ആരെയാണ് സിപിഎം ബഹിഷ്ക്കരിക്കേണ്ടത്?

ഏഷ്യാനെറ്റ് ന്യൂസ് ചാനലും സിപിഎമ്മും തമ്മിലുള്ള ശീതസമരം എത്രയും വേഗം അവസാനിപ്പിക്കുന്നതാണ് ഉചിതം. അതിനുള്ള വിശാലമനസ്കത എല്ലാഭാഗത്ത് നിന്നും ഉണ്ടാകണം. ഒരു മാധ്യമത്തെ ബഹിഷ്‌ക്കരിക്കുക എന്ന പ്രഖ്യാപനം ആധുനിക സമൂഹത്തിന് സ്വീകാര്യമാകില്ല. ഇത് വേണ്ടത്ര ആലോചനയില്ലാതെ തിടുക്കത്തില്‍ എടുത്ത തീരുമാനമാകാനേ വഴിയുള്ളൂ. ഇടതുപക്ഷ മന്ത്രിസഭയുടെ ഔദാര്യം കൊണ്ട് മാത്രം ഉന്നത പദവികളില്‍ എത്തുകയും ഈ മന്ത്രിസഭയുടെ യശ്ശസ് മുഴുവന്‍ കളഞ്ഞു കുളിക്കുകയും ചെയ്ത എം ശിവശങ്കറിനും സ്വപ്ന സുരേഷിനും അരുണ്‍ ബാലകൃഷണനും എതിരെ ഒരു പ്രതിഷേധ ശബ്ദം പോലും ഈ നിമിഷം വരെ ഉയര്‍ത്താത്ത പാര്‍ട്ടിയാണ് സിപിഎം എന്നത് അത്ഭുതപ്പെടുത്തുന്നു., സ്വര്‍ണ്ണ കള്ളക്കടത്ത് നടത്തി രാജ്യദ്രോഹ കുറ്റം ചെയ്തു എന്ന് തിരിച്ചറിഞ്ഞിട്ടും കുറ്റവാളിയായ ആ സ്ത്രീയെയും സഹായികളെയും ഭദ്രമായി ബംഗ്ലൂരിലെ രഹസ്യ താവളത്തില്‍ എത്തിച്ചു കൊടുത്ത് സര്‍ക്കാരിന് കളങ്കമുണ്ടാക്കിയവരെ കുറിച്ചും ഒരക്ഷരം ഉരിയാടാത്ത പാര്‍ട്ടിയാണ് സിപിഎം എന്നതും ലജ്ജിപ്പിക്കുന്നു. ഇത്തരം കൊടുംകുറ്റവാളികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ അതിശക്തമായി സ്വന്തം മാധ്യമത്തിലൂടെ പൊരുതുന്ന ഏഷ്യാനെറ്റ് ചാനലിനെ ബഹിഷ്ക്കരിക്കണമെന്നു ആര് ആഹ്വാനം ചെയ്താലും മാപ്പര്‍ഹിക്കുന്ന കുറ്റമല്ല. ഏഷ്യാനെറ്റ് അവതാരകന്‍ വിനു വി ജോണിനെതിരെ കുറ്റപത്രം തയ്യാറാക്കാന്‍ അമിതാവേശം കാട്ടുന്നവര്‍ ഈ കൊടും കുറ്റവാളികളുടെ ദുഷ്ചെയ്തികളില്‍ മൗനം ദീക്ഷിക്കുന്നത് മഹാകഷ്ടമാണ്. പാര്‍ട്ടിയുടെ ഈ ആഹ്വാനം അനവസരത്തിലുള്ളതല്ലേ? അനുചിതമല്ലേ.
. മുഖ്യമന്ത്രി അസന്നിഗ്ദമായി പറഞ്ഞതല്ലേ ഉപ്പുതിന്നവന്‍ വെള്ളം കുടിക്കണമെന്ന്. വെള്ളം കുടിപ്പിക്കാന്‍ എത്ര സമയം കൂടി കൊടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലല്ലോ. വെള്ളം കുടിക്കാനുള്ള സമയം പോലും ചര്‍ച്ചക്കിടയില്‍ വിനു വി ജോണ്‍ അനുവദിക്കുന്നില്ലെന്ന് പരിതപിക്കുമ്പോള്‍ ചര്‍ച്ചയ്ക്ക് മുമ്പ് അത്രയേറെ ഉപ്പ് കഴിയ്ക്കരുത് എന്നേ പ്രേക്ഷകര്‍ക്ക്‌ ഉപദേശിക്കാനുള്ളൂ.
