സംസ്കാരം തടഞ്ഞ സംഭവം നാടിനു നാണക്കേടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോട്ടയത്ത് മുട്ടമ്പലത്തു കോവിഡ് ബാധിച്ചു മരിച്ച വ്യക്തിയുടെ മൃതദേഹം വൈദ്യുതശ്മശാനത്തിൽ സംസകരിക്കുന്നതു തടയാൻ ശ്രമിച്ച സംഭവം  കേരളത്തിനാകെ നാണക്കേടാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവിച്ചു. കോവിഡ് അവസ്ഥ അവലോകനം ചെയ്തു ഇന്ന് വൈകിട്ട് നടത്തിയ മാധ്യമസമ്മേളനതിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത് .

മൃതദേഹത്തിൽ നിന്നു കോവിഡ് രോഗംപകരാനുള്ള സാധ്യത വളരെ കുറവാണെന്നു ശാസ്ത്രജ്ഞർ വ്യക്തമാക്കിയതാണ് . വൈദ്യുത ശ്മശാനങ്ങളിൽ 800 ഡിഗ്രി സെഷ്യസിൽ ഉയർന്ന താപനിലയിലാണ് സംസ്കാരം നടക്കുന്നത്. അതിനാൽ പുകയിലൂടെ രോഗം പകരും എന്ന മട്ടിലുള്ള പ്രചാരണം നടത്തി റോഡ് ഉപരോധിച്ചതും അതിനു സ്ഥലത്തെ ഒരു ജനപ്രതിനിധി തന്നെ നേതൃത്വം നൽകിയതും നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമാണ്. അത്തരക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു .

മുട്ടമ്പലത്തു 83കാരനായ നടുമാലിൽ ഔസേഫ് ജോർജാണ് ഞായറാഴ്ച  മരിച്ചത്. കോവിഡ് ബാധിതനാണെന്നു  പരിശോധനയിൽ  കണ്ടതിനാൽ പൂർണ പ്രോട്ടോകോൾ പാലിച്ചു സംസ്കരിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയിരുന്നു. എന്നാൽ പ്രദേശത്തെ ബിജെപി നേതാവും കൗൺസിലറുമായ ടി എൻ ഹരികുമാറിന്റെ നേതൃത്വത്തിലാണ് ഒരു സംഘം ആളുകൾ  പ്രതിഷേധവുമായി എത്തിയത്. ബോധപൂർവമായ നുണ പ്രചാരണത്തിന്റെ ഭാഗമായാണ് ജനങ്ങളെ ചിലർ ഇളക്കി വിട്ടതെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി എൻ വാസവൻ അഭിപ്രായപ്പെട്ടു. സ്ഥലം  എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ എത്തി നാട്ടുകാരോട് സംസാരിച്ചു കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും സമരക്കാർ പിന്തിരിയാൻ തയ്യാറായില്ല എന്നതിൽ നിന്നു ബോധപൂർവമായ ആസൂത്രണം സംഭവത്തിൽ ഉണ്ടായതായി അധികൃതർ സംശയിക്കുന്നുണ്ട്. രാത്രി വൈകിയാണു ശക്തമായ പോലീസ് സാന്നിധ്യത്തിൽ മൃതദേഹം സംസ്കരിച്ചത്.സംഭവത്തിൽ ബിജെപി നേതാവടക്കം മുപ്പതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 

കോവിഡ് ബാധിതരുടെ സംസ്കാരത്തിന് കേന്ദ്ര സർക്കാർ തയ്യാറാക്കിയ മാനദണ്ഡങ്ങൾ അനുസരിച്ചാണ് അധികൃതർ പ്രവർത്തിക്കുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത്തരം സന്ദർഭങ്ങളിൽ  അനാവശ്യമായി ആളുകൾ തടിച്ചു കൂടുന്നതാണ് ഗൗരവമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. അതു അനുവദിക്കാനാവില്ലെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി. 

Leave a Reply