കോവിഡ് മഹാമാരിയിൽ കഴിവു തെളിയിച്ചതു വനിതാ നേതാക്കൾ
ലണ്ടൻ: കോവിഡ് മഹാമാരി ലോകമെങ്ങും ദുരന്തം വിതച്ച അവസരത്തിൽ ഏറ്റവും മെച്ചപ്പെട്ട നേതൃത്വം കാഴ്ച വെച്ചതു വിവിധ രാജ്യങ്ങളിലെ വനിതാ നേതാക്കളാണെന്നു യൂറോപ്യൻ സെൻട്രൽ ബാങ്ക് അധ്യക്ഷ ക്രിസ്റ്റീൻ ലഗാർഡ് അഭിപായപ്പെട്ടു.
ജനങ്ങൾക്ക് കൃത്യവും വ്യക്തവുമായ രീതിയിൽ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുന്നതിലും സർക്കാർ നയങ്ങൾക്ക് പൊതുസമൂഹ സമ്മതി നേടുന്നതിലും ജർമനി, ന്യൂസിലാൻഡ്, തായ്‌വാൻ, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിലെ വനിതാ നേതാക്കളാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയതെന്നു ഐഎംഎഫിന്റെ മുൻ മേധാവി കൂടിയായ ക്രിസ്റ്റീൻ ലഗാർഡ് പറഞ്ഞു. വാഷിങ്ങ്ടൺ പോസ്റ്റുമായി നടത്തിയ അഭിമുഖത്തിലാണ് അവർ ഈ അഭിപ്രായങ്ങൾ പറഞ്ഞത്.മറ്റു പ്രധാന ആഗോള മാധ്യമങ്ങളും ലഗാർഡിന്റെ ഇന്റർവ്യൂ റിപോർട്ട് ചെയ്തു.
ലോകത്തു ഏറ്റവും ആദ്യമായി കോവിഡ് വിമുക്തമായി പ്രഖ്യാപിച്ച രാജ്യം ജെസിന്താ ആർഡൺ നയിക്കുന്ന ന്യൂസിലൻഡാണ്. തായ്‌വാനും ബൽജിയവും കോവിഡ് പ്രതിരോധത്തിൽ ഉയർന്ന പ്രകടനമാണ് കാണിച്ചത്. ബെൽജിയത്തിൽ കഴിഞ്ഞ വർഷമാണ് സോഫി വിൽമീസ് പ്രധാനമന്ത്രിയായി ചുമതലയേറ്റത്. 189 വർഷത്തിനിടയിൽ ബെൽജിയത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണ് സോഫി. യൂറോപ്യൻ കൌൺസിൽ അധ്യക്ഷനായി ബെൽജിയം പ്രധാനമന്ത്രി ചാൾസ് മിഷേൽ ഈയിടെ തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് സോഫി വിൽമീസ് അധികാരത്തിൽ എത്തിയത്.
ചൈനയോട് അടുത്തു കിടക്കുന്ന തായ്‌വാനിൽ കഴിഞ്ഞ വർഷം നടന്ന തെരഞ്ഞെടുപ്പിലാണ് പ്രോഗ്രസിവ് ഡെമോക്രാറ്റിക് പാർട്ടിയുടെ മുൻ അധ്യക്ഷയായ സു സെങ് ചാങ് പ്രധാനമന്ത്രിയായി നിയുക്തയായത്. ചൈനയുമായുള്ള തർക്കങ്ങളിൽ സ്വതന്ത്ര നിലപാടുള്ള രാഷ്ട്രീയ നേതാവാണ് സു സെങ് ചാങ്. ജർമൻ ചാൻസലർ ആൻജെല മെർക്കൽ യൂറോപ്പിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാവായി അറിയപ്പെടുന്നു. യൂറോപ്പിലേക്ക് സമീപകാലത്തു അഭയാർത്ഥികൾ ഒഴുകിവന്നപ്പോൾ മറ്റു പല രാജ്യങ്ങളും അവരെ ശക്തിയുപയോഗിച്ചു തടഞ്ഞ അവസരത്തിൽ അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്ന നിലപാട് സ്വീകരിച്ച മെർക്കൽ ആഗോള മനുഷ്യാവകാശ പ്രസ്ഥാനങ്ങളുടെ പ്രശംസ നേടിയിരുന്നു .
വനിതകൾ നയിച്ച രാജ്യങ്ങൾ കൂടുതൽ മാനുഷികമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും അതു സമൂഹത്തെ കൂടുതൽ മെച്ചമായ നിലയിൽ ബോധ്യപ്പെടുത്തുകയും ചെയ്തതായി ക്രിസ്റ്റീൻ ലഗാർഡ് ചൂണ്ടിക്കാട്ടി. ജർമനിയിലെ മെർക്കൽ ഇക്കാര്യത്തിൽ ലോകത്തിനു തന്നെ മാതൃകയായതായി ലഗാർഡ് പറഞ്ഞു. കോവിഡ് എങ്ങനെയാണു ജർമനിയെയും ലോകത്തെയും ബാധിക്കുന്നതെന്നു കൃത്യവും വിശദവുമായി അവർ ജനങ്ങളെ പറഞ്ഞു മനസ്സിലാക്കി. സാമ്പത്തികമായി പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നടപടികൾ എടുക്കുന്നതിനു ജനപിന്തുണ നേടിയെടുക്കുന്നതിൽ അവർ വിജയിച്ചു. പ്രതിസന്ധികളിലൂടെ വിജയകരമായി അവർ രാജ്യത്തെ മുന്നോട്ടു നയിക്കുകയും ചെയ്തുവെന്ന് ലഗാർഡ് അഭിപ്രായപ്പെട്ടു.
മുഖാവരണം ധരിക്കേണ്ട കാര്യമായാലും സാമൂഹിക അകലം പാലിക്കൽ ആയാലും കടകമ്പോളങ്ങൾ അടച്ചിടുന്ന കാര്യമായാലും അതു വിപുലമായ ജനങ്ങളെ ബോധ്യപ്പെടുത്തി നടപ്പിലാക്കുന്നതിൽ വനിതാ നേതാക്കൾ വിജയിക്കുകയുണ്ടായി. അതിനു ഒരുകാരണം സാധാരണ ജനങ്ങളുടെയും കുടുംബങ്ങളുടെയും ചിന്തകളും അനുഭവങ്ങളും കൂടുതൽ ആഴത്തിൽ സ്വാംശീകരിക്കാൻ അവർക്കു കഴിയുന്നതാന്നെനും ലഗാർഡ് അഭിപ്രായപ്പെട്ടു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും അധികാരത്തിൽ ഉള്ള വലതുപക്ഷ ഭരണാധികാരികൾ കോവിഡ് പ്രതിരോധത്തിൽ പരാജയമാണ് എന്ന വിലയിരുത്തൽ ആഗോള മാധ്യമങ്ങളിൽ ശക്തിപ്പെട്ടു വരുന്ന സന്ദർഭത്തിൽ സ്ത്രീകളായ നേതാക്കളുടെ മെച്ചപ്പെട്ട പ്രകടനം സംബന്ധിച്ച ഐഎംഎഫിന്റെ ആദ്യ വനിതാനേതാവിന്റെ അഭിപ്രായങ്ങൾ ചർച്ചാ വിഷയമായിട്ടുണ്ട്.