ഹിലാരി മാന്റൽ മൂന്നാമതും ബുക്കർ സമ്മാനപ്പട്ടികയിൽ

ലണ്ടൻ:പ്രശസ്ത നോവലിസ്റ്റ് ഹിലാരി മാന്റൽ   ഇത്തവണത്തെ ബുക്കർ സമ്മാനത്തിനുള്ള  പട്ടികയിൽ സ്ഥാനം പിടിച്ചു. നേരത്തെ രണ്ടുതവണ ബുക്കർ സമ്മാനം നേടിയ മാന്റൽ ട്യൂഡർ ഭരണകാലത്തെ കുറിച്ചുള്ള അവരുടെ ചരിത്രാഖ്യായികയുടെ മൂന്നാം ഭാഗത്തിന്‍റെ പേരിലാണ്  ഇത്തവണ സമ്മാനപ്പട്ടികയിൽ ഇടംപിടിച്ചത്. ഈ നോവൽ പാരമ്പരയുടെ ആദ്യ രണ്ടു ഭാഗങ്ങളും ബുക്കർ സമ്മാനം നേടിയിരുന്നു.

 ഇംഗ്ളണ്ടിലെ ട്യൂഡർ വംശത്തിലെ രാജാവായ ഹെൻറി എട്ടാമന്‍റെ ജീവിതകാലത്തെയാണ് ഈ നോവലുകളിൽ മാന്റൽ കൈകാര്യം ചെയ്യുന്നത്. ഹെൻറി എട്ടാമൻ  ഭാര്യ കാതറീൻ രാജ്ഞിയെ വിവാഹമോചനം നടത്താനായി മാർപ്പാപ്പയുടെ അനുവാദം കിട്ടാനായി ശ്രമിച്ചു പരാജയപ്പെട്ടപ്പോഴാണ് ഇംഗ്ലണ്ടിൽ ആംഗ്ലിക്കൻ സഭയുടെ ആരംഭം കുറിക്കുന്നത്. കത്തോലിക്കാ ആധിപത്യത്തിൽ നിന്ന് ഇംഗ്ലണ്ട്‌ വിമോചനം നേടുന്നത് അതോടെയാണ്. ഹെൻറി  എട്ടാമന്‍റെ പ്രധാനമന്ത്രിയും ഉപദേശകനുമായ തോമസ് ക്രോംവെല്ലിന്‍റെ ജീവിതത്തിലൂടെയാണ് മാന്റൽ ആ കാലത്തിന്‍റെ കഥ പറയുന്നത്. ആദ്യ നോവൽ വുൾഫ് ഹാൾ,രണ്ടാം ഭാഗം ബ്രിങ് അപ്പ് ദി ബോഡീസ് എന്നിവയിൽ ഹെൻറിയുടെ വിവാഹമോചനവും പിന്നീട് ആൻ ബോളീനുമായുള്ള വിവാഹവും ആൻ പരപുരുഷ ബന്ധത്തിന്‍റെ പേരിൽ വധിക്കപ്പെടുന്നതുമായ ചരിത്രമാണ് പറയുന്നത്. അതിലൊക്കെ രാജാവിനു വലംകൈയായി നിന്നത് ക്രോംവെല്ലാണ്. മൂന്നാമത്തെ  പുസ്തകം ദി മിറർ ആൻഡ് ദി ലൈറ്റ് ക്രോംവെല്ലിന്‍റെ തന്നെ അധികാരത്തിൽ നിന്നുള്ള വീഴ്ചയും അദ്ദേഹത്തിന്‍റെ വധവുമാണ് വിവരിക്കുന്നത്. അസാധാരണമായ  ശൈലിയിലാണ് നോവലിസ്റ്റ് അക്കാലത്തെ ഇംഗ്ലീഷ് സമൂഹത്തെയും രാഷ്ട്രീയത്തെയും ചിത്രീകരിക്കുന്നത്.

ബുക്കർ സമ്മാനചരിത്രത്തിൽ അതു രണ്ടു തവണ നേടിയ ഏതാനും എഴുത്തുകാരിൽ ഒരാളാണ് മാന്റൽ. മാർഗരറ്റ് അറ്റ്‌വുഡ്, പീറ്റർ  കാരി, ജെ എം കൂറ്റ്സീ എന്നിവരും സമ്മാനം രണ്ടു തവണ നേടിയിട്ടുണ്ട്. ഇത്തവണ  മാന്റൽ  വിജയിച്ചാൽ ബുക്കർ ചരിത്രതിൽ  മൂന്നാം തവണയും സമ്മാനം നേടുന്ന ആദ്യത്തെ എഴുത്തുകാരിയാകും അവർ. 

Leave a Reply