അയാസോഫിയ: തെഹ്റാനിലെ ബാങ്കുവിളി മുസ്ലിംലീഗിൽ പ്രതിധ്വനിക്കുന്നു

കോഴിക്കോട്” കഴിഞ്ഞ  വെള്ളിയാഴ്ച തുർക്കിയിലെ ഇസ്താംബുൾ നഗരത്തിൽ ക്രിസ്‌ത്വബ്ദം ആറാംനൂറ്റാണ്ടിൽ  പണിത ക്രൈസ്‌തവ ദേവാലയത്തിൽ തുർക്കി പ്രസിഡണ്ട് ഉർദുഗാന്റെ നേതൃത്വത്തിൽ നടന്ന കൂട്ടപ്രാർത്ഥന കേരളത്തിലെ മുസ്ലിംലീഗിൽ വലിയ പ്രതിധ്വനി ഉയർത്തിയിരിക്കുന്നു.

മുസ്ലിംലീഗ് മുഖപത്രമായ  ചന്ദ്രികയിൽ കഴിഞ്ഞ ദിവസം ലീഗ് യുവനേതാവും പാർട്ടിയുടെ നിയന്ത്രണം കയ്യിൽവെക്കുന്ന പാണക്കാട് സയിദ് കുടുംബത്തിലെ അംഗവുമായ സാദിക്കലി ശിഹാബ് തങ്ങൾ എഴുതിയ ഒരു ലേഖനമാണ് വിവാദമായിരിക്കുന്നത്. അയാസോഫിയയിലെ ജുമുഅ എന്നപേരിലുള്ള ലേഖനത്തിൽ തൊണ്ണൂറു വർഷങ്ങൾക്കു ശേഷം അയാസോഫിയയിൽ മുസ്ലിംകൾക്ക് പ്രർത്ഥന നടത്താൻ കിട്ടിയ അവസരത്തെ സന്തോഷപൂർവം സ്വാഗതം ചെയ്യുന്നു.  തുർക്കിയിൽ ഇസ്ലാമിന്റെ ഒരു വിജയമായാണ് സംഭവത്തെ മുസ്ലിംലീഗ് നേതാവ് പ്രകീർത്തിക്കുന്നത്.

എന്നാൽ  മുസ്ലിംകൾക്കിടയിൽ പോലും തുർക്കിയിലെ ഇസ്ലാമിക രാഷ്ട്രീയക്കാരുടെ മതരാഷ്ട്രീയ നീക്കം വലിയ ആഹ്ലാദം ഉയർത്തിയതായി കാണുന്നില്ല.  ആറാം നൂറ്റാണ്ടിൽ ഓർത്തോഡോക്സ് ക്രിസ്ത്യൻ സമുദായം പടുത്തുയർത്തിയ ദേവാലയമാണ് ഹാജിയ സോഫിയ. പിന്നീട്  പതിനാറാം നൂറ്റാണ്ടിൽ ഉസ്മാനിയ ഭരണാധികാരികൾ കോൺസ്റ്റാന്റിനോപ്പിൾ (ഇന്നത്തെ ഇസ്താംബുൾ) കീഴടക്കിയതോടെ അവിടെ ക്രൈസ്തവ ഭരണം അവസാനിച്ചു. ഉസ്മാനിയ  ഖിലാഫത്ത് 1920കളിൽ അവസാനിച്ചു. ഖിലാഫത്തിന്റെ പേരിൽ ഇന്ത്യയിൽ പ്രക്ഷോഭം നടന്നുവെങ്കിലും തുർക്കിയിൽ മുസ്തഫാ കെമാൽ പാഷയുടെ ഭരണത്തിൽ ഇസ്ലാമിക ഭരണത്തിനു പകരം മതേതര സാമൂഹിക ക്രമമാണ് തുർക്കി സ്വീകരിച്ചത്. പൊതുവിൽ പാശ്ചാത്യ രീതികളും സമ്പ്രദായവും തുർക്കിയിലെ ജനങ്ങളുടെ മേൽ അത്താതുർകിന്റെ കാലം മുതൽ അടിച്ചേല്പിക്കുകയും ചെയ്തിരുന്നു.

 2001ൽ സ്ഥാപിതമായ എ കെ പാർട്ടിയുടെ നേതൃത്വത്തിൽ അത്താതുർകിന്റെ ആശയങ്ങൾക്ക് എതിരെയുള്ള മുന്നേറ്റമാണ് കഴിഞ്ഞ രണ്ടു  പതിറ്റാണ്ടുകളിൽ തുർക്കി ദർശിച്ചത്. അബ്ദുല്ലാ ഗുൽ ആരംഭിച്ച  ഇസ്ലാമിക ആശയങ്ങളിൽ അധിഷ്ഠിതമായ എ കെ പാർട്ടിയാണ് ഒന്നര പതിറ്റാണ്ടായി തുർക്കിയുടെ ഭരണം കയ്യാളുന്നത്.

