തീരുമാനം എടുക്കാനുള്ള കഴിവിനെപ്പറ്റി ചില വീണ്ടുവിചാരങ്ങൾ

ലണ്ടനിൽ നിന്നും പുറത്തിറങ്ങന്ന ദി ഇക്കണോമിസ്റ്റ് ചിന്താമണ്ഡലത്തിൽ ഏറ്റവുമധികം സ്വാധീനം പുലർത്തുന്ന പ്രസിദ്ധീകണങ്ങളിൽ ഒന്നാണ്. ഇംഗ്ലണ്ടിൽ പഴയ ഫ്യൂഡൽ മൂല്യങ്ങളെ ചോദ്യം ചെയ്യുന്ന നവ മുതലാളിത്ത ശക്തികളുടെ ജിഹ്വ എന്നു സ്വയം പ്രഖ്യാപിച്ചുകൊണ്ടാണ് 1840കളിൽ ജെയിംസ് വിൽസൺ  പത്രം ആരംഭിച്ചത്.  അന്നുമുതൽ ഇന്നുവരെ മുതലാളിത്ത ലോകത്തിന്റെ ഏറ്റവും വലിയ വക്താവും ദി ഇക്കണോമിസ്റ്റ് തന്നെ.

എന്നാൽ ഭരണരംഗത്തും മാനേജ്മെന്റ് രംഗത്തും പ്രവർത്തിക്കുന്ന കൂട്ടർക്ക് ഒരുപാട്‌ ഉൾക്കാഴ്ചകൾ നൽകുന്ന വിശകലനങ്ങളും പഠനങ്ങളും ഇക്കണോമിസ്റ്റിന്റെ പ്രത്യേകതയാണ്. അതിനാൽ ചിന്താശീലരായ ആളുകൾ അതിന്റെ വായന ഗൗരവമായി എടുക്കുന്നു. നെൽസൺ മണ്ടേലയുടെ ആത്മകഥയിൽ ആ പത്രം വായിക്കാൻ ജയിൽവാസ കാലത്തു താൻ എടുത്ത സവിശേഷ താല്പര്യത്തെക്കുറിച്ചു അദ്ദേഹം അനുസ്മരിക്കുന്നുണ്ട്.

മാനേജ്‌മെന്റ് രംഗത്തെ പുതിയ മാറ്റങ്ങളെ അവലോകനം ചെയ്യുന്ന ഒരു കോളം അതിലുണ്ട്. ബർട്ടിൽബി എന്ന പേരിൽ എഴുതപ്പെടുന്ന കോളത്തിൽ ഇത്തവണ (ജൂലൈ 18, 2020) പരിശോധിക്കുന്നത് തീരുമാനം എടുക്കുന്നതിന്റെ പ്രായോഗികവും ചിന്താപരവുമായ പ്രശ്നങ്ങളെക്കുറിച്ചാണ്. ജഡ്ജ്മെന്റ് എന്നാണ് കൃത്യമായ നിഗമനങ്ങളിൽ എത്താനുള്ള നേതാക്കളുടെ കഴിവിനെ ഇംഗ്ലീഷിൽ വിശദീകരിക്കുന്നത്. അതു അത്ര ലളിതമായ ഒരു കാര്യമല്ലെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു. തെറ്റായ  തീരുമാനങ്ങൾ ഗുരുതരമായ പ്രതിസന്ധികൾ വിളിച്ചുവരുത്തും.  ഇപ്പോൾ മഹാമാരിയുടെ കാലത്തു ലോകനേതാക്കൾ  ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കുന്ന ധാരാളം തീരുമാനങ്ങൾ എടുക്കാൻ നിർബന്ധിതരാണ്.

ലണ്ടൻ ബിസിനസ് സ്കൂളിലെ സർ ആൻഡ്രൂ ലക്കിയെർമാൻ മാനേജ്മെന്റ് പഠന രംഗത്തെ  പ്രമുഖനാണ്. ജഡ്ജ്മെൻറ് എന്ന സവിശേഷ മാനേജ്മെന്റ് ഗുണത്തിന്റെ  പ്രത്യേകതകളെ സംബന്ധിച്ച അദ്ദേഹത്തിന്റെ ദീർഘമായ പഠനത്തിൽ എത്തിയ നിരീക്ഷണങ്ങളാണ് കോളം വിവരിക്കുന്നത്.

എന്താണ് ജഡ്ജ്‌മെന്റ്?

