ട്രമ്പ് എന്തുചെയ്യാനും മടിയില്ലാത്തവനെന്നു മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

“ഡൊണാൾഡ് ട്രമ്പ് സ്വന്തം താല്പര്യ സംരക്ഷണത്തിന്  ഏതറ്റം വരെ പോകാനും മടിയില്ലാത്ത വ്യക്തിയാണെന്ന്” അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ   ഉപദേഷ്ടാവായി പ്രവർത്തിച്ച ജോൺ ബോൾട്ടൻ പറയുന്നു. 2018-19കാലത്തു അമേരിക്കൻ ദേശീയ സുരക്ഷാ ചുമതല വഹിച്ച 71കാരനായ ബോൾട്ടൻ, ട്രമ്പ് ഭരണകൂടത്തിലെ അനുഭവങ്ങൾ സംബന്ധിച്ച തന്റെ  നിരീക്ഷണങ്ങൾ വിവാദമായ ഒരു പുസ്തകത്തിൽ ഈയിടെ തുറന്നു പറയുകയുണ്ടായി.  ജർമൻ വാരിക ദേർ സ്പീഗലുമായി നടത്തിയ അഭിമുഖത്തിൽ അമേരിക്കയുടെ വിദേശകാര്യസമീപനം സംബന്ധിച്ചും ട്രമ്പിന്റെ വ്യക്തിപരമായ സവിശേഷതകൾ  സംബന്ധിച്ചും അദ്ദേഹം വിവരിക്കുന്നു. പ്രസക്ത ഭാഗങ്ങൾ:

ജർമൻ ചാൻസലർ ആൻജെല മെർക്കലുമായുള്ള ട്രമ്പിന്റെ വളരെ മോശമായ ബന്ധത്തിന്  കാരണമെന്താണ്?

മെർക്കലുമായി മാത്രമല്ല, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് ആയും മോശം   ഇടപെടലുകളാണ് ട്രമ്പ്  നടത്തിയത്.  വിദേശരാഷ്ട്ര തലവൻമാരിൽ ഇവർ ഇരുവരും ആയുള്ള  ഇടപാടുകൾ ഏറ്റവും മോശമായിരുന്നു. സ്ത്രീകളായ  ഭരണാധികാരികളുമായി ഇടപെടാൻ അദ്ദേഹത്തിന്ചില  പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന മട്ടിലാണ് കാര്യങ്ങൾ. പക്ഷേ  സ്ത്രീകളുമായി മാത്രമല്ല, പൊതുവിൽ ജനാധിപത്യ രാജ്യങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുമായി ഇടപെടുമ്പോൾ ട്രമ്പിനു പ്രശ്നങ്ങൾ കാണാമായിരുന്നു. എന്നാൽ ഏകാധിപതികളുമായി വളരെ മെച്ചപ്പെട്ട അടുപ്പവും. മെർക്കലിന്റെ കാര്യത്തിൽ വേറെയും കാരണങ്ങൾ കാണും. ട്രമ്പി ന്റെ പിതാവ് ജർമൻകാരൻ   ആയിരുന്നു. അതോർക്കാൻ  ഒരു പക്ഷേ അദ്ദേഹം ഇഷ്ടപ്പെട്ടു കാണില്ല. 

എന്താണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം ?

