ക്യൂഅനോൻ: ആരാണ് രഹസ്യ ഗൂഡാലോചനാ സിദ്ധാന്ത ഗ്രൂപ്പിന് പിന്നിൽ ?

ന്യൂയോർക്ക്:  ക്യൂഅനോൻ എന്ന പേരിൽ അറിയപ്പെടുന്ന രഹസ്യ ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ 7000ൽ ഏറെ അക്കൗണ്ടുകൾ ഇന്നലെ ട്വിറ്റർ നീക്കം ചെയ്തതോടെ ആരാണ് ഈ ഗ്രൂപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന ചോദ്യം ഉയരുകയാണ്.

അമേരിക്കയിൽ സമീപകാലത്തു പല തരത്തിലുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പ്രചരിക്കുന്നതു പതിവാണ്. പല തീവ്ര വലതുപക്ഷ മത ഗ്രൂപ്പുകളും രാഷ്‌ടീയക്കാരും സ്ഥാപിത താല്പര്യങ്ങളും ഇത്തരം  പ്രചാര വേലകൾ നടത്തുന്നുമുണ്ട്. കൊറോണാവൈറസ് അമേരിക്കയിൽ വ്യാപകമായതോടെയാണ്  ക്യൂഅനോൻ കൂടുതൽ വ്യാപകമായി പൊതുരംഗത്തു കാണപ്പെടാൻ തുടങ്ങിയത്.  അവരുടെ മുദ്രാവാക്യങ്ങൾ സൂചിപ്പിക്കുന്ന മുദ്രകളും കൊടികളുമായി പലപ്പോഴും പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ റാലികളിലും ആളുകളെ കാണാൻ തുടങ്ങിയിട്ടുണ്ട്. ട്രംപും  അദ്ദേഹത്തിന്റെ കുടുംബത്തിലെ അംഗങ്ങളും ഈ രഹസ്യ ഗ്രൂപ്പിന്റെ പല ട്വീറ്റുകളും നേരത്തെ വ്യാപകമായി പ്രചരിപ്പിച്ചതായും പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ക്യൂഅനോൻ 2017 മുതലാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്.  ഡെമോക്രാറ്റിക്‌ പാർട്ടി നേതാക്കളും ഹോളിവുഡ് നടീനടന്മാരും ഡീപ് സ്റ്റേറ്റ് എന്നു അവർ വിളിക്കുന്ന പ്രമുഖ ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു രഹസ്യ സംഘം അമേരിക്കൻ ഭരണം പിടിച്ചെടുക്കാൻ ഗൂഢാലോചന നടത്തുന്നതായാണ് ആരോപണം. അവർ കുട്ടികളെ  ലൈംഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണ്. സാത്താന്റെ അനുയായികളാണ്  അവരെന്നും പലവിധ സാത്താൻ പൂജകൾ അവർ നടത്തുന്നതായും ക്യൂഅനോൻ പറയുന്നു. ക്യൂഅനോൻ വീഡിയോകളിൽ ഡെമോക്രാറ്റിക്‌ നേതാക്കളായ ഹില്ലരി   ക്ലിന്റൺ, ബരാക് ഒബാമ  തുടങ്ങിയവരെ സാത്താൻ ചിഹ്നങ്ങളോടെയാണ് അവതരിപ്പിക്കുന്നത്.

  സാത്താൻ അനുയായികളുടെ രഹസ്യനീക്കങ്ങളെ  ചെറുക്കാൻ ശ്രമിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് .ട്രംപ് എന്നും ക്യൂഅനോൻ വിഡിയോകൾ പറയുന്നു. അതിന്റെ പേരിൽ വരാനിരിക്കുന്ന ഏറ്റുമുട്ടലിനു  തയ്യാറാവാനാണ്  ക്യൂഅനോൻ അനുയായികളെ ആഹ്വാനം ചെയ്യുന്നത്.

 ഇത്തരം തീവ്ര വലതുപക്ഷ രഹസ്യാത്മക ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ പിന്തുണ ട്രംപ് പരസ്യമായിത്തന്നെ സ്വീകരിക്കുകയുണ്ടായി. ഡെമോക്രാറ്റിക്‌ നേതാക്കളെ   മോശമായി ചിത്രീകരിക്കുന്ന പല ക്യൂഅനോൻ വിഡിയോയോകളും ട്വിറ്റർ  അക്കൗണ്ടിലൂടെ അദ്ദേഹം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.  ചിലതൊക്കെ ഒന്നിലേറെ തവണ ഇങ്ങനെ പ്രചരിപ്പിച്ചതായും മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി.  ട്രംപ് നേരത്തെയും രാഷ്‌ടീയ എതിരാളികൾക്കെതിരെ ഇത്തരം ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ പിന്തുണ ഉപയോഗിച്ചിട്ടുണ്ട്. 2016 തിരഞ്ഞെടുപ്പു കാലത്തു മുൻ പ്രസിഡണ്ട്  ബരാക് ഒബാമ അമേരിക്കക്കാരനല്ല,മറിച്ചു ആഫ്രിക്കക്കാരനായ മുസ്ലിമാണ് എന്ന മട്ടിലുള്ള വ്യാജ പ്രചാരണത്തിന് അദ്ദേഹം പിന്തുണ നൽകി.

അമേരിക്കയിൽ രാഷ്ട്രീയ രംഗം കലങ്ങിമറിയാൻ തുടങ്ങിയതോടെയാണ്  ട്വിറ്ററും ഫേസ്ബുക്കും വ്യക്തികൾക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന അക്കൗണ്ടുകൾ പൂട്ടാൻ തുടങ്ങിയത്. ഏതാനും ആഴ്ചകൾക്കു മുമ്പ് ട്രംപിന്റെ തന്നെ ഒരു ട്വീറ്റിൽ ഇതു വസ്തുതയാണോ എന്നു  പരിശോധിക്കുക എന്ന മുന്നറിയിപ്പ് ട്വിറ്റർ നൽകിയത് വാർത്തയായിരുന്നു. അതിൽ കുപിതനായ ട്രംപ്  സാമൂഹിക മാധ്യമങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

Leave a Reply