ഇ-മൊബിലിറ്റി വിപണിയിൽ ചൈനയുടെ മുന്നേറ്റമെന്നു ജർമൻ വിദഗ്ധർ
ബെർലിൻ: ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനമായ രണ്ടു സാങ്കേതിക വിദ്യകളിൽ ചൈനയുടെ മേധാവിത്വം ചോദ്യം ചെയ്യാനാകാത്ത വിധം ശക്തമാണെന്ന് ജർമൻ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. അഞ്ചാം തലമുറ ഇന്റർനെറ്റ് സേവനങ്ങളിലും ഇലക്ട്രിക് വാഹനങ്ങളിലും ചൈനയുടെ മുന്നേറ്റം വളരെ വേഗത്തിലുളളതാണെന്നു ജർമൻ പത്രമായ ദേർ സ്പീഗൽ സമീപകാല പഠനങ്ങളിൽ വിലയിരുത്തി.
അഞ്ചാം തലമുറ ഇന്റെർനെറ്റ് സേവനങ്ങളിൽ ചൈനയുടെ ഹുയാവെ, സെഡ് ടി എഫ് തുടങ്ങിയ കമ്പനികൾ ലോകത്തെ ഏറ്റവും മെച്ചപ്പെട്ട സാങ്കേതിക വിദ്യ വികസിപ്പിച്ചതു വഴി പാശ്ചാത്യ രാജ്യങ്ങളിൽ അടക്കം വമ്പിച്ച മുന്നേറ്റം നടത്തുകയുമായി. കുറഞ്ഞ ചെലവിൽ കൂടുതൽ മെച്ചമായ സാങ്കേതികവിദ്യയാണ് അവർ ലോകത്തെ ഇന്റർനെറ്റ് സേവനദാതാക്കൾക്കു നൽകുന്നത്.ചൈനീസ് കമ്പനികളെ മത്സരത്തിൽ നിന്ന് ഒഴിവാക്കാനായി സുരക്ഷാ സംബന്ധമായ ഭീഷണികളെക്കുറിച്ചാണ് ഇപ്പോൾ അമേരിക്കയും സഖ്യ കക്ഷികളും പറയുന്നത്.എന്നാൽ ബ്രിട്ടൻ ഒഴികെ മറ്റു പ്രധാന യൂറോപ്യൻ രാജ്യങ്ങളൊന്നും ചൈനയുമായുള്ള വാണിജ്യ-സാങ്കേതികബന്ധങ്ങൾ ഉപേക്ഷിക്കാൻ തയ്യാറല്ല.
അതേപോലെ പ്രധാനമായ ഒരു മേഖലയാണ് ഇലക്ട്രിക് വാഹനങ്ങളുടെ കമ്പോളം. അടുത്ത ഒരു ദശകത്തിൽ നിലവിലുള്ള പെട്രോൾ അടിസ്ഥാനപ്പെടുത്തിയ വാഹനങ്ങൾ കാലഹരണം ചെയ്യപ്പെടുമെന്നു വ്യക്തമാണ്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി യൂറോപ്യൻ യൂണിയൻ ഓരോ വാഹനത്തിനും 9000 യൂറോയുടെ സബ്‌സിഡി നൽകുന്നുണ്ട്; ഇതു 10,200 ഡോളറിൽ ഏറെ വരുന്ന സഹായമാണ്. അന്തരീക്ഷ മലിനീകരണവും ആഗോള താപനവും കുറയ്ക്കാൻ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സബ്‌സിഡികൾ നൽകുന്നത്. അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ നടപടികൾ എടുക്കുന്നുണ്ട്.
അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് കാലിഫോർണിയ ആസ്ഥാനമായ ടെസ്‌ല കമ്പനിയാണ്. ഇലക്ട്രിക് കാറുകളും ബഹിരാകാശ റോക്കറ്റുകളും നിർമിക്കുന്ന കമ്പനിയാണ് എലോൺ മസ്‌ക് സ്ഥാപിച്ച ടെസ്‌ല കമ്പനി. ടെസ്‌ലയുടെ ബഹിരാകാശ റോക്കറ്റ് ഈയിടെയാണ് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ യാത്രികരെയും കൊണ്ടു എത്തിയത്. ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി ബഹിരാകാശ യാത്രാരംഗത്ത് പ്രവേശിക്കുന്നത്.
