ഇറാനിൽ മൂന്ന് യുവാക്കളുടെ വധശിക്ഷ നിർത്തിവെച്ചു

ടെഹ്‌റാൻ: കഴിഞ്ഞ  നവമ്പർ മാസത്തിൽ പെട്രോൾ വിലക്കയറ്റത്തിനെതിരെ പ്രക്ഷോഭം നയിച്ച മൂന്നു യുവാക്കളെ വധശിക്ഷയ്ക്കു വിധിച്ച ഇറാൻ അത്യുന്നത കോടതിയുടെ തീരുമാനം സർക്കാർ നിർത്തിവെച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു.

ഇറാനിലെ ദുസ്സഹമായ  ജീവിത പ്രയാസങ്ങളും വിലക്കയറ്റവും കാരണം ലക്ഷങ്ങളാണ് നവംബറിലെ പ്രക്ഷോഭ കാലത്തു തെരുവിൽ ഇറങ്ങിയത്.  പൊലിസുമായുള്ള ഏറ്റുമുട്ടലിൽ 300ൽ അധികം പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭത്തിൽ പങ്കെടുത്ത അമീർ ഹുസ്ൻ മൊറാദി , മുഹ മ്മദ് റജബി, സയീദ് തംജീദി എന്നീ യുവാക്കൾക്ക് കീഴ്‌ക്കോടതി വിധിച്ച വധശിക്ഷ കഴിഞ്ഞയാഴ്ച അത്യുന്നത കോടതി ശരിവെക്കുകയുണ്ടായി . ഇരുപതുകാരായ മൂന്നു യുവാക്കളുടെയും വധശിക്ഷയ്‌ക്കെതിരെ ആഗോള തലത്തിൽ വമ്പിച്ച ക്യാമ്പയി നാണ് നടന്നത്. ട്വിറ്ററിലെ  അതിനുവേണ്ടിയുള്ള ഹാഷ്‌ടാഗ്‌ എഴുപതു ലക്ഷത്തിലേറെ തവണയാണ് ഉപയോഗിക്കപ്പെട്ടത്. ആംനസ്റ്റി ഇന്റർനാഷനലും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടനയും വധശിക്ഷയ്‌ക്കെതിരെ രംഗത്തു വന്നിരുന്നു. തുടർന്നാണ് വധശിക്ഷ നിർത്തിവെക്കുന്നതായി ഇറാൻ ഭരണകൂടം അറിയിച്ചത്.

അമേരിക്കയുടെ കടുത്ത ഉപരോധം നേരിടുന്ന ഇറാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. യുവാക്കളുടെ തൊഴിലില്ലായ്മയും അതിരൂക്ഷമാണ് ഇറാനിൽ. അതേസമയം  മതപുരോഹിതന്മാരുടെ നിയന്ത്രണത്തിലുള്ള ഇസ്ലാമിക ഭരണകൂടം ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താനാണ് ശ്രമിച്ചത്.  ഹസ്സൻ റുഹാനിയുടെ നേതൃത്വത്തിലുള്ള ഇറാൻ സർക്കാർ കോവിഡ് പ്രതിരോധ നടപടികളിലും പൂർണ പരാജയമാണെന്ന് അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു. ഇറാനിൽ കോവിഡ് ബാധിതരുടെ സംഖ്യ 35 ലക്ഷത്തോളം വരുമെന്ന് കഴിഞ്ഞ ദിവസം പ്രസിഡണ്ട് തന്നെ ഒരു ട്വീറ്റിൽ വ്യക്തമാക്കി. സർക്കാർ നേരത്തെ  സമ്മതിച്ചതിന്റെ നൂറിരട്ടിയാണ് ഈ കണക്കെന്നു ബിബിസി ചൂണ്ടിക്കാട്ടി. ഇത്തരം ഗുരുതര സാഹചര്യങ്ങളിൽ ജനങ്ങളെ ഭീഷണിപ്പെടുത്തി നിർത്താനാണ് സർക്കാർ വധശിക്ഷ ഉപയോഗിക്കുന്നത്. ലോകത്തു ചൈന കഴിഞ്ഞാൽ പ്രതിവർഷം ഏറ്റവും കൂടുതൽ ആളുകൾ വധശിക്ഷയ്‌ക്ക്‌ ഇരയാക്കപ്പെ ടുന്ന  നാടാണ് ഇറാനെന്നു ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടി .

Leave a Reply