വിദേശ ബന്ധങ്ങൾ ഒരു ദർശനത്തിന്റെ അടിസ്ഥാനത്തിലാണ് വികസിച്ചു വരുന്നത്. ട്രമ്പിനു അങ്ങനെയൊരു ദർശനവുമില്ല. അതിനാൽ അദ്ദേഹത്തിന് ഒരു  നിലപാട് എടുക്കാനും ബുദ്ധിമുട്ടുണ്ടാവുന്നു. ഞാനൊരു യാഥാസ്ഥിതിക റിപ്പബ്ലിക്കനാണ്‌. അദ്ദേഹം ഒരിക്കലും അതായിരുന്നില്ല. എന്നാൽ അദ്ദേഹം ഡെമോക്രാറ്റിക്  പക്ഷക്കാരനുമല്ല. വിദേശനേതാക്കളുമായി തനിക്കുള്ള വ്യകതി ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ട്രമ്പ് വിദേശകാര്യത്തെ കുറിച്ചു ചിന്തിക്കുന്നത്. എന്നാൽ രാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധങ്ങളിൽ അതിനപ്പുറമുള്ള ഘടകങ്ങളുണ്ട്. അവയെന്തെന്നു അദ്ദേഹത്തിന് തിരിച്ചറിയാൻ കഴിയുന്നില്ല.

മെർക്കൽ അമേരിക്കയിൽ ചെന്നപ്പോൾ ട്രമ്പിനെ സന്തോഷിപ്പിക്കാൻ ശ്രമമൊന്നും നടത്തിയില്ല. മാത്രമല്ല, ഹാർവാർഡിലെ പ്രസംഗത്തിൽ ബഹുരാഷ്ട്ര വ്യവസ്ഥയെ പുകഴ്ത്തുകയും ചെയ്തു. അതൊക്കെയാവുമോ ട്രമ്പിന്റെ വിരോധത്തിന് കാരണം ?

അതിനു ബഹുരാഷ്ട്ര വ്യവസ്ഥ എന്നൊക്കെപ്പറഞ്ഞാൽ എന്താണെന്നു അദ്ദേഹത്തിന് മനസ്സിലായിട്ടു വേണ്ടേ …? ട്രംപിനെക്കുറിച്ചു അങ്ങനെയൊക്കെ ആലോചിക്കുന്നതേ അബദ്ധമാവും.  ട്രമ്പിനു അങ്ങനെ ഒരു ലോകവീക്ഷണവുമില്ല. അതിനാൽ അമിതമായി ആലോചിച്ചു സമയം കളയാതിരിക്കുകയാണ് ഭേദം. ഒരു വിഷയത്തിൽ രാവിലെ പറയുന്ന അഭിപായമല്ല വൈകിട്ടു  പറയുക. തീരുമാനങ്ങളും അങ്ങനെ തന്നെ. അതാതു സമയത്തെ രാഷ്ട്രീയനേട്ടം മാത്രമാണ് അദ്ദേഹത്തിന്റെ ഒരേയൊരു  പരിഗണന. അടുത്ത തിര ഞ്ഞെടുപ്പിൽ വിജയമാണ് ഒരേയൊരു ലക്ഷ്യം. 

യൂറോപ്പിലെ നേതാക്കളിൽ, ഫ്രഞ്ച് പ്രസിഡണ്ട് മാക്രോൺ ട്രമ്പിനെ സന്തോഷിപ്പിക്കാൻ അദ്ദേഹത്തെയും ഭാര്യ മെലാനിയയെയും ഈഫൽ ടവറിലെ ഗംഭീര ഹോട്ടലിൽ കൊണ്ടുപോയി സൽക്കരിച്ചു. മെർക്കൽ അങ്ങനെയൊരു  പരിപാടിക്കും തയ്യാറായില്ല. ട്രമ്പിനെ കയ്യിലെടുക്കാൻ എന്താണ് പറ്റിയ വഴി?

ഓരോരുത്തരും തങ്ങൾക്കു പറ്റിയതെന്ന് തോന്നുന്ന വഴികൾ പരീക്ഷിക്കുന്നു. റിസൾട്ട് ആണല്ലോ പ്രധാനം. ട്രമ്പുമായി അടുത്ത വ്യക്തിബന്ധം സ്ഥാപിക്കാമെന്നു മാക്രോൺ കരുതിയിരുന്നു എന്നാണ് തോന്നുന്നത്. അതു ഫ്രാൻസിന് അനുകൂലമായ നയങ്ങളാക്കി മാറ്റാമെന്നും.  പക്ഷേ അതിൽ അദ്ദേഹം വിജയിച്ചതായി തോന്നുന്നില്ല.