അയാസോഫിയയിൽ  മുസ്ലിം സമുദായത്തിനു നിയന്ത്രണം ആവശ്യപ്പെട്ടു തുർക്കിയിലെ മുസ്ലിം മതപണ്ഡിതന്മാരും വലതുപക്ഷവും പ്രക്ഷോഭം നടത്തിയെങ്കിലും അതൊരു ചരിത്രസ്മാരകവും മ്യൂസിയവുമായി തന്നെ നിലനില്കുകയായിരുന്നു.എന്നാൽ ഉസ്മാനിയ കാലത്തെ പള്ളി മ്യൂസിയമാക്കിയത് ഭരണഘടനാ കോടതി അസാധുവാക്കിയ നടപടിയെ തുടർന്നാണ് പള്ളി മുസ്ലിംകളുടെ പ്രാർത്ഥനക്കായി കഴിഞ്ഞയാഴ്ച തുറന്നത്. തുർക്കി പ്രസിഡണ്ട് ഉർദുഗാനും  മന്ത്രിസഭയിലെ അംഗങ്ങളും ആയിരക്കണക്കിന് ഇസ്ലാമിക മതവിശ്വാസികളും ജുമുഅ പ്രാർത്ഥനയിൽ പങ്കെടുത്തു.

പക്ഷേ പ്രാചീനമായ ക്രൈസ്തവ ദേവാലയം വീണ്ടും മുസ്ലിംപള്ളിയാക്കി മാറ്റിയത് ക്രൈസ്തവ ലോകത്തും പൊതുവിൽ മതേതര ചിന്താഗതിക്കാരിലും കടുത്ത നിരാശയാണ് ഉണ്ടാക്കിയത്. ഫ്രാൻസിസ് മാർപാപ്പ തന്നെ ഈ സംഭവത്തിൽ  കടുത്ത ദുഃഖം രേഖപ്പെടുത്തി. ഗ്രീസ് അടക്കമുള്ള ഓർത്തോഡോക്സ് ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള രാജ്യങ്ങളും അതിൽ പ്രതിഷേധിച്ചു .

അങ്ങനെ ആഗോളതലത്തിൽ തന്നെ വിവാദമായ ഒരു വിഷയത്തിൽ മുസ്ലിംലീഗ് നേതാവ് എടുത്ത സമീപനമാണ് വിമർശനത്തിന് തിരി കൊളുത്തിയിരിക്കുന്നത്. ഇതു മുസ്ലിംലീഗിന്റെ മതേതര പ്രതിച്ഛായക്കു വലിയ കോട്ടമുണ്ടാക്കും എന്നു പ്രമുഖ ചിന്തകനായ എംഎൻ കാരശ്ശേരി ചൂണ്ടിക്കാട്ടി. അന്യസമുദായങ്ങളുടെ പ്രാർത്ഥനാലയങ്ങൾ പിടിച്ചെടുക്കുന്നതും  തകർക്കുന്നതും രാജഭരണ കാലത്തെ രീതിയാണ്. ജനാധിപത്യ സമൂഹത്തിൽ അതു സ്വീകാര്യമല്ല. അതിനാൽ തുർക്കിയിലെ ദേവാലയത്തിലെ പ്രാർത്ഥന ഒഴിവാക്കേണ്ടതായിരുന്നു. എന്നാൽ മുസ്ലിംലീഗ് അതു  അംഗീകരിക്കുന്നതിലൂടെ, ഇന്ത്യയിൽ ബാബറി മസ്ജിദിനു നേരെ ഹിന്ദുത്വ തീവ്രാദികൾ നടത്തിയ ആക്രമണത്തെയും അവിടെ ക്ഷേത്രം പണിയാനുള്ള അവരുടെ  നീക്കത്തെയും പാർട്ടി അംഗീകരിക്കുകയാണ്. അതു മതേതര സമൂഹത്തിൽ മുസ്ലിംകളുടെ സ്ഥിതി കൂടുതൽ പരിതാപകരം ആക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുർക്കിയിൽ നടന്നത്  അഫ്ഗാനിസ്ഥാനിൽ താലിബാൻ സംഘം ബുദ്ധപ്രതിമകൾ തകർത്തതിന് തുല്യമായ സംഗതിയാണ്. അതിനെ പുകഴ്ത്തുന്നവർ സഹോദര സമുദായങ്ങൾക്കു അത്തരം സമീപനങ്ങൾ നൽകുന്ന സന്ദേശം എന്തായിരിക്കും എന്നു ചിന്തിക്കേണ്ടതാണെന്നും കാരശ്ശേരി ചൂണ്ടിക്കാട്ടി.

Leave a Reply