ഈ കള്ളക്കടത്ത് സംഘത്തോട് സിപിഎമ്മിന് എന്താ ബന്ധം? ഒരു ബന്ധവുമില്ല. പക്ഷെ ഈ ഭരണത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഇരിക്കുന്നവരാണ് ഈ കള്ളക്കടത്ത് സംഘത്തിന് തണലായത്. കള്ളക്കടത്ത്കാരി സ്വപ്ന സുരേഷിന്റെ ബംഗ്ലൂര്‍ ഒളിവു യാത്രവരെ ആ കണ്ണികള്‍ നീണ്ടു കിടക്കുന്നു. സിപിഎം എന്തിന് അവരുടെ സംരക്ഷകരായി രംഗത്ത്‌ വരണം? സാധാരണ ഗതിയില്‍ മാധ്യമങ്ങള്‍ക്ക് പ്രതിപക്ഷ ആരോപണങ്ങളും മറ്റും കൊടുക്കേണ്ട ഉത്തരവാദിത്വം ഇല്ലേ? അത് നിര്‍വഹിക്കുന്നു എന്നല്ലാതെ ഈ മന്ത്രിസഭയിലെ ഏതെങ്കിലും അംഗത്തിനോ മുഖ്യമന്ത്രിക്കോ എതിരെ എന്തെങ്കിലും വ്യക്തിപരമായ ആരോപണങ്ങള്‍ ഈ ചാനല്‍ ഉന്നയിച്ചോ?
ഒരു കാര്യം വിസ്മരിക്കണ്ട, ഈ മന്ത്രിസഭ ഇവിടെ ജന്മം കൊണ്ടതില്‍ ഏഷ്യാനെറ്റും വിനു വി ജോണിനെയും പോലുള്ള മാധ്യമ സാരഥികള്‍ക്കുമുള്ള പങ്ക് ചരിത്രത്തില്‍ നിന്നും ആര്‍ക്കും മാച്ചുകളയാവുന്നതല്ല. വിനു വി ജോണിന്‍റെ ചാട്ടുളി പോലുള്ള ചോദ്യങ്ങള്‍ക്കും , അദ്ദേഹത്തിന്റെ ചിന്തയില്‍ നിന്ന് ഇടിമുഴക്കം പോലെ വർഷിച്ച വാര്‍ത്താ ബോംബുകള്‍ക്കുമുള്ള നിസ്തുലമായ പങ്ക് ആര്‍ക്കെങ്കിലും തമസ്ക്കരിക്കാന്‍ കഴിയുമോ? ഈ മന്ത്രിസഭയുടെ സൃഷ്ടാക്കള്‍ ആണവര്‍. എന്ന് വേണമെങ്കിലും പറയാം. ഇതെല്ലാം കണ്ട് തലസ്ഥാനത്തെ ജഗതിയിലെ “പുതുപ്പള്ളി വീട്ടില്‍” ഒരു വയോവൃദ്ധന്‍ ആരോടും പകയില്ലാതെ ഊറി ചിരിക്കുന്നുണ്ടാകം. ആ ചിരിയില്‍ നിന്ന് എല്ലാം വായിച്ചെടുക്കാനാകും.
കമ്മ്യുണിസ്റ്റുകാർ അധികാരത്തിൽ വന്നാൽ ആ നിമിഷം വിഷം കുടിച്ചു മരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ഒരു വലിയ പത്രം ഉടമയുണ്ടായിരുന്ന നാടാണിത്. അതിനു ശേഷം അദ്ദേഹത്തിന്‍റെ മുന്നില്‍ കൂടി കമ്മ്യുണിസ്റ് മുഖ്യമന്ത്രി തലയുയർത്തി സഞ്ചരിച്ചു. അന്നൊന്നും ആരും ആ പത്രം ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്തിട്ടില്ല.യഥാര്‍ഥത്തില്‍ സിപിഎമ്മും ഈ ചാനലും തമ്മിലുള്ള പ്രശ്നമെന്താണ്? എന്തെങ്കിലും പ്രശ്നം തന്നെയുണ്ടോ?
ചാനൽ അവതാരകന്‍റെ ഇടപെടൽ മുട്ടാളത്തരം ആയി മാറിയാല്‍ അത് ആർക്കും അംഗീകരിച്ചു കൊടുക്കാനാകില്ല. ഭിന്നാഭിപ്രായങ്ങൾ ഉയർത്താനുള്ള വേദിയെ ഏതെങ്കിലും അഭിപ്രായം അടിച്ചേൽപ്പിക്കാനുള്ള ഇടം ആക്കുന്നത് സങ്കുചിതത്വമാണ്. അപൂര്‍വമായി അത്തരം ചില അനുഭവങ്ങള്‍ പ്രേക്ഷര്‍ക്കും ഉണ്ടാകുന്നുവെന്നത്‌ സത്യമാണ്. മനപൂര്‍വം പച്ച കള്ളങ്ങള്‍ മാത്രം പറഞ്ഞ് പ്രകോപനം ക്ഷണിച്ചു വരുത്തുന്ന സംഭവങ്ങള്‍ ചര്‍ച്ചക്കെത്തുന്നവരില്‍ നിന്നും അപൂര്‍വമായി ഉണ്ടാകുന്നുണ്ട്. അവതാരകരും മനുഷ്യരാണ്. നൈമിഷിക വികാരപ്രകടനങ്ങൾക്കിടയിൽ ചില വാക്കിലോ നോട്ടത്തിലോ അതിരുവിട്ടുവെന്ന് വരാം. അത് സ്റ്റുഡിയോയിൽ ആയാലും അതിനു പുറത്തായാലും പരസ്പ്പരം സംസാരിച്ചു പരിഹരിക്കുകയാണ് വേണ്ടത്. നിരന്തര സമ്പർക്കത്തിലുള്ളവരാണ് മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും. ബഹിഷ്ക്കരണം കൊണ്ട് തമസ്ക്കരിക്കാവുന്നതോ തോല്പ്പിക്കാവുന്നതോ അല്ല ആശയവിനിമയം. ബഹിഷ്ക്കരണം കൊണ്ട് വിപരീത ഫലങ്ങളും ഉണ്ട്. മൌനമാണ് ഫാസിസത്തിന് വളരാന്‍ ഏറ്റവും വളക്കൂറുള്ള മണ്ണ് എന്നു പഠിപ്പിച്ചത് എം എന്‍ വിജയനാണ്.