ജർമൻ കാറുകൾക്ക് ഉയർന്ന ഇറക്കുമതിചുങ്കം ചുമത്തുമെന്നു ട്രമ്പ് നേരത്തെ പറഞ്ഞിരുന്നു. പക്ഷേ ഇതുവരെ അതു നടപ്പക്കിയിട്ടില്ല. ആ ഭീഷണി ഒഴിഞ്ഞുവെന്നാണോ ?

ഒരു ഭീഷണിയും ഒഴിയുന്നില്ല. ഇറക്കുമതി ചുങ്കമാണ് അദ്ദേഹത്തിന് പ്രിയപ്പെട്ട ഒരു കാര്യം. വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളിൽ കോൺഗ്രസ്സ് ഇടപെടൽ ഇല്ലാതെ  പ്രസിഡന്റിന് ചെയ്യാൻ സാധിക്കുന്ന ഒരു കാര്യമാണത്. അതു അദ്ദേഹം നിരന്തരം പ്രയോഗിക്കുന്നുണ്ട്. എന്നാൽ സത്യത്തിൽ ചൈനയുടെ ഭീഷണിയാണ് ആഗോള തലത്തിൽ ചർച്ചയാവേണ്ടത്. അവർ  യൂറോപ്പിന്റെയും അമേരിക്കയുടെയും സാങ്കേതിക വിദ്യകൾ തട്ടിയെടുക്കുന്നു,  അവരുടെ രാജ്യത്തു പ്രവർത്തിക്കുന്ന കമ്പനികളുടെ സാങ്കേതികശേഷികൾ പിടിച്ചുവാങ്ങുന്നു, വിദേശ കമ്പനികൾക്കെതിരെ വിവേചന നയം നടപ്പാക്കുന്നു.

2018ൽ കാനഡയിൽ നടന്ന ജി ഏഴ് സമ്മേളനത്തിൽ നിന്നുള്ള ഒരു ഫോട്ടോ വളരെ പ്രശസ്തമാണ്. ട്രമ്പ് ഒരു കസേരയിൽ മാറിൽ  കൈകെട്ടി ഇരിക്കുന്നു. ചുറ്റിലും  മറ്റുനേതാക്കൾ. മെർക്കൽ മേശയിൽ കൈകുത്തി ചോദ്യം ചെയ്യുന്ന ഭാവത്തിൽ. താങ്കൾ ഒരു ഫയലുമായി ട്രമ്പിന്റെ  തൊട്ടുപിന്നിൽ …എന്താണ് ആ  അവസരത്തിൽ നടന്നത് ?

അതെ, അതു അസുഖകരമായ ഒരു മുഹൂർത്തമായിരുന്നു. പക്ഷേ ആ സമയത്തു മെർക്കൽ അല്ല സംസാരിച്ചു കൊണ്ടിരുന്നത്. മാക്രോൺ ആയിരുന്നു എന്നാണ് എന്റെ ഓർമ.  പക്ഷേ രണ്ടു കാര്യങ്ങൾ അതു ബോധ്യമാക്കി. ഒന്ന്, ജി ഏഴ് സമ്മേളനത്തിലെ കമ്യൂണിക്കേകൾ കൊണ്ടു ഒരു ഗുണവുമില്ല.  രണ്ട്, ട്രമ്പിനെ ശരിക്കും അവർ അന്നു മൂലയ്ക്കിരുത്തി. അതുകൊണ്ടു സംഭവിച്ചതെന്താണ്? അദ്ദേഹം വളരെ അസ്വസ്ഥനായി. സമ്മേളനം കഴിഞ്ഞു  ഞങ്ങൾ പ്രസിഡന്റിന്റെ വിമാനത്തിൽ തിരിച്ചു പോകുന്ന അവസരത്തിൽ അദ്ദേഹം സമ്മേളനത്തിന്റെ പ്രഖ്യാപത്തിൽ നിന്നും പിന്മാറി. ജി ഏഴ് സമ്മേളന ചരിത്രത്തിൽ തന്നെ ആദ്യമായാണ് അത്തമൊരു സംഭവം നടക്കുന്നത്.

