ബലിപെരുന്നാൾ 31ന്; കോവിഡ് ചട്ടങ്ങൾ പാലിക്കണമെന്നു മതനേതാക്കൾ

കോഴിക്കോട്: ഇത്തവണ ബലി പെരുന്നാൾ (ബക്രീദ് ) ജൂലൈ  31നു ആയിരിക്കുമെന്നു വിവിധ മുസ്ലിം ഉലമാ നേതാക്കൾ  സ്ഥിരീകരിച്ചു.എന്നാൽ വിപുലമായ  ഈദ്ഗാഹുകളോ ജനങ്ങൾ തിങ്ങിക്കൂടുന്ന മറ്റു പരിപാടികളോ ഒഴിവാക്കിയാവണം ബലി പെരുന്നാൾ ആഘോഷിക്കേണ്ടതെന്നു വിവിധ മുസ്ലിം സമുദായ നേതാക്കൾ പ്രസ്താവിച്ചു.

പള്ളികളിൽ പെരുന്നാൾ  നമസ്കാരം കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചും സാമൂഹിക അകലം പാലിച്ചും നടത്തണമെന്ന് വിവിധ സുന്നി, മുജാഹിദ് നേതാക്കളും ജമാഅത്തെ ഇസ്ലാമിയും വിശ്വാസികളോട് ആവശ്യപ്പെട്ടു . പ്രായമായവരും കുട്ടികളും പള്ളികളിൽ പോകുന്നത് ഒഴിവാക്കി വീടുകളിൽ പെരുന്നാൾ നമസ്കാരം നടത്തണം.  ബലിമൃഗങ്ങളെ അറുത്തു മാംസം വിതരണം ചെയ്യുന്ന ചടങ്ങുകൾ അങ്ങേയറ്റം ശ്രദ്ധയോടെ എല്ലാവിധ സർക്കാർ നിബന്ധനകളും അംഗീകരിച്ചു മാത്രമേ നടത്താൻ പാടുള്ളു. മാംസം വിതരണം ചെയ്യുന്ന ഇടങ്ങളിൽ തിരക്ക് ഒഴിവാക്കാൻ അതാതു മഹല്ലുകൾ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തണം.

മുസ്ലിം സമുദായത്തിന്റെ ഏറ്റവും വിശിഷ്ടമായ ചടങ്ങുകളിൽ ഒന്നാണ് ബലി പെരുന്നാൾ. ഇബ്രാഹിം നബി സ്വന്തം മകനെ ദൈവകൽപന പ്രകാരം ബലി നൽകാൻ  തയ്യാറായ സംഭവത്തെ അനുസ്മരിക്കുന്നതാണ് ബലി പെരുന്നാൾ ചടങ്ങുകൾ. മെക്കയിൽ നടക്കുന്ന ഹജ്ജ് കർമങ്ങളുടെ സുപ്രധാന ഭാഗവുമാണ് ബലി  പെരുന്നാളിലെ ചടങ്ങുകൾ. സൗദി  അറേബിയയിലും ഇത്തവണ ബക്രീദ് ജൂലൈ 31നു തന്നെയാണ്. ഹജ്ജ്  തീർത്ഥാടകർ അറഫയിൽ സംഗമിക്കുന്ന അറഫാ സംഗമം തലേന്നു നടക്കും. അറഫാ സംഗമമാണ് ഹജ്ജ് കർമങ്ങളുടെ പ്രാരംഭം കുറിക്കുന്ന ചടങ്ങ്. സാധാരണനിലയിൽ ദശലക്ഷക്കണക്കിനു തീർത്ഥാടകരാണ്  ഹജ്ജിനായി സൗദിയിലെ പുണ്യനഗരങ്ങളിൽ എത്തുന്നത്. എന്നാൽ ഇത്തവണ സൗദി അറേബ്യായിൽ നിന്നുള്ള തീർത്ഥാടകർക്ക് മാത്രമാണ് അധികൃതര്‍ അനുമതി നൽകിയിരിക്കുന്നത്. പതിനായിരത്തിൽ താഴെ മാത്രം തീർത്ഥാടകർക്കു മാത്രമാണ് ഇത്തവണ ഹജ്ജിനു അവസരം ലഭിക്കുന്നത്.  ആഗസ്റ്റ് മൂന്നിന് (ദുൽഹജ്ജ് 13) ഹജ്ജ് ചടങ്ങുകൾ അവസാനിച്ചു തീർത്ഥാടകർ മടങ്ങും. 

Leave a Reply