21 ലക്ഷം കോടിയുടെ കഥ കഴിഞ്ഞു; ഇന്ത്യയുടെ അടുത്ത പാക്കേജ് ഇനിയെപ്പോൾ?

ന്യൂദൽഹി: മെയ് മാസത്തിൽ ധനമന്ത്രി നിർമലാ സീതാരാമൻ അഞ്ചു പ്രത്യേക മാധ്യമ സമ്മേളനങ്ങളിലായാണ് കേന്ദ്ര സർക്കാരിന്‍റെ 21 ലക്ഷം കോടി രൂപയുടെ കോവിഡ് പാക്കേജ് പ്രഖ്യാപിച്ചത്. ബാങ്കുവായ്പകളും നേരത്തെ ബജറ്റിൽ  പ്രഖ്യാപിച്ച വിവിധ പദ്ധതികളും കോവിഡ് പാക്കേജായി  വീണ്ടും  അവതരിപ്പിക്കുകയാണ് ധനമന്ത്രി യഥാർത്ഥത്തിൽ ചെയ്തതെന്നു മുൻ ധനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ പി ചിദംബരത്തെപ്പോലുള്ളവർ അന്നുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ സഹായിക്കാൻ സർക്കാരിന്‍റെ  യഥാർത്ഥ വകയിരുത്തൽ 2.5 ലക്ഷം കോടിയിലധികം വരികയില്ല എന്നാണ് സാമ്പത്തിക വിദഗ്ധർ അന്നു കണക്കുകൂട്ടിയത്.

 മാസം മൂന്നു കഴിയാറാവുമ്പോൾ രാജ്യത്തെ കോവിഡ് വ്യാപനവും  സമ്പദ് ഘടനയുടെ സ്ഥിതിയും ഒരേപോലെ മോശമാണ്. ചില  പച്ചത്തുരുപ്പുകൾ സാമ്പത്തിക മേഖലയിൽ കാണുന്നതായി സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. പ്രധാനമന്ത്രിയും  ധനമന്ത്രിയും പുതിയ തളിരുകൾ കാണുന്നതായും അവകാശപ്പെട്ടു. പക്ഷേ ജനജീവിതത്തിൽ അതൊന്നും പ്രതിഫലിക്കുന്നില്ല. കമ്പനികൾ ഓരോന്നായി പൂട്ടുകയാണ്. പിരിച്ചുവിടൽ എല്ലാ രംഗങ്ങളിലും  വ്യാപകമാണ്. സർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ പുതിയതായി ആരെയും ജോലിക്കെടുക്കുന്നില്ല. നേരത്തെ ലക്ഷക്കണക്കിന് പോസ്റ്റുകൾക്കായി അപേക്ഷ സ്വീകരിച്ച റെയിൽവേ ഇപ്പോൾ പറയുന്നത് ഇനി അത്തരം സേവനങ്ങളെല്ലാം സ്വകാര്യമേഖലയുടെ നിയന്ത്രണത്തിലേക്കു നൽകുമെന്നാണ്.

സമ്പദ് ഘടനയിൽ ഇങ്ങനെയുള്ള ഇരുണ്ട  ചിത്രം സർക്കാരിനും അവഗണിക്കാൻ  കഴിയുന്നതല്ല.  അതിനാൽ ധനമന്ത്രി നിർമലാ സീതാരാമൻ ഈയിടെ പറഞ്ഞത് സാമ്പത്തിക വളർച്ച കൈവരിക്കാനും വിപണിയിൽ ഉണർവുണ്ടാക്കാനും പുതിയൊരു പാക്കേജ് കൊണ്ടുവരാൻ സർക്കാർ തയ്യാറാണെന്നാണ്. എന്നാൽ അതിനുള്ള പണം എവിടെനിന്നു കണ്ടെത്തും എന്ന ചോദ്യവും പ്രധാനമാണ്. സർക്കാർ കടപ്പത്രങ്ങൾ റിസർവ് ബാങ്ക് വാങ്ങിക്കൂട്ടുകയാണ്. റിസർവ് ബാങ്കിലെ മുൻകരുതൽ ധനത്തിൽ കയ്യിട്ടുവാരൽ മോദി മന്ത്രിസഭയുടെ തുടക്കം മുതലേയുള്ള രീതിയാണ്. അത് ഇനിയും തുടർന്നാൽ ധനരംഗത്തു രാജ്യം ഒരു പ്രതിസന്ധിയിൽ എത്തുമെന്നു മുൻ റിസർവ് ബാങ്ക് ഗവർണറും പ്രശസ്ത സാമ്പത്തിക പണ്ഡിതനുമായ രഘുറാം രാജൻ കഴിഞ്ഞദിവസം  മുന്നറിയിപ്പ് നൽകി. തൊണ്ണൂറുകളെ അനുസ്മരിപ്പിക്കുന്ന ഒരു കടക്കെണിയിൽ രാജ്യം എത്തിപ്പെടുകയാണോ എന്ന ചോദ്യം സ്വാഭാവികം.