വിനു വി ജോണ്‍ എന്ന അവതാരകന് രാഷ്ട്രീയ തത്വ ശാസ്ത്രങ്ങളുണ്ടാകാം പക്ഷെ അദ്ദേഹം ചര്‍ച്ചകളില്‍ മുന്നോട്ട് വെക്കുന്നത് ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയ ആശയങ്ങള്‍ ആണെന്ന് തോന്നുന്നില്ല. ഏതെങ്കിലും ആശയത്തി ന്‍റെ വക്താവാകു കയോ ഏതിന്റെയെങ്കിലും വിരുദ്ധനാകുകയോ അല്ല അദ്ദേഹം ചെയ്യുന്നത് . ഭരണരംഗത്തെ ജീര്‍ണ്ണതകളുടെയും പ്രഖ്യാപിത നയങ്ങളില്‍ നിന്നുള്ള വ്യതിയാനങ്ങളുടെയും മുഖം മൂടി നീക്കുന്നതാണ് അദ്ദേഹത്തിന്‍റെ ഇടപെടല്‍. . അതില്‍ തിരുത്തപ്പെടെണ്ടതുണ്ടാകാം.
ഞാന്‍ ജീവിതത്തില്‍ ഒരേ ഒരു തവണ മാത്രമേ അദ്ദേഹത്തെ നേരില്‍ കണ്ടിട്ടും സംസാരിച്ചിട്ടുമുള്ളൂ. അന്നും ഞാന്‍ പറഞ്ഞത് ഗവേഷണ ബുദ്ധിയോടെ, താങ്കള്‍ കേരളം കൂടുതല്‍ പഠന വിഷയമാക്കണം എന്നാണ്. ഇ എം എസ്,കെ ദാമോദരന്‍, എന്‍ ഇ ബാലറാം,സി അച്യുതമേനോന്‍ തുടങ്ങിയവരുടെ സമാഹാരങ്ങള്‍ തുടര്‍ച്ചയായി വായിക്കാന്‍ ശ്രമിക്കണമെന്നാണ്. വിനു വി ജോണിന്റെ ദൗത്യം കൂടുതല്‍ മികവുറ്റതാക്കാന്‍ ആ പഠനങ്ങള്‍ സഹായിക്കുമെന്ന നിര്‍ദേശം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടാണ് ഏതാനും മിനിറ്റ് മാത്രം നീണ്ട ആ സംഭാഷണം അവസാനിച്ചത്‌. വിനു വി ജോണില്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ആര്‍ട്ടും ക്രാഫ്റ്റും ജ്വലിക്കുന്നുണ്ട് എന്ന ഉത്തമ ബോധ്യം കൊണ്ടാണ് ഞാന്‍ ഇങ്ങിനെ പറഞ്ഞത്‌. സ കോടിയേരി ബാലകൃഷ്ണനോടുള്ള ഒരു അഭ്യര്‍ത്ഥന കൂടി നടത്തി ഈ കുറിപ്പ് അവസാനിപ്പിക്കാം.. ആര് സമ്മര്‍ദ്ദം ചെലുത്തിയാലും ഇതുപോലുള്ള പ്രതിഭകളുടെ വെളിച്ചം നമ്മളായി കെടുത്തരുത്. സമൂഹത്തിന് ലഭിക്കേണ്ട വെളിച്ചം വിനു വി ജോണ്‍ മാരില്‍ നിന്ന് കിട്ടിക്കോട്ടെ. ഇന്നത്തെ കേരളം ഈ മേഖലയില്‍ അത്ര ദരിദ്രമാണ് സഖാവേ. ഇ എം എസ് മുതല്‍ കേരളത്തിലെ മികച്ച പത്രപ്രവര്‍ത്തകരില്‍ പലരും റവിയെടുത്തത് , ഇടതുപക്ഷ ഈറ്റില്ലങ്ങളില്‍ നിന്നല്ലേ? അത് ഇന്ന് വന്ധ്യമാണ്, സഖാവേ. . ഇനി പുതിയ മുകുളങ്ങള്‍ അവിടെ നിന്ന് തല്‍ക്കാലം പ്രതീക്ഷിക്കേണ്ട.എവിടെയെങ്കിലും ജ്വലിച്ചു നില്‍ക്കുന്നത് നിന്നോട്ടെ. നമുക്ക് ആ വെളിച്ചം വേണം.
.

Leave a Reply