ചർച്ചിൽ വംശീയവാദി: കൊളോണിയൽ ചരിത്രത്തിലെ നിഴലുകൾ വെളിയിലേക്ക്
ലണ്ടനിലെ പാർലമെന്റ് സ്ട്രീറ്റിൽ മുൻപ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ പ്രതിമയ്ക്കു ഇപ്പോൾ പൊലീസ് കാവലാണ്. അമേരിക്കയിൽ കറുത്തവർഗക്കാരൻ ജോർജ് ഫ്‌ലോയിഡിന്റെ കിരാതമായ കൊലയ്ക്കു ശേഷം ലോകമെങ്ങും വ്യാപിച്ച പ്രതിഷേധ പക്ഷോഭങ്ങളുടെ അവസരത്തിൽ ചർച്ചിലിന്റെ പ്രതിമയിൽ “ഇയാൾ ഒരു വംശീയവാദിയാണ്” എന്നു പ്രക്ഷോഭകർ രേഖപ്പെടുത്തിയിരുന്നു. അമേരിക്കയിലും ബ്രിട്ടനിലുംകൊളോണിയൽ കാലത്തെ അധികാരികളുടെയും സമൂഹത്തിലെ പ്രമാണിമാരുടെയും യഥാർത്ഥ ചരിത്രം പുനപ്പരിശോധനക്കു വിധേയമാകുന്ന സന്ദർഭത്തിലാണ് ഹിറ്റ്ലർക്കതിരെ ലോകത്തെ വിജയത്തിലേക്കു നയിച്ച ചർച്ചിലും വിചാരണ ചെയ്യപ്പെടുന്നത്.
ചർച്ചിൽ കറുത്തവർഗക്കാരോടും ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളോടും വളരെ പുച്ഛത്തോടു കൂടിയാണ് പെരുമാറിയത് എന്ന കാര്യം ചരിത്രത്തിൽ സുവിദിതമാണ്. പക്ഷേ രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്കു നയിച്ച ചർച്ചിലാണ് അക്രമിയും വംശീയവാദിയുമായ ചർച്ചിലിനേക്കാൾ ലോകശ്രദ്ധയിൽ കഴിഞ്ഞ എഴുപതിറ്റാണ്ടായി നിലനിന്നത്. എന്നാൽ ചർച്ചിലിന്റെ യഥാർത്ഥ സംഭവനകൾ സംബന്ധിച്ചും കൊളോണിയൽ അടിമത്തത്തിൽ കഴിഞ്ഞ സമൂഹങ്ങളോട് ഭരണാധികാരി എന്ന നിലയിൽ അദ്ദേഹം സ്വീകരിച്ച സമീപനങ്ങളെക്കുറിച്ചും ഇപ്പോൾ ചർച്ചകൾ നടക്കുന്നു.
ബരാക് ഒബാമ പ്രസിഡണ്ടായി വൈറ്റ് ഹൗസിൽ എത്തിയപ്പോൾ ഓവൽ ഓഫിസിൽ അദ്ദേഹം കണ്ടത് ചർച്ചിലിന്റെ ഒരു കൊച്ചു പ്രതിമയാണ്. ഭീകരതയ്ക്കെതിരെ എന്ന പേരിൽ ഇറാഖിൽ ആക്രമണം നടത്തി പുതിയ കുരിശു യുദ്ധങ്ങൾക്ക് തുടക്കം കുറിച്ച മുൻഗാമി ജോർജ് ബുഷിന്റെ കാലത്തു ഓവൽ ഓഫീസിൽ പ്രതിഷ്ടിച്ചതാണ് പ്രതിമ. ഒബാമ അതെടുത്തു ബ്രിട്ടനിലേക്ക് തന്നെ തിരിച്ചയച്ചു. കാരണമുണ്ട്: ആഫ്രിക്കയിൽ കൊളോണിയൽ വാഴ്ചക്കെതിരെ മൗ മൗ പ്രക്ഷോഭം നടന്ന കാലത്തു കെനിയയിൽ രണ്ടുവർഷം ബ്രിട്ടീഷ് തടവിൽ പീഡിപ്പിക്കപ്പെട്ടയാളാണ് ഒബാമയുടെ മുത്തച്ഛൻ ഹുസ്സൈൻ ഒന്യാങ്കോ ഒബാമ. കറുത്തവരുടെ പ്രക്ഷോഭത്തത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഉത്തരവ് കൊടുത്തത് അന്നു ബ്രിട്ടീഷ് സർക്കാരിൽ കോളനികളുടെ ചുമതലക്കാനായ ചർച്ചിൽ.
