ചോദ്യം കേട്ടാലരിശം, ഏഷ്യാനെറ്റിൽ ഇനി ചർച്ചക്കില്ലെന്നു സിപിഎം

തിരുവനന്തപുരം:  മലയാളത്തിലെ ഏറ്റവും  പ്രമുഖ വാർത്താചാനലായ ഏഷ്യാനെറ്റ് ന്യൂസിൽ ഇനി വാർത്താസമയ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കുകയില്ലെന്ന പാർട്ടി തീരുമാനം  പൊതുസമൂഹത്തിൽ കൗതുകമുണർത്തി. അസുഖകരമായ ചോദ്യങ്ങൾക്കു  മറുപടി പറയാനുള്ള ബുദ്ധിമുട്ട് കാരണമാണ് പാർട്ടി ചർച്ചകളിൽ നിന്നു ഒളിച്ചോടുന്നതെന്നു പല നിരീക്ഷകരും അഭിപായപ്പെടുന്നു.

 പ്രമാദമായ സ്വർണ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രൈംടൈം ചർച്ചകളിൽ സർക്കാർ നിലപാട്‌ ന്യായീകരിക്കാൻ ശ്രമിച്ച സിപിഎം പ്രതിനിധികളോട് അവതാരകർ കടുത്ത ചോദ്യങ്ങൾ ഉയർത്തിയതും  കൃത്യമായ ഉത്തരങ്ങൾ തേടി ഇടയ്ക്കിടെ ഇടപെട്ടതുമാണ് പാർട്ടിയെ പ്രകോപിപ്പിച്ചതെന്നു അതുമായി ബന്ധപ്പെട്ടു പുറത്തിറക്കിയ വാർത്താ കുറിപ്പിൽ സൂചിപ്പിക്കുന്നു. ഏഷ്യാനെറ്റിലെ ചർച്ചക്കിടയിൽ സിപിഎം  പ്രതിനിധികളായ എം ബി രാജേഷ്, എം സ്വരാജ് തുടങ്ങിയവരോട് അവതാരകൻ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുകയും പറയുന്നത് പൂർത്തിയാക്കാൻ വിസമ്മതിക്കുകയും ഇടയ്ക്കു മൈക്ക് ഓഫാക്കുകയും ചെയ്തതായാണ് പാർട്ടി ആരോപിക്കുന്നത്.

“ഏതാനും ആഴ്ചകൾക്കു മുമ്പാണ് കേരളത്തിൽ ഭരണത്തുടർച്ച ഉണ്ടാവുമെന്ന മട്ടിൽ ഇതേ ചാനൽ സർവേ നൽകിയത്. ആ സർവേയും കക്ഷിരാഷ്ട്രീയ  താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ചാനൽ കെട്ടിച്ചമച്ചതാണെന്ന് ഇപ്പോൾ സിപിഎം ആരോപിക്കുമോ”എന്നാണ് ഒരു പ്രമുഖ മാധ്യമ നിരീക്ഷകൻ സിപിഎം ആരോപണം സംബന്ധിച്ചു പ്രതികരിച്ചത്. ജനാധിപത്യ സമൂഹത്തിൽ  സാധാരണ നിലയിൽ പാലിക്കേണ്ട  മര്യാദകൾ അധികാരത്തിലിരിക്കുന്ന പാർട്ടികൾ മറന്നുപോകുന്നതിന്റെ  ലക്ഷണമായാണ് അദ്ദേഹം സിപിഎം തീരുമാനത്തെ കാണുന്നത്. ഇതു പുതിയ കാര്യമല്ലെന്നും മറ്റു പാർട്ടികളും ഏറിയോ കുറഞ്ഞോ അളവിൽ ഇത്തരത്തിലുള്ള മാധ്യമവിരുദ്ധ സമീപനം  കാണിക്കുന്നതു  പതിവായി മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണനും ഇതു പുതിയ ഒരു അനുഭവമല്ലെന്നു ചൂണ്ടിക്കാട്ടി. ഔട്ട് ലുക്ക് വാരികയുടെ ഓൺലൈൻ എഡിഷനിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടിയത് നേരത്തെയും ഇത്തരം ബഹിഷ്‌കരണങ്ങൾ ചാനൽ നേരിട്ടിട്ടുണ്ടെന്നാണ്. സിപിഎം മാത്രമല്ല, ബിജെപി അടക്കമുള്ള കക്ഷികളും അത്തരം ഏകപക്ഷീയ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവ പിന്നീട് ബന്ധപ്പെട്ട പാർട്ടികൾ തന്നെ തിരുത്തുകയായിരുന്നു. ജനാധിപത്യ സമൂഹത്തിൽ മാധ്യമങ്ങളെ ഒഴിവാക്കുന്ന പ്രവണത നല്ലതല്ല. മൻ കി ബാത്ത് മോഡലിൽ ഏകപക്ഷീയമായ പ്രഭാഷണങ്ങൾ ബഹുസ്വര ജനാധിപത്യ സമൂഹത്തിനു ചേർന്നതല്ല.

സിപിഎം  പ്രതിനിധികളെ ചർച്ചയിൽ നിരന്തരമായി അവതാരകർ ചോദ്യം ചെയ്തു എന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. പ്രൈം ടൈം ഡിബേറ്റ് ഒരു സ്കൂൾ പ്രസംഗ മത്സര രീതിയിലല്ല നടക്കുന്നത്. ജനങ്ങൾക്ക് വിവരങ്ങൾ  നൽകുകയും അവരുടെ ഉത്കണ്ഠകൾ പ്രകടിപ്പിക്കുകയുമാണ് മാധ്യമങ്ങളുടെ ചുമതല. അതിനു സഹായിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ മാത്രമേ തങ്ങൾ നടത്തിയിട്ടുള്ളു എന്നും അദ്ദേഹം പറഞ്ഞു.

Leave a Reply