നാറ്റോയെ ട്രമ്പ് വിമർശിച്ചിരുന്നു. അതിൽ നിന്ന് പിന്മാറുമെന്നും ഒരിക്കൽ പറഞ്ഞു. അതിനു സാധ്യതയുണ്ടോ?

പ്രവചിക്കാൻ പ്രയാസമുള്ള കാര്യമാണത്. നിലപാട് എപ്പോൾ വേണമെങ്കിലും മാറാം. ഇപ്പോൾ ട്രമ്പ് ചൈനക്കെതിരേ ശക്തമായ  നിലപാടിലാണ്. എന്നാൽ  തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സുഹൃത്ത് ഷി ജിൻപിങ്ങുമായി കൂടിച്ചേർന്നു വീണ്ടും ഒരു വ്യാപാരകരാറിന് അദ്ദേഹം ശ്രമിച്ചു കൂടെന്നില്ല. അപ്പോൾ ഹോങ്കോങ്ങും  മനുഷ്യാവകാശങ്ങളും ഒക്കെ വഴിയിൽ കിടക്കും.

ലോകത്തിനു ട്രമ്പ് പ്രവചനങ്ങൾക്കു  അതീതനായ വ്യക്തിയാണ്. അദ്ദേഹത്തിന്റെ സ്റ്റാഫിനും അങ്ങനെത്തന്നെയാണോ അനുഭവം?

അങ്ങനെ പറയാം. 2018ലെ നാറ്റോ സമ്മേളനം കഴിഞ്ഞു ഞങ്ങൾ നേരെ ലണ്ടനിലേക്കാണ് പോയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായുള്ള കൂടിക്കാഴ്ചയ്ക്ക്. പിന്നീട് ഹെൽസിങ്കിയിൽ പുട്ടിനുമായുള്ള   പ്രസിദ്ധമായ ചർച്ചക്ക്. ആ സമയത്തു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞത് ഈ ചർച്ചകളിൽ ഏറ്റവും എളുപ്പം പുട്ടിനുമായി ഉള്ളതാണെന്നാണ്. ട്രമ്പിനല്ലാതെ വേറെ ആർക്കാണ് ഇന്നത്തെ ലോകത്തു അങ്ങനെ ചിന്തിക്കാൻ കഴിയുക? അതാണ് ട്രമ്പ്. അദ്ദേഹം എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു  മനുഷ്യനാണ്. 

നവമ്പറിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ട്രമ്പ് വീണ്ടും അധികാരത്തിൽ തിരിച്ചെത്തുമോ?

അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇപ്പോൾ അഭിപ്രായ വോട്ടുകളിൽ അദ്ദേഹം പിന്നിലാണ്.  അതിനു കാരണം കൊറോണാ ബാധയും അതിന്റെ സാമ്പത്തിക ആഘാതങ്ങളുമാണ്. പക്ഷേ 2016ലും ട്രമ്പ്  അഭിപ്രായസർവേകളിൽ പിന്നിലായിരുന്നു. തിരഞ്ഞെടുപ്പു ദിവസം പോലും അദ്ദേഹം ജയിക്കുമെന്ന് പാർട്ടിയോ അദ്ദേഹത്തിന്റെ ഓഫീസോ പോലും കരുതിയില്ല. വിജയത്തിനു കാരണം ഡെമോക്രാറ്റിക്‌ പാർട്ടിയുടെ കഴിവുകേടാണ്. തോൽക്കാനുള്ള അവരുടെ പ്രത്യേക സിദ്ധി അപാരമാണ്. 

Leave a Reply