തീരുമാനങ്ങൾ എടുക്കുന്നതിനു ആവശ്യമായ വിവരങ്ങൾ  ശേഖരിച്ചു വിശകലം നടത്താനും അതിലൂടെ കൃത്യമായ നിഗമനങ്ങളിൽ എത്താനുമുള്ള  വ്യക്തികളുടെ കഴിവാണിത്. അതിൽ  സങ്കീർണമായ ഒരു പ്രക്രിയ അന്തർഭവിച്ചിട്ടുണ്ട് . വിവരങ്ങൾ ശേഖരിക്കൽ, ഏതു  കാര്യം എത്രത്തോളം വിശ്വസനീയം എന്നു കണ്ടെത്തൽ,  അവനവന്റെ അറിവുകളുടെയും അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ അതു വിശകലനം ചെയ്യൽ,  മുൻവിധികൾ സംബന്ധിച്ച  ആത്മ പരിശോധന, മുന്നിലുള്ള സാദ്ധ്യതകൾ സംബന്ധിച്ച വിലയിരുത്തൽ – ഇതെല്ലാം കഴിഞ്ഞാണ് തീരുമാനം എടുക്കുന്നത്.  അത്തരം അവസരത്തിൽ  അവനവനു കൃത്യമായ ധാരണയില്ലാത്ത മേഖലകളിൽ വിദഗ്ധരുടെയും വ്യത്യസ്ത നിലപാടുകാരുടെയും അഭിപ്രായങ്ങൾ തേടുന്നതും പ്രധാനമാണ് . ഇതൊക്കെയാണെങ്കിലും തെറ്റുകൾ സംഭവിക്കും. പക്ഷേ സർ ആൻഡ്രൂ പറയുന്നത് ഇത്തരമൊരു കൃത്യമായ രീതിയിലൂടെ കാര്യങ്ങൾ കൈകാര്യം ചെയ്യുകയും വസ്തുനിഷ്ഠ നിഗമനങ്ങളിൽ എത്തുകയും തീരുമാനങ്ങളെടുക്കുകയും ചെയ്താൽ തെറ്റുകൾ പരമാവധി കുറയ്ക്കാമെന്നാണ്.

ബിസിനസ്സിലായാലും പൊതുരംഗത്തായാലും വ്യക്തികൾ കൂടുതൽ ഉന്നതങ്ങളിലേക്ക് എത്തുമ്പോൾ ഈ പ്രക്രിയ വളരെ പ്രധാനമാണ്. ഒരു തീരുമാനവും എടുക്കേണ്ടെന്നു തീരുമാനിക്കുന്നതും ഗൗരവമുള്ള തീരുമാനം തന്നെയാണ്. അതിനും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാകാവുന്നതാണ്.  ശരിയായ തീരുമാനങ്ങളെടുക്കാൻ കഴിയുന്നവരുടെ ഒരു സവിശേഷത അവരുടെ വിപുലമായ ബന്ധങ്ങളും വ്യത്യസ്ത നിലപാടുകളോട് സംവദിക്കാനുള്ള ശേഷിയുമാണ്.  ചിന്താപരമായും വൈകാരികമായും അകലം പാലിക്കാനുള്ള  കഴിവും വ്യക്തികളെ കൃത്യമായ നിഗമനങ്ങളിൽ എത്താൻ സഹായിക്കും. 

എന്നാൽ അധികാരത്തിലുള്ള പലരും അത്തരക്കാരല്ലെന്നും സർ ആൻഡ്രൂ ചൂണ്ടിക്കാട്ടുന്നു. അവർ മുൻവിധികൾ പ്രകടിപ്പിക്കും. എതിരഭിപായങ്ങളോട് അസഹിഷ്ണുത പ്രകടിപ്പിക്കും.  പിടിവാശി കാണിക്കും . എതിരായ അഭിപായമുള്ളവരെ അകറ്റിനിർത്തും. ആലോചനയില്ലാതെ നടപടികളിലേക്ക് എടുത്തുചാടും. തങ്ങൾക്കു ഇഷ്ടമില്ലാത്ത ആളുകളെ അകറ്റുന്നതു ഗുണത്തേക്കാളേറെ ദോഷമുണ്ടാക്കും. ചുറ്റും നിൽക്കുന്ന വൈതാളികരെ മാത്രം ആശ്രയിക്കുന്നതും ആപത്തുണ്ടാക്കും. അതു  വലിയ പ്രശ്നങ്ങളിലേക്കു നയിക്കുകയും ചെയ്യും.  പ്രായം കൂടുന്നതനുസരിച്ചു ഇത്തരം പ്രവണതകൾ വ്യക്തികളിൽ വർധിച്ചു വരുന്നതായി കാണാമെന്നും സർ ആൻഡ്രൂ പറയുന്നു. 

Leave a Reply