ടെസ്‌ലയുടെ ഇലക്ട്രിക് കാറുകളും ലോകവിപണിയിൽ മുന്നിലാണ് .അവരുടെ മോഡൽ 3 കാറുകൾ യൂറോപ്യൻ വിപണിയിലും മുന്നിലാണ്. അതേസമയം ഇ-വാഹനങ്ങളുടെ ഏറ്റവും വലിയ വിപണി ഇപ്പോൾ ചൈനയാണെന്നും ദേർ സ്പീഗൽ ചൂണ്ടിക്കാണിക്കുന്നു .2019ൽ മൊത്തം വില്പനയായ ഇ- കാറുകളിൽ 57 ശതമാനവും ചൈനയിലെ ഉപഭോകതാക്കളാണ് വാങ്ങിയത്. ചൈനയിൽ വിറ്റ ഇ- കാറുകളുടെ എണ്ണം 958,000 ആയിരുന്നു. അമേരിക്കയിൽ വിറ്റത് 234,000; ജർമനിയിൽ 67,000; നോർവെയിൽ 62,000; ബ്രിട്ടനിൽ 41,000; മറ്റു രാജ്യങ്ങളിലെല്ലാം കൂടി 308,000 എന്നിങ്ങനെയാണ് കഴിഞ്ഞ വർഷത്തെ വില്പനയുടെ കണക്ക്.
വികസ്വര രാജ്യങ്ങളടക്കം ഇ -മൊബിലിറ്റി പദ്ധതികളുമായി മുന്നേറുന്ന അവസരത്തിൽ ജർമനി പോലെ കാർ നിർമാണരംഗത്തെ പ്രധാന രാജ്യങ്ങളും മത്സരത്തിൽ ഇറങ്ങിയിരിക്കുകയാണ്. ജർമനിയിലെ ഫോക്സ്‌വാഗൺ, ബിഎംഡബ്ള്യു, ഡെയ്‌മ്ലർ തുടങ്ങിയ പ്രധാന കമ്പനികൾ പുതിയ ഉത്പന്നങ്ങൾ ഡിസൈൻ ചെയ്തു രംഗത്തുണ്ട്. ചൈനയും ജപ്പാൻ,കൊറിയ തുടങ്ങിയ മറ്റു ഏഷ്യൻ രാജ്യങ്ങളുമാണ് അവരുടെ പ്രധാന സാങ്കേതിക പങ്കാളികൾ എന്നു ദേർ സ്പീഗൽ പറയുന്നു. ഇത്തരം കാറുകളുടെ വിജയം നിശ്ചയിക്കുന്നത് അവയുടെ ബാറ്ററികളാണ്. ഒറ്റ ചാർജിൽ 700 കിലോമിറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന ബാറ്ററികൾ ചൈനയുടെ സഹായത്തോടെയാണ് നിർമിക്കുന്നത്. വെറും 15 മിനിറ്റിൽ ചാർജ് ചെയ്യാവുന്ന ബാറ്ററികളും നിർമാണദശയിലാണ്. ഇ-മൊബിലിറ്റി രംഗത്ത് ചൈനയും മറ്റു ഏഷ്യൻ രാജ്യങ്ങളും നടത്തിയ മുന്നേറ്റം കഴിഞ്ഞ മാസം മാനേജ്മെന്റ് കൺസൾട്ടൻസി മക് കിൻസി പുറത്തിറക്കിയ ഒരു റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചത് ദേർ സ്പീഗൽ ഉദ്ധരിക്കുന്നുണ്ട്. മക് കിൻസി കണ്ടെത്തിയത് പാശ്ചാത്യകമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യൻ ഉത്പന്നങ്ങളുടെ വില അവയുടെ പകുതിയോളം മാത്രമാണെന്നാണ്. ഡെയ്‌മ്ലർ പോലുള്ള ജർമൻ കമ്പനികൾ ചൈനീസ് കമ്പനികളുമായി കൂട്ടുചേർന്നു ബാറ്ററി നിർമാണത്തിനും ചാർജിങ് സ്റേഷനുക ളുടെ നിർമാണതിനും പദ്ധതികൾ തയ്യാക്കിയിരിക്കുകയാണ്. സാങ്കേതികവിദ്യയിൽ ഏഷ്യൻ രാജ്യങ്ങളുടെ മുന്നേറ്റം നോക്കിയാൽ അവരുമായി മത്സരിക്കുന്നതിനേക്കാൾ ബുദ്ധി കൂട്ടുചേരുകയാണെന്നു ഒരു പ്രമുഖ എക്സിക്യൂട്ടീവ് ദേർ സ്പീഗലിനോട് പറഞ്ഞു. നേരത്തെ ചൈനയടക്കമുള്ള രാജ്യങ്ങൾ പാശ്ചാത്യ സാങ്കേതികവിദ്യ ചോർത്തുന്നതായിരുന്നു പ്രശ്നമെങ്കിൽ ഇന്നു കാര്യങ്ങൾ മാറിമറിഞ്ഞതായി അദ്ദേഹം പറഞ്ഞു. പുതിയ നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യകളിൽ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ വളരെയേറെ മുന്നിലാണ്. അവരുമായി കൂട്ടുചേർന്നു മാത്രമേ മുന്നോട്ടുപോകാനാകൂ എന്നും പല പ്രധാന കാർനിർമ്മാണകമ്പനി ഉന്നതരും ചൂണ്ടിക്കാട്ടിയതായും ദേർ സ്പീഗൽ ഇന്നലെ പ്രസിദ്ധീകരിച്ച പ്രത്യേക പഠനത്തിൽ എഴുതുന്നു