കൊളോണിയൽ പീഡനങ്ങൾ അനുഭവിച്ച കറുത്തവരുടെയും മറ്റു ജനവിഭാഗങ്ങളുടെയും പക്ഷോഭങ്ങൾ ശക്തമായതോടെ ചർച്ചിൽ അടക്കം അക്കാലത്തെ വെള്ളക്കാരായ ലോകനേതാക്കളുടെ ചരിത്രം ഇപ്പോൾ പുനർ വിചിന്തനം ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ബിബിസി നൽകിയ ഒരു വാർത്തയിൽ മുൻ പ്രധാനമന്ത്രിയുടെ കുറേക്കൂടി വസ്തുനിഷ്ഠമായ ചിത്രമാണ് കാഴ്ച വെച്ചത്. 1943ൽ ഇന്ത്യയിൽ ക്ഷാമം പടർന്നുപിടിച്ച സന്ദർഭത്തിൽ ഭക്ഷ്യ വിഭവങ്ങൾ എത്തിക്കണമെന്ന കൊളോണിയൽ അധികാരികളുടെ അഭ്യർത്ഥന നിരസിച്ചത് ചർച്ചിൽ ആയിരുന്നു എന്നു ബിബിസി ചൂണ്ടിക്കാട്ടുന്നു.ഇന്ത്യക്കാർ പന്നിപെറും പോലെ പെറ്റുകൂട്ടുന്നതാണ് ക്ഷാമത്തിന് കാരണം എന്നാണ് ചർച്ചിൽ പറഞ്ഞത്.
ആഫ്രിക്കയിലെയും ഇന്ത്യയിലെയും ദേശീയനേതാക്കളെ സംബന്ധിച്ചു വളരെ പുച്ഛം നിറഞ്ഞ കാഴ്ചപ്പാടാണ് ചർച്ചിൽ പുലർത്തിയതെന്നു ചർച്ചിൽസ് എമ്പയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവായ ബ്രിട്ടീഷ് ചരിത്രകാരൻ റിച്ചാർഡ് ടോയ് ചൂണ്ടിക്കാട്ടുന്നു. ചർച്ചിൽ ഒരു വംശീയവാദിയാണ് എന്ന പ്രതിമയിലെ കുറിപ്പ് വസ്തുത തന്നെയാണെന്ന് കഴിഞ്ഞ ദിവസം സിഎൻഎൻ വെബ്‌സൈറ്റിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം ചൂണ്ടിക്കാട്ടി .
വിക്ടോറിയാ മഹാരാജ്ഞിയുടെ ഭരണകാലത്തു പൊതുജീവിതത്തിൽ വന്ന വിൻസ്റ്റൺ ചർച്ചിൽ ആഫ്രിക്കയിലെയും ഏഷ്യയിലെയും പല പ്രക്ഷോഭങ്ങളും ക്രൂരമായി അടിച്ചമർത്തുന്നതിൽ മുന്നിൽ നിന്നു. വെള്ളക്കാരുടെ വംശീയ മാഹാത്മ്യം അദ്ദേഹം നിരന്തരം ഉൽഘോഷിച്ചതായി ടോയ് ചൂണ്ടിക്കാട്ടുന്നു. ഗാന്ധിജി ഇന്ത്യയിൽ സത്യഗ്രഹ സമരം തുടങ്ങിയ സമയത്തു ചർച്ചിൽ പറഞ്ഞത് “അയാളെ കയ്യും കാലും കെട്ടി ഇന്ത്യാഗേറ്റിൽ കൊണ്ടിടണം. എന്നിട്ടു വൈസ്രോയി ഒരു ആനപ്പുറത്തു പോയി അയാളെ ചവിട്ടി അരയ്ക്കണം”എന്നാണ്. ചർച്ചിലിന്റെ ഇത്തരം അഭിപായങ്ങൾ അക്കാലത്തെ പൊതു സമീപനത്തിന്റെ ഭാഗമാണ് എന്ന വ്യാഖ്യാനവും ശരിയല്ലെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ അവസാനത്തെ വൈസ്രോയിമാരിൽ ഒരാളായിരുന്ന വേവൽ പ്രഭു പോലും പറഞ്ഞത് ചർച്ചിലിന്റെ അഭിപായങ്ങൾ പഴയ ബൂവർ യുദ്ധകാലത്തെ വെള്ളക്കാരുടെ നിലപാടുകൾക്ക് സമാനമാണെന്നാണ്