്തുകൊണ്ട് മുസ്ലിംലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ ചന്ദ്രിക പത്രത്തിൽ എഴുതിയ ലേഖനത്തിൽ പറഞ്ഞത് ആരാധനാലയം വിശ്വാസികൾക്ക് തുറന്നു കൊടുക്കാതിരുന്ന നടപടിയാണ് ജനാധിപത്യ വിരുദ്ധം എന്നാണ്. ഗ്രീസ്  അടക്കമുള്ള ഓർത്തോഡോക്സ് ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യങ്ങളുടെ അഭ്യർത്ഥനകൾ തള്ളിയാണ് ഉർദുഗാൻ ഭരണകൂടം പള്ളി മുസ്ലിം ആരാധനക്കായി വിട്ടുകൊടുത്തത്. കേരളത്തിൽ അതിനെ സ്വാഗതം  ചെയ്‌ത ജമാഅത്തെ ഇസ്ലാമി, മുസ്ലിംലീഗ് നേതാക്കളുടെ സമീപനം തന്നെയാണോ യുഡിഎഫ് മുന്നണിയെ നയിക്കുന്ന കോൺഗ്രസ്സിനും എന്ന് അറിയാൻ താൽപര്യമുണ്ടെന്ന്  കോടിയേരി പറയുന്നു. 

തുർക്കിയിൽ അന്യമത വിശ്വാസികളുടെ ആരാധനാലയത്തെ കയ്യടക്കുന്ന ഇസ്ലാമിസ്റ്റ് സർക്കാർ നടപടിയെ അംഗീകരിക്കുന്ന മുസ്‌ലിംലീഗ് ഇന്ത്യയിൽ ബാബ്‌റി മസ്ജിദ് തകർത്തു അവിടെ ക്ഷേത്രം പണിയാൻ ശ്രമിക്കുന്ന സംഘപരിവാർ സർക്കാരിനെ എങ്ങനെയാണ് എതിരിടുകയെന്നും കോടിയേരി ഫേസ്ബുക്  പോസ്റ്റിൽ ചോദിച്ചു.

ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനം

മുസ്ലിംലീഗ് നേതൃത്വത്തിലെ പ്രമുഖനായ സാദിഖലി ശിഹാബ് തങ്ങളുടെ ചന്ദ്രിക ലേഖനം ലീഗിന് ഒരു വലിയ പ്രതിസന്ധി  സൃഷ്ടിക്കുന്നതായാണ് കാണാൻ കഴിയുന്നത്. കേരളത്തിൽ ഓർത്തോഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിലെ ഒരു വലിയ വിഭാഗം വിശ്വാസികളും കോൺഗ്രസ്സും ലീഗും നയിക്കുന്ന യുഎഡിഎഫിനാണ് പിന്തുണ നൽകുന്നത്. മുന്നണിയുടെ നേതാക്കളിൽ ഉമ്മൻ ചാണ്ടിയടക്കം നിരവധി പേർ ഓർത്തോഡോക്സ് സഭാ വിശ്വാസികളാണ്. എന്നാൽ ഓർത്തോഡോക്സ് വിശ്വാസികൾ മാത്രമല്ല,പൊതുവിൽ  ക്രൈസ്തവ സമുദായവും മതേതര ചിന്താഗതിക്കാരും ഉർദുഗാൻ സർക്കാരിന്റെ നീക്കങ്ങളെ വിമർശിക്കുകയുണ്ടായി. അതിനിയയിൽ കേരളത്തിലെ ക്രൈസ്തവരുടെ വികാരങ്ങളെ തൃണവൽഗണിച്ചു കൊണ്ടു സമുന്നത ലീഗ് നേതാവ് തന്നെ നടത്തിയ പ്രഖ്യാപനം യുഡിഫിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടുകയാണ്. കേരളത്തിൽ സ്വർണ കള്ളക്കടത്തു വിഷയത്തിൽ എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി  പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ യുഡിഎഫ്‌ കടന്നാക്രമിക്കുന്ന സന്ദർഭത്തിൽ സിപിഎമ്മിന് വീണുകിട്ടിയ വടിയായി മാറുകയാണ് തുർക്കിപ്പള്ളി വിഷയത്തിലെ ലീഗ് നേതാവിന്റെ ലേഖനം. 

Leave a Reply