അറബ് ലോകത്തെ ആദ്യ ചൊവ്വാ ഗ്രഹ യാത്രക്കു അൽ അമാൻ ഉപഗ്രഹം കുതിച്ചുയർന്നു

ദുബായ്: ചൊവ്വാ ഗ്രഹത്തിലേക്കു അറബ് ലോകത്തു നിന്നുള്ള ആദ്യത്തെ പര്യവേക്ഷണ പേടകവും വഹിച്ചു അൽ  അമാൻ ഉപഗ്രഹം ഇന്നു രാവിലെ ജപ്പാനിലെ തനെഗേഷ്മ  സ്പേസ് കേന്ദ്രത്തിൽ  നിന്നും കുതിച്ചുയർന്നു. 

യാത്ര തുടങ്ങി  അധികം വൈകാതെ  ബഹിരാകാശത്തു എത്തിയ പേടകം റോക്കറ്റിൽ നിന്നും വേർപിരിഞ്ഞു അതിന്റെ ഗോളാന്തര യാത്ര ആരംഭിച്ചതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു.  അടുത്തവർഷം ഫെബ്രുവരിയിൽ പേടകം ചൊവ്വയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കും. ഒരു വർഷം അതു അവിടെ ചുറ്റിത്തിരിഞ്ഞു പഠനം നടത്തും. ചൊവ്വയിലെ പൊടിക്കാറ്റ്‌ സംബന്ധിച്ച വിവരങ്ങൾ അൽ അമാൻ ശേഖരിക്കുമെന്നു ഗവേഷകർ പറയുന്നു.  ചൊവ്വയിലെ ഒരു വർഷം ഭൂമിയിലെ 687 ദിവസങ്ങൾക്കു തുല്യമാണ്.

ഈ വർഷം ചൊവ്വയിലേക്ക് സഞ്ചരിക്കുന്ന മൂന്നു ബഹിരാകാശ പേടകങ്ങളിൽ ആദ്യത്തേതാണ് യു എ ഇ വിക്ഷേപിച്ചിരിക്കുന്നത്. ജൂലൈ -ആഗസ്റ്റ് മാസങ്ങളിൽ   അമേരിക്കയുടെ പേഴ്സിവെറൻസ് റോവറും ചൈനയുടെ താൻവൻ ഒന്നും പുറപ്പെടാൻ തയ്യാറായി ഇരിക്കുകയാണ്. ഈ വർഷം കൂടുതൽ ചൊവ്വാ പേടകങ്ങൾ പുറപ്പെടുന്നത്  ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം രണ്ടു വർഷങ്ങൾക്കിടയിൽ ഏറ്റവും കുറയുന്ന അവസരം  പ്രയോജനപ്പെടുത്താനാണ്. 

Leave a Reply