അട്ടിമറിക്കാൻ കോഴ വാഗ്ദാനം: ബിജെപിയുടെ കേന്ദ്രമന്ത്രി പ്രതിക്കൂട്ടിൽ

ന്യൂദൽഹി: രാജസ്ഥാനിൽ അശോക് ഗെഹ്‌ലോട്ട് സക്കാരിനെ അട്ടിമറിക്കാൻ  കോൺഗ്രസ് നിയമസഭാ അംഗത്തിന് കൈക്കൂലി വാഗ്‌ദാനം ചെയ്യുന്ന ഓഡിയോ ടേപ്പ് പുറത്തുവന്നതോടെ ബിജെപി നേതാവും  നരേന്ദ്രമോദി മന്ത്രിസഭയിൽ ജലശക്തി വകുപ്പു മന്ത്രിയുമായ ഗജേന്ദ്ര സിങ് ശെഖാവത്ത് പ്രതിക്കൂട്ടിലായി. അദ്ദേഹത്തിനെതിരെ രാജസ്ഥാൻ പോലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് ക്രിമിനൽ  കേസെടുത്തു അന്വേഷണമാരംഭിച്ചു. സംഭവത്തിൽ ഇടനിലക്കാരനായി നിന്ന ബിജെപി അംഗമായ ഒരു ബിസിനസസുകാരനെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

സംസ്ഥാനത്തു  അട്ടിമറി നീക്കങ്ങൾ ക്കു ചുക്കാൻ പിടിച്ച കേന്ദ്രമന്ത്രി  ശെഖവത് കോൺഗ്രസ്സിലെ  എംഎൽഎ ബൻവർലാൽ ശർമയുമായി സംസാരിക്കുന്ന ഓഡിയോ ടേപ്പ്  ഇന്നലെയാണ് പുറത്തു വന്നത്. അതിൽ ശർമയ്ക്കും മറ്റു നിയമസഭാ അംഗങ്ങൾക്കും കൈക്കൂലി നൽകാമെന്ന് ബിജെപി നേതാവ് വാഗ്ദാനം ചെയ്യുന്നു. കോൺഗ്രസ്സ് വക്താവ് സൂർജെവാല പത്രസമ്മേളനത്തിലാണ് അതു പുറത്തു വിട്ടത്. 

ആരോപണം വന്നതോടെ ശർമയെ കോൺഗ്രസ്സ് നിയമസഭാ കക്ഷിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ചുരി ജില്ലയിലെ സർദർഷഹർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജയിച്ചത്. വിമത നേതാവ് സച്ചിൻ പൈലറ്റിനെ പിന്തുണക്കുന്ന 19 എം എൽഎമാരുടെ  സംഘത്തിൽ പെടുന്ന ശർമ ഇപ്പോൾ ഡൽഹിയിൽ ഒരു സ്റ്റാർ ഹോട്ടലിൽ ഒളിവിലാണ്. ഇന്നലെ അദ്ദേഹത്തെ തേടി രാജസ്ഥാൻ പോലിസ് സംഘം ഡൽഹിയിലെത്തി. 

കുതിരക്കച്ചവടത്തിൽ ഇടനിലക്കാരൻ ആയി പ്രവർത്തിച്ച ബിസിനസുകാരൻ സഞ്ജയ് ജെയിൻ ഇന്നലെ ജയ്പൂരിൽ അറസ്റ്റിലായി. അദ്ദേഹം ബിജെപി പ്രാദേശിക നേതാവാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

സംഭവത്തിൽ താൻ നിരപരാധിയാണെന്നും ടേപ്പിൽ കേൾക്കുന്ന ശബ്ദം തന്റെതല്ലെന്നും ശേഖവത് ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ത്തിൽ സഹകരിക്കാൻ തയ്യാർ എന്നും അദ്ദേഹം അറിയിച്ചു.

Leave a Reply