സഭ വിളിക്കണമെന്ന് വീണ്ടും ഗെഹ്ലോട്ട്; ബിജെപി അട്ടിമറിക്കെതിരെ കോൺഗ്രസ്സ്

ജയ്‌പൂർ:  രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരം കാണാൻ ജൂലൈ 31നു നിയമസഭാ യോഗം വിളിക്കണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ഗവർണർ കൽരാജ് മിശ്രയോട് ആവശ്യപ്പെട്ടു. കോൺഗ്രസ്സ് നേതാവും ഉപമുഖ്യമന്ത്രിയുമായ സച്ചിൻ പൈലറ്റും 18 എംഎൽഎമാരും വിമത ശബ്‍ദം ഉയർത്തിയതിനെ തുടർന്നാണ് സംസ്ഥാനത്തു രാഷ്ട്രീയ പ്രതിസന്ധി ഉയർന്നത്. തനിക്കു നിയമസഭയിൽ ഭൂരിപക്ഷം ഉണ്ടെന്നും അതു തെളിയിക്കാൻ സഭ വിളിച്ചുചേർക്കണമെന്നും മുഖ്യമന്ത്രി നേരത്തെ ആവശ്യപ്പെട്ടത് ഗവർണർ തള്ളിയിരുന്നു. അംഗങ്ങൾക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ സാധ്യമല്ലെന്നും അതിനാൽ   സ്വതന്ത്രവും നീതിപൂർവകവുമായ നിലയിൽ സമ്മേളനം നടത്താൻ കഴിയില്ലെന്നുമാണ് ഗവർണർ പറഞ്ഞത്. ഗവർണറുടെ നിലപാടിൽ  പ്രതിഷേധിച്ചു മുഖ്യമന്ത്രിയും ഭരണകക്ഷി അംഗങ്ങളും രാജ് ഭവന് മുന്നിൽ കുത്തിയിരിപ്പ് നടത്തിയിരുന്നു.

ജൂലൈ 31നു സഭ ചേർന്ന് സംസ്ഥാനത്തെ കോവിഡ് അന്തരീക്ഷം ചർച്ച ചെയ്യണമെന്നും ആറു പുതിയ നിയമനിർമാണങ്ങൾ  പരിഗണിക്കണമെന്നുമാണ് മുഖ്യമന്ത്രി നൽകിയ കുറിപ്പിൽ പറയുന്നത്. സഭ ചേരുന്നത് സംബന്ധിച്ച സർക്കാരിന്‍റെ നിർദേശങ്ങൾ പാലിക്കാൻ ഗവർണർ ബാധ്യസ്ഥനാണെന്നു സുപ്രീം കോടതി നേരത്തെ പല കേസുകളിലും ചൂണ്ടിക്കാട്ടിയതാണെന്നു കോൺഗ്രസ്സ് നേതാക്കൾ വാദിക്കുന്നു. ഒരു സർക്കാരിന് ഭൂരിപക്ഷം ഉണ്ടോ എന്ന്  പരിശോധിക്കാനുള്ള വേദി ബന്ധപ്പെട്ട നിയമസഭയാണ് എന്ന് പരമോന്നത കോടതി ആവർത്തിച്ചു വ്യക്തമാക്കിയതാണ്. അതിനാൽ ഗവർണർ കൽരാജ് മിശ്രയുടെ നീക്കങ്ങൾ അട്ടിമറിയെ സഹായിക്കാനുള്ളതാണെന്നു കോൺഗ്രസ്സ് നേതാക്കൾ ആരോപിച്ചു. വിമത  എംഎൽഎ മാർക്ക് 25 കോടി വീതം കോഴ  നല്കാൻ ബിജെപി നടത്തിയ ശ്രമം ഇപ്പോൾ രാജസ്‌ഥാൻ പോലീസിന്‍റെ അന്വേഷണത്തിലാണ്. ഒരു ബിജെപി പ്രാദേശിക നേതാവ് കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രിയും ബിജെപിയുടെ രാജസ്ഥാനിലെ പ്രമുഖ  നേതാവുമായ ഗജേന്ദ്ര സിങ് ശേഖാവത്തിനെ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നു രാജസ്ഥാൻ പോലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.  

Leave a Reply