കോവിഡിനെ തടയാൻ ദരിദ്രർക്ക് അടിസ്ഥാന വരുമാനം ഉറപ്പാക്കണമെന്ന് യുഎൻ

ന്യൂയോർക്ക്: കൊറോണാവൈറസിന്റെ വ്യാപനം ഫലപ്രദമായി തടയാൻ ലോകത്തെ ഏറ്റവും ദരിദ്രരായ ജനങ്ങൾക്ക്  പരിരക്ഷ നൽകുന്ന വിധത്തിൽ എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുകയാണ് വേണ്ടതെന്നു ഐക്യരാഷ്ട്ര സഭയുടെ ഭാഗമായ യു എൻ വികസന പരിപാടി (യു എൻ ഡി പി ) ഇന്നു പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെ  വികസ്വരവും ദരിദ്രവുമായ 132 രാജ്യങ്ങളിൽ അധിവസിക്കുന്ന 270 കോടി ജനങ്ങൾക്ക് അതിന്റെ പ്രയോജനം ലഭ്യമാക്കണമെന്ന് യു എൻ ഡി പി വ്യക്തമാക്കി. തൊഴിലും വരുമാനവും  തേടി ദൈനംദിനം വീടുവിട്ടു പുറത്തിറങ്ങാൻ നിർബന്ധിതരാകുന്ന ജനങ്ങൾക്ക് സർക്കാരിന്റെ അടച്ചിടൽ നിബന്ധനകൾ പാലിക്കാനാകുകയില്ല. വൈറസ് വ്യാപനം തടയണമെങ്കിൽ വിപുലമായ ഈ ജനവിഭാഗങ്ങളുടെ കൂടി പങ്കാളിത്തം ഉറപ്പു വരുത്തണം. അതിനായി താല്കാലികമായിട്ടെങ്കിലും അവർക്കു അടിയന്തിരമായി ബാങ്കുകളോ മറ്റു സംവിധാനങ്ങളോ വഴി അടിസ്ഥാന വരുമാനം ഉറപ്പാക്കാൻ ധനിക രാജ്യങ്ങൾ നടപടിയെടുക്കണം എന്നും റിപോർട്ട് പറയുന്നു.

നിലവിലെ  വരുമാനത്തിൽ ഒരു നിശ്ചിത തുക കൂടി അനുവദിക്കുക, ജീവിത സൂചികയുടെ അടിസ്ഥാനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് സഹായം നൽകുക, അത്തരം മാനദണ്ഡങ്ങൾ നോക്കാതെ ദരിദ്ര പ്രദേശങ്ങളിലെ മുഴുവനാളുകൾക്കും സഹായം എത്തിക്കുക എന്നിങ്ങനെ മൂന്നു നിർദേശങ്ങളാണ് റിപ്പോർട്ട് മുന്നോട്ടുവെക്കുന്നത്.

കോവിഡ് പ്രതിസന്ധിയെ നേരിടാൻ വിവിധ സർക്കാരുകൾ പലതരം സഹായ പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. പ്രധാനമായും നിക്ഷേപ വർധനവും തൊഴിൽ  നഷ്ടം  ഒഴിവാക്കാനുള്ള  നടപടികളുമാണ് സർക്കാർ പാക്കേജുകളിൽ കാണുന്നത്. എന്നാൽ  പല രാജ്യങ്ങളിലും അതുകൊണ്ടു ഉദ്ദേശിച്ച പ്രയോജനം ലഭിച്ചിട്ടില്ല. ഇന്ത്യയടക്കം പല രാജ്യങ്ങളിലും വൈറസ് ബാധ ഗുരുതരമായി നിലനിൽക്കുകയാണ്. ബിസിനസ്സുകളെ മാത്രം  ലക്ഷ്യമാക്കുന്ന  പരിപാടികൾ കൊണ്ടു യാതൊരു പ്രയോജനവും കാണുന്നില്ല.  അതിനാൽ  ദരിദ്രരെ  നേരിട്ടു സഹായിക്കുന്ന പദ്ധതികളാണ് ഇനി ആവിഷ്ക്കരിച്ചു നടപ്പാക്കേണ്ടത്. ഇതിനു ആവശ്യമായ ധനം  കണ്ടെത്താനുള്ള മാർഗങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദരിദ്ര -വികസ്വര രാജ്യങ്ങൾ നേരത്തെ വാങ്ങിയ  വായ്പയുടെ പലിശയിനത്തിൽ വൻതുകയാണ് മിക്ക രാജ്യങ്ങളും ധനിക രാജ്യങ്ങൾക്കു നൽകുന്നത്. ആ പണം തൽകാലം  അതേ രാജ്യങ്ങളിലെ ദരിദ്രർക്ക് നേരിട്ടു എത്തിച്ചു കൊടുക്കാനുള്ള പരിപാടികൾ നടപ്പാക്കാവുന്നതാണ്. എന്നാൽ കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ജി 20 രാജ്യങ്ങളുടെ സമ്മേളനം വായ്പാപലിശ തൽക്കാലത്തേക്ക് നിർത്തിവെക്കുന്ന ഒരു പദ്ധതി മുന്നോട്ടുവെച്ചിരുന്നു. തല്കാലത്തേക്കു  മാത്രമുള്ള പലിശ നിർത്തിവെക്കൽ പദ്ധതിയിൽ മിക്ക അധമർണ രാജ്യങ്ങളും താല്പര്യം പ്രകടിപ്പിച്ചില്ല. അതിനു അർഹരായി കണ്ടെത്തിയ 73 രാജ്യങ്ങളിൽ 42 രാജ്യങ്ങൾ മാത്രമാണ് അതിന്റെ ആനുകുല്യത്തിനു വേണ്ടി നടപടികൾ സ്വീകരിച്ചത്. വായ്പാപലിശ നൽകൽ വൈകിക്കുന്നതു ഭാവിയിൽ കൂടുതൽ ബാധ്യതകളും  ആശ്രിതത്വവും ഉണ്ടാക്കാൻ മാത്രമേ സഹായിക്കൂ എന്നു പല വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ത്യയിൽ മെയ് മാസം സർക്കാർ പ്രഖ്യാപിച്ച വായ്പാ തിരിച്ചടവ് മൊറൊട്ടോറിയം പദ്ധതിയും ഇത്തരത്തിലുള്ളതായിരുന്നു. മൂന്നു മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ആ കാലത്തെ പലിശ കൂടി ഉപഭോക്താവ് നൽകണം.  മൊറൊട്ടോറിയം വീണ്ടും മൂന്നുമാസത്തേക്കു നീട്ടുകയാണെന്നു കഴിഞ്ഞദിവസം ധനകാര്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇത്തരം താത്കാലിക പരിപാടികൾ കൊണ്ടു ഗുണമുണ്ടാവില്ല എന്നാണ് യു എൻ ഡി പി റിപ്പോർട്ട്  ചൂണ്ടിക്കാണിക്കുന്ന

Leave a Reply