അമേരിക്കൻ പൗരാവകാശ പ്രസ്ഥാന നേതാവ് ജോൺ ലെവിസ് അന്തരിച്ചു
ന്യൂയോർക്ക്: മാർട്ടിൽ ലൂതർ കിങ്ങിന്റെ ശിഷ്യനും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാരുടെ പൗരാവകാശ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയുമായ ജോൺ ലെവിസ് അന്തരിച്ചു. എമ്പതുകാരനായ ലെവിസ് കാൻസർ രോഗ ബാധിതനായാണ് മരണത്തിന് കീഴടങ്ങിയത്.
1963ൽ മാർട്ടിൻ ലൂതർ വാഷിങ്ങ്ടണിലേക്കു സംഘടിപ്പിച്ച കറുത്തവരുടെ മഹാ പ്രക്ഷോഭത്തിലൂടെയാണ് ലെവിസ് പൊതുരംഗത്തു വന്നത്. സമാധാനപരമായി മാർച്ച് നടക്കുന്ന അവസരത്തിൽ പോലീസ് ചാടി വീണു അദ്ദേഹത്തെ തലയ്ക്കു അടിച്ചു വീഴ്ത്തി. കുപ്പായകീശയിൽ കൈതിരുകി ജാഥയുടെ തലപ്പത്തു നടന്ന അദ്ദേഹത്തെ അടിച്ചു വീഴ്‌ത്തുന്ന ദൃശ്യങ്ങൾ വമ്പിച്ച വികാരമാണ് ലോകമെങ്ങും ഉണ്ടാക്കിയത്. ഈ സമരങ്ങളുടെ ഫലമായാണ് പ്രസിഡണ്ട് ലിൻഡൻ ജോൺസൺ കറുത്ത വർഗക്കാരുടെ വോട്ടവകാശം അംഗീകരിക്കുന്ന നിയമം കോൺഗ്രസിൽ അവതരിപ്പിച്ചു നിയമമാക്കിയത്.
1987 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ജോൺ ലെവിസ് ജീവിതാന്ത്യം വരെ ആ പദവിയിൽ തുടർന്നു. ഓരോ തവണയും വലിയ ഭുരിപക്ഷത്തിനാണ് ഡെമോക്രാറ്റിക് പാർട്ടിക്കാരനായ അദ്ദേഹം വിജയിച്ചത്. ഏറ്റവും ഒടുവിൽ ഈയിടെ കൊല്ലപ്പെട്ട ജോർജ് ഫ്‌ലോയിഡിന്റെ കൊലയിൽ പ്രതിഷേധിച്ചു അലയടിച്ച പ്രക്ഷോഭത്തിലും അദ്ദേഹം പങ്കാളിയായി.
അമേരിക്കയിലെ ആദ്യത്തെ കറുത്ത വർഗക്കാരനായ പ്രസിഡണ്ട് ബരാക് ഒബാമ ജോൺ ലെവിസ് തന്റെ തലമുറയുടെ വഴികാട്ടിയാണെന്ന് പ്രസ്താവിച്ചു. അദ്ദേഹത്തിന്റെ തലമുറയുടെ ത്യാഗമാണ് പിന്നീട് അമേരിക്കൻ പൗരാവകാശ പ്രസ്ഥാന ത്തിന്റെ വളർച്ചക്കു കാരണമായതെന്നും ഒബാമ പറഞ്ഞു.