അതിനാൽ നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് രക്ഷ നേടാൻ എന്താണ് സർക്കാരിന് മുന്നിലുള്ള പോംവഴി എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്.  കഴിഞ്ഞ ദിവസം കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുടെ ഒരു ഓൺലൈൻ സമ്മേളനത്തിൽ കേന്ദ്രസർക്കാരിന്‍റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ  വെളിപ്പെടുത്തിയ ചില കാര്യങ്ങൾ അതിൽ പ്രധാനമാണ്. അദ്ദേഹം പറഞ്ഞത് വിപണിയിൽ ചോദനമില്ല എന്നാണ്. അതായതു ഇന്ത്യയിലെ വിപണിയിൽ ഉത്പന്നങ്ങളോ സേവനങ്ങളോ വാങ്ങാനായി ആരും എത്തുന്നില്ല. കടകൾ തുറന്നിരുന്നാലും അവയിൽ ആവശ്യക്കാർ കുറവാണ്  അതിനുകാരണം  ഇന്നത്തെ അനിശ്ചിതാവസ്ഥയാണ്.  നാളെ എന്തു സംഭവിക്കുമെന്ന് ആർക്കുമറിയില്ല. അതിനാൽ ഉള്ള പണം ചെലവാക്കാൻ ആരും തയ്യാറല്ല. പാവപ്പെട്ടവരുടെ ജൻധൻ അക്കൗണ്ടുകളിൽ പോലും അതാണ് അവസ്ഥ. മുൻകാലത്തു അത്തരം ബാങ്ക് അക്കൗണ്ടുകളിൽ പണം വന്നാൽ ഉടമകൾ ഉൻതന്നെ പിൻവലിച്ചു ആവശ്യത്തിന് ചെലവാക്കിയിരുന്നു. എന്നാൽ ഇപ്പോൾ അതേ അക്കൗണ്ടുകളിൽ 20,000 കോടി രൂപയോളം നിക്ഷേപമായി കിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. അതു ചൂണ്ടിക്കാട്ടുന്നതു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഏറ്റവും അത്യാവശ്യമായ  കാര്യത്തിനല്ലാതെ മറ്റൊന്നിനും പണം ചെലവാക്കുന്നില്ല എന്നാണ്. 

അതിന്‍റെ അർഥം ധനമന്ത്രി വാഗ്ദാനം ചെയ്ത പോലെ വീണ്ടുമൊരു പാക്കേജ് വന്നാലും അതു പഴയ പാക്കേജിന്‍റെ അതേ ഗതിയിൽ തന്നെ എത്തിപ്പെടുമെന്നാണ്. അതായതു സാമ്പത്തിക ഉത്തേജനത്തിനു അതു സഹായകമാകാനിടയില്ല.

എന്താണ് ഇതിനു പരിഹാരം എന്നതിനെക്കുറിച്ചും ഉപദേഷ്ടാവ് ചില സൂചനകൾ നൽകുന്നു. പുതിയ പാക്കേജിന്‍റെ സമയം വളരെ പ്രധാനമാണ് എന്ന്  കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. ഇപ്പോൾ ആരും വിപണിയിൽ എത്തുന്നില്ല.നിലവിലെ അനിശ്ചിതാവസ്ഥയാണ് കാരണം. അത്തരം അന്തരീക്ഷം മാറാതെ പാക്കേജുകൾ ഗുണം ചെയ്യില്ല. അനിശ്ചിതാവസ്ഥ മാറണമെങ്കിൽ കൊറോണാ വൈറസിനെ തടയാൻ ശേഷിയുള്ള വാക്‌സിൻ ലഭ്യമാകണം എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

എന്താണ് അതു സൂചിപ്പിക്കുന്നത് ? വാക്‌സിൻ ഗവേഷണം ലബോറട്ടറികളിൽ പുരോഗമിക്കുന്നുണ്ടെങ്കിലും അതു സമൂഹത്തിന്‍റെ ഉപയോഗത്തിനായി കമ്പോളത്തിൽ എത്തണമെങ്കിൽ ഇനിയും ആറു മാസമെങ്കിലും എടുക്കും എന്നു    ഫാർമാ കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്.  അതായത് ഇന്ത്യൻ സാമ്പത്തിക രംഗത്തു ഉണർവിനുള്ള സർക്കാർ നീക്കങ്ങൾ ഫലപ്രദമാവണമെങ്കിൽ ഇനിയും ആറുമാസമെങ്കിലും കാത്തിരിക്കണം. അത്രയും  കാലം തൊഴിലും വരുമാനവുമില്ലാതെ പിടിച്ചുനിൽക്കാൻ എത്രപേർക്ക് കഴിയും എന്നതു വേറൊരു ചോദ്യമാണ്. 

Leave a Reply