അതിർത്തി കാക്കാൻ 56 ഇഞ്ച് നെഞ്ചളവ് മതിയാകില്ലെന്നു രാഹുൽ
ന്യൂദൽഹി: കഴിഞ്ഞ മാസം ലഡാക്കിലും മറ്റു അതിർത്തി പ്രദേശങ്ങളിലും ചൈനീസ് സേനയുടെ കടന്നുകയറ്റം നരേന്ദ്രമോദിയുടെ നയതന്ത്രത്തിന്റെ പരാജയമാണെന്ന് മുൻ കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയുടെ വ്യാജമായ ശക്തിമാൻ പ്രതിച്ഛായയാണ് തകർന്നുവീണത്. തിരിച്ചടിക്കാൻ മോദി തയ്യാറായില്ല. മോദിയുടെ പ്രതിച്ഛായാ നിർമാണത്തിന് രാജ്യം വലിയ കൊടുക്കേണ്ടി വന്നു എന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറ്റപ്പെടുത്തി.
എന്നാൽ ചൈനയുമായുള്ള തർക്കങ്ങൾക്ക് കാരണം നെഹ്‌റു കുടുംബത്തിന്റെ ഭരണ പരാജയമാണെന്നും 1962ലും അതിനു ശേഷവുമുള്ള നയതന്ത്ര-സൈനിക പരാജയങ്ങൾക്കു അവരാണ് ഉത്തരവാദി എന്നും ബിജെപി അധ്യക്ഷൻ ജെ പി നദ്ദ തിരിച്ചടിച്ചു.
മോദിയുടെ നേരെയുള്ള രാഹുൽ ഗാന്ധിയുടെ ഏറ്റവും കടുത്ത ആക്രമണമാണ് പുതിയ ആരോപണങ്ങളെന്നു ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടി. മോദി കെട്ടിപ്പൊട്ടിയ അൻപത്താറിഞ്ചു നെഞ്ചളവിന്റെ പ്രതിച്ഛായയെയാണ് യഥാർത്ഥത്തിൽ ചൈന കടന്നാക്രമിച്ചത്. തിരിച്ചടിക്കാൻ മോദിയ്ക്ക് ശേഷിയില്ല എന്ന ബോധ്യം ചൈനക്കുണ്ട്. അതിനാൽ അവർ നേട്ടം കൊയ്യുന്നു. കയ്യേറ്റം നടന്നു ഒരു മാസമായിട്ടും ഇന്ത്യൻ അതിർത്തിക്കുള്ളിലാണ് ചൈനയുടെ സേനകൾ നിലയുറപ്പിച്ചിരിക്കുന്നത് എന്നും കോൺഗ്രസ്സ് നേതാവ് ആരോപിച്ചു.
എന്നാൽ ചൈനയുടെ നേരെയുള്ള ഇന്ത്യൻ പ്രതിരോധത്തെ രാഹുൽ ഗാന്ധി തകർക്കുകയാണെന്നും സൈനിക -നയതന്ത്ര വിഷയങ്ങളെ അദ്ദേഹം രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നും ബിജെപി അധ്യക്ഷൻ നദ്ദ കുറ്റപ്പെടുത്തി. ഇന്ത്യയെ ദീർഘകാലം ഭരിച്ച കുടുംബം 1962ലെയും അതിനു ശേഷവുമുള്ള പരാജയങ്ങളുടെ പാപക്കറയിൽ നിന്നു കൈകഴുകി രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. അവർ എന്നും കൂറുപുലർത്തിയത് ചൈനയോടാണ്. അതിന്റെ നേട്ടങ്ങളും ചൈനയ്ക്കു ലഭിച്ചിട്ടുണ്ട്. 1962ലെ യുദ്ധത്തിൽ ചൈനയുണ്ടാക്കിയ നേട്ടങ്ങളും ചൈനയ്ക്കു ഐക്യരാഷ്ട്ര രക്ഷാസമിതിയിൽ അംഗത്വത്തിന് ഇന്ത്യൻ പിന്തുണയും യുപിഎ ഭരണകാലത്തു അതിർത്തിയിൽ ചൈനക്കു സ്ഥലം വിട്ടുകൊടുത്ത സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത് കോൺഗ്രസ്സ് ഭരണത്തിൽ ഇന്ത്യയുടെ താല്പര്യങ്ങളല്ല, ചൈനയുടേതാണ് സംരക്ഷിക്കപ്പെട്ടതു എന്നു ബിജെപി നേതാവ് ആരോപിച്ചു.