ദക്ഷിണാഫ്രിക്ക മദ്യ വില്പന നിരോധിച്ചു; കോവിഡിനെ തുരത്താൻ ജനപിന്തുണ തേടി സർക്കാർ

ജോഹാന്നസ്‌ബർഗ്: കോവിഡ് ബാധയുടെ പ്രതിസന്ധി ഗുരുതരമായ സാഹചര്യത്തിൽ കടുത്ത നടപടികളുമായി ദക്ഷിണാഫ്രിക്ക. ജൂലൈ രണ്ടാം വാരം മുതൽ രാജ്യത്തു മദ്യ വിൽപന പൂർണമായും  നിരോധിച്ചതായി പ്രസിഡണ്ട് സിറിൽ റമഫോസ അറിയിച്ചു. രാത്രി കർഫ്യൂ അടക്കമുള്ള മറ്റു കർശന  നടപടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

 ആഫ്രിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് വ്യാപനവും മരണവും ദക്ഷിണാഫ്രിക്കയിലാണ്. 250,000ൽ അധികം രോഗികളും 5000ൽ അധികം മരണവുമാണ് ഇതിനകം സംഭവിച്ചത്. വർഷാവസാനം  മരണസംഖ്യ  50,000 കവിയുമെന്നു സർക്കാർ കണക്കുകൂട്ടുന്നു.

ഏപ്രിൽ-മെയ് മാസങ്ങളിൽ സർക്കാർ മദ്യവിൽപന നിരോധിച്ചിരുന്നു. അതോടെ ആശുപത്രികളിൽ അടിയന്തിര ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണത്തിൽ 60-70   ശതമാനം വരെ കുറവുണ്ടായി. ജൂണിൽ മദ്യശാലകൾ വീണ്ടും തുറന്നു. അതോടെ ആശുപത്രികളിൽ കത്തിക്കുത്തും മറ്റു കാരണവുമായി ചികിത്സ തേടുന്നവരുടെ  എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടായി. അതാണ് നിരോധനം ഒരിക്കൽ കൂടി നടപ്പാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നു  പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. രാജ്യത്തെ മെഡിക്കൽ ഗവേഷണ കൌൺസിൽ കണക്കു പ്രകാരം എട്ടു ആഴ്ചയിലെ മദ്യവിൽപന നിരോധനം വഴി ആശുപത്രികളിൽ 13,000 കിടക്കകൾ കോവിഡ് ചികിത്സയ്ക്ക് ലഭ്യമാകും. രാജ്യത്തെ   അമിത മദ്യപാനവും അതു മൂലമുള്ള അക്രമങ്ങളും ദക്ഷിണാഫ്രിക്കയിലെ സർക്കാരിന് വലിയ തലവേദനയാണ്. 

അതേസമയം വ്യാജമദ്യ വില്പന രാജ്യത്തു വ്യാപിച്ചതായി പല മാധ്യമങ്ങളും ചൂണ്ടിക്കാട്ടി .കൈതച്ചക്കയുടെ വില കമ്പോളത്തിൽ കുതിച്ചുയർന്നു എന്നു ഇക്കണോമിസ്റ്റ് പറയുന്നു.വ്യാജമദ്യ ഉല്പാദനത്തിന് ആവശ്യമായ   വസ്തുക്കളിൽ ഇത്തരം പഴങ്ങളും ഉൾപ്പെടുന്നു . നിരോധനം മദ്യ വ്യവസായത്തെ തകർക്കുമെന്നും തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും വ്യവസായ ഗ്രൂപ്പുകൾ പറയുന്നു. നേരത്തെ മാർച്ച് 27 മുതൽ ജൂൺ ഒന്നു വരെ നിരോധനം വന്നപ്പോൾ ഒരു ലക്ഷത്തിലേറെ ആളുകളുടെ തൊഴിൽ  നഷ്ടമായി. 80,000ൽ അധികം സ്ഥാപനങ്ങളും പ്രതിസന്ധിയിലായതായി വ്യവസായ വക്താക്കൾ ചൂണ്ടിക്കാട്ടി. 

Leave a Reply