രാജസ്ഥാൻ ഹൈക്കോടതി കാണിച്ചത് അച്ചടക്കലംഘനമെന്ന് ഹിന്ദു

ചെന്നൈ: രാജസ്ഥാനിൽ വിമത കോൺഗസ്സ് നേതാവ് സച്ചിൻ പൈലറ്റിനെതിരെ സ്പീക്കർ എടുത്ത അച്ചടക്കനടപടി നിർത്തിവെക്കുന്ന രാജസ്ഥാൻ ഹൈക്കോടതി ഉത്തരവ് നിലവിലുള്ള നിയമക്രമങ്ങളെ അവഗണിക്കുന്നതും അതിനാൽ ജുഡീഷ്യറിയുടെ അച്ചടക്ക ലംഘനത്തിന്റെ  പരിധിയിൽ വരുന്നതുമാണെന്നു പ്രശസ്ത ദേശീയ  പത്രമായ  ദി ഹിന്ദു ഇന്നു മുഖപ്രസംഗത്തിൽ പറഞ്ഞു.

സച്ചിൻ പൈലറ്റ് അടക്കം 19 എംഎൽഎ മാർക്കെതിരെ  കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി എടുക്കാതിരിക്കാൻ കാരണം കാണിക്കണമെന്ന് സ്പിക്കർ  സി പി  ജോഷി  കഴിഞ്ഞ ദിവസം ബന്ധപ്പെട്ട നിയമസഭാ അംഗങ്ങൾക്കു നോട്ടീസ് നൽകിയിരുന്നു. അതിനെ ചോദ്യം ചെയ്തു അവർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തൽസ്ഥിതി നിലനിർത്താനും നടപടികൾ തത്കാലം മരവിപ്പിക്കാനും ഉത്തരവിട്ടു കൊണ്ടു ഹൈക്കോടതി വിധി പ്രസ്താവിച്ചത്.

എന്നാൽ കൂറുമാറ്റ നിയമപ്രകാരം സ്പീക്കറുടെ നടപടികളിൽ ബന്ധപ്പെട്ട അംഗങ്ങൾക്കെതിരെ നടപടി എടുക്കുന്നതിനു മുമ്പ് കോടതികൾ ഇടപെടാൻ പാടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. സ്‌പീക്കറുടെ ഉത്തരവ് പുറത്തുവന്ന ശേഷം മാത്രമേ കോടതികൾ അവയെ സംബന്ധിച്ച പരിശോധനകളിലേക്കു  കടക്കാൻ പാടുള്ളു എന്നാണ് 1992ലെ കിഹോട്ടോ ഹോളോഹൻ കേസിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. അതു  നിലവിലുള്ള നിയമമാണ് എന്നിരിക്കെ അതിനെ മറികടന്നുള്ള ഹൈക്കോടതി വിധി ജുഡിഷ്യറിയുടെ അതിരുവിട്ട പ്രവർത്തനമായി മാത്രമേ കാണാനാകൂ എന്നാണ് പത്രം  ചൂണ്ടിക്കാട്ടിയത്.

 അതേസമയം രാജാസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുകയാണ്. നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ സഭ   വിളിച്ചു ചേർക്കാനുള്ള സർക്കാരിന്റെ അഭ്യർത്ഥന ഗവർണർ കൽരാജ് മിശ്ര അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിൽ മന്ത്രിമാരും നിയമസഭാ അംഗങ്ങളും ഇന്നലെ രാജ് ഭവന് മുന്നിൽ സത്യഗ്രഹം നടത്തി. മുകളിൽ നിന്നുള്ള സമ്മർദമാണ് ഗവർണറുടെ അസാധാരണ സമീപനത്തിന് പിന്നിൽ എന്ന് മുഖ്യമന്ത്രി ആരോപിച്ചു.

